Slider

മേരിക്കുട്ടി

0

********************************************
മുറ്റത്തു നിന്നും ഉച്ചത്തിൽ കൂവുന്ന പൂവന്റെ ശബ്ദകോലാഹലങ്ങൾ കേട്ടാണ് മേരിക്കുട്ടി ഉറക്കത്തിൽ നിന്നുണർന്നത്..... സമയം. 6.00മണി കഴിഞ്ഞിരിക്കുന്നു... കായൽകൈയേറ്റക്കാരനെപ്പോലെ കിടക്കയുടെ മുക്കാൽപങ്കും കൈയേറി തന്റെ പുറത്തു വിശ്രമിക്കുന്ന കെട്ടിയവന്റെ കാലെടുത്തു മാറ്റി.. മേരിക്കുട്ടി കിടക്കയിൽ എഴുന്നേറ്റിരുന്നു... ബുള്ളറ്റ് സ്റ്റാർട്ടാക്കുന്നതുപോലെ കൂർക്കം വലിച്ചുറങ്ങുന്ന കെട്ടിയവന്റെ തല പിടിച്ചു നേരെയാക്കി ബുള്ളറ്റ് ഓഫാക്കി... കുരിശു വരച്ചു.. എഴുന്നേറ്റപ്പോൾ.. പുറത്തിന് വല്ലാത്ത വേദന...
മേരിക്കുട്ടി തിരിഞ്ഞു കെട്ടിയവൻ പോലീസുകാരൻ അവറാനെ ഒന്നു നോക്കി.... ഇന്നലെ ഉറക്കത്തിൽ അതിയാൻ "സത്യം പറയെടാ "എന്ന് പറഞ്ഞു ആഞ്ഞു ചവിട്ടിയത് ഏറ്റു വാങ്ങിയത് തന്റെ പിൻഭാഗമായിരുന്നു..... ചവിട്ടിന്റെ ശക്തിയിൽ കട്ടിലിൽ നിന്നും താഴെ വീണു.. മയങ്ങി തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ... അതുകൊണ്ട് നിലത്തു കൈ കുത്താൻ പറ്റി.. ഉരുണ്ടെഴുന്നേറ്റ ഉടനെ കെട്ടിയോന്റെ തുടയിൽ നല്ലൊരു നുള്ള് വച്ചു കൊടുത്തു... ഉറക്കത്തിൽ കൊതുക് കടിച്ചെന്നു കരുതി... അവിടം തടവി വീണ്ടും കിടന്നുറങ്ങി ആ മനുഷ്യൻ...
ഒരാഴ്ചയായി ഉറക്കത്തിൽ ചവിട്ടും അടിയും കിട്ടുന്നുണ്ട്... ഇടയ്ക്കിടെ പുളിച്ച ചീത്ത വിളിയും കേൾക്കാം...
"ഈ മനുഷ്യൻ മനഃപൂർവം പുറത്തിനിട്ടു പെരുക്കുന്നതാണോ.." എന്നൊരു സംശയം മേരിക്കുട്ടിക്ക് ഇല്ലാതില്ല.. കാരണം... നാട്ടുകാർക്ക് എല്ലാം അവറാച്ചൻ" ഇടിയൻ അവറാൻ "ആണെങ്കിലും മേരിക്കുട്ടിയുടെ മുന്നിൽ പൂച്ചക്കുട്ടിയാണ്...
. എന്നാലും ഒരാഴ്ചയായി.. ഇത് തുടരുന്നു..
കാര്യം ചോദിച്ചപ്പോൾ.. പറഞ്ഞത്....
"എടീ മാവോയിസ്റ് എന്ന് സംശയിക്കുന്ന ഒരുത്തനെ കിട്ടിയിട്ടുണ്ട്... എത്ര ചോദിച്ചിട്ടും അവനൊരക്ഷരം മിണ്ടുന്നില്ല... മുകളിൽ നിന്നും പ്രഷർ ഉണ്ട്... അതിന്റെ ടെൻഷൻ ആണെടീ.. ഒരാഴ്ചയായി അവൻ മിണ്ടുന്നില്ല "
" എനിക്ക് തോന്നുന്നത് നിങ്ങളുടെ ഒക്കെ ചീത്ത വിളി കേട്ടു അയാളുടെ ചെവിക്കല്ല് തകർന്നു കാണുമെന്നാണ്... "മേരിക്കുട്ടി കളിയാക്കിയെങ്കിലും.. അപകടസൂചന മനസ്സിലാക്കി ആദ്യദിവസം തന്നെ ഒരു തലയിണ പ്രതിരോധത്തിന് വച്ചു എങ്കിലും.. എന്നും രാവിലെ... മൂന്നാം മുറയേറ്റു ചതഞ്ഞു കിടക്കുന്ന പ്രതിയെപ്പോലെ തലയിണ കട്ടിലിനരികിൽ ചതഞ്ഞു കിടക്കും.. .." ഒരു കട്ടിൽ കൂടി പിടിച്ചു കൊണ്ട് വന്നു മുറിയിൽ ഇടണം.. ഇല്ലേൽ ഈ മനുഷ്യൻ എന്റെ പുറം പള്ളിപ്പുറം ആക്കും"....മേരിക്കുട്ടി പിറുപിറുത്തു കൊണ്ട് ഏന്തി വലിഞ്ഞു കുളിമുറിയിലേക്ക് നടന്നു... കുളിമുറിയിലേക്ക് കാലെടുത്തു വച്ചതും... തെന്നിയതും ഒരുമിച്ചായിരുന്നു.. "കർത്താവെ "എന്ന നിലവിളിയോടെ ഭിത്തിയിൽ പിടിച്ചു നിന്നു...ഭാഗ്യം...
വേഗം പല്ലുതേച്ചു... മുഖവും കൈകാലുകളും കഴുകി അടുക്കളയിലേക്ക് പാഞ്ഞു...
അമ്മായിയമ്മ മറിയാമ്മ.. പുറകുവശത്തെ തിണ്ണയിലിരുന്ന് ചക്ക മുറിച്ചു.. ചുളകൾ അടർത്തി അടുത്തുള്ള മുറത്തിലേക്ക് ഇടുന്നു... കൊച്ചു നാത്തൂൻ ട്രീസ . ചക്കചുളകൾ ചകിണിയും കുരുവും മാറ്റി വൃത്തിയാക്കുന്നു...
മേരിക്കുട്ടിയെ കണ്ടതും... മറിയാമ്മ.. "ഇതെന്നതാടി.. മേരി...നേരം വെളുത്തു സൂര്യൻ ഉച്ചിയിലായല്ലോ... എന്നാ ഉറക്കമാടീ ഇത്... ങ് ഹേ... "
"ഓ... എന്നതാ.. എന്റെ പൊന്നമ്മച്ചിയെ.. ഈ ആറരയ്ക്ക് എവിടാ സൂര്യൻ ഉച്ചിയിലായത്...
ഇന്ന് ശനിയല്ലേ... മക്കൾക്ക്‌ ഇന്ന് സ്കൂളിൽ പോകണ്ടല്ലോ...പിന്നെ അമ്മച്ചിയുടെ പുന്നാര മോൻ... ഇന്നലെ എന്റെ പുറത്തിനിട്ട് ഒറ്റത്തൊഴി... ഞാൻ കമിഴ്ന്നടിച്ചു നിലത്തു വീണു.. നന്നായി വേദനിച്ചു... അതുകൊണ്ട് ഉറക്കം താമസിച്ചു... "
മേരിക്കുട്ടി ജാള്യതയോടെ പറഞ്ഞു കൊണ്ട് വേഗത്തിൽ കത്തിയും ഒരു പാത്രവുമെടുത്തു കൊണ്ട് വന്നു ഒരു കുരണ്ടിപ്പലകയുമിട്ട്.. അമ്മച്ചിയുടെ അടുത്തിരുന്നു ചക്ക അരിയാൻ തുടങ്ങി...
"ഉള്ളതാണോടീ... ??!!പാവം എന്റെ മോൻ ഉറക്കത്തിലെങ്കിലും... നിനക്കിട്ടു തരട്ടേടീ.. അവനും ആശയൊക്കെ ഉണ്ടാവില്ലേ... ങ് ഹാ... ഹ.. ഹ അവന്റെ കൈയിൽ നിന്നും രണ്ടെണ്ണം വാങ്ങാത്തതിന്റെ കുറവ് നിനക്കുണ്ട്.. നിന്റെ അപ്പൻ എസ്. ഐ ഇടിയൻ പാപ്പിയെ ഓർത്തോണ്ടാ അവൻ ക്ഷമിക്കുന്നത്... "അമ്മച്ചി പൊട്ടിച്ചിരിച്ചു...
"അയ്യോടാ.. അമ്മച്ചിയെ.. മോന്റെ പുറത്തിനിട്ട് ഞാനും കൊടുക്കും രണ്ടെണ്ണം ഉറക്കത്തിൽ.. അപ്പോൾ അമ്മച്ചി ന്യായം പറയരുത്.. "
"നീ കൊടുത്തോടീ.. ഭാര്യാഭർത്താക്കന്മാർക്ക് കുടുംബജീവിതത്തിൽ തുല്യ പങ്കാണ് എന്നല്ലേ നമ്മുടെ കാപ്പിപ്പൊടി അച്ചൻ കഴിഞ്ഞാഴ്ച പ്രസംഗത്തിൽ പറഞ്ഞത്... "ഇതുപറഞ്ഞു രണ്ടാളും പൊട്ടിച്ചിരിച്ചു...
അമ്മായിയമ്മ മരുമകൾ ആണെങ്കിലും.. കൂട്ടുകാരെപ്പോലെ ആണ് ഇരുവരും.. അമ്മ നഷ്ടപ്പെട്ട... മേരിക്കുട്ടിക്ക്... അമ്മച്ചി.. സ്വന്തം അമ്മയെപ്പോലെ ആണ്..എന്നാലും ഇടയ്ക്കിടെ ഉടക്കുണ്ടാക്കും രണ്ടാളും.. കുറച്ചു കഴിയുമ്പോൾ പിണക്കവും മാറും... ഇടയ്ക്ക് വഴക്കുണ്ടാക്കിയില്ലേൽ കണ്ണ് കിട്ടുമെന്നാണ് അമ്മച്ചിയുടെ ഭാഷ്യം... പ്രായം... അറുപതു കഴിഞ്ഞെങ്കിലും..ഓടി നടന്നു ജോലി ചെയ്യും അമ്മച്ചി...
മലയോരഗ്രാമത്തിലെ ഒരു ഇടത്തരം ക്രിസ്ത്യൻ കുടുംബമാണ്....റിട്ടയേർഡ് അധ്യാപകൻ... ചെറിയാൻ സാറിന്റെയും.. മറിയാമ്മയുടെയും.. മക്കളായ.. റുബി,അവറാച്ചൻ, ട്രീസ അടങ്ങുന്ന കുടുംബം.. റൂബിയെ കല്യാണം കഴിച്ചയച്ചു.. ഭർത്താവ് വിദേശത്ത് ജോലി ചെയ്യുന്നു രണ്ടു മക്കൾ.. രണ്ടാമത്തവൻ അവറാച്ചൻ കേരള പോലീസിൽ ഭാര്യ മേരി,മക്കളായ..നാലാം ക്ലാസ്സുകാരൻ എബിയും.ഒന്നാം ക്ലാസ്സുകാരി. എമിലിയും... ഇളയമകൾ ട്രീസ.. മേരിക്കുട്ടിയുടെ പുന്നാര നാത്തൂൻ... നാളെ അവളുടെ പെണ്ണുകാണൽ ചടങ്ങ് ആണ്...എം. എ. കഴിഞ്ഞു കുറച്ചായി.. ഒരു ജോലി മേടിച്ചിട്ട് മാത്രമേ കല്യാണം എന്ന് പറഞ്ഞു.. P.S.C...പരീക്ഷകൾക്കായി പഠിക്കുകയായിരുന്നു..
ഈ കഴിഞ്ഞ ക്രിസ്തുമസിന്.. പാതിരാകുർബാനയ്ക്ക് പോയപ്പോൾ.. പള്ളിയിൽ വച്ചു ട്രീസയെ കണ്ടു ഇഷ്ടപ്പെട്ട.. ഒരു അമേരിക്കക്കാരന്റെ ആലോചന വന്നപ്പോൾ ജോലി സ്വപ്നങ്ങൾ ഒക്കെ കാറ്റിൽ പറത്തി ഇപ്പോൾ അമേരിക്കൻ സ്വപ്നങ്ങളുമായി കഴിയുന്നു.. അവൾ.. നാളെ ഔദ്യോഗികമായുള്ള പെണ്ണുകാണൽ ചടങ്ങ് ആണ്.. റുബിയേയും പിള്ളേരെയും വിളിച്ചോണ്ട് വരാൻ ഇന്നലെ പോയതാണ് അപ്പച്ചൻ...
"മേരിക്കുട്ടിയെ നീ ഇന്നലെ കോഴിക്കൂട് അടച്ചില്ലായിരുന്നോ.. ദേ ആ "പൊരുന്ന കോഴി "മുറ്റത്തു വന്നു ഒരു വലിയ പൂക്കളം...ഉണ്ടാക്കിയിട്ടുണ്ട്.... വേഗം അത് വെട്ടിക്കോരി കള...ഇല്ലേൽ പിള്ളേർ എഴുന്നേറ്റാൽ ഉടനെ അത് ചവിട്ടി തേച്ചു നടക്കും... "
ഞാൻ മറന്നുപോയി.. ഇന്ന് രാത്രി ആ പൊരുന്നയെ കെട്ടിത്തൂക്കി ഇടുന്നുണ്ട്... മൊത്തം കോഴിപ്പൂതയാണ് ആ കോഴിക്കൂടിനു ചുറ്റും.. കുറച്ചു തെരുവപ്പുല്ല് ചതച്ചു ഒഴിക്കണം അതിനു ചുറ്റും.. "
"ചേച്ചി....ഇന്ന് പള്ളിയിൽ... യൂത്ത് വിങ്ങിന്റെ കലാമത്സരമുണ്ട്.. പിള്ളേരെ ഒരുക്കി ഞാൻ പോകും.. ഞാൻ ഒരുങ്ങട്ടെ.. "ട്രീസ.. പതുക്കെ എഴുന്നേറ്റു..
"മേരിയെ അമ്മച്ചി കാപ്പി തിളപ്പിച്ചിട്ടുണ്ട്.. കൊണ്ട് പോയി കൊടുക്ക് നിന്റെ കെട്ടിയോന്.. "
മേരിക്കുട്ടി ചക്കചുള അരിയൽ നിർത്തി.. അടുക്കളയിലേക്ക് നടന്നു... മുറ്റത്തു ഇളവെയിൽ കൊണ്ട് മയങ്ങുകയായിരുന്നു കുറിഞ്ഞിപൂച്ച .. മേരിക്കുട്ടിയുടെ പിന്നാലെ കരഞ്ഞു കൊണ്ട് കൂടി.. അടുക്കള മൊത്തം ട്രീസ മോടിപിടിപ്പിച്ചിട്ടുണ്ട്..അടുക്കളയിലെ പഴയ കുപ്പി പാത്രം ഒക്കെ മാറ്റി . തലേദിവസം.. ടൗണിലെ സൂപ്പർ മാർക്കറ്റിൽ നിന്നും വാങ്ങി വന്ന പൂക്കൾ പതിപ്പിച്ച ജാറുകളിലേക്ക്.. സാധനങ്ങൾ മാറ്റി.. തട്ടുകളിൽ അടുക്കി വച്ചപ്പോൾ നല്ല ചന്തം.. ഇന്നലെ രാത്രിയിൽ വലിയ ജോലിയിലായിരുന്നു അവൾ..
മേരിക്കുട്ടി അടുപ്പിൽ നല്ല ചൂടായി കിടന്നിരുന്ന പാത്രത്തിന്റെ അടപ്പ് മാറ്റി.. വറുത്തുപൊടിച്ച കാപ്പിക്കുരുവിന്റെ നല്ല പരിമളം ഉയർന്നു.. ഒരു ചില്ലു ഗ്ലാസിൽ പഞ്ചസാരയിട്ടു... തിളച്ച കാപ്പി ഒഴിച്ചതും.. ഗ്ലാസ്‌ പൊട്ടിയതും ഒരുമിച്ചായിരുന്നു.. കാലിൽ ഉരസി നിന്ന.. കുറിഞ്ഞിയുടെ ദേഹത്തേക്ക് കുറച്ചു വീണു.. അവൾ തുള്ളിച്ചാടി.. പുറത്തേക്കു ഓടി.. "രാവിലെ തന്നെ ലക്ഷണക്കേടാണല്ലോ "മേരിക്കുട്ടി മനസ്സിൽ കരുതി.. വേറെ ഒരു ഗ്ലാസിൽ.. കാപ്പി പകർന്നു കെട്ടിയോന്റെ അടുത്തേക്ക് പോയി..
"എഴുന്നേൽക്കൂ മനുഷ്യാ.. ഇന്നാ കാപ്പി.. കുടിച്ചിട്ട് ഡ്യൂട്ടിക്ക് പോകാൻ നോക്ക്.. "
അവറാച്ചൻ കിടക്കയിൽ കിടന്നു അങ്ങോട്ടുമിങ്ങോട്ടും ഉരുണ്ടുപിരണ്ട്‌ മൂരി നിവർത്തി എഴുന്നേറ്റു.. ഒളികണ്ണിട്ട് മേരിക്കുട്ടിയെ നോക്കി.. അപ്പോൾ അവൾ ഇങ്ങോട്ട് തന്നെ തറപ്പിച്ചു നോക്കി നിൽക്കുന്നു.. "
"മനുഷ്യാ.. ഇന്നലെ എന്റെ പുറത്തിനിട്ട് തൊഴിച്ചത് മനഃപൂർവം അല്ലെ.സത്യം പറ..
"തൊഴിച്ചോ. . ??ആര്.. എപ്പോൾ.. നീ ചുമ്മാ സ്വപ്നം കണ്ടതാവുമെടീ.. "
"ദേ വീണിടത്തു കിടന്നു ഉരുളരുത് ഇച്ചായാ.. ഇന്നലെ എനിക്ക് നന്നായി നൊന്തു.. കുറച്ചു നാളായി നിങ്ങളിത് തുടങ്ങിയിട്ട്.. മാത്രമല്ല.. എന്നാ സൈസ് ചീത്തയാ ഉറക്കത്തിൽ നിങ്ങൾ വിളിക്കുന്നത്.. എന്തായാലും എന്റെ അപ്പൻ ഇന്നുവരെ ആരെയും ഇങ്ങനെ വിളിച്ചിട്ടില്ല "
"ഒന്നുപോടീ.. നിന്റെ അപ്പൻ ഇടിയൻ പാപ്പി.. പിന്നെ സ്റ്റേഷനിൽ വരുന്ന പ്രതികളോട് വേദോപദേശം ആണോ നൽകുന്നത്.. എടീ നിന്റെ അപ്പനാ എന്റെ ഗുരു.. ഹും.. അവൾ രാവിലെ അപ്പനെ വിശുദ്ധനാക്കുന്നു.. പോലീസുകാരായാൽ അൽപ്പസ്വൽപ്പം ചീത്ത വിളിക്കണം. ചീത്ത പറഞ്ഞാൽ പിശാച് പോലും അടുക്കുകേല എന്നല്ലേ. . മാത്രമല്ല എന്നാന്ന് അറിയത്തില്ല.. സ്റ്റേഷനിൽ എത്തിപ്പെട്ടാൽ.. പിന്നെ ഒരു ബാധ കയറുമ്പോലെ ആണെടീ..എവിടെ കാണട്ടെ നിന്റെ പുറം.. തിരുമ്മി തരാം.. "
"വേണ്ടായേ.. കുടിച്ചിട്ട് ഗ്ലാസ് താ.. നൂറുകൂട്ടം പണിയുണ്ട്.. പിള്ളേരെ പള്ളിയിൽ പറഞ്ഞു വിടണം.. "
അവറാൻ മുഖം വീർപ്പിച്ചിരിക്കുന്ന മേരിക്കുട്ടിയെ നോക്കി പുഞ്ചിരിയോടെ.. കാപ്പി കുടിക്കാൻ തുടങ്ങി.. ആദ്യകവിൾ ഇറങ്ങിയതും കെട്ടിയോന്റെ പുരികം വില്ല് പോലെ വളയുന്നതും.. ഓക്കാനത്തോടെ കുളിമുറിയിലേക്ക് ഓടുന്നത് കണ്ടു അമ്പരന്ന . മേരിക്കുട്ടി.. "ഇച്ചായാ.. എന്നാ പറ്റി.. "എന്ന് പറഞ്ഞു പിന്നാലെ ഓടി..
"ഫ്ഭ.. ഇന്നലെ നിന്റെ പുറത്തിനിട്ട് ഞാനൊന്നു തന്നെന്നു വച്ചു.. നീയെനിക്കു ഉപ്പിട്ട കാപ്പി തന്നല്ലേടീ..മഹാദുഷ്ടേ "..അവറാച്ചൻ ഓക്കാനിച്ചു കൊണ്ട് പറഞ്ഞു.. മേരിക്കുട്ടി ഓടിവന്നു കാപ്പിയിൽ തൊട്ടു രുചിച്ചു നോക്കി ഒന്നാന്തരം ഉപ്പ്..
ബഹളം കേട്ട് അമ്മച്ചി ഓടി വന്നു.. "എന്നാ.. എന്നാ പറ്റിയെടീ പെണ്ണെ.. "വന്നപാടെ അമ്മച്ചി മേരിക്കുട്ടിയുടെ പുറം തിരുമ്മി..
"എനിക്കല്ല അമ്മച്ചി ഇച്ചായനാ... ഛർദി "
ഞാൻ വിചാരിച്ചു നിനക്കായിരിക്കും എന്ന്.. നീ ഇന്നലെ ആ കൂഴച്ചക്കപ്പഴം കുറെ തിന്നില്ലാരുന്നോ.. അതിന്റെ ഏനക്കേടന്നാ ഞാൻ വിചാരിച്ചേ.. നിനക്കെന്നാ പറ്റിയെടാ ചെറുക്കാ.നീയും ചക്കപ്പഴം തിന്നോ . "
"അതൊന്നുമല്ല അമ്മച്ചി ഇവൾ എനിക്ക് ഉപ്പിട്ട കാപ്പി തന്നു.. "
"ആഹാ.. കൊള്ളാലോ മേരിപ്പെണ്ണേ നീ ഇങ്ങനെയാണോ പ്രതികാരം ചെയ്യുന്നത്.. അതും രാവിലെ.. "
"അമ്മച്ചിയുടെ പുന്നാര മോൾ ട്രീസ.. ഒപ്പിച്ച പണിയാ.. അവൾ മുൻപ് പഞ്ചസാര ഇട്ടുവച്ച ടിന്നിൽ ഉപ്പിട്ടു വച്ചു ഞാൻ ശ്രദ്ധിച്ചില്ല... "മേരിക്കുട്ടി കുറ്റബോധത്തോടെ പറഞ്ഞു..
"ആ സാരമില്ല.. നീ വേറൊരു കാപ്പി കൊടുക്ക് അവന്.. എടാ ചെറുക്കാ നാളത്തെ ചടങ്ങിന് വേണ്ട സാധനം വാങ്ങണം.. ഞാൻ എഴുതി വച്ചിട്ടുണ്ട്.. "
"അമ്മച്ചി കാപ്പി എടുക്കട്ടെ.. "
"വേണ്ടെടീ ഉവ്വേ... എനിക്ക് പ്രഷർ അല്ലേൽ തന്നെ കൂടുതലാ.". അമ്മച്ചി മേരിക്കുട്ടിയെ കളിയാക്കി.
"മേരിയെ ... ചക്കയ്ക്കുള്ള അരപ്പ് റെഡിയാക്കിക്കോ.. "
മേരിക്കുട്ടി.. മുറ്റത്തു നിന്നു കാന്താരിയും.. കറിവേപ്പിലയും പറിച്ചു കൊണ്ട് വന്നു.. തേങ്ങ ചിരകി... കാന്താരിയും ജീരകവും.നന്നായി അരച്ച് . കൊച്ചുള്ളിയും.. വെളുത്തുള്ളിയും..തേങ്ങയും മഞ്ഞൾപൊടിയും ചേർത്ത് ചതച്ചു.. കറിവേപ്പിലയിട്ട് ഒതുക്കി അരപ്പ് തയ്യാറാക്കി.. ചക്ക അരിഞ്ഞതിൽ ഉപ്പും പാകത്തിന് വെള്ളവുമൊഴിച്ചു അടുപ്പിൽ വച്ചു.. അപ്പോഴേക്കും മക്കളെ ഒരുക്കി ട്രീസ വന്നു.. അവർക്ക് ചക്ക പുഴുങ്ങിയതും.. അയല മുളകിട്ടതും.. എല്ലാവർക്കും വിളമ്പി..
കാപ്പി കുടി കഴിഞ്ഞു . ട്രീസയും പിള്ളേരും.. പള്ളിയിലേക്ക് ഇറങ്ങി.. .
കുറച്ചു കഴിഞ്ഞപ്പോൾ അമ്മച്ചി ചട്ടയും മുണ്ടും കവണിയുമുടുത്തു.. റെഡിയായി
"അമ്മച്ചി എങ്ങോട്ടാ.. "
"ഞാനേ.. കുഞ്ഞമ്മാച്ചന്റെ അടുത്തൊന്നു പറഞ്ഞിട്ട് വരാം.. നാളെ മറക്കാതെ വരണമെന്ന് ഒന്നുകൂടി പറയണം.. "
"ആ മേരിയെ.. മോളെ അമ്മച്ചിയുടെ മുണ്ട് പെട്ടിയിൽ ഒരു.. പുതിയ സഞ്ചി തയ്പ്പിച്ചത് ഇരിപ്പുണ്ട്.. ഇങ്ങെടുത്തേ.. റേഷൻ കടയിൽ പച്ചരി വന്നെന്നു പറയുന്നത് കേട്ടു.. തിരിച്ചു വരുന്ന വഴിയിൽ അതും വാങ്ങാം.. "
മേരിക്കുട്ടി അമ്മച്ചിയുടെ മുണ്ട് പെട്ടി തുറന്നു നോക്കിയപ്പോൾ ഒരുപോലെ ഉള്ള രണ്ടു സഞ്ചി കണ്ടു.. ഒന്നെടുത്തു അമ്മച്ചിയുടെ കൈയിൽ കൊടുത്തു..
കെട്ടിയോൻ ഡ്യൂട്ടിക്ക് ഇറങ്ങി.. മേരിക്കുട്ടി ചോദിച്ചതിന് ഒന്നും മറുപടി ഇല്ല . മേരിക്കുട്ടിയുടെ ഉള്ളിൽ ഒരപായ സൂചന മുഴങ്ങി.." രാവിലത്തെ സംഭവം മനസ്സിൽ വച്ചു ഈ മനുഷ്യൻ രാത്രിയിൽ വീണ്ടും പുറത്തിനിട്ട് താങ്ങുമോ "
എല്ലാവരും ഓരോ കാര്യത്തിനായി.. പുറത്തേക്കു പോയി.. മേരിക്കുട്ടി വീട്ടിൽ തനിച്ചായി..
അവൾ മുറ്റത്തിറങ്ങി.. തൂമ്പ എടുത്തു കൊണ്ട് വന്ന്.. പൊരുന്നക്കോഴി തീർത്ത പൂക്കളം വെട്ടിക്കോരി ദൂരെ കളഞ്ഞു.. മുറ്റമടിച്ചു.. കോഴിക്കൂട്ടിൽ ഒരാവശ്യവും ഇല്ലാതെ സാങ്കൽപ്പിക മുട്ടയ്ക്ക് അടയിരുന്ന ഇരുന്ന പൊരുന്നയെ കമ്പിട്ട് കുത്തി വെളിയിൽ ചാടിച്ചു.. വീണ്ടും കൂട്ടിൽ കയറാൻ നോക്കിയ പൊരുന്നയെ ചൂലെടുത്തു വീടിനു ചുറ്റുമോടിച്ചു.. താഴത്തെ പറമ്പിലേക്ക് പായിച്ചു... വളർത്തുനായ കൈസറും ആ ഉദ്യമത്തിൽ അവളെ സഹായിച്ചു...
പിന്നെ.. തൊഴുത്തിൽ നിന്നും അമ്മിണി പശുവിനെയും.. ആടുകളെയും അഴിച്ചു റബ്ബർ തോട്ടത്തിലേക്ക് നടന്നു.. കൈസറും കുറിഞ്ഞിയും മേരിയെ അനുഗമിച്ചു..
തിരിച്ചു വന്ന്.. റബ്ബർ ഷീറ്റെടുത്തു...അഴയിൽ ഇട്ടു.. കൊക്കോക്കുരുവും.. ഒട്ടുപാലും ഉണങ്ങാൻ ഇട്ടിട്ട്.. അകത്തേക്ക് കയറി..
"നാളെ ട്രീസക്കുട്ടിയുടെ പെണ്ണുകാണൽ.. ഒരേയൊരു നാത്തൂൻ എന്ന നിലയിൽ.. വിരുന്നുകാർ ശ്രദ്ധിക്കുമല്ലോ... ഒന്ന് ഒരുങ്ങി നിൽക്കണം... "
മേരിക്കുട്ടി കരുതി.. ഒരു മുട്ടയുടെ വെള്ള എടുത്തു അതിൽ കുറച്ചു നാരങ്ങ നീര് പിഴിഞ്ഞു ചേർത്തു.. നീളമുള്ള മുടിയിൽ പുരട്ടി.. ഒരു പാത്രത്തിൽ കുറച്ചു കാപ്പിപ്പൊടി ഇട്ട് അതിൽ കുറച്ചു തേനൊഴിച്ചു മുഖത്തും കഴുത്തിലും പുരട്ടി.. അടുക്കളയിലേക്ക് പോയി.. എല്ലാരും കാപ്പി കുടിച്ചു വച്ച പാത്രങ്ങൾ കഴുകാൻ തുടങ്ങി.. അപ്പോഴേക്കും കറന്റ്‌ പോയി.. ഇനി വൈകുന്നേരം നോക്കിയാൽ മതി...
പടിഞ്ഞാറെ വശത്തു നിൽക്കുന്ന പുളിമരത്തിന്റെ നിഴൽ കൊണ്ട് അടുക്കളയിൽ ഇരുൾ പരന്നു...
ഈ സമയം ശബ്ദം ഉണ്ടാക്കാതെ.. പതുങ്ങി വന്ന.. ട്രീസ... മേരിക്കുട്ടിയുടെ പിന്നിൽ വന്നു "ഠോ "എന്ന് ശബ്ദമുണ്ടാക്കി... പേടിച്ചു നിലവിളിച്ചു കൊണ്ട് പിന്തിരിഞ്ഞു നോക്കിയ മേരിക്കുട്ടിയെ കണ്ട് ട്രീസ.. പേടിച്ചു നിലവിളിച്ചു പുറത്തേക്ക് ഓടി... മുറ്റത്ത്‌ തെന്നി വീണു... പുറകേ ഓടി വന്ന മേരിക്കുട്ടി അവളെ പിടിച്ചെഴുന്നേല്പിച്ചു... മമ്മിയെ പേടിപ്പിക്കാൻ പോയ കുഞ്ഞാന്റിയുടെ ദീനമായ നിലവിളി കേട്ട് ഓടി വന്ന എബിയും.. എമിലിയും... കറുത്ത നൈറ്റിയിൽ.. മുടിയഴിച്ചിട്ടു കറുത്ത മുഖവുമായി നിൽക്കുന്ന മമ്മിയെ കണ്ട് ഭയന്നു നിന്നു...
"ഇതെന്നാ പണിയാ.. ചേച്ചി ഇത്... "ട്രീസ ദേഷ്യത്തിൽ ചോദിച്ചു..
കുറച്ചു കാപ്പിപ്പൊടി ഇട്ടതാ മോളെ...
മേരിക്കുട്ടി വേഗം മുഖം കഴുകി വൃത്തിയാക്കി.. മുടി കെട്ടിവച്ചു... കൂടുതൽ അനർത്ഥങ്ങൾ ഉണ്ടാവാതെ ഇരിക്കാൻ... അമ്മച്ചി ആവാത്തത് ഭാഗ്യം...!!!അവൾ ആശ്വസിച്ചു...
അവൾ തൊഴുത്തിനരികിൽ നിന്ന കപ്ലങ്ങ മരത്തിൽ നിന്നും രണ്ടു കപ്ലങ്ങ കുത്തിക്കൊണ്ടു വന്നു തൊലി ചെത്താൻ തുടങ്ങി.. "ചേച്ചി ഞാൻ സഹായിക്കണോ.. "
ട്രീസ പതുക്കെ മുടന്തി മുടന്തി അടുത്ത് വന്നു..
"അയ്യോ.. കൊച്ചിന് എന്നാ പറ്റി.. കാലുമുറിഞ്ഞൊ...നാളെ ഒരുങ്ങി നിൽക്കേണ്ട പെണ്ണാണ് "മേരിക്കുട്ടി ട്രീസയുടെ മുട്ട് പരിശോധിച്ചു..." സാരമില്ല കുറച്ചു മുറികൂടി ചതച്ചു നീരെടുത്തു കാലിൽ പുരട്ടാം.. വേഗം കരിയും.. ഇച്ചായനോടും.. അമ്മച്ചിയോടും പറയല്ലേ.. മോളെ.. "മേരി പേടിയോടെ പറഞ്ഞു...
"സാരമില്ല ചേച്ചി.. "ട്രീസ നാത്തൂനെ ആശ്വസിപ്പിച്ചു..
"എന്റെ മോൾ ഒരിടത്തു ഇരുന്നോ.. ഒന്നും ചെയ്യേണ്ട... പക്ഷേ ഇന്നലെ കൊണ്ടുവന്ന ജാറിലൊക്കെയും പേരെഴുതി ഒട്ടിക്കണം. ... പ്രത്യേകിച്ച്.. പഞ്ചസാരയ്ക്കും.. ഉപ്പിനും..കേട്ടോ.. "മേരിക്കുട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു...
തോരനും.. മോരുകറിക്കുമുള്ള തേങ്ങാ ചിരകുമ്പോൾ ആണ് അയൽക്കാരി.. മോളിയുടെ വരവ്.. "മേരിയേ കോഴിമുട്ട ഇരുപ്പുണ്ടോ.. "
"ഉണ്ട്.. നീ ഇരിക്കൂ.. ഞാൻ ഈ തേങ്ങാ ചിരകട്ടെ.. "
"അടുക്കളയൊക്കെ ജോറായിട്ടുണ്ടല്ലോ"..
"എല്ലാം ട്രീസക്കുട്ടിയുടെ പരിപാടിയാ..നാളെ പെണ്ണുകാണൽ അല്ലെ.. പയ്യന്റെ വീട്ടുകാർ എല്ലായിടത്തും നോക്കത്തില്ലേ "
"നീ എന്നാ മേരീ കഴിഞ്ഞ ആഴ്ച അയൽക്കൂട്ടത്തിനു വരാത്തത്... "
"ഓ.. സമയം കിട്ടിയില്ല.. തിരക്കായിരുന്നു... പിന്നെ നമ്മളെന്നതിനാ വരുന്നത്... നമുക്ക് പ്രത്യേകിച്ച് ഉപകാരം ഇല്ലാലോ... "
"ശരി തന്നെ.. പക്ഷേ പഞ്ചായത്ത്‌ തലത്തിൽ അപേക്ഷ സമർപ്പിക്കണം എങ്കിൽ... അയൽക്കൂട്ടത്തിൽ പങ്കാളികളായിരിക്കണം എന്നോ മറ്റോ ഉണ്ട് "..
മേരിക്കുട്ടി അയൽക്കാരിക്ക് സൂക്ഷ്മതയോടെ രുചിച്ചു നോക്കി പഞ്ചസാര ഇട്ട്.. കാപ്പി പകർന്നു കൊടുത്തു...മറ്റൊരു പാത്രത്തിൽ ചക്കപ്പുഴുക്കും... കറിയും എടുത്തു കൊടുത്തു.. "ഞാൻ കാപ്പി കുടിച്ചതാടീ.. എനിക്ക് വേണ്ട.. "
"കഴിക്കെടീ ഗമ കാണിക്കാതെ "..
മേരിക്കുട്ടിടെ സ്നേഹം നിറഞ്ഞ വാക്കുകൾ കേട്ട് മോളി കാപ്പി കുടിക്കാൻ തുടങ്ങി..
"നിനക്കറിയാല്ലോ... എനിക്ക് അൽപ്പം പോലും സമയം ഇല്ല.. എന്നാലും ഞാൻ ഒരയൽക്കൂട്ടത്തിനു പോലും പോകാതെ ഇരിക്കത്തില്ല.. കാരണം എന്നതാണ് എന്നറിയാമോ... പോയില്ലേൽ നമ്മളായിരിക്കും അന്നത്തെ സംസാരവിഷയം... എന്നാത്തിനാ അതിനു ഇട കൊടുക്കുന്നെ... ഇപ്പോൾ ഞായറാഴ്ച എന്നൊരു ദിവസം ഉണ്ടേൽ ഞാൻ അവിടെ കൃത്യമായി എത്തിയിരിക്കും... സത്യം പറഞ്ഞാൽ.. ബാത്‌റൂമിൽ പോകേണ്ട അവസ്ഥ വന്നാലും മാറ്റി വയ്ക്കും അത്രേം പേടിയാ.. "
ഇരുവരും പൊട്ടിച്ചിരിച്ചു..
കഴിഞ്ഞ ആഴ്ച "നിന്നെപ്പറ്റി ആയിരുന്നു പറഞ്ഞത്... "
"ങ്ഹേ..."
മേരിക്കുട്ടിയുടെ കണ്ണ് മിഴിഞ്ഞു...
എന്നെപ്പറ്റിയോ എന്നെപ്പറ്റി എന്നാ പറയാൻ..."
"ആ അതിനിപ്പോൾ കാരണം വല്ലതും വേണോ...നീ അവറാനെ എടുത്തിട്ട് മെതിക്കുന്നു... എന്നാ പറഞ്ഞത്... സത്യമായും ഞാൻ ആരെയും ഒന്നും പറയാറില്ല... "
"ഉവ്വ.. ഒരു പെണ്ണിനെ കുറ്റം പറയാൻ കിട്ടിയാൽ... പിരാന മീനിനെപ്പോലെയാ ചില പെണ്ണുങ്ങൾ.. ഹും.. "മേരിക്കുട്ടി മനസ്സിൽ ചിന്തിച്ചു...
"ഉള്ളതാ മോളി... എനിക്ക് ഇച്ചായനോളം പൊക്കവും, തണ്ടും തടിയും.. ഒക്കെ ഉണ്ട്... അങ്ങേരുടെ കൂട്ടുകെട്ടും.. വെള്ളമടിയും.. ഒക്കെ ഞാനങ്ങു പിടിച്ച പിടിയാലേ നിർത്തിച്ചു... അതു ഇടിച്ചിട്ടൊന്നുമല്ല.. അപ്പച്ചനും അമ്മച്ചിയും ഒക്കെ സപ്പോർട് ചെയ്തിട്ടാണ്..
"ആ...പറയുന്നവർ പറയട്ടെ... എനിക്ക് ഒന്നും ഇല്ല.. "മേരിക്കുട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു.. എന്നിട്ട് വീണ്ടും തേങ്ങാ ചിരകാൻ തുടങ്ങി...
"എടീ മേരിയേ..."മുറ്റത്ത്‌ നിന്നും... അമ്മച്ചിയുടെ ദേഷ്യത്തിൽ ഉള്ള വിളി കേട്ട് തേങ്ങാ മുറി താഴെ വച്ചിട്ട്... ഓടി മുൻവശത്തേക്ക് ചെല്ലുമ്പോൾ അമ്മച്ചി മുഖമെല്ലാം ചുമന്ന്.. കലി തുള്ളി നില്ക്കുന്നു... കൈയിൽ സഞ്ചി ചുരുട്ടി പിടിച്ചിട്ടുണ്ട്...
"എന്നതാ അമ്മച്ചി...അരിയെന്തിയെ??!! അമ്മച്ചി വീണോ..." മേരിക്കുട്ടി വെപ്രാളം പൂണ്ട് ചോദിച്ചു...
"എടീ നിന്നോട് സഞ്ചി എടുത്തു തരാൻ അല്ലെ പറഞ്ഞെ... ഇതെന്നതാടീ പോത്തെ... "
അമ്മച്ചി കൈയിൽ ഇരുന്ന സഞ്ചി നിവർത്തി കാണിച്ചു... "കർത്താവെ അടിപ്പാവാട!!!! "മേരിക്കുട്ടി വാ പിളർന്നു നിന്നു..
"അമ്മച്ചി പറഞ്ഞിട്ടല്ലേ ഞാൻ ഇതെടുത്തു തന്നത്.. ഇതെങ്ങനെ അടിപ്പാവാടയായി" മേരിക്കുട്ടി വാ പിളർന്നു നിന്നു..
"എടീ പെണ്ണേ കഴിഞ്ഞയാഴ്ച്ച ആ യോഹന്നാന്റെ പെമ്പിള സൂററ്റിൽ നിന്നു വന്നപ്പോൾ തന്ന തുണിയാ.. ഞാൻ അതു കൊണ്ട് ഞാൻ അപ്പുറത്തെ സുജയെക്കൊണ്ട് ഒരടിപ്പാവാട തയ്പ്പിച്ചു.. ബാക്കി വന്ന തുണിക്ക്... ഒരു സഞ്ചിയും തയ്പ്പിച്ചു.. അതു രണ്ടും മുണ്ടുപെട്ടിയിൽ വച്ചു.. നീ നോക്കി തരുമെന്നല്ലേ ഞാൻ കരുതിയെ "അമ്മച്ചി..ദേഷ്യം കൊണ്ട് വിറച്ചു...
അമ്മച്ചിയുടെ കോപശരമേറ്റു മേരിക്കുട്ടിയുടെ കണ്ണ് നിറഞ്ഞു... കേട്ടുവന്ന മോളിയും ട്രീസയും എല്ലാം കേട്ട് പൊട്ടിച്ചിരിച്ചു...
"കേൾക്കണോ..ഇന്ന് കടയിൽ ആകെ തിരക്കായിരുന്നു... കടയിലെ ബംഗാളി പയ്യൻ... അരി തൂക്കി നീട്ടിയപ്പോൾ ഞാനിതു തുറന്നു കാണിച്ചതും അവൻ അരിയിട്ടതും ഒരുമിച്ചായിരുന്നു... അരി ദാണ്ടെ.. നിലത്ത്... ആളുകൾ എല്ലാം ചിരിയായിരുന്നു... പോരാത്തതിന് ആ ചെറുക്കൻ ചോദിക്കുവാ "ക്യാ അമ്മച്ചി.. "എന്ന്..
ട്രീസ ചോദിച്ചു... "അമ്മച്ചീ ആരേലും വീഡിയോ എടുത്തോ... എന്നാൽ നാളെ വാട്സാപ്പിലും ഫേസ്ബുക്കിലും... അമ്മച്ചിയുടെ ഈ അമളി കാണാം "..
"ആ ഞാനൊന്നും നോക്കിയില്ല "..
മേരിക്കുട്ടിക്ക് ഒരേ സമയം കരച്ചിലും ചിരിയും വന്നു..
പിന്നെ അതൊരു കൂട്ടച്ചിരിയായി മാറി...
താടിക്ക് കൈ കൊടുത്തു കൊണ്ട് മേരിക്കുട്ടി ആലോചിച്ചു... "ഇന്നു മൊത്തം അക്കിടികൾ ആണല്ലോ... ഇന്നാരെയാണോ കണികണ്ടത് "
പുറകിലേക്ക് ചിന്തിച്ചപ്പോൾ.. പൂവങ്കോഴിയുടെ ബഹളം കേട്ട് ഞെട്ടി ഉണർന്നു നോക്കിയത്... നിലക്കണ്ണാടിയുടെ നേരെ.. സ്വന്തം മുഖം.. പറഞ്ഞിട്ട് കാര്യമില്ല... "
അവൾ നെടുവീർപ്പിട്ടു...
അങ്ങനെ അക്കിടികൾ നിറഞ്ഞതാണെങ്കിലും സന്തോഷം നിറഞ്ഞൊരു പകലിന്റെ ഇതൾ കൊഴിഞ്ഞു വീണു... സന്ധ്യയാവാറായപ്പോൾ റുബിയേയും മക്കളെയും കൊണ്ട്... അപ്പച്ചൻ എത്തി.. വീട് ഒന്നു കൂടി ഉണർന്നു....
കുറച്ചു കഴിഞ്ഞപ്പോൾ അവറാച്ചനും.. ജോലി കഴിഞ്ഞെത്തി...
പകൽ മുഴുവനും കാത്തു പരിപാലിച്ച ദൈവത്തിന്റെ വിശ്വസ്തതയ്ക്ക് നന്ദി പ്രകാശിപ്പിക്കാൻ എല്ലാവരും സന്ധ്യാ പ്രാർത്ഥനയ്ക്ക് ഒത്തു ചേർന്നു...
അത്താഴം കഴിഞ്ഞ്... ഹാളിൽ ഒത്തുചേർന്നിരുന്നു കഥകളും ചിരിയും വർത്തമാനവും കഴിഞ്ഞ് ഉറങ്ങാൻ മുറികളിലേക്ക് മടങ്ങി..
ട്രീസയുടെ മുറിയിലേക്ക് കയറി ചെന്ന.. മേരിക്കുട്ടി കണ്ടത്.. മുറ്റത്ത്‌ വിരിഞ്ഞു നിൽക്കുന്ന മുല്ലപ്പൂക്കളുടെ ഗന്ധം നുകർന്ന് ജനലഴിയിലൂടെ പുറത്തേക്കു നോക്കി നിൽക്കുന്ന ട്രീസയെ ആണ്.. ചുണ്ടുകളിൽ അറിയാതെ വിരിഞ്ഞ.. മന്ദസ്മിതം.... നാളത്തെ ദിനത്തിന്റെ പ്രത്യേകതയിൽ ആകെ പൂത്തുലഞ്ഞു... ചുവന്നു നിൽക്കുന്ന നാത്തൂന്റെ കവിളിൽ വാത്സല്യത്തിൽ അവൾ നുള്ളി.. "നാളെ നേരത്തേ എഴുന്നേൽക്കണെ... നമുക്ക് രാവിലത്തെ കുർബാനയ്ക്ക് പോയിട്ട് വരണം.... നന്നായി ഒരുങ്ങി നിൽക്കണം... "കേട്ടോ...
അമ്മച്ചി കൊച്ചുമക്കൾക്ക് കഥകൾ പറഞ്ഞു കൊടുക്കുന്നു...
മേരിക്കുട്ടി കൈയിൽ ഒരു ഉലക്കയുമായി... കിടപ്പുമുറിയിലേക്ക് നടന്നു... ഉലക്ക മുറിയുടെ മൂലയിൽ ചാരി വച്ചു... അവറാച്ചൻ തെല്ലമ്പരപ്പോടെ ചോദിച്ചു... "എന്നതിനാടീ ഉലക്ക..??!!!"
"ഓഹ്... ചുമ്മാതാ... ചീത്ത സ്വപ്നം കാണാതെ ഇരിക്കാൻ ഉലക്ക കെട്ടിത്തൂക്കണത് നല്ലതാ എന്നാ അമ്മച്ചി പറഞ്ഞെ... തൽക്കാലം.. ഇത് ഇവിടെ ഇരിക്കട്ടെ... ആവശ്യം വരുമ്പോൾ പ്രയോഗിക്കാം "മേരിക്കുട്ടി താക്കീതോടെ പറഞ്ഞിട്ടു പോയി കിടന്നു...
കുറച്ചു നേരം അവറാൻ ഉലക്കയ്ക്ക് നേരെ നോക്കി നിന്നു.. പിന്നെ... കട്ടിലിൽ നീണ്ടു നിവർന്നു കിടക്കുന്ന മേരിയെ ഒന്നുനോക്കി... അവൾ രണ്ടും കൽപ്പിച്ചാണ്...
ഇന്നലെ അവൾക്കിട്ട് കൊടുത്തത് കൂടിപ്പോയി... പാവം.. അവറാന്റെ ഉള്ളിൽ കനിവിന്റെ ഉറവ പൊട്ടി... അവളെയും തന്നെയും കണ്ടാൽ ആങ്ങളയും പെങ്ങളുമെന്നെ പറയൂ... ഈ പൊക്കവും വണ്ണവും മാത്രമേയുള്ളു... ശുദ്ധപാവമാണ്... ഉണരുമ്പോൾ മുതൽ ഉറങ്ങുന്നത് വരെ കണക്കില്ലാത്ത ജോലിയൊക്കെ ചെയ്തു അപ്പച്ചനും അമ്മച്ചിക്കുമൊപ്പം അവരുടെ മകളായി പറമ്പിലും വീട്ടിലും ആയി.. ദിനങ്ങൾ ചിലവിടുന്നു...
അയാൾ അവളോട്‌ ചേർന്നു കിടന്നു... "മേരിപ്പെണ്ണേ... പുറം വേദനിക്കുന്നോ... "
"എന്നതാ...ഇച്ചായാ വേദനയൊന്നുമില്ല.. തൽക്കാലം ഉലക്ക അവിടെ ഇരിപ്പുണ്ടല്ലോ... ഇച്ചായൻ പേടിക്കേണ്ട... രാവിലെ എഴുന്നെല്ക്കണം...
അവൾ ശാന്തമായി പറഞ്ഞു... അയാൾ അവളുടെ ഡോവ് ഷാംപൂ മണക്കുന്ന മുടിയിഴയിൽ... തടവി.. അതിൽ വാസനിച്ചു.. അവളെ ചേർന്നു കിടന്നുറങ്ങി... ശാന്തമായ ഉറക്കത്തിലേക്ക്...
ദൈവത്തിന്റെ ദയയുടെ... ചിറകിൻ കീഴിലേക്ക് ചേർന്നു കിടന്നു.. നാളത്തെ... പുതുപുലരിയുടെ നന്മയിലേക്ക്... കണ്ണുതുറക്കാനായി...
***********************
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo