-- ഭാര്യ അഥവാ അപ്സരസ്സ് --
=========================
=========================
വിശ്വാമിത്രനെ മയക്കാൻ പണ്ട് മേനക നൃത്തം ചെയ്തു എന്ന് കേട്ടപ്പോൾ മേനകക്ക് അല്പം സൗന്ദര്യം കൂടി ഉണ്ടായിരുന്നെങ്കിൽ ഇത്രക്ക് പാടുപെടേണ്ടി വരുമായിരുന്നില്ല എന്നാണ് എൻ്റെ കുഞ്ഞുമനസ്സിൽ തോന്നിയത്. അപ്സരസ്സ് എന്ന വാക്കിന്റെ അർത്ഥം അന്ന് അത്രയ്ക്ക് അറിയുമായിരുന്നില്ല...
വനിത മാസികയുടെ കവർ പേജിൽ വരുന്ന പെൺകുട്ടികളുടെ ഭാവവും മറ്റും അനുകരിക്കാറായ പ്രായത്തിൽ എപ്പോഴോ ആണെന്ന് തോന്നുന്നു വിശ്വാമിത്രൻ വീണ്ടും സ്വപ്നങ്ങളിൽ കയറി പറ്റിയത്... എന്നെ കാണാൻ ( എന്ന് ഇന്നും ഞാൻ ഉറച്ചു വിശ്വസിക്കുന്ന... ഈ ഭാഗത്തിന്റെ വിശദീകരണം ചുവടെ ചേർക്കും.. ) കോളേജിലെ പടിക്കെട്ടുകളിലും വീടിന്റെ വഴികളിലും മറ്റും നിൽക്കുന്ന അഭിനവ മമ്മൂട്ടിമാരെ ഒരു പുച്ഛത്തോടുകൂടി അവഗണിച്ചു മുന്നോട്ട് നടക്കുമ്പോൾ മനസ്സിൽ ഉറപ്പിച്ചിരുന്നു... ഇങ്ങോട്ട് അധികം വലിഞ്ഞുകയറി വരുന്ന ഒരു സാധാരണ അഥവാ വെറും ലോക്കൽ മുനികുമാരന്മാർക് വേണ്ടി സമയം കളയാൻ ജനിച്ചതല്ല ഈ അപ്സരസ്സു എന്ന്.
അല്പം അഹങ്കാരത്തോടെ ഉറച്ച കാൽവയ്പുകളോടെ മുന്നോട്ട് നടക്കുമ്പോൾ പുതിയതായി തുന്നിയ കുപ്പായമോ മുടിയിൽ അടുത്തിടെ നടത്തിയ പരീക്ഷണങ്ങളോ പ്രദർശിപ്പിച്ചുള്ള ആ നില്പുകളൊക്കെ കണ്ണിൻറെ കോണിൽ കൂടി കാണാതിരുന്നില്ല.. ഊറി വരുന്ന ചിരി ഒരു വശം കോട്ടുമ്പോൾ പുച്ഛത്തിൻറെ രൂപത്തിൽ പുറത്തു കാണപ്പെടുന്നു എന്ന് ദിവസം ആഹാരത്തിനു മുൻപും ശേഷവും പതിനാറു പ്രാവശ്യം
നോക്കുന്ന കണ്ണാടി പഠിപ്പിച്ചിരുന്നു... ഇങ്ങനെ ഒക്കെ ആയിരിക്കുന്ന ഞാൻ വിവാഹം കഴിച്ചത് പണ്ട് വീര പരിവേഷം നൽകി ആദരിച്ച വിശ്വാമിത്രന്റെ ആധുനിക വെർഷനെ ആണോ എന്ന് സംശയം തോന്നാൻ തുടങ്ങിയിട്ട് ഏതാനും വർഷങ്ങലായി... കൃത്യമായി പറഞ്ഞാൽ കല്യാണ ദിനം മുതൽ...
നോക്കുന്ന കണ്ണാടി പഠിപ്പിച്ചിരുന്നു... ഇങ്ങനെ ഒക്കെ ആയിരിക്കുന്ന ഞാൻ വിവാഹം കഴിച്ചത് പണ്ട് വീര പരിവേഷം നൽകി ആദരിച്ച വിശ്വാമിത്രന്റെ ആധുനിക വെർഷനെ ആണോ എന്ന് സംശയം തോന്നാൻ തുടങ്ങിയിട്ട് ഏതാനും വർഷങ്ങലായി... കൃത്യമായി പറഞ്ഞാൽ കല്യാണ ദിനം മുതൽ...
കല്യാണപ്പുടവയും മലയാളിയുടെ സൗന്ദര്യ സങ്കല്പത്തിനനുസരിച്ചു കിലോക്കണക്കിന് സ്വർണ്ണവും അങ്ങിങ്ങായി പുറത്തു കാണുന്ന ഭാഗത്തത്രയും സൗന്ദര്യവർധക വസ്തുക്കളും തേച്ചു ഞാൻ അങ്ങനെ മന്ദം മന്ദം നടന്നു വരികയാണ്.. മുഖമുയർത്തി നോക്കാൻ ആഗ്രഹം തോന്നിയിട്ടും ചുറ്റും ഉള്ള ക്യാമറാമാന്മാർ ആ നോട്ടം ഒപ്പിയെടുത്തുപോയാൽ നാണത്തോടെ മുഖം കുനിച്ചു വരേണ്ട വധുവിന്റെ വില കുറഞ്ഞു പോകുമെന്ന ഉറ്റസുഹൃത്തിന്റെ (അന്ന് വിവാഹിതയല്ലാത്ത ആ സുഹൃത്ത് തന്ന ഉപദേശം മറിച്ചൊന്നാലോചിക്കാതെ അനുസരിച്ചത് കാരണം ഉണ്ടായ വിഷമം ചുവടെ ചേർക്കാം) ഉപദേശം അനുസരിച്ചു പ്രാണപ്രിയന്റെ നേരെ മുൻപിൽ ചെല്ലും വരെ തല ഉയർത്തി നോക്കിയില്ല... അങ്ങനെ മുൻപിൽ ചെന്ന ശേഷം സുരസുന്ദരിയായ ഭാര്യയുടെ അപ്സരസൗന്ദര്യം കണ്ടു അഭിമാനവിജൃംഭിതനായി നിൽക്കുന്ന പ്രിയപ്പെട്ട ഭാവി വരന്റെ മുഖത്തിലെ അമ്പരപ്പ് ഇനി ഒരു നിമിഷം പോലും കാണാതെവയ്യന്നായപ്പോൾ നേരത്തെ പ്ലാൻ ചെയ്ത പോലെ ക്യാമറക്ക് അഭിമുഖമായി മെല്ലെ മുഖമുയർത്തി ആ മുഖത്തോടു നോക്കി... മേല്പറഞ്ഞ ഉപദേശം കേട്ടതിന്റെ ഫലമായി അപ്പോളുണ്ടായ ഞെട്ടൽ ക്യാമറകൾ ഒട്ടും ചോരാതെ ഒപ്പി എടുത്തത് ഇന്നും കല്യാണ വിഡിയോയിൽ കാണാം... എന്നെ നോക്കുക പോലും ചെയ്യാതെ അദ്ദേഹം പിന്നീടുള്ള ചടങ്ങുകളെപ്പറ്റി ചർച്ചയിലാണ്.. ഇടക്കിടക്ക് തൻ്റെ മൊബൈലിന്റെ കറുത്ത സ്‌ക്രീനിൽ സമയം നോക്കുന്നുമുണ്ട്... ഇത് കണ്ടു ഞെട്ടി നിൽക്കുന്ന എന്റെ മുഖത്തു അപ്പോൾ ജഗതി പോലും പരീക്ഷിച്ചിട്ടില്ലാത്ത ഏതോ രസം ആയിരുന്നെന്നു ഇന്നും അസൂയാലുക്കൾ പറയുന്നുണ്ട്... ആ ഭാഗം മുറിച്ചുമാറ്റിക്കൂടായിരുന്നോ എന്ന് ചോദിച്ച എന്നോട് പെണ്ണ് ചെറുക്കന്റെ അടുത്തോട്ട് എത്തുന്നത് സ്ലോ മോഷനിൽ ചേർക്കുന്നയിടത്തു എങ്ങനെയാ മുറിച്ചു മാറ്റുക എന്ന് ചോദിച്ചു തലയും ചൊറിഞ്ഞു നിന്ന ആ ക്യാമറാകശ്മലനോട് പിന്നെ ഒന്നും പറയാൻ തോന്നിയില്ല... ( വെറുത്തു പോയി.... )
വിശ്വവിഖ്യാത സൗന്ദര്യത്തിനു നേരെ ചോദ്യചിഹ്നം ഉയർത്തിയ ഈ സംഭവത്തിൻറെ ക്ഷീണം ആ ചടങ്ങിൽ ഉടനീളം എന്റെ മുഖത്തുണ്ടായിരുന്നത് അയാൾ പല കോണിൽ നിന്നെടുത്തു വിഡിയോയിൽ ചേർത്തിരിക്കുന്നു... തിരിഞ്ഞും മറിഞ്ഞും പലതായി പിരിഞ്ഞു വട്ടം കറങ്ങിയും ആ ഭാവങ്ങൾ വീഡിയോയിൽ നിറഞ്ഞു നിൽക്കുകയാണിന്നും...
വിശ്വവിഖ്യാത സൗന്ദര്യത്തിനു നേരെ ചോദ്യചിഹ്നം ഉയർത്തിയ ഈ സംഭവത്തിൻറെ ക്ഷീണം ആ ചടങ്ങിൽ ഉടനീളം എന്റെ മുഖത്തുണ്ടായിരുന്നത് അയാൾ പല കോണിൽ നിന്നെടുത്തു വിഡിയോയിൽ ചേർത്തിരിക്കുന്നു... തിരിഞ്ഞും മറിഞ്ഞും പലതായി പിരിഞ്ഞു വട്ടം കറങ്ങിയും ആ ഭാവങ്ങൾ വീഡിയോയിൽ നിറഞ്ഞു നിൽക്കുകയാണിന്നും...
ചടങ്ങുകൾ ഒക്കെ കഴിഞ്ഞു റിസപ്ഷനായി വേഷഭൂഷാദികൾ മാറി അടുത്ത സാരി ഉടുത്തു സ്വയം കണ്ണാടിയിൽ നോക്കിയപ്പോൾ തോന്നിയ തൃപ്‌തി, സ്റ്റൂള് പോലെ ഉള്ള ചെരുപ്പിൽ കയറി നടന്നു സ്റ്റേജിലേക്ക് എത്തുമ്പോഴേക്ക് കെട്ടടങ്ങിയിരുന്നു. വീഴാതെ കാത്തോണേ എൻ്റെ ദൈവങ്ങളേ... എന്ന് മനസ്സിൽ എത്രയാവർത്തി പറഞ്ഞെന്ന് നിശ്ചയമില്ല. എങ്ങനെയൊക്കെയോ തപ്പിത്തടഞ്ഞു സ്റ്റേജിൽ എത്തിയ എന്നെ നോക്കി വധൂവരന്മാർക്ക് വേണ്ടി വച്ചിരിക്കുന്ന പാനീയം ഒരു കുളിർപുഞ്ചിരി തൂകിയെന്നു തോന്നി.. പൈനാപ്പിൾ തുളച്ചു അകത്തു ജ്യൂസ് നിറച്ചിരിക്കുന്നു... വീണ്ടും ക്യാമറാമാൻ വട്ടമിട്ടു പറക്കാൻ തുടങ്ങി... പതുക്കെ ജ്യൂസ് കൈയിൽ എടുത്തു രണ്ടു വശത്തായി വച്ചിരിക്കുന്ന സ്ട്രോകളിൽ രണ്ടാളും ഒരുമിച്ചു വലിക്കാൻ നിർദേശം കിട്ടിയപ്പോൾ പതിയെ പൈനാപ്പിൾ കയ്യിലെടുത്തു... തലേന്ന് രാത്രി മുതൽ ഉറങ്ങാതെ പട്ടിണിയെന്നു തന്നെ പറയാവുന്ന അവസ്ഥയിൽ ഇരുന്ന ശേഷം ഒരു പിടി ചോറ് കഴിച്ചെന്നു വരുത്തി ഊണ് കഴിഞ്ഞിറങ്ങിയപ്പോൾ മുതൽ പ്രതിഷേധം അറിയിക്കുന്ന എന്റെ വയറിനു ആ സ്ലോ മോഷൻ താങ്ങാവുന്നതിനും അപ്പുറമായിരുന്നു.. കുടിക്കാൻ അവർ ആംഗ്യം കാട്ടിയപ്പോൾ പതിയെ പുഞ്ചിരിച്ചുകൊണ്ട് സ്ട്രോയിൽ വലിക്കാൻ ആരംഭിക്കും മുൻപ് ആ സ്ട്രോയിൽക്കൂടി ഉള്ള അതിശക്തമായ വായുപ്രവാഹത്താൽ എന്റെ ചുണ്ടുകൾ ഏതാണ്ട് അതിനുള്ളിലായി പോയി.. ഞാൻ ഒന്ന് ഞെട്ടി... ഒറ്റ വലിക്ക് തൻ്റെ സ്ട്രോയിലൂടെ ജ്യൂസ് അകത്താക്കിയ എന്റെ കണവൻ അതിലൂടെ സാകൂതം അകത്തേക്ക് നോക്കിയിട്ട് ആരോടെന്നില്ലാതെ പറഞ്ഞു.. "അയ്യേ... ഇതിൽ ഇത്രേ ഉള്ളായിരുന്നോ"? അപ്പോൾ എന്റെ മുഖത്തു വന്ന ഭാവങ്ങൾ വീണ്ടും അനല്പമായ സൂക്ഷ്മതയോടെ ആ വിഡിയോക്കാർ ഒപ്പിയെടുത്തിരുന്നു.. കുടിക്ക്.. കുടിക്ക് എന്ന് പറഞ്ഞു തുള്ളിച്ചാടുന്ന അവരെ നോക്കി ഒരു ഇളിഭ്യച്ചിരിയോടെ ഞാൻ വീണ്ടും സ്ട്രോയിൽ ചുണ്ടു മുട്ടിച്ചു...
ഇന്നും ഞാൻ ഈ സംഭവങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്തുന്ന സമയത്തൊക്കെയും എന്റെ വിശ്വമിത്രന് പറയാൻ ഒന്ന് മാത്രം... നീ അത്രക്ക് സുന്ദരി ആയിരുന്നെന്നു എന്നോട് ഒരു വാക്ക് പറയാത്തതുകൊണ്ടല്ലേ ഞാൻ അതറിയാതെ പോയതെന്ന്... ഇത്രയും ഭയങ്കര സുന്ദരി ആയ ഭാര്യയെ കിട്ടിയ ഒരുവന് പറയാൻ കൊള്ളാത്ത ഈ വർത്തമാനം കേൾക്കുമ്പോളൊക്കെ കാലിന്റെ പേര് വിരലിൽ തുടങ്ങി മുകളിലേക്ക് ഗുരുത്വാകര്ഷണത്തിനു വിപരീതമായി ഇരച്ചു കയറുന്ന രക്തം മൂക്കത്തെത്തുമ്പോൾ തുള്ളിക്കൊണ്ട് ഞാൻ സ്ഥിരം പറയാറുള്ളത് ഇങ്ങനെ ആയിരുന്നു "അല്ലെങ്കിലും അക്ഷരം എഴുതാൻ അറിയാത്തവന് പേന കൊടുത്ത എൻ്റെ അച്ഛനമ്മമാരെ പറഞ്ഞാൽ മതിയല്ലോ" എന്ന്... അത്രയും പറഞ്ഞു തുള്ളിക്കൊണ്ട് ബെഡ്റൂമിലേക്ക് പോകും വഴി നിലക്കണ്ണാടിയിൽ നോക്കുമ്പോളാണ് മേൽപ്പറഞ്ഞ സംശയം.. അല്ല ഉറപ്പ്... വീണ്ടും തലപൊക്കുന്നത്... "ഇനി മേൽപ്പറഞ്ഞ ശൃംഗാരവടിവേലസുമുഖൻമാർ സുന്ദര വദനങ്ങൾ മിനുക്കി സ്ഥിരം ആ വഴിയിൽ കാത്തു നിന്നിരുന്നത് എന്നെ തന്നെ കാണാൻ ആയിരുന്നല്ലോ.. അല്ലേ...?" അതേ.. ആയിരിക്കും... വീണ്ടും അതേ ഉറപ്പ്... എന്നാൽ ഈ തവണ ആ പതിവ് മറുപടി കണവന് നൽകി ഉറഞ്ഞുതുള്ളി പോകും വഴി പുറകേ കേട്ട പിറുപിറുക്കൽ ഏതാണ്ട് ഈ വിധമായിരുന്നു... "മഷി ഉണങ്ങിയ പേന എം മുകുന്ദന് കൊടുത്താലും എഴുതാൻ കഴിയുമോ?"
Swapna

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക