Slider

കൈസർ.

0
Image may contain: 1 person

പറഞ്ഞ് വരുമ്പോൾ നായകളുമായി എനിക്ക് വലിയ പരിചയമില്ലായിരുന്നു.. അവറ്റകളെ തൊട്ടാൽ 7 തവണ വൃത്തിയാക്കി അതിൽ ഒരു തവണ മണ്ണ് കൂട്ടി കഴുകണമെന്നായിരുന്നു പഠിച്ചത്. പണ്ട് റേഷൻ കടയിൽ നിന്ന് മണ്ണെണ്ണ വാങ്ങി വരുമ്പോൾ ഒരു നായ വിടാതെ ഓടിച്ചതിൽ പിന്നെ നായ്കളെ കണ്ടാൽ ഓടരുതെന്ന പാഠം പഠിച്ചു.. പറ്റിയാൽ ഒരു വടിയെടുത്ത് കട്ടക്ക് നിന്നേക്കണം.. ചങ്കൂറ്റത്തിന് മുന്നിൽ ഏത് നായിന്റെ മോനും ഒന്ന് പതറുമല്ലോ...
"കടിയാപ്പട്ടി കുരയ്ക്കുമ്പോളൊരു
വടിയാൽ നിൽക്കുമതല്ലാതെന്തിഹ " (രാമാനുചരിതം)
ജോലിയുടെ ആവശ്യ പ്രകാരം ആ വാടക വീട്ടിലേക്ക് താമസം മാറിയ അന്ന് തന്നെ മനസ്സ് മടുത്തു... തൊട്ടടുത്ത വീട്ടിലെ ഗെയ്റ്റ് കണ്ടാണ്.. ഒരു ഉശിരൻ ശുനകന്റെ പടത്തിനൊപ്പം സൂക്ഷിക്കുക എന്ന ബോർഡ്... പണ്ട് നാട്ടിൽ ഇങ്ങനൊരു വീടുണ്ടായിരുന്നു.. പറമ്പിൽ നിറയെ മാങ്ങയുള്ള ഒരു നാട്ട് മാവും.. മതിൽ ചാടി മാങ്ങ പെറുക്കിയ എന്നെ ഓടിച്ചത് വാലില്ലാത്ത ഒരുത്തനാണ്.. എന്നേക്കാൾ ഉയരമുള്ള അവനാണ് ഡോബർ മാൻ എന്ന് പിന്നീട് മനസ്സിലായി.
സ്വകാര്യത ആഗ്രഹിക്കുന്നവരാണല്ലോ പട്ടിയെ സൂക്ഷിക്കുക എന്ന് എഴുതി വെക്കുന്നത്.. (?) ആ ഒരു ചിന്ത ഉള്ളത് കൊണ്ട് ആ വീടിരിക്കുന്ന ഭാഗത്തേക്കേ ഞാൻ നോക്കാൻ പോയില്ല.. അല്ലാതെ നായയെ പേടിയായിട്ടല്ല !. രാവിലെ ഓടാൻ പോവുമ്പോൾ കാണാം ഒരു കിളവൻ കറുത്തുരുണ്ട ഒരു നായയുമായി നടക്കാൻ ഇറങ്ങുന്നത്.. കണ്ടാൽ തന്നെ പേടിയാവുന്ന ഒരു ഉശിരനായിരുന്നു ആ നായ.
എത്രയൊക്കെ അകലം പാലിച്ചിട്ടും ആ പ്രായമുള്ള മനുഷ്യൻ എന്നോട് അടുക്കാൻ ശ്രമിച്ചു.. അവരുടെ പറമ്പിലുണ്ടായ ഒട്ട് മാങ്ങയും കൊണ്ട് വീട്ടിൽ വന്നായിരുന്നു തുടക്കം.. മാങ്ങ ഏതായാലും പണ്ടേ ഒരു ബലഹീനത ആയത് കൊണ്ട് നിരസിക്കാൻ കഴിഞ്ഞില്ല.. പരിചയമായപ്പോൾ മനസ്സിലായി.അദേഹവും ഭാര്യയും മാത്രമാണ് ആ വീട്ടിൽ താമസം.. പിന്നെ ഈ നായയും.. കൈസറെന്നാണ് അവനെ വിളിക്കുന്നത്.. ഒരു പാട് നേരം സംസാരിച്ച് അത്താഴത്തിന് അവരുടെ വീട്ടിലേക്ക് എന്നെ ക്ഷണിച്ചാണ് സ്നേഹ നിധിയായ ആ മനുഷ്യൻ മടങ്ങിപ്പോയത്... ചെറു പ്രായത്തിൽ ഉപ്പ നഷ്ടമായ എനിക്ക് ആ ക്ഷണവും നിരസിക്കാൻ കഴിഞ്ഞില്ല..!
രാത്രിയായപ്പോൾ ഞാൻ അവരുടെ വീട്ടിലേക്ക് ചെന്നു... ഗേറ്റ് തുറക്കേണ്ട താമസമുള്ളൂ.. കൈസറതാ ഓടിപ്പാഞ്ഞ് വരുന്നു.. എന്റെ നല്ല ജീവൻ അവിടെ തന്നെ ആവിയായി പോയി.. എന്നാലും പഴയ തത്വം മനസ്സിലുണ്ടായിരുന്നു.. നായ്ക്കളെ കണ്ടാൽ ഓടരുത് !.. അപ്പോഴേക്കും കതക് തുറന്ന് അദ്ദേഹം പുറത്ത് വന്നത് രക്ഷയായി... മൂപ്പർ പറഞ്ഞിട്ടാണ് അറിഞ്ഞത് .. കൈസർ സ്നേഹം പ്രകടിപ്പിച്ചതാണ് പോലും.. വല്ലാത്തൊരു പ്രകടനമായിപ്പോയി..
അദേഹവും ഭാര്യയും അധ്യാപകരായിരുന്നു.. റിട്ടയർ ജീവിതം നയിക്കുന്നു... സൗകര്യത്തിന് നമുക്കവരെ മാഷും ടീച്ചറുമെന്ന് വിളിക്കാം.. ടീച്ചർ പല വിധ അസുഖങ്ങളാൽ കഷ്ടപ്പെടുന്ന ഒരു സ്ത്രീയായിരുന്നു... എഴുന്നേറ്റ് നടക്കാൻ തന്നെ അവർ വളരെ ബുദ്ധിമുട്ടി... മാഷിനും കാഴ്ചക്ക് ചില പ്രശ്നങ്ങളുണ്ട്.. അവസാന കാലത്ത് തുണയാവാൻ മക്കളൊന്നും ഇല്ലായിരുന്നു എന്നത് വിധിയുടെ ക്രൂരത ആവാം... വീട് പണിക്കും ഭക്ഷണമുണ്ടാക്കാനും ഒരു സ്ത്രീ വരുമെങ്കിലും അവരുടെ യഥാർത തുണ കൈസറാണെന്ന് അറിഞ്ഞ മുതലാണ് നായ്ക്കളെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് തന്നെ മാറിപ്പോയത്...
ലാബ്രഡോർ ഇനത്തിൽ പെട്ട നല്ല ട്രെയിനിംഗ് ലഭിച്ച ഒരു നായയായിരുന്നു കൈസർ...ആളുകളെ മനസ്സിലാക്കി പെരുമാറാനുള്ള അവന്റെ കഴിവ് അപാരം തന്നെ.. പലപ്പോഴായ നിരീക്ഷണങ്ങളിലൂടെ ഞാൻ മിത്രമാണെന്ന് മനസ്സിലാക്കിയത് ഒരു ഉദാഹരണമായി കാണാം.. രോഗികളായ ആ വൃദ്ധ ദമ്പതികളെ പല തരത്തിൽ സഹായിക്കുന്നതിലുപരി അവരുടെ സമ്പത്തിന് ശക്തമായൊരു കാവലായിരുന്നു അവൻ. ഇതൊന്നുമല്ലാത്ത മറ്റൊരു കാര്യം.. മാഷിന്റെ ഭാഷയിൽ പറഞ്ഞാൽ കലർപ്പില്ലാത്ത സ്നേഹം.. ഇക്കാലത്ത് സ്വന്തം മക്കളിൽ നിന്ന് പോലും അത് പ്രതീക്ഷിക്കാമോ..
വളരെ പെട്ടെന്ന് തന്നെ കൈസർ എന്റെയും ഉറ്റ സുഹൃത്തായി.. എനിക്ക് തൊടാൻ പറ്റില്ല എന്ന് മനസ്സിലാക്കിയാവാം ആ ബുദ്ധിമാനായ മൃഗം സാധാരണ ചെയ്യും പോലെ സ്നേഹം പ്രകടിപ്പിച്ച് ശരീരത്തിലേക്ക് വരില്ലായിരുന്നു.. വാലാട്ടിയും ചില പ്രത്യേക ശബ്ദങ്ങളുണ്ടാക്കിയും അവനത് പ്രകടിപ്പിക്കും... മാഷിനും ടീച്ചർക്കും ഞാനൊരു മോനെ പോലെ തന്നായിരുന്നു.. പല കഥകളും പറഞ്ഞ് ഞങ്ങൾ പൊട്ടിച്ചിരിച്ച് ഇരിക്കും.. എന്ത് മനസ്സിലായിട്ടാണെനറിയില്ല കൈസറും എന്തൊക്കെയോ ശബ്ദങ്ങളുണ്ടാക്കും.. ഏകാന്തതയിൽ അവർ എനിക്കും ഒരാശ്വാസമായിരുന്നല്ലോ...
നല്ലവരെ നേരത്തെ ദൈവം വിളിക്കുമെന്നത് പട്ടികളുടെ കാര്യത്തിലെങ്കിലും ശരിയാണ്. മനുഷ്യരുടെ പകുതി പോലും ആയുസ് അവർക്ക് മൂപ്പർ കൊടുത്തിട്ടില്ല.. .തലേ ദിവസം വരെ ഒരു ക്ഷീണവും കൂടാതെ ഓടിച്ചാടി നടന്ന കൈസർ പിറ്റേന്ന് കൂട്ടിൽ മരിച്ച് കിടക്കുന്നതാണ് മാഷ് കണ്ടത്.. എന്നെ വിളിച്ച് കാര്യം പറയുമ്പോൾ അദ്ദേഹം കരയുകയായിരുന്നു .. ഒരു കുടുബാംഗം നഷ്ടപ്പെട്ട വീട് തികച്ചും മൂകമായിരുന്നു.. ടീച്ചർ സങ്കടം സഹിക്കാൻ കഴിയാതെ ഒരേ കിടപ്പിൽ തന്നെ കഴിഞ്ഞു.. കൈസറിനായ് കുത്തിയ കുഴിയിൽ അവനെയിട്ട് മൂടിക്കഴിഞ്ഞപ്പോൾ അത് വരെ പിടിച്ച് നിന്ന ഞാനും മാനവും പൊട്ടിയൊലിച്ചു.. മനുഷ്യനല്ലാത്ത ഒരു ജീവിക്ക് വേണ്ടി ആദ്യമായി ആവണം.. മഴയിൽ നനഞ്ഞ് വീട്ടിലേക്ക് നടക്കുമ്പോൾ മനസ്സ് വല്ലാതെ ശൂന്യമായിരുന്നു....
" A dog is the only thing on earth that loves you more than you love yourself " - Josh Billings.
- യൂനുസ് മുഹമ്മദ്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo