എനിക്ക് ഉറുമ്പുകളോട് ഇത്രയും ഇഷ്ടത്തിനു
ഒരുപാട് കാരണങ്ങൾ ഉണ്ട്.
കുറച്ചൊക്കെ ഞാൻ ഇവിടെ എഴുതിയിട്ടില്ലേ?
എന്നാൽ ഈ ഒരു കാരണം മാത്രം എനിക്കിവിടെ
പറയാൻ ശരിക്കും താല്പര്യം ഇല്ല.
പക്ഷെ എഴുതാൻ എനിക്ക് നല്ല താല്പര്യമുണ്ട്.
അതുകൊണ്ടിവിടെ ഇരുന്ന് വായിച്ചിട്ട്
പോയേച്ചാൽ മതി. അവസാനഭാഗം
********
തീപ്പെട്ടി തരാതെ എന്നെ പറ്റിച്ച അപ്പുപ്പൻ
മരിക്കണേന്ന് അറിയാതെ പ്രാർത്ഥിച്ച് പോയ
എന്റെ ബുദ്ധിയിൽ അതേ പ്രാർത്ഥന തന്നെ
പിന്നെയും ഒരുപാട് നാൾ ഉടക്കി നിന്നു.
അപ്പുപ്പൻ മരിച്ചാൽ മുഴുവൻ ബീഡിയും ചില്ലറ
പൈസയും എനിക്ക് സ്വന്തമാകും.
വയറുനിറയെ ബീഡിയും വലിക്കാം.
പിന്നെ ആ ചാരുകസേരയും
ആ ചാരുകസേരയിൽ അമ്മയും , എട്ടായിയും ,
അമ്മുമ്മയും ഒന്നും ഇരിക്കാറില്ല.
അത്രയ്ക്ക് പേടിയാണോ അപ്പൂപ്പനെ ...
അതോ ബഹുമാനമോ?
അപ്പുപ്പൻ മരിച്ചാൽ വീട്ടിൽ എല്ലാ ബന്ധുക്കളും
വരും.
കുറച്ച് നേരം കരഞ്ഞിട്ട് ഞങ്ങൾ കുട്ടികൾക്ക്
മാത്രം സാറ്റ് കളിക്കാല്ലോ....
വലിയവരൊക്കെ രണ്ട് ദിവസം ആൾക്കാരെ
കാണിക്കാൻ കരയുമായിരിക്കും.
വയസായാൽ മരിക്കണം.
അതാരായാലും.
ബലം പിടിച്ച് ഇരുന്നിട്ട് ഒരുകാര്യോം ഇല്ല.
പക്ഷെ അപ്പൂപ്പന് എന്നോട് കുറേ സ്നേഹമുണ്ട്.
അല്ലന്നുണ്ടേൽ ഞാൻ സ്വപ്നങ്ങളിൽ മാത്രം
പറത്തിയിട്ടുള്ള അതേ നിറമുള്ള പട്ടം അപ്പുപ്പൻ
എനിക്ക് വേണ്ടി ഒരിക്കൽ എങ്ങനെ
സംഘടിപ്പിച്ചു.....?
എന്നാലും ഞാൻ പ്രാർത്ഥിച്ചിട്ടാ അപ്പുപ്പൻ
മരിച്ചതെന്ന് ക്ലാസ്സിൽ എല്ലാവരോടും പറഞ്ഞ്
ഗമയിൽ നടക്കണം.
അതുകൊണ്ട് അപ്പൂപ്പന് പ്രായം കൂടും തോറും
വയസായത് എന്റെ പ്രാർത്ഥന ഒന്നുകൊണ്ട്
മാത്രമാണെന്ന് ഞാനന്ന് കരുതി.
അങ്ങനൊരു ദിവസം ജനലരുകിൽ അപ്പൂപ്പന്റെ
ബീഡിയുടെ അടുത്ത് എന്നും കാണുന്ന ആ രണ്ട്
ഉറുമ്പുകളെ പതിവില്ലാതെ ഞാൻ ശ്രദ്ദിച്ചുനിന്നു.
അപ്പുപ്പൻ പാതി വലിച്ച ഒരു ബീഡി കടത്താനുള്ള ശ്രമം
ആയിരുന്നു..
ഉറുമ്പുകൾക്ക് പോലും അപ്പൂപ്പന്റെ ബീഡിയോട്
കൊതിയോ...? ഞാൻ ഭയത്തോടുകൂടിയാണു ആ
കാഴ്ച്ച കണ്ടത്.
"അപ്പുപ്പൻ കണ്ടാാൽ കൊന്നു കളയും കേട്ടോ."
ഞാനവരെ സാവധാനം തട്ടിക്കൊണ്ട്
പിൻതിരിപ്പിച്ചു.
അവർക്കും കാണുമോ പ്രാർത്ഥനയും പകയും?
അന്ന് രാത്രി ഞാൻ സ്വപ്നം കണ്ടത് ശരിക്കും
ഒരിക്കൽ ജീവിതത്തിലും സംഭവിച്ചു.
എന്റെ ദുഷ്ടനായ അപ്പുപ്പൻ ഉറുമ്പ് കടിച്ച് മരിച്ചു.
അപ്പുപ്പൻ മരിച്ചപ്പോൾ ഞാൻ മാത്രമേ കണ്ടുള്ളു ആ
ഉറുമ്പുകൾ അപ്പൂപ്പന്റെ കാൽ വിരലിൻ ഇടയിലൂടെ
ഓടി രക്ഷപ്പെടുന്നത്.
പരമ രഹസ്യമായിരിക്കണം......!
By: ArunimaDas
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക