Slider

കനൽ പോലൊരു ദിനം

0
Image may contain: 1 person, beard, shoes and outdoor

ഇന്ന് തിരക്ക് കുറവാണല്ലോ എന്ന് ഞാൻ എന്റെ സഹപ്രവർത്തകയോട് അഭിപ്രായപ്പെട്ടു..
അവൾ പുതിയ ലക്കം വനിതയിലെ സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള ലേഖനം ഗൗരവമായി വായിച്ചു കൊണ്ടിരിക്കുകയായിരുന്നു
സാധാരണ ആ സമയമാകുമ്പോഴേക്കും എക്സ്റേ റൂമിനു മുൻവശം രോഗികളെക്കൊണ്ട് നിറയേണ്ടതാണ്
..ഉം.. പറയേണ്ട.. എപ്പോളാ കാറ്റു മാറി വീശുക എന്നറിയില്ല...
തല ഒന്ന് പൊക്കി വാക്കുകളുരുവിട്ട് അവൾ വീണ്ടും വായന തുടർന്നു
അന്ന് ഇന്നത്തെ പ്പോലെ കുത്തിക്കളിക്കാൻ സ്മാർട്ട്‌ ഫോൺ വ്യാപകമായിട്ടില്ല.
വിശ്രമസമയങ്ങളിൽ വായന ആയിരുന്നു സമയം കൊല്ലി.
എക്സ് റേ റൂമിന്റെ പുറത്ത് ചെറുതായി മഴ തുടങ്ങിയിരിക്കുന്നു..
നേരെ മുൻപിൽ നോക്കിയാൽ നിശബ്ദത തളം കെട്ടിക്കിടക്കുന്ന മോർച്ചറിയാണ്..
മരണത്തിന്റെ പ്രതിരൂപം..
മുകളിൽ ആകാശത്തിൽ കറുത്ത മേഘങ്ങൾ..
എല്ലാം കൊണ്ടും ഒരു മൂടിക്കെട്ടിയ അന്തരീക്ഷം..
എന്തോ എന്റെ മനസ്സ് അസ്വസ്ഥമാകാൻ തുടങ്ങി..
എന്നെപ്പോലുള്ളവർക്കൊന്നും മെഡിക്കൽ ഫീൽഡ് പറ്റില്ല എന്ന് തോന്നാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി ..
അപ്പോളാണ് ഫോൺ ശബ്ദിച്ചത്..
എമർജൻസിയിൽ ഒരു അർജന്റ് എക്സ്റേ..
ഞാൻ ഉടൻ തന്നെ മെഷീനും മറ്റ് സാധനസാമഗ്രികളുമായി അത്യാഹിത വിഭാഗത്തിലേക്ക് ഓടിക്കിതച്ചെത്തി..
അവശ്യ സന്ദർഭങ്ങളിൽ ഉപയോഗിക്കാൻ ചെറിയ മെഷീൻ ഉണ്ട്.
രോഗികളെ എക്സ് റേ റൂമിലേക്ക്‌ കൊണ്ടുവരാൻ പറ്റാത്ത സാഹചര്യം ഉണ്ടെങ്കിൽ മാത്രം.
...ഏതോ ഒരു പ്രായമായ സ്ത്രീയെ അങ്ങാടിയിൽ നിന്നും കാർ ഇടിച്ചിട്ടു കൊണ്ട് വന്നിട്ടുണ്ട്..
പെട്ടെന്ന് എക്സ് റേ ചെയ്യണം.....
അത്യാഹിത വിഭാഗത്തിലെ ഹെഡ് നേഴ്സ് സിസ്റ്റർ ശോഭ എന്നോട് പറഞ്ഞു.
ഞാൻ ഉടനെ രോഗിയെ കിടത്തിയ റൂമിലെത്തി..
രണ്ട് നഴ്സുമാർ അവരുടെ മുഖത്തെ രക്തമൊക്കെ ക്ലീൻ ചെയ്യുന്നുണ്ട്.. അബോധാവസ്ഥയിലാണ്..
ഞാൻ അടുത്തേക്ക് ചെന്നു..
മുഖത്തേക്ക് ഒന്നേ നോക്കിയുള്ളൂ ..
എന്റെ വല്യമ്മ....
ഒരു പക്ഷെ സ്വന്തം അമ്മയെപ്പോലെ അല്ലെങ്കിൽ അതിലും കൂടുതൽ ബഹുമാനിക്കുന്ന എന്റെ വല്യമ്മ മുന്നിൽ രക്തത്തിൽ കുളിച്ച് അബോധാവസ്ഥയിൽ കിടക്കുന്നു.
എന്റെ കൈ വിറക്കാൻ തുടങ്ങി.
ശരീരം തളരുന്നത് പോലെ.
ഞാൻ അടുത്തുള്ള കസേരയിൽ കുറച്ച് നേരം ഇരുന്നു .
എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി..
ഇതെന്തൊരു പരീക്ഷണമാണ്..
നിറഞ്ഞ ചിരിയോടെ വെളുത്ത വേഷ്ടിയുടുത്തു കൈ നിറയെ സമ്മാനങ്ങളുമായി.. മോനെ എന്തുണ്ടെടാ വിശേഷം... എന്ന് പറഞ്ഞ് വീട്ടിലേക്ക് വരുന്ന വല്യമ്മയെ ഞാൻ അത്യാഹിതവിഭാഗത്തിലിരുന്ന് ഓർത്തുപോയി. .
ഇന്നലെ രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതാണ്...
..വയസ്സായി മോനെ.. വീട്ടിലേക്കുള്ള കുന്നൊന്നും വല്യമ്മക്കു പഴേപോലെ കേറാൻ പറ്റുന്നില്ലെടാ...
കഷ്ടപ്പെട്ട് ഒതുക്കുകളിറങ്ങുമ്പോൾ വല്യമ്മ പറഞ്ഞു.
..നീ ആ പെണ്ണിനെ പോയി കാണു ..നിനക്ക് ചേരും കേട്ടാ...
തിരിഞ്ഞുനോക്കി എന്നോട് പറയുമ്പോൾ അവരുടെ കണ്ണിൽ വാത്സല്യം.
ഞാനപ്പോൾ ഭാവിവധുവിനെക്കുറിച്ചുള്ള സങ്കല്പങ്ങളോടെ ഇറയത്തെ തൂണും ചാരി നിൽപ്പുണ്ടായിരുന്നു..
വായിലുള്ള മുറുക്കാൻ നീട്ടിത്തുപ്പി വല്യമ്മ നടന്നുപോകുന്നത് ഞാൻ നോക്കി നിന്നു.
...എന്ത് പറ്റി.. പെട്ടെന്നാവട്ടെ... രോഗിയെ ഐ സി യൂ വിലോട്ടു മാറ്റണം.. പൾസ് കുറവാണ്...
അകത്തേക്ക് കയറിവന്ന ശോഭ സിസ്റ്ററിന്റെ വാക്കുകൾ എന്നെ ഉണർത്തി..
..സ്വപ്നം കണ്ടു നിൽക്കുകയാണോ.. ഫാസ്റ്റ്..
ഞാൻ പെട്ടെന്ന് കര്മനിരതനായി.. ഇവിടെ ഞാൻ വെറും ഒരു എക്സ് റേ ടെക്നോളോജിസ്റ് മാത്രം..
ബന്ധങ്ങൾക്കും വികാരങ്ങൾക്കും പ്രസക്തി ഇല്ല..
ജോലിക്കാരന്റെ വേഗത ഒരു ജീവന്റെ വിലയാണ്..
ഞാൻ ഉടൻ തന്നെ എന്റെ ജോലികൾ ചെയ്യാൻ തുടങ്ങി..
എന്റെ മുന്നിൽ കിടക്കുന്നത് അത്യാസന്ന നിലയിൽ കിടക്കുന്ന ഒരു രോഗി മാത്രമായി മാറിയിരുന്നു..
അല്ലെങ്കിൽ എന്റെ മനസ്സ് മാറ്റിയെടുത്തിരുന്നു.
രോഗിയുടെ ശരീരം നേരെ കിടത്തി..
ജോലി തീർന്ന ശേഷം പോകാനായി തിരിഞ്ഞ നേരം വല്യമ്മ കണ്ണുകൾ മെല്ലെ തുറന്നു...
എന്റെ കയ്യിൽ പിടിച്ചു എന്തോ പറയാൻ ശ്രമിച്ചു..
എഴുന്നേൽക്കാനുള്ള ശ്രമം നടത്തുകയാണ്...
..പെട്ടെന്നാകട്ടെ.. ഷിഫ്റ്റ്‌ ടു ഐസിയു .. ഫാസ്റ്റ്..
അക്ഷമയായ ശോഭ സിസ്റ്റർ അവരുടെ സഹപ്രവർത്തകരോട് പറഞ്ഞു..
വല്യമ്മക്കെന്നോടെന്തോ പറയാനുണ്ട്..
എനിക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ ഈശ്വരാ എന്ന് ഞാൻ ചിന്തിച്ചു.
.
മനുഷ്യൻ എത്ര നിസ്സഹായൻ..
തിരിച്ചുനടക്കുമ്പോൾ ഞാൻ ചിന്തിച്ചു.
അടുത്തുകൂടെ വല്യമ്മയെ തിരക്കിട്ട് കൊണ്ടുപോകുന്നത് നിസ്സഹായനായി ഞാൻ നോക്കിനിന്നു.
ട്രോളിയിൽ അനങ്ങാതെ കണ്ണടച്ച് കിടക്കുകയായിരുന്നു അവരപ്പോൾ.
മനസ്സിനെ വേണ്ടാത്ത ചിന്തകൾ വേട്ടയാടാൻ തുടങ്ങിയിരുന്നു.
അത് ശരിവെച്ചു കൊണ്ട് രണ്ട് ദിവസം ഐ സി യൂ വിൽ കിടന്ന വല്യമ്മ മൂന്നാം ദിവസം വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി..
ഡ്യൂട്ടിയിൽ വ്യാപൃതനായിരുന്ന എന്റെ ഡിപ്പാർട്മെന്റിന് പത്തടിമാത്രം അകലെയുള്ള മോർച്ചറിയിൽ അവർ അനക്കമറ്റ്‌ കിടന്നു.
ജോലി മറന്ന് ഞാൻ ഒരുനിമിഷം ഓരോന്ന് ചിന്തിച്ചിരുന്നു പോയി.
ആ കരുതൽ.. മഞ്ഞിന്റെ നനവുള്ള വാത്സല്യം.. ആ സ്നേഹം.
എല്ലാമിനി ഓർമ്മകൾ മാത്രം..
വിരസമായിരിക്കുന്ന അപരാഹ്നങ്ങളിൽ ഒരു നേർത്ത കാറ്റുപോലെ , മുന്നറിയിപ്പില്ലാതെ , വീട്ടിൽ ഉണ്ടാക്കിയ ശർക്കരഉണ്ടകളുമായി പ്രത്യക്ഷപ്പെട്ട്..
.. എന്താടാ ഒച്ചയൊന്നുമില്ലാത്തത് ..
എന്ന് ചോദിച്ച് വീടാകെ ഉണർത്തുന്നത്.....
സ്‌കൂളടച്ചാൽ ഒരുനേരമെങ്കിലും നല്ല ഭക്ഷണം കിട്ടുമല്ലോ എന്ന് കരുതി അമ്മ മക്കളെ വല്യമ്മയുടെ വീട്ടിലേക്കയക്കുമ്പോൾ അവരെ തള്ളപ്പക്ഷി കുഞ്ഞുങ്ങളെയെന്നപോലെ കരുതലോടെ കാക്കുന്നത്...
എല്ലാം ഞാൻ ഒരു നിമിഷം ഓർത്തു പോയി..
എക്സ് റേ റൂമിനും മോർച്ചറിക്കുമിടയിലുള്ള സ്ഥലത്ത് ഇന്നലെത്തുടങ്ങിയ മഴ നിർത്താതെ പെയ്യുന്നുണ്ട് ..
എന്റെ മനസ്സിൽ മായാതെ നിൽക്കുന്ന ആ സ്നേഹത്തിന്റെ നനുത്ത മഴസ്പർശം പോലെ.
പുറത്ത് കാത്തിരിക്കുന്ന രോഗികൾ അക്ഷമരാകാൻ തുടങ്ങിയപ്പോൾ ഞാൻ എണീറ്റു..
എന്റെ കടമ ഞാൻ മറക്കരുത്..
മനസ്സ് എന്നെ ഓർമപ്പെടുത്തി..
എക്സ് റേ റൂമിലേക്ക്‌ കയറിവന്ന ശോഭ സിസ്റ്റർ പറഞ്ഞു.
..അനിയാ.. അത് നിന്റെ വല്യമ്മയാണെന്നു പിന്നെയാ അറിഞ്ഞത്.
നമ്മുടെ ഫീൽഡിൽ അങ്ങനെ പലതും കണ്ടെന്നു വരും
തകരരുത്.. തളരരുത്..
ജോക്കർ സിനിമയിലെ വാക്കുകൾ ഓർമയില്ലേ..
.. കണ്ടു നിൽക്കെ പലരും പോയെന്ന് വരും..
ബട്ട്‌ ദി ഷോ മസ്റ്റ് ഗോ ഓൺ..
അതും പറഞ്ഞ് എന്റെ ചുമലിൽ തട്ടി അവർ പോയി.
ശരിയാണ് .
എല്ലാം മറക്കാം..
ഞാനെന്റെ ജോലി തുടരട്ടെ..
എന്റെ കടമ നിർവഹിക്കട്ടെ.
സ്നേഹത്തോടെ.. ആദരവോടെ
ശ്രീജിത്ത്‌ ഗോവിന്ദ്.
5/1/2018
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo