നല്ലെഴുത്തിലെ പ്രിയ സൗഹൃദക്കൂട്ടങ്ങളോടിത്തിരി കാര്യം ..
ആദ്യമായി വരികൾ എഴുതിത്തുടങ്ങിയപ്പോൾ കൂട്ടുകാർ എനിക്ക് ചുറ്റും വട്ടമിട്ടു .പത്താം ക്ലാസിൽ ഓട്ടോഗ്രാഫുകളിൽ ഇമ്മിണി ബല്യ തട്ട് തട്ടി .അതൊക്കെ കണ്ട് പുറക് വശത്തെ ബെഞ്ചിൽ തല ചായ്ച്ച് അവൻ എന്നോട് മിണ്ടാതെ പിണങ്ങിക്കിടന്നു .
കോളേജിൽ എത്തിയ പ്പൊ മാഗസിനുകളിൽ ചില വരികൾ കുറിച്ചു .പിന്നെ കഥകളെഴുതി കുഞ്ഞു സമ്മാനങ്ങൾ വാങ്ങി .അതിനിടയിലാണ് വരികളിലെ പ്രളയം ഒരു വല്യ നോട്ടുബുക്കിൽ നോവലായി രൂപപ്പെടുന്നത് .കറുത്ത മഷിയിൽ ഞാൻ എഴുതിയ വരിക്കൂട്ടുകൾ ... തകർന്ന് പോയ റംലയുടെ ദാമ്പത്യ ജീവിതത്തെ പറ്റിയായിരുന്നു .
പതിനേഴാം വയസിലെ പക്വതയില്ലാത്ത പ്രായത്തിൽ വരികൾ കുറിക്കുമ്പോൾ ജീവിതത്തെ പറ്റിയോ പ്രണയത്തെ പറ്റിയോ അധികമൊന്നും എനിക്കറിയില്ലായിരുന്നു .കൂടെ പഠിക്കുന്ന റംലയെന്ന പെൺകുട്ടിയുടെ മനസ്സിലെ വേദന മാത്രം ഞാനെഴുതി .
"എന്തിനാ എന്നെ കല്യാണം കഴിച്ചത് .ഇത്തിരിയോളം വന്ന എന്റെ കുഞ്ഞു വയറിന്റെ പട്ടിണി മാറ്റാനോ "
അവൾ ഇടയ്ക്ക് കരഞ്ഞ് പറഞ്ഞത് വല്യ നോവായ് .കൂടെ പഠിക്കുന്ന നസിയുടെ സഹോദരൻ തന്നെയാണ് റംലയെനിക്കാഹ് ചെയ്തത് .അങ്ങനെ അങ്ങനെ ഞാൻ കുറിച്ച ആ നോട്ട് പുസ്തകത്തിലെ പേജുകൾ ക്ലാസിലെ കുട്ടികൾ ആർത്തിയോടെ വായിച്ചു .
വായിച്ച് കഴിഞ്ഞവർ നസിയുടെ സഹോദരനെ വല്ലാതെ കുറ്റം പറഞ്ഞു .നസി അത് കേട്ട് ഏറെക്കരഞ്ഞു .നസിയുടെ കരച്ചിൽ കണ്ട് എനിക്ക് സങ്കടമായി .അതിനടുത്ത ദിവസം നസിയുടെ ഇക്കഎന്നെ കാണണമെന്ന് പറഞ്ഞപ്പോൾ ഞാൻ വല്ലാതെ പേടിച്ച് എഴുതിയ പുസ്തകം മൊത്തം കീറിക്കളഞ്ഞു ..അതൊക്കൊ ഓർക്കുമ്പോ .. ഈയടുത്ത് ഞാൻ റംലയെ കണ്ടിരുന്നു .അവൾ ഏറെ സുഖമായിരിക്കുന്നു .( ഏറെ ഏറെ കാലത്തിന് ശേഷമാണ് അവർക്കിടയിലെ പ്രശ്നങ്ങൾ എന്തായിരുന്നെന്ന് എനിക്ക് മനസിലായത്)
അങ്ങനെ അങ്ങനെ ഞാനും കല്യാണമൊക്കെ കഴിഞ്ഞു .വരികളെഴുതാൻ വീർപ്പ് മുട്ടി ഇക്കയുടെ വലിയ കണക്ക് പുസ്തകത്തിൽ ചിലത് കുറിച്ചിട്ടു .അതിനിടയിലാണ് ഭർതൃ വീടിനടുത്ത് ഒരു കല്യാണം നടക്കുന്നത് .സ്ത്രീധനത്തെ പറ്റി സംസാരിക്കുന്നതും ചില കല്യാണങ്ങൾ പവൻ ... പറഞ്ഞ് അലസിപ്പോവുന്ന തൊക്കെ കണ്ടപ്പോൾ ഞാനൊരു കടലാസെടുത്ത് എഴുതിത്തുടങ്ങി .വെറുതെ ഒരു മാഗസിന്റെ അഡ്രസ് കണ്ട് അതിലേക്ക് എന്റെ വരികൾ പോസ്റ്റ് ചെയ്തു .ദിവസങ്ങൾക്കകം ഷാജിറകരീം എഴുതിയ മാഗസിനിലെ പേജുകൾ ആളുകൾ പറയുന്നത് കേട്ട് എന്റെ ചെവിയിലുമെത്തി .
പക്ഷെ ആരൊക്കെയോ ഇഷ്ടപ്പെടാതെ പോയി ആ എഴുത്ത് .പലരേയും കളിയാക്കി എഴുതിയതാണ് എന്ന് പറഞ്ഞ് ചിലർ എന്നെ തുറിച്ച് നോക്കി .എനിക്കും വലിയ വിഷ മമായി .അതോടെ എന്റെ വരികൾ എന്റെ ഡയറിയിൽ മാത്രമൊതുങ്ങി .
വേനലും മഞ്ഞും കാലവും കടന്ന് പോയ് .ജീവിതം പലതും കണ്ട് മറഞ്ഞ് ഞാൻ .പറഞ്ഞാൽ തീരാത്ത വരികളിലെ ചേർത്തണയ്ക്കൽ പരസ്പരം പറഞ്ഞ് പറഞ്ഞ് ഒരു ചെറു അധ്യായം കുറിച്ചു .വർഷങ്ങൾക്ക് ശേഷം ആത്മകഥയിലെ ഒരധ്യായം വീണ്ടും കടലാസിൽ വെളിച്ചം കണ്ടു .
വായിച്ചവർ വായിച്ചവർ എനിക്കേറെ പ്രോൽസാഹനം തന്നു .
"എത്ര മനോഹാരമാണ് നിന്റെ വരികൾ
ഹൃദയം കീഴടക്കുന്ന ഭാഷ
കാത്തിരിക്കുന്ന വരികൾ
എന്നൊക്കെ പറഞ്ഞപ്പോൾ ഞാനത്രയ്ക്ക് കാര്യമാക്കിയില്ല .വെറുതെ തമാശ പറഞ്ഞതാണെന്ന് കരുതി .കുറിച്ചിട്ട അധ്യായങ്ങൾ പുസ്തകമാക്കാൻ പറഞ്ഞപ്പോൾ പോലും മനസ് വന്നില്ല .എന്തോ ഒരു ഭയം വല്ലാതെ എന്നെ അലട്ടി .
അങ്ങനെയിരിക്കുമ്പോഴാണ് നല്ലെഴുത്തിലെ കൂട്ടുകാർക്കിടയിലേക്ക് ചാക്കേറാൻ കഴിഞ്ഞത് .നിങ്ങൾക്കിടയിലെ വരികൾ വായിച്ചപ്പോൾ .... നിങ്ങൾ വരികളോട് കാണിക്കുന്ന സ്നേഹം കാണുമ്പോൾ .. ജീവിതവും പ്രണയവും സ്നേഹവും നഷ്ട്ടങ്ങളും വേദനകളും തിരിച്ചറിവുകളും നർമ്മബോധങ്ങളും എന്റെ വരികൾ വീണ്ടും പിറവിയെടുത്തു .
വരികൾ പിറക്കുന്നത് മറ്റുള്ളവരിലേക്ക് എത്തപ്പെടുമ്പോളുണ്ടാകുന്ന ഭയം ഏറെ മാറി .എഴുത്തെന്ന ഭാഷ മനസിലാക്കുന്നവർക്കിടയിൽ വരികൾ കുറിച്ചിടുമ്പോൾ ഞാനേറെ യാണ് .
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക