Slider

മൂത്തവർ ചൊല്ലും മുതുനെല്ലിക്ക....

0
മൂത്തവർ ചൊല്ലും മുതുനെല്ലിക്ക....
***********************************
"ടീ വല്ലപ്പോഴെങ്കിലും ആ പുസ്തകം ഒന്ന് തുറന്ന് നോക്കടീ...അല്ലെങ്കി നീ ദുഃഖിക്കേണ്ടി വരും .."
അമ്മച്ചി ആണ് ...
അടുക്കളയില്‍ നിന്ന് കുറേനേരായി എണ്ണിപെറുക്കാൻ തുടങ്ങീട്ട്..കേക്കാണ്ട് വന്നപ്പോള്‍ നേരിട്ട് എഴുന്നുള്ളിയതാണ്..
അല്ലെങ്കില്‍ തന്നെ അമ്മച്ചീടെ സ്ഥിരം ഏർപ്പാടാണ്..ടിവിയിൽ കാര്യമായി കാണാന്‍ ഇരിക്കുമ്പോള്‍ തുടങ്ങും ബഹളം ! ഇന്നിപ്പോള്‍ ആഴ്ചയില്‍ ഒരിക്കല്‍ ഉള്ള ചിത്രഹാറിൻ്റെ നേരത്താണ്..ഹിന്ദിപ്പാട്ട് കേട്ടാല്‍ അപ്പോള്‍ ചൊറിച്ചിൽ തുടങ്ങും...ഈ തുണിയില്ലാത്ത പെണ്ണുങ്ങളുടെ ഡാൻസും കണ്ടോണ്ട് ഇരിക്കുന്നു ... എന്ന സ്ഥിരം ഡയലോഗ് വിടും
ഇനി വ്യാഴാഴ്ചയിലെ ചിത്രഗീതം ആണെങ്കിലോ അല്ലേല്‍ ശാരദയുടെയോ നസീറിൻ്റെയോ സിനിമ ആണെങ്കില്‍ പിന്നെ ഒരു നെട്ടോട്ടമാണ്..
പണിയെല്ലാം തീർത്ത് ഒരൊറ്റ ഇരിപ്പുണ്ട് !
"അമ്മച്ചി പ്ളീസ് ഒന്ന് മിണ്ടാതിരി..."
ഞാന്‍ ഉച്ചത്തില്‍ പറഞ്ഞു ..
"നാളെ നിനക്ക് ഇതല്ലേടി പരീക്ഷ ...പെണ്ണിനിത്തിരി കൂടുന്നുണ്ട്..അതും പറഞ്ഞ് അമ്മച്ചി ടിവിയ്ക്ക് മുന്നില്‍ നിൽപ്പായി..."
ടിവിയില്‍ ഡർ സിനിമയിലെ പാട്ടാണ്..
ജൂഹി ചൌള തലങ്ങും വിലങ്ങും ഓടുന്നു...
ജാദൂ...തേരി നസർ....
......തൂഹെ മേരി കിരൺ....
നടക്കുമ്പോളാണ് അമ്മച്ചിയുടെ ഈ നിൽപ്പ്....കലി വരാതിരിക്കുമോ? എങ്കിലും നുരഞ്ഞു പൊങ്ങിയ ദേഷ്യം പുറത്തു വരാതെ വിഴുങ്ങി കാല് പിടിക്കാന്‍ തിരുമാനിച്ചു.. ഒരിക്കല്‍ ഒന്നു കലി തുള്ളിയപ്പോ പനിഷ്മെൻ്റായി അന്ന് പട്ടിണി കിടത്തി എങ്കിലും സാരമില്ലായിരുന്നു പകരം ഒരാഴ്ച ടി വി കട്ട് ! ഹോ ഭയാനകം!
ഓരോ ദിവസവും ടിവി പരിപാടി കണ്ട് പിറ്റേന്ന് കോളേജില്‍ പോയി വീമ്പിളക്കാനുള്ളതാ...
വായില്‍ കൊള്ളാത്ത ഹിന്ദി നടീനടൻമാരുടെ പേരുകള്‍ !!
മനീഷ കൊയ്രാള.
മമതാ കുൽക്കർണി...
ിന്നെ കുറെ ഖാൻമാരും കപൂറുകളും..,
അതും പോരാഞ്ഞ് വിനോദ് കാംബ്ളിയും അനില്‍ കുംബ്ളേയും ജഡേജയും പിന്നെ ഇതിഹാസ താരം സച്ചിനും റാവൽപിണ്ടി എക്സ്പ്രസ്സും കൊടി കുത്തി വാഴുന്ന കാലത്ത് അവരെ അറിയാതെ എന്തു കൌമാരം?
അലീഷാ ചിന്നോയും സൈഗാളും പാട്ടുകളും പേരുകളും ചൊല്ലി പഠിച്ച കാര്യങ്ങള്‍ വല്ലതും അമ്മച്ചിയ്ക്ക് അറിയണോ?
മുന്നില്‍ മാറി നിൽപ്പാണ് അപ്പോഴും ....
"അമ്മ പ്ളീസ്..ഇത് കഴിഞ്ഞു പഠിക്കാം.." ഒന്ന് കൊഞ്ചി നോക്കി...അതെന്തായാലും ഏറ്റു.
അടുത്ത പാട്ട് ...
അമീർ ഖാൻ്റെ ..
കൈയടിച്ചു പോയി അറിയാതെ ..my hero
കൈയ്യടി കേട്ടു അമ്മച്ചി ഒന്ന് തിരിഞ്ഞു നോക്കി എന്നിട്ട് നല്ലൊരു ആട്ട്.
അത് കേട്ടപ്പോള്‍ അടിച്ചു പോയ കൈകള്‍ രണ്ടും കൂട്ടി കെട്ടി ഇരുന്നു
അമിതാവേശം വേണ്ട മോളെ ...അടങ്ങ്..മനസ്സിൽ പറഞ്ഞു
ദാ കിടക്കണു!
ടിവിയില്‍ നിറയെ കുത്തുകൾ...
പിന്നാലെ എഴുതി കാണിച്ചു .
രുകാവട്ട് കേലിയെ ഖേദ് ഹെ!
കുന്ത്രണ്ടം!
അല്ലേലും ഇവന്‍ മാരുടെ സ്ഥിരം ഏർപ്പാടാണിത്..
ടീവി ഓഫ് ചെയ്തു എഴുന്നേറ്റു ..അമ്മച്ചി വീണ്ടും വിളിച്ച് പറയുന്നു പുസ്തകം തുറന്നു നോക്കടീ..ശല്യം!
മനസ്സില്ലാമനസ്സോടെ തൊട്ട് ഇരിക്കുന്ന മേശമേല്‍ ഉള്ള പുസ്തകം നോക്കി മുന്നില്‍ തന്നെ ഫിസിക്സ് െടക്സ്റ്റ് !
ഏറ്റവും അടിയില്‍ വെച്ച ഇത് എങ്ങനെ പുറത്തു വന്നു?
ഇത് തൊട്ടിട്ട് നാളു കുറച്ചായി '. എങ്ങനെ തൊടും ?
ആ പുസ്തകം കാണുമ്പോള്‍ തന്നെ കഷണ്ടിതലയൻ ഫിസിക്സ് സാറിനെ ഓർമ വരും
വട്ട കണ്ണാടിയ്ക്കിടയിലൂടെ ഉള്ള നോട്ടവും ഇൻ ചെയ്ത ഷർട്ടും ഇട്ടോണ്ട് വരുന്നത്‌ കളിയാക്കി കൊല്ലാന്‍ മാത്രമാണ് ..
പഠിപ്പിസ്റ്റുകളെ ജീവന്‍ ആണ് സാറിന് ....ക്ളാസ്സിലെ ജൂലിയും ലക്ഷ്മിയും അജയും ഒക്കെ ..
സുന്ദരികോത ജൂലി ആണെങ്കില്‍ ചട്ടക്കാരിയാണ് അവളുടെ ഒടുക്കത്തെ ഗ്ളാമറും പഠിപ്പും...
കുശുമ്പ് ഏത് പെണ്ണിനെ പോലെയും തനിക്ക് ഉള്ളോണ്ടാവും അവളെ കണ്ടുകൂടാ തനിക്കു .
സാറിന്റെ എന്നത്തേയും നോട്ടപുള്ളി താനാണ്..
എഴുനേപ്പിച്ചു നിർത്തി ചോദ്യം ചോദിച്ചു കിട്ടിയില്ലെങ്കില്‍ കളിയാക്കി കൊല്ലും...
ഗാലറി ക്ളാസ്സിൽ.. മിക്സട് ക്ലാസ്സിലെ ....ബാക്ക് ബെഞ്ചില്‍ എത്രയോ തവണ എഴുന്നേറ്റു നിന്ന് കളിയാക്കൽ കേൾക്കുന്നു..
ഒരുങ്ങി കെട്ടിയ ഉടുപ്പും വാലിട്ടെഴുതിയ കണ്ണുകളും ആ വഴക്കിൽ ഉതിർന്നു പോകും
എന്നിട്ട് താന്‍ നന്നായോ?
വാശി കേറും കളിയാക്കൽ കേൾക്കുമ്പോൾ
ആ വാശിയ്ക്ക് ഒരു പിരീഡിൻ്റെ ആയുസ്സേ ഉണ്ടാകൂ...
മുന്നില്‍ കണ്ട ഫിസിക്സ് ടെക്സ്റ്റ് വീണ്ടും പിന്നിലേയ്ക്ക് തള്ളി വെച്ചു ...
പരീക്ഷ അടുക്കുന്നു ....അന്നാലും മടി...കുറച്ചു നേരം പുസ്തകത്തിന്റെ മുന്നില്‍ ഇരുന്നു നേരം കഴിച്ചു കൂട്ടി....
മനസ്സില്‍ നാളെ കോളേജില്‍ ഏത് ചുരിദാര്‍ ഇടും എന്നു ആണ് ?
യൂണിഫോം ഇല്ല ...എന്തിനും ഏതിനും സർവ്വസ്വാതന്ത്രം ..
യൂണിയനുകൾ ...ഇലക്ഷൻ ...സമരങ്ങൾ....
എല്ലാം കഴിയുമ്പോള്‍ പരീക്ഷ എത്തി ...
ഒരു വർഷം ഉഴപ്പി കളഞ്ഞു ..
സ്കൂളില്‍ നിന്നും പ്രമോഷൻ കിട്ടിയ സന്തോഷം കോളേജിലേയ്ക്ക് ..
രണ്ടാം കൊല്ലം വീണ്ടും പരീക്ഷ മുന്നില്‍ ..
എന്റെ ഫിസിക്സ് സാറേ...,,അറിയാതെ വിളിച്ചു പോയി ....
തള്ളി വെച്ച പുസ്തകം വീണ്ടും വലിച്ചെടുത്തു
പെട്ടെന്ന് കുറെ പേപ്പര്‍ പുറത്തു ചാടി ....
ഇതെന്താ ? ഉള്ളില്‍ വല്ലാത്ത ആകാംക്ഷ ...
കുറെ കത്തുകള്‍ ..
എന്റെ ദൈവമേ !
പ്രേമലേഖനങ്ങൾ.....
അതും തന്റെ സ്വപ്നം ആയ അമീർ ഖാനിൽ നിന്നും ....
ഒരെണ്ണം തുറന്നു നോക്കി ..,
കൈകള്‍ വിറയ്ക്കുന്നു ...
അടുക്കളയിലേയ്ക്ക് പാളി നോക്കി ...
ഇല്ല അമ്മച്ചി വരുന്നില്ല ...
പുസ്തകത്തിന്റെ ഇടയ്ക്ക് കത്ത് തിരുകി വായിച്ചു ...
"എന്റെ പ്രിയേ...."
ഹോ ആ വിളിയിൽ തന്നെ ഉള്ളില്‍ ഒരു കുളിര്..
ബാക്കി വായിച്ചു ..
"എത്ര കത്തുകള്‍ ആയി ഞാന്‍ ഈ പുസ്തകത്തില്‍ വയ്ക്കുന്നു ..
ഒന്നിനും മറുപടി തന്നില്ലല്ലോ?
നിന്റെ മറുപടി ഒരു നോട്ടം കൊണ്ട് പോലും എനിയ്ക്ക് തന്നു കൂടെ ?
അതിനു വേണ്ടി എത്ര തവണ ഞാന്‍ നിങ്ങളുടെ വീടിന്റെ അടുത്തുള്ള സുനിലിൻ്റെ വീട്ടു വാതില്‍ക്കല്‍ കാത്തു നിന്നു...
എന്നെ കണ്ടിട്ടും കാണാതെ എന്ന പോലെ നീ പോയി ...
എന്റെ ഉള്ളിലെ വേദന ആരോടു ഞാന്‍ പറയും ...
ഇഷ്ടം ഇല്ലെങ്കില്‍ അങ്ങനെ പറയു....
മറുപടി വേഗം പ്രതീക്ഷിക്കുന്നു ...
എന്ന് സ്നേഹത്തോടെ .."
വായിച്ചു തീർന്നതും അമ്മച്ചി മുറിയില്‍ കടന്ന് വന്നതും ഒപ്പം ...
പുസ്തകം പെട്ടെന്ന് അടച്ചു ..കൈകൾ വിറയ്ക്കുന്നു.,
"ചോറ് എടുത്ത് വെച്ചു ..വന്ന് കഴിയ്ക്ക് ...."
അമ്മച്ചി അത് പറഞ്ഞ് തിരിഞ്ഞു നടന്നു ...
"എനിക്കു വേണ്ട ..."
"വേണ്ടേ ? അതെന്താ ? വന്ന് കഴിയ്ക്കടീ..."
"വേണ്ട ...വിശപ്പില്ല .."ഞാന്‍ അതും പറഞ്ഞു ഫിസിക്സ് പുസ്തകം ചേര്‍ത്ത് പിടിച്ച് മുറിയിലേക്ക് നടന്നു ...
പടപടാ നെഞ്ചിടിയ്ക്കുന്നു...
മനസ്സില്‍ നാളുകളായി ഉള്ള ഇഷ്ടമാണ് ..കിരണിനോട്....
അവനാണെങ്കിൽ തന്നേക്കാൾ മുതിർന്നത് ഡിഗ്രിയ്ക്കു പഠിക്കുന്നു തന്റെ കോളെജില്‍ തന്നെ ....
കാണാന്‍ അമീർ ഖാൻ...
പെണ്‍കുട്ടികളുടെ ഹീറോ!
അവനൊന്ന് നോക്കിയാല്‍ ..ചിരിച്ചാൽ.....അത്രയും മതി ...."
പക്ഷേ അവന്‍ ആരെയും മൈന്‍ഡ് ചെയ്യാറില്ല.
കോളേജിന്റെ അടുത്തുള്ള സ്റ്റോപ്പിൽ ഇറങ്ങി പതിനഞ്ചു മിനിട്ടുള്ള നടത്തത്തിൽ അവനെ തിരയും തന്റെ കണ്ണുകള്‍ ...
പക്ഷേ അവന്റെ മുന്നില്‍ ഒരിക്കലും അത് കാണിച്ചിട്ടില്ല...
അമ്മച്ചിയുടെ കൂട്ടുകാരി സിനിചേച്ചിടെ മോനാണ് കിരൺ
താന്‍ ഇല്ലാത്തപ്പോ പലതവണ വന്നു അവന്‍ ഇവിടെ ...
സിനിചേച്ചി കൊടുത്ത് വിട്ട എന്തെങ്കിലും തരാന്‍ ...
അടുത്ത വീട്ടിലെ വർഗീസേട്ടൻ്റെ മോൻ്റെ കൂട്ടുകാരൻ്.. അതു കൊണ്ട് അവിടെ ഇടയ്ക്കിടെ വരും ....
അത് തന്നെ കാണാന്‍ ആയിരുന്നോ ?
താന്‍ ആണെങ്കില്‍ അവനെ കാണുമ്പോള്‍ പുസ്തകം എടുത്തു പുറത്തിറങ്ങി നിന്നാലും അവനെ നോക്കില്ല...
കത്തുകളുടെ കൂടെ അവന്റെ അഡ്രസ്സ് എഴുതിയ ഇൻലൻഡ്.....
പാവം തനിക്കു അങ്ങോട്ട് അയക്കാന്‍ ആണ് ...പെട്ടെന്ന് കൈയില്‍ കിട്ടിയത് ഓടിച്ചു വായിച്ചു ..
ഇടയ്ക്ക് വായിച്ച കത്തില്‍ ഇങ്ങനെ എഴുതിയിരുന്നു ..,,
"ഇനിയും ഞാന്‍ കത്തുകളെഴുതി കഷ്ടപ്പെടുത്തുന്നില്ല ...
ഒരു വർഷമായി ഞാന്‍ വച്ച കത്തുകള്‍ ഒന്നിനും നീ മറുപടി തന്നില്ല....
എന്റെ പിന്നാലെ ഒത്തിരി പെണ്ണുങ്ങളുണ്ട് ...അറിയാലോ...
നിന്റെ ക്ളാസ്സിലെ ജൂലുയ്ക്ക് എന്നെ ജീവന്‍ ആണ് ഇനി മുതല്‍ എന്റെ പ്രണയം അവൾക്ക് മാത്രം ഉള്ളതായിരിക്കും ... ഇനി എന്റെ മുന്നില്‍ പോലും വന്നു പോകരുത്."
വായിച്ചു തീർന്നതും തളരുന്ന പോലെ തോന്നി ...
ഒരു മുറിയില്‍ നിന്നും മറ്റൊരു മുറിയിലേക്ക് ഉള്ള കടക്കുവാനുള്ള ഇടവേള മാത്രം !
അത്രയും നേരം താന്‍ ഒരു കാമുകി ആയിരുന്നു
എല്ലാം പെട്ടെന്ന് കഴിഞ്ഞു ....
മനസ്സില്‍ ഉദിച്ച സൂര്യന്‍ കുറച്ച് നിമിഷം കൊണ്ട് കെട്ടടങ്ങിയിരിക്കുന്നു....
കരയണോ ചിരിക്കണോ?
അമ്മച്ചി അപ്പോഴും അടുക്കളയില്‍ നിന്ന് വിളിച്ചു പറഞ്ഞു .
"ഇരുന്ന് മനോരാജ്യം കാണാതെ... വല്ലപ്പോഴും എങ്കിലും പുസ്തകം തുറക്കെടീ..."
അമ്മച്ചി പറയാറുള്ളതിൻ്റെ പൊരുൾ ഇപ്പോഴാണ് തനിക്ക് ശരിക്കും മനസ്സിലായത്‌ !!!!!

Shabna
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo