Slider

കയ്യെത്താ കൊമ്പിലെ മുന്തിരിക്കുലകൾ

0


ആദ്യത്തെ പോസ്റ്റാണ് ഇവിടെ. എല്ലാവരും എന്നെ നിങ്ങളിൽ ഒരാളായി കണക്കാക്കി വായിച്ചു അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കണം.
**********
കയ്യെത്താ കൊമ്പിലെ മുന്തിരിക്കുലകൾ
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
അന്നമ്മ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഹന്ന മരിയ കുരിയാക്കോസ് ക്യാമ്പസിലെ ക്യാന്റീനിലിരുന്നു ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് അതേ ക്യാമ്പസിലെ അജോ ജോൺ തോട്ടത്തുവിളയിൽ അങ്ങോട്ടു കയറി വന്നത്. അന്നമ്മയെ കണ്ട അജോ മത്തി കണ്ട പൂച്ചയെ പോലെ ഒന്നും നോക്കാതെ അടുത്തേക്ക് ചെന്നു കസേര വലിച്ചു അവളുടെ മുമ്പിലിരുന്നു വിളിച്ചു.
" അന്നമ്മോ "
സ്വതവേ തന്റേടിയായ അന്നമ്മയ്ക്ക് ആ വിളിയും അധികാരം കാണിക്കലും അത്ര പിടിച്ചില്ല.
" എന്നതാ ഇപ്പൊ അന്നമ്മയ്ക്ക് "
" എന്നതാടി നീയീ വെട്ടുപോത്തിനെ പോലെ ചോദിക്കുന്നെ ഒരു മയത്തിലൊക്കെ ചോദിക്കെന്നേ.. "
" അയ്യോ... അജോമോനേ... മോനെന്നെ മയവും ഒറപ്പും പഠിപ്പിക്കാനാന്നോ ഇപ്പൊയിങ്ങോട്ട് കെട്ടിയെടുത്തെ... ഊള ഒലിപ്പീരുമായി വന്നേക്കുന്നു. കളഞ്ഞേച്ചു പോടെ.. വേറെ വല്ല പണിയും നോക്ക്. പരിപ്പ് വേവിക്കാൻ അന്നമ്മയുടെ വെള്ളം തിളച്ചിട്ടില്ല. തിളക്കുമ്പോ വേറെ ആരേം കിട്ടിയില്ലേ വിളിക്കാമെ. ആ നമ്പർ തന്നെച്ചു വന്നവഴി വിട്ടോ.."
തിളച്ച വെള്ളം തലയിൽ വീണ പോലെയായ അജോമോൻ ചുറ്റും നോക്കി ക്യാന്റീനിൽ ആരുമില്ല. കുറച്ചപ്പുറത്തായി അവന്റെ കൂട്ടുകാർ നോക്കിക്കൊണ്ട് നിൽക്കുന്നുണ്ട്. ഇപ്പൊ എഴുന്നേറ്റ് പോയാൽ അവന്മാരിട്ടു വാരും. ഇന്നേവരെ ഒരു ആണിനോടും നേരെ ചൊവ്വേ മിണ്ടാത്ത അന്നമ്മ മിണ്ടികൊണ്ടിരിക്കുന്നത് അവന്മാർ കണ്ടു. സംസാരം തുടർന്നാൽ അതും ഒരു ക്രെഡിറ്റ് തന്നെയാണ്.
" എന്തുവാടി അന്നമ്മേ ഇത്... ഒന്നുമില്ലേലും നമ്മളൊരു ഇടവകക്കാർ അല്ലിയോ..."
" അതിനിപ്പോ ഞാനെന്നാ കാണിക്കാനാ... ഇടവക മാറാനാണേൽ നീ പോയി നിന്റപ്പനോടൊ എന്റപ്പനോടോ പറയ്.. "
ഒരു രക്ഷയുമില്ല അന്നമ്മ അർജ്ജുനന്റെ അമ്പിലെ വില്ലു പോലെ വലിഞ്ഞു മുറുകി നിൽക്കുവാണ്. ഇവളോടൊന്നു മിണ്ടിക്കിട്ടാൻ എന്ത് ചെയ്യും എന്ന് അജോമോൻ ഓർക്കുമ്പോഴാണ് അന്നമ്മ ചായ കുടിക്കുന്നത് അജോമോൻ കണ്ടത്.
" ഇതെന്നതാടി കള്ളു കുടിക്കുന്ന പോലെയാന്നോ ചായ കുടിക്കുന്നെ.. സിബ്ബ് സിബ്ബായി.. "
" ഓ കിട്ടിയാ അതും കുടിക്കും "
" ങ്ങേ.. നീ കള്ളും കുടിക്കുമോ... നീയൊരു പെണ്ണ് തന്നെയാണോ അന്നമ്മേ "
" അതെന്നാ പെണ്ണുങ്ങൾ കള്ള് കുടിച്ചാൽ ആ ഭാഗത്തെ ഭൂമി ഇടിഞ്ഞു പാതാളത്തിലേക്ക് പോകുമോ... അങ്ങിനെയാന്നേൽ ഈ ഭൂമി ഇപ്പോ ചെസ്സ് ബോര്ഡിലെ കളം പോലെയായേനേല്ലോ അജോമോനേ..."
" ഓ നിന്നോട് തർക്കിക്കാൻ ഞാനില്ലേ... ആട്ടെ ഏതാ നിന്റെ ബ്രാൻഡ് "
" അങ്ങിനെയൊന്നുമില്ല എന്നാലും കൂടുതലിഷ്ടം വോഡ്ക തന്നെ... "
" ഞാനും വോഡ്കയുടെ ആളാണ്. വോഡ്കയിൽ സെവൻ അപ് ചേർത്തു ഒരു പിടി. ഒന്നും അറിയത്തില്ല. ചുമ്മാ ജ്യൂസ് കുടിക്കുന്ന പോലെയിരിക്കും.. അതായിരിക്കും അന്നമ്മയ്ക്കും ഇഷ്ടമായത് അല്ലേ"
" വോഡ്കയിൽ സെവൻ അപ്പോ.... നിനക്ക് നാണമാകില്ലേ അജോ.... കള്ള് കുടിക്കുന്നവർക്കൊരു അപവാദമാണല്ലോ നീ... കഷ്ടം "
അംഗീകാരത്തിന്റെ പൂച്ചെണ്ട് പ്രതീക്ഷിച്ച അജോയ്ക്ക് ചീമൊട്ട കൊണ്ടൊരു ഏറു കിട്ടിയ ഫീലാണ് തോന്നിയത്.
" എടാവേ നിനക്ക് വോഡ്ക എങ്ങിനെയാ കുടിക്കേണ്ടതെന്നറിയില്ലെങ്കിൽ ആരുടെ മുമ്പിലും മിണ്ടതിരിക്കുക. മോന് ചേച്ചി പറഞ്ഞു തരാം ദേ ഇങ്ങോട്ട് നോക്കിക്കേ... വോഡ്ക ഇങ്ങിനെ എടുത്ത് ഗ്ലാസ്സിലേക്ക് ഒരു പെഗ്ഗ് ഒഴിച്ചിട്ട് അതിലേക്ക് ഒരു നാരങ്ങ മുറിച്ചു അതിന്റെ പകുതിയിൽ നിന്നും പിഴിഞ്ഞൊഴിക്കണം. എന്നിട്ട് ഒരു ചെറിയ കഷ്ണം ഇഞ്ചി ചതച്ചു അതിലിടണംഎന്നിട്ട് നല്ല നീളൻ പച്ചമുളക് നടുവേ മുറിച്ചു അതിലിട്ട് വെക്കണം എന്നിട്ട് രണ്ടു ഐസ് ക്യൂബ് അതിലിടുക പിന്നെ ഗ്ലാസ്സിന്റെ മുകൾ ഭാഗത്ത് ചുറ്റും പൊടിയുപ്പ് വെക്കുക. എന്നിട്ട് ആ പച്ച മുളക് കൊണ്ട് ഒന്നിളക്കുക. ഗ്ലാസ്സിനുള്ളിൽ കിടന്ന് അതിങ്ങനെ കറങ്ങി കറങ്ങി മിക്സ് ആയി വരും അപ്പോൾ പതുക്കെ ചുണ്ടോട് ചേർത്തു ഒരു സിബ്ബ് വലിക്കുക... ഹോ എന്റെ പൊന്നുമോനെ എന്നാ ഒരു ഫീൽ ആണെന്നറിയാമോ ആ കയ്പ്പും എരിവും പുളിയും ഉപ്പും തണുപ്പും എല്ലാം കൂടി ഒന്നിച്ചു നാക്കിൽ തൊട്ടു അവിടുന്നിങ്ങനെ ആമാശയത്തിലേക്ക് പോകുന്ന ഒരു സുഖം. കണ്ണടച്ചു ആസ്വദിച്ചു കുടിക്കണം. പിന്നീട് കുടിക്കുമ്പോഴും ആ ഗ്ലാസ്സിന്റെ ഉപ്പുള്ള ഭാഗം ഇങ്ങിനെ കറക്കി കറക്കി ചുണ്ടോട് ചേർത്തു കുടിക്കണം. അതാണ് വെള്ളമടി അല്ലാതെ നീ ഈ പറഞ്ഞ ഒരുമാതിരി ജ്യൂസ് ചേർത്തുള്ള ഊള കുടിയൊന്നും വെള്ളമടിയല്ല. ചങ്കിന് ഉറപ്പുണ്ടേൽ മോനൊന്നു പരീക്ഷിച്ചു നോക്ക്. എന്നിട്ട് വാ അന്നമ്മയെ കുടി പഠിപ്പിക്കാൻ.. "
അന്നമ്മയുടെ വിവരണം കേട്ട അജോമോൻ വാ പിളർന്ന് ഇരുന്ന് പോയി. അന്നമ്മ പോകാൻ തുടങ്ങുവാണെന്നു മനസ്സിലായ അജോ അടുത്ത നമ്പർ ഇറക്കുവാൻ തീരുമാനിച്ചു.
" ഹോ എന്റെ അന്നമ്മോ സമ്മതിച്ചു... നീയാടി മോളേ പെണ്ണ്... അതേ വളച്ചു കെട്ടലൊന്നുമില്ലാതെ ഒരു കാര്യമങ്ങ് പറയട്ടെ. പഠിത്തം കഴിയുമ്പോ ഞാൻ അപ്പനേം കൂട്ടി നിന്റെ വീട്ടിലോട്ടങ്ങ് വരട്ടെ നിന്നെ പെണ്ണ് കാണാൻ.."
" അയ്യട മോനേ അജോമോനേ... കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങയിലേക്ക് ഓന്ത് ഓടിക്കേറുന്നത് തേങ്ങ തിന്നാനല്ല ചുമ്മാ ഇരിക്കാനാണ്. മോൻ വല്ലാതെ അങ്ങ് മാനത്തു കയറി ചിന്തിക്കല്ലേ. എന്റപ്പന്റെ പൂത്ത കാശും എന്റെ തൊലിവെളുപ്പും കണ്ടാണ് മോന്റെ ഈ പൂതി എന്നെനിക്കറിയാം. മോനേ രണ്ടു പ്രസവം കഴിഞ്ഞാ ഇപ്പറയുന്ന പൂതിയൊന്നും മോനുണ്ടാവില്ല. നീ ചിന്തിക്കുന്ന പോലെ എല്ലാം സഹിച്ചു അടങ്ങിയൊതുങ്ങി വിധിയെ പഴിച്ചു ഞാൻ നിൽക്കുമെന്ന് നീ കരുതണ്ട. അങ്ങിനെ അന്നമ്മ അടങ്ങി നിൽക്കണമെങ്കിൽ അതൊരു ചങ്കൂറ്റമുള്ള ആണിന്റെ മുമ്പിലായിരിക്കണം. അല്ലാതെ നിന്നെപ്പോലൊരു മണകൊണാഞ്ജന്റെ മുമ്പിലാവില്ല. അതൊരു പോക്കിരിയാവണം. മുരട്ടു കാള. അല്ലാതെ ഈ ഊള ഒലിപ്പീരൊക്കെ വെറും തട്ടിപ്പ് ആണെന്ന് എനിക്കറിയമെടാ ഉവ്വേ.. മോൻ വണ്ടി വിട് ഈ സ്റ്റാൻഡിൽ പാർക്ക് ചെയ്യാനുള്ള ഇടമില്ല. "
അജോമോനുള്ളത് വയറു നിറച്ചു കൊടുത്ത് അന്നമ്മ പുറത്തേക്കിറങ്ങുമ്പോഴാണ് കോളേജിലെ പോക്കിരിയായ സാബു അതിലെ വന്നത്. അന്നമ്മ ആരാധനയോടെ സാബുവിനെ നോക്കി.
" സാബുച്ചായോ... എന്നതായി ഞാൻ ചോദിച്ച കാര്യം നിങ്ങൾക്കെന്നെയങ്ങ് കെട്ടരുതോ.. എനിക്കെന്നതാ ഒരു കുറവ്... "
" ഒഞ്ഞു പോയേടി കോലേക്കേറീ.... കെട്ടാൻ നടക്കുന്നു അവൾ.... അതിലും ഭേദം വല്ല മരത്തിലും കയറി കൈ വിടുന്നതാ..."
" നീയെന്നാവൊക്കെ പറഞ്ഞാലും കെട്ടുവാണേൽ അന്നമ്മ നിന്നെയെ കെട്ടത്തുള്ളു മോനേ സാബുവേ... എനിക്ക് നിന്റെ കെട്ടിയോളായാൽ മതി "
" ഉവ്വേ ഉവ്വാ.. അതിന് വെച്ച വെള്ളം നീയങ്ങ് വാങ്ങി വെച്ചേരേടി മരംകേറീ... നിന്റെ കയ്യിലെ ചരടിനൊത്ത് തുള്ളുന്ന പാവയാകാൻ സാബുവിനെ കിട്ടത്തില്ല മോളേ... ഇനിയതും പറഞ്ഞു വന്നാൽ നിന്റെ പല്ലടിച്ചു താഴെയിടും ഞാൻ... പറഞ്ഞേക്കാം "
ഇതും പറഞ്ഞു നെഞ്ചും വിരിച്ചു നടന്നകലുന്ന സാബുവിനെ നോക്കുന്ന അന്നമ്മയുടെ കണ്ണുകളിൽ ആരാധനയായിരുന്നു.
സാബു നേരെ പോയത് വാക മരച്ചുവട്ടിൽ പുസ്തകവും തുറന്നു വെച്ചു പഠിച്ചു കൊണ്ടിരിക്കുന്ന രാധികയുടെ അടുത്തേക്കായിരുന്നു. രാധിക ... ഉൾനാടൻ ഗ്രാമത്തിൽ നിന്നു വരുന്ന തനി നാട്ടിൻപുറത്തുകാരി പെൺകുട്ടി.. എണ്ണ തേച്ചു ചീകിയൊതുക്കി വെച്ച മുട്ടോളമെത്തുന്ന മുടിത്തുമ്പിൽ തുളസിക്കതിർ വെച്ചു നെറ്റിയിൽ പതിവായി ചന്ദനക്കുറി വരച്ചു കണ്മഷിയെഴുതിയ വലിയ കണ്ണുകളിൽ നിറയെ പരിഭ്രമം ചാലിച്ചു വെച്ച ഇടതു കയ്യിൽ ചുരുട്ടി പിടിച്ച തൂവാലയും എപ്പോഴും പട്ടു പാവാട ധരിച്ചു വരുന്ന ഇരുനിറമുള്ള പെൺകുട്ടി... സാബുവിന്റെ വരവ് രാധിക ദൂരെ നിന്നേ കണ്ടു രാധിക പരിഭ്രമത്തോട് കൂടി താഴേക്ക് നോക്കിയിരുന്നു. സാബു അടുത്തു വന്നു രാധികയെ നോക്കിക്കൊണ്ട് തൊട്ടപ്പുറത്തു മാറിയിരുന്നു. ഇഷ്ടമാണോ എന്നൊരു ദിവസം ചോദിച്ചതിന് കിട്ടിയ മറുപടി നിർത്താതെയുള്ള കരച്ചിൽ ആയത്‌ കൊണ്ടു പിന്നീട് സാബു ഒന്നും ചോദിക്കാറില്ല. അവർക്ക് രണ്ടുപേർക്കും കേൾക്കാവുന്ന ശബ്ദത്തിൽ സാബു പറഞ്ഞു
" നീയെന്റെ പെണ്ണാണെടി... എനിക്ക് വേണ്ടി പിറന്നവൾ..."
രാധിക ഒന്നും മിണ്ടാതെ തലയുയർത്തി പോലും നോക്കാതെ നെറ്റിയിലുതിർന്ന വിയർപ്പ് തുള്ളികൾ കയ്യിലിരുന്ന തൂവാല കൊണ്ടു തുടച്ചു.
രാധികയുടെ മനസ്സിലപ്പോൾ................ ഇല്ല ഈ കഥ ഇവിടെ അവസാനിക്കുന്നില്ല... ഇതിങ്ങനെ എണ്ണമറ്റ ബന്ധങ്ങളിലൂടെ തുടർന്നു കൊണ്ടേയിരിക്കും. കയ്യെത്താ കൊമ്പിലെ മുന്തിരിക്കുലകൾ കൊതിക്കുന്നവരുടെ കഥകൾ... കയ്യിലൊതുങ്ങുന്ന മുന്തിരിക്കുലകൾ അവഗണിക്കുന്നവർ....
ഇതെല്ലാം കണ്ടു നിന്ന ക്യാന്റീനിന്റെ കാഷ്യർ സെയ്തലവിയിക്ക ആത്മഗതം പോലെ ഇങ്ങിനെ പറഞ്ഞു...
" ഈ പടച്ചോന്റെ ഒരുകാര്യം... തങ്ങളെ ഇഷ്ടപ്പെടുന്നവരെ തിരിച്ചിഷ്ടപ്പെടാനുള്ള ബോധം കൊടുക്കാതെ തങ്ങൾ ഇഷ്ടപ്പെടുന്നവരുടെ പിന്നാലെ പായാൻ വേണ്ടി ബോധം കൊടുക്കുന്ന പടച്ചോൻ... മൂപ്പർക്കൊരു തമാശ... അവസാനം പലർക്കും കടിച്ചതുമില്ല പിടിച്ചതുമില്ല കിട്ടിയതും കഴിച്ചു മൂലയ്ക്ക് കുത്തിയിരിക്കുന്നവരാകുന്നു പലരും.. യാ അള്ളാ... "
***************
നേഹ പർവീൺ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo