Slider

വാൽ സലാം

0
Image may contain: 1 person, sitting and indoor

ഹീമാനും പിന്നെ16കുത്തിവെപ്പുകളും
തെല്ലും,"മാറ്റ് "കുറയാത്ത തനി ഇരുപത്തിനാല് ക്യാരറ്റ് "നായ സ്നേഹം ",എനിക്ക് എന്റെ അച്ഛനിൽ നിന്നുംപകർന്ന് കിട്ടിയതാണ്.
നല്ലൊരു നായ്ക്കമ്പക്കാരനായ അദ്ദേഹത്തിന്റെ ശുഷ്കാന്തി മൂലം എന്റെ ജീവിത കാലത്തുടനീളം വിവിധ ഇനങ്ങളിലും ,വർണ്ണങ്ങളിലുമായി കുറെ ശ്വാന വീരന്മാരെയും, വീരകളെയും വീട്ടിൽ വളർത്തി പോന്നു. ഇങ്ങനെ ഉണ്ടായ അനേകം നായ് അനുഭവങ്ങളിൽ നിന്നും രൂപമെടുത്ത കഥകളിൽ ഒന്നാണ് ഹീ മാനും പിന്നെ പതിനാറ് കുത്തിവെപ്പുകളും.
കർമ്മ (ജോലി) ഫലത്താൽ, ഞാനിന്നൊരു തെക്കനാണെങ്കിലും, ജന്മം കൊണ്ട് അസ്സലൊരു തൃശൂർക്കാരൻ ഗഡീ ,,, ണ്.
എഴുപത്തെട്ടിലെ ചിങ്ങമാസത്തിൽ തൃശ്ശൂർ ജില്ലയിലെ ,തിരുവില്വാമല എന്ന ഗ്രാമത്തിൽ ഉതൃട്ടാതി നക്ഷത്രക്കാരനായി ഈയുള്ളവൻ പിറവി കൊണ്ടപ്പോൾ ,അവിടങ്ങളിലെ പാടങ്ങളിൽ കൊയ്ത്ത് കഴിഞ്ഞ് പുൽനാമ്പുകൾ പടർന്ന് തുടങ്ങിയിരുന്നു.
അക്കാലത്ത് ഈ പാടങ്ങളിൽ മേയ്ക്കാനായി, ഇടയന്മാർ തങ്ങളുടെ ആട്ടിൻ പറ്റത്തോടൊപ്പം ദൂരെ ദിക്കുകളിൽ നിന്ന് പോലും വന്നെത്താറുണ്ടായിരുന്നു.അങ്ങനെ അവിടെ എത്തിയ ഇടയന്മാരിലാരോടൊ അച്ഛൻവാങ്ങി വീട്ടിൽ കൊണ്ടുവന്ന "ഷെപ്പേർഡ് " ഇനത്തിൽ പെട്ട ഒരു പെൺ നായ്ക്കുട്ടി ആയിരുന്നു എന്റെ ഓർമ്മ ചിത്രങ്ങളിലെ ആദ്യ ശ്വാന സ്നേഹിത.
ഞങ്ങൾ അവളെ സ്നേഹത്തോടെ "ബുൾസീ " എന്ന് പേരിട്ട് വിളിച്ചു. പിന്നീട് ഏകദേശം എന്റെ അഞ്ച് വയസ്സുവരെ അവൾ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു.അമ്മ അടുത്തുള്ള കുളത്തിൽ തുണി കഴുകാൻ പോകുമ്പോൾ ,ഉറങ്ങിക്കിടക്കുന്ന എനിക്ക് കാവലിരുന്നും. ഉണർന്ന് കരയുമ്പോൾ ഉച്ചത്തിൽ കുരച്ച് അമ്മയുടെ ശ്രദ്ധ ആകർഷിച്ചും വീട്ടിലെല്ലാവരുടേയും പ്രിയങ്കരിയായ് അവൾ വളർന്നു .എനിക്ക് കിട്ടുന്ന "ആരോ റൂട്ട് "ബിസ്ക്കറ്റുകളുടെ ഒരു പങ്ക് അമ്മ അറിഞ്ഞും ,അറിയാതെയും, മൊക്കെ ഞാനവൾക്ക് നല്കി പോന്നു.
ഒരു ദിവസം മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന എന്റെയും, അനുജത്തിയുടേയും അടുത്തേക്ക് ഇഴഞ്ഞ് വന്ന പാമ്പുമായുള്ള പോരാട്ടത്തിൽ വിഷമേറ്റ്, പിറ്റേന്ന് രാവിലെ കൂടിനരുകിൽ ചത്ത് നീലിച്ച് കിടന്ന അവളുടെ കാഴ്ച എന്നിലുണ്ടാക്കിയ നൊമ്പരവും ,ആ സംഭവം ഉണ്ടാക്കി തീർത്ത കടപ്പാടുമാണ് ഇന്നും എന്നെ "ചലിക്കുന്ന വാലുകളുടേയും " "തിളങ്ങുന്ന കണ്ണുകളുടേയും "കൂട്ടുകാരനായ് തുടരാൻ പ്രേരിപ്പിക്കുന്നത് .
പിന്നീട് കുറെ കാലത്തേക്ക് ഞങ്ങളുടെ വീട്ടിൽ നായ്ക്കൾ ഒന്നും ഉണ്ടായിരുന്നില്ല. കാലം പിന്നെയും കുറെ മുന്നോട്ടൊഴുകി. കേരളമാകെ ടെലിവിഷൻ തരംഗം അലയടിക്കാൻ തുടങ്ങി.അങ്ങനെ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി രാമായണം" സീരിയൽ കാണുന്നതിന് വേണ്ടി ഞങ്ങളുടെ വീട്ടിലും അച്ഛൻ ഒരു ടി.വി വാങ്ങി. പരസ്യത്തിലെ കുട്ടിച്ചാത്തനെ അനുസ്മരിപ്പിക്കും വിധം ,മുകളിലേക്കുയർന്നു നിൽക്കുന്ന രണ്ട് ഏരിയൽ കൊമ്പുകളും പിൻവശത്ത് ആന്റിനയിലേക്ക് നീളുന്ന കേബിൾ വാലുമൊക്കെയുള്ള ഒരു " ഓണേഴ്സ് പ്രൈഡ് നെയ്ബേർസ് എൻവി
ഇരുപതിഞ്ച് "ഒണീഡാ "കളർ ടെലിവിഷൻ
ടി.വിയുടെ വരവോടെ ഞായറാഴ്ചകളിൽ ഞങ്ങളുടെ വീട് രാമായണം പ്രദർശിപ്പി'ക്കുന്ന ഒരു മിനി തീയറ്ററായി മാറി. അക്കാലത്ത് ടി.വി ഇന്നത്തെ പോലെ സാധാരണ മല്ലാത്തതിനാൽ അയൽവാസികളായ കാഴ്ചക്കാരെ കൊണ്ട് എല്ലാ ഷോകളും ഹൗസ് ഫുൾ ആയിരുന്നു. നെയ് ബേർസിന്റെ മുൻപിൽ "പ്രൈഡ് ഓണറായി "മാറിയ മുത്തശ്ശി ,ടെലിവിഷന്റെ ടെക്നിക്കൽ ഫീച്ചറുകളെ കുറിച്ചും, ഓപ്പറേറ്റിംഗ് ടെക്നിക്കുകളെ കുറിച്ചും ഇൻറർ നാഷണൽ മണ്ടത്തരങ്ങൾ "അവർക്കു മുൻപിൽ അവതരിപ്പിക്കുന്നത് പതിവായിരുന്നു. ആയിടക്ക് പത്രത്തിൽ വന്ന രാമനായ് അഭിനയിക്കുന്ന "അരുൺ ഗോവിലി" ന്റെ ചിത്രം വെട്ടിയെടുത്ത് മുത്തശ്ശി രാമനാമ ജപത്തോടെ നിലവിളക്ക് വെക്കുന്ന മേശമേൽ പ്രതിഷ്ഠിച്ചു.കഴിഞ്ഞ ഞായറാഴ്ച കണ്ടപ്പോൾ "വിഭീഷണന് "താടി ഉണ്ടായിരുന്നല്ലോ, ഇന്നത് എവിടെ പോയീ എന്ന മുത്തശ്ശിയുടെ ഉച്ചത്തിലുള്ള ആത്മഗതത്തിന് ,അത് മുടിവെട്ട് കടേലെ "സുകുച്ചേട്ടൻ" മുറിച്ചതായിരിക്കും എന്ന എന്റെ "നിഷ്കളങ്ക " മറുപടി കാഴ്ചക്കാരിൽ ചിരി പടർത്തിയെങ്കിലും ,വേണ്ടാതീനം പറഞ്ഞ് ദൈവകോപം മേടിച്ച് വെക്കണ്ടാ എന്ന് മുത്തശ്ശി ശാസിച്ചതിന്റെ പൊരുളറിയാതെ ഈ യുള്ളവൻ വാ പൊളിച്ച് നിന്നു.
എന്നാൽ ടെലിവിഷനിൽ രാമായണത്തേക്കാൾ കൂടുതൽ എന്നെ ആകർഷിച്ചത് ,അതിന് ശേഷം പത്തരക്ക് പ്രദർശിപ്പിക്കുന്ന കാർട്ടൂൺ സീരിസ് "ഹീ മാൻ" ആയിരുന്നു. ഹീ മാൻ പതിവായി കണ്ട് തുടങ്ങിയ ഞാൻ പതിയെ ടിയാന്റെ കട്ട ഫാനായി .പിന്നീടുള്ള പല രാത്രികളിലും ഞാൻ ഹീ മാനായി മാറുന്നതും കടുവയുടെ പുറത്തുകയറി ശത്രുവായ "സെകലിറ്റ " നു നേരെ വാൾ വീശുന്നതും സ്വപ്നം കണ്ടു. ഒരു വട്ടം സ്വപ്നത്തിൽ ഹീ മാന്റെ ഇടിയേറ്റ് അടുത്ത് കിടന്ന മുത്തശ്ശിയുടെ "ജിമിക്കി "കമ്മൽ പിരിയൊടിഞ്ഞ് താഴെ വീണു.
അന്നൊരു ദിവസം അച്ഛൻ പതിവില്ലാതെ ഒരു ഗുഡ്സ് ഓട്ടോറിക്ഷയുമായാണ് വീട്ടിൽ വന്നത് .മുറ്റത്ത് നിന്നും ഒതുക്കുകളിറങ്ങി ഞാൻ താഴേക്ക് ചെന്നപ്പോൾ, അതാ
ഇരു വശത്തേക്കും ചങ്ങലകളാൽ ചേർത്ത് ബന്ധിക്കപ്പെട്ട് ,ചെമ്പൻ രോമവും ,ചുവന്ന നാവും നീളൻ വാലു മൊക്കെയായി നമ്മുടെ കഥാ നായകൻ ഓട്ടോറിക്ഷയുടെ പിന്നിലങ്ങനെ നിൽക്കുന്നു.
അച്ഛന്റെ സുഹൃത്തിന്റെ വീട്ടിൽ വളർത്തിയിരുന്ന നായയാണ്. "ഹിസ്റ്റോ റിക്കൽ ബാഗ് ഗ്രൗണ്ട് "വളരെ മോശമായതിനാൽ വധശിക്ഷക്ക് വിധിക്കപ്പെട്ട "ടിപ്പു " എന്ന ടിയാനെ അച്ഛൻ രക്ഷപെടുത്തി കൊണ്ട് വന്നതാണ് .നിലവിൽ അദ്ദേഹത്തിന്റെ പേരിൽ "കടിപിടി " ഉൾപ്പെടെ പന്ത്രണ്ടോളം
കേസുകൾ ഉണ്ടത്രെ !!!
അവന്റെ പൂർവ്വ ചരിത്രം കേട്ട് "വയലൻറായ അമ്മയോട് അച്ഛൻ ഒരു ജ്ഞാനിയെ പോലെ ഫിലോസഫി വിളമ്പി "പല ആന കേറിയാലും മദയാന കേറണം, മദയാന കേറിയാലോ കൊലയാന കേറണം", കടിയനായാലെന്താ തീറ്റ കൊടുക്കുന്ന കൈക്ക് പട്ടി കടിക്കില്ല.
.പിറ്റേന്ന് മുതൽ അച്ഛൻ കൊണ്ട് വന്ന ആ "കൊലയാനക്ക് " അമ്മ പത്ത് മീറ്റർ അകലെ നിന്നും ചോറ്പാത്രം വടികൊണ്ട് നിരക്കി നീക്കി ചോറ് കൊടുക്കാനാരംഭിച്ചു.
അങ്ങനെ ഒന്ന് രണ്ടാഴ്ചകൾ കഴിഞ്ഞു, കലണ്ടറിൽ " ചുവപ്പ് "നിറമുള്ളള്ള എന്റെ ജീവിതത്തിലെ "കറുത്ത " ഞായറാഴ്ച വന്നു.
പതിവ് പോലെ രാമായണവും കഴിഞ്ഞ് ഹീ മാനും കണ്ട എന്നിലേക്ക് ഞാനറിയാതെ ഹീ മാൻ പരകായ പ്രവേശനം നടത്തി. രാത്രിയുടെ അന്ത്യയാമങ്ങളിൽ ഗംഗ നാഗവല്ലിയായ് മാറും പോലെ, ആ നട്ടുച്ചക്ക് കടുത്ത ചമയങ്ങളോടെ ഹീ മാനായി മാറാൻ ഞാൻ തീരുമാനിച്ചു.
നെഞ്ചത്ത് "ഹാപ്പി " എന്ന് ഇംഗ്ലീഷ് വലിയക്ഷരം സ്റ്റിക്കറു പതിപ്പിച്ച ടീ ഷർട്ട് (എന്നെ പിന്തുടരുന്നവരുടെ ശ്രദ്ധക്ക് എന്റെ മറ്റൊരു കഥയായ "സിം സിം ഖുൽ ജാ "യിലും ഇതേ ടീ ഷർട്ട് കടന്ന് വരുന്നുണ്ട് ) അഴിച്ച് മുറിയുടെ മൂലക്ക് എറിഞ്ഞു.ഇട്ടിരിക്കുന്ന ട്രൗസറഴിച്ച് ഹീ മാനെ പോലെ ജെട്ടി ധരിച്ചു.(ഷോപ്പിംഗ് അന്നൊരു കോമൺ അനുഭവം അല്ലാത്തതിനാൽ ഹീ മാന്റെ ബ്രൗൺ കളർ ജെട്ടിക്ക് പകരം ചുവപ്പ് അണിയാനേ ഈ യുള്ളവന് സാധിച്ചൊള്ളൂ), അച്ഛന്റെ പഴയ ഒരു ബെൽറ്റ് എടുത്ത് ഇരു ചുമലിലൂടെയും ക്രോസായി കെട്ടി. അലമാരയുടെ പുറകിലെ ഉപേക്ഷിച്ച തുണികളിടുന്ന പെട്ടിയിൽ നിന്നും കിട്ടിയ അച്ഛന്റെ തന്നെ ഒരു പഴയ സോക്സ് കാലിൽ ധരിച്ച് ഊർന്ന് പോകാതെ റബ്ബർ ബാൻഡിട്ട് അഡ്ജസ്റ്റ് ചെയ്തു.ഹീ മാന്റെ ഉടവാളിന് പകരം അമ്മ അറിയാതെ അടുക്കളയിൽ നിന്നും തേങ്ങാ പൊളിക്കുന്ന മടവാളമെടുത്ത് അഭിനവ ഹീ മാൻ കാർട്ടൂണിലേത് പോലെ അടിവെച്ച് അടിവെച്ച് മുറ്റത്തേക്കിറങ്ങി '
മുറ്റത്ത് എത്തിയപ്പോൾ തന്നെ അവിടെ നിന്ന കുലച്ച വാഴയും ,അമ്മ നട്ടുവളർത്തിയ റോസാചെടിയും ഹീ മാന്റെ വാൾ പ്രഹരത്താൽ മൂക്ക് കുത്തി വീണു. അടുത്ത പടിയായി മുറ്റത്ത് ചോറ് തിന്നു കൊണ്ടിരിക്കുന്ന "ടിപ്പു "വിനെ തന്റെ വാഹനമായ കടുവയാക്കാൻ ഹീ മാൻ
തീരുമാനിച്ചു.
കടുവയുടെ പുറത്ത് ഹീ മാൻ കയറുന്ന പോലെ കാലുകൾ രണ്ടും ടിപ്പുവെന്റെ ഇരുവശങ്ങളിലേക്കും വെച്ച് '" ഹീ മാൻ ദ മാസ്റ്റർ ഓഫ് ദിസ് യൂണിവേർസ് " എന്ന പഞ്ച് ഡയലോഗ് പറഞ്ഞു. പക്ഷെ സീനിനെന്തോ ഒരു ലാഗ് ........... ചിന്തിച്ചപ്പോഴാണ് മനസ്സിലായത് ഡയലോഗിന് ശേഷം സീരിയലിൽ കാണുമ്പോലെ കടുവാ " തല ഉയർത്തി പിടിച്ച് അലറുന്നില്ല'
ഒട്ടും മടിച്ചില്ല നെക്സ്റ്റ് ഡയലോഗിന് കഴുത്തിലെ ബെൽറ്റിൽ ബലമായി പിടിച്ച് ചോറു പാത്രത്തിൽ നിന്നും തലപൊന്തിച്ചതും "ടിപ്പു കടുവ "തിരിഞ്ഞ് കടിച്ചതും ഒരുമിച്ചായിരുന്നു,
ഹെന്റമ്മേ എന്ന ആർത്തനാദത്തോടെ വാള് വലിച്ചെറിഞ്ഞ് മുറിവേറ്റ കൈയ്യുമായി "ജെട്ടി ധാരി ''ഹീ മാൻ അകത്തേക്ക് ഓടുന്നതും ശശിമാമന്റെ ടാക്സി ജീപ്പിൽ ആശുപത്രിയിലേക്ക് പോകുന്നതു മായിരുന്നു അടുത്ത രംഗം.
അമ്മയുടെ ഉഗ്രശാസനത്തിൽ ഭയചകിതനായ അച്ഛൻ അന്ന് രാത്രി തന്നെ ടിപ്പുവിനെ ,ദൂരെ ടൗണിലെ മാർക്കറ്റിൽ കൊണ്ട് പോയ് ഉപേക്ഷിച്ചു.
പതിനാറ് തുടർ കുത്തിവെപ്പുകൾക്കും ആശുപത്രി വാസത്തിനും ശേഷം പിന്നീട് വന്ന ,ഇരുപത്തിരണ്ടാം നാൾ ഞായറാഴ്ച, ഞാനെന്റെ പതിവ് "ആരോ റൂട്ട് " ബിസ്കറ്റുമായി വീടിന്റെ ഉമ്മറപ്പടിയിലിരിക്കുമ്പോൾ, നമ്മുടെ കഥാനായകനതാ ക്ഷീണിച്ചവശനായി എല്ലും ,തോലും മാത്രമവശേഷിച്ച് ,അടിവെച്ച് ,അടുത്തെത്തി, എന്റെ നേരെ വാലാട്ടി കാണിച്ചു.
പിന്നീട് കുറെ നേരത്തേക്ക് ഞങ്ങളുടെ ഭാഷ മൗനം വാചാലമായിരുന്നു'. എന്നോടിത് വേണ്ടായിരുന്നല്ലോടാ എന്ന എന്റെ നിശബ്ദ ചോദ്യത്തിന് ,എന്റെ അന്നം മുട്ടിച്ചിട്ടല്ലേ ആശാനെ എന്ന് ദയനീയ നോട്ടത്താൽ അവൻ മറുപടി നല്കി. എന്തൊക്കെ ആയാലും അവൻ ഇത്ര ദൂരം നമ്മളെ തേടി വന്നില്ലേ " ഡീ "എന്ന അച്ഛന്റെ സെന്റി ഡയലോഗിൽ അമ്മയും അലിഞ്ഞു.
പിന്നീട് കുറെ കാലത്തേക്ക് കൂടി അവൻ ഞങ്ങളുടെ വീടിന് മര്യാദ രാമനായ കാവലാളായ്.ഒരിക്കൽ വീട്ടിൽ അതിക്രമിച്ച്
കടന്ന അയൽ വീട്ടിലെ ഒറ്റകണ്ണൻ പൂച്ചക്ക് പിന്നാലെ ചങ്ങല പൊട്ടിച്ച് പായുമ്പോൾ ആ അഭിനവ സുൽത്താൻ ലോറി ഇടിച്ച് കാല യവനിക പൂകി .
വാൽ കഷണം
നായ്ക്കൾ പ്രധാനമായും മൂന്ന് വിഭാഗമാണ് '.
ടോയ് ടൈപ്പ് -അഥവാ കളിക്കൂട്ടുകാർ പഗ് ,പോമറേനിയൻ മുതലായവ.
വർക്കിംഗ് ലൈൻ - സ്നിഫിംഗ്, ട്രാക്കിംഗ് തുടങ്ങിയ ജോലിക്കു പയോഗിക്കുന്ന ലാബ് ,മലിനോയിസ് തുടങ്ങിയവ.
മൂന്നാമത്തെ വിഭാഗം ഗാർഡ് ഡോഗ്സ് - കാവലിന് ഉപയോഗിക്കുന്ന റോട്ട്, ഡോബർമാൻ തുടങ്ങിയവ .
വിദേശ ജനുസ്സുകളെ കൂടാതെ നമുക്ക് സ്വന്തമായി ഒട്ടനവധി നാട്ടു നായ്ക്കളു ണ്ടെങ്കിലും രാജപാളയം, ചിപ്പിപ്പാറ, കന്നി ,കോമ്പായി അങ്ങനെ നിരവധി എല്ലാം അന്യം നിന്ന് പൊയ്ക്കൊണ്ടിരിക്കുന്നു .
ഉപാധികളില്ലാതെ സ്നേഹിക്കുന്ന കാര്യത്തിലും ,കടപ്പാട് കാണിക്കുന്ന കാര്യത്തിലും മനുഷ്യനെന്ന ഇരുകാലിയേക്കാൾ ഭേദമാണ് നായെന്ന നാൽ കാലി എന്ന് ഈ യുള്ളവന് വിവിധ അനുഭവങ്ങളിലൂടെ മനസ്സിലായിട്ടുള്ളതായതിനാൽ എല്ലാ വായനക്കാർക്കും "വാൽ സലാം "
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo