
ഞാനൊക്കെ സ്കൂളിൽ പഠിക്കുന്ന കാലത്ത് ഓണം ക്രിസ്മസ് വെക്കേഷന് ഏതേലും പ്രൊജക്ട് ചെയ്യാൻ കാണും..5 മാർക് പ്രൊജക്ടിനായിരിക്കും..
അന്നൊക്കെ പ്രൊജക്ട് ചെയ്യാൻ ഗൂഗിൾ പോയിട്ട് ഇന്റർനെറ്റ് എന്ന് കേട്ടിട്ട് പോലും ഇല്ല .പിള്ളേരെല്ലാം തോന്നിയ പോലെ വീട്ടിലെ ആരുടേങ്കിലും സഹായ സഹകരണത്തോടെ ചെയ്യും.
ഞാൻ ഏഴിലും എന്റെനിയത്തി അഞ്ചിലും പഠിക്കുന്ന സമയം . അവൾക്ക് പ്രൊജക്ടിനായി കിട്ടിയ വിഷയം ഔഷധ സസ്യങ്ങളും അവയുടെ ഉപയോഗങ്ങളും ആണ്. എനിക്ക് കിട്ടിയത് രണ്ടാം ലോക മഹായുദ്ധം കേരളത്തിലെ ജനങ്ങൾക്കുണ്ടാക്കിയ ബുദ്ധിമുട്ട്.
എല്ലാ തരം പൊജക്ടുകളും വിശ്വസ്തതയോടെ ചെയ്ത് കൊടുക്കുന്ന എളമക്കരയിലെ അവൾക്കറിയാവുന്ന ഏക സ്ഥാപനം എന്ന നിലയിൽ അവൾ എന്റടുത്ത് സഹായം അഭ്യർത്ഥിച്ചു.
സഹായം അഭ്യർത്ഥിച്ച് വരുന്നവരെ നിരാശരാക്കുന്ന കഠിന ഹൃദയ അല്ലാത്തോണ്ട് ഞാൻ അവളെ സഹായിക്കാമെന്നേറ്റു.
പോരാത്തതിന് അവളാണ് എന്റെ ഒരേയൊരു ആരാധിക. ഞാനെന്ത് പറഞ്ഞാലും വിശ്വസിച്ചോളും. അമിതാ ബച്ചന്റെ (മുദ്ര ശ്രദ്ധിക്കണം " അമിതാഭ് " അല്ല "അമിതാ '' ബച്ചൻ ) മോനാണ് സെയ്ഫ് അലി ഖാൻ ,സുനിൽ ഷെട്ടിയുടെ പെങ്ങളാണ് ശിൽപ ഷെട്ടി, മൃഗത്തിന്റെ ഹിന്ദി വാക്ക് പക്ഷിയും പക്ഷിയുടെ ഹിന്ദി മൃഗവും ആണ്, ബെർമുഡ ട്രയാങ്കിൾ എം ജി റോഡിന്റെ അടുത്ത സ്ഥലമാണ്. ഇതൊക്കെ പാവം വിശ്വസിച്ചു ,മറ്റുളളവരോട് പറഞ്ഞ് അപഹാസ്യ ആവാറുണ്ടെങ്കിലും , ലാലേട്ടൻ പറയുന്ന പോലെ , "എന്തോ ഇഷ്ടമാണ് അവൾക്കെന്നെ "!
എന്തായാലും ഞങ്ങൾ ഔഷധ സസ്യങ്ങൾടെ ഇലകൾ തപ്പാൻ തുടങ്ങി. അത് ഒരു ബുക്ക് വാങ്ങി ഒരോ പേജിൽ ഫെവികോളും കൊണ്ട് ഒട്ടിക്കാ, അതിന്റെ ഉപയോഗം എഴുതാ. അത്രയുമേ ടീച്ചർ പറഞ്ഞിട്ടുള്ളു.
ഞങ്ങൾ രണ്ട് പേരും അടുത്തുള്ള സർക്കാർ സ്കൂളിൽ ഇംഗ്ലീഷ് മീഡിയത്തിലാണ് പഠിക്കുന്നെ. അഞ്ചാം ക്ലാസ് മുതലാണ് അവിടെ ഇംഗ്ലീഷ് മീഡിയം. നാല് വരെ എറണാകുളത്തുള്ള ഒരു കോൺവന്റ് സ്കൂളിൽ മലയാളം മീഡിയത്തിലാണ് പഠിച്ചെ . ഇംഗ്ലീഷ് പരിജ്ഞാനം കമ്മിയാണെന്ന് സാരം.
അങ്ങനെ ഞങ്ങൾ അടുത്ത പറമ്പിൽ നിന്നും, പിന്നെ വീട്ട് വളപ്പിൽ നിന്നും തുളസി, ആടലോടകം, പനിക്കൂർക്ക , കറുക, കീഴാർനെല്ലി, മുയൽചെവി, കുറുന്തോട്ടി അങ്ങനെ ഒരോ ചെടിയുടേം ഇലകൾ പറിച്ച് കൊണ്ട് വന്ന് ബുക്കിൽ ഒട്ടിച്ചു.
അമ്മയോട് ചോദിച്ചു ഒരോന്നിന്റേം ഉപയോഗങ്ങൾ മനസിലാക്കി പനി, ചുമ ,ജലദോഷം, വാതം എന്നിവ fever,cough,cold, rheumatism എന്നൊക്കെ തർജമ ചെയ്ത് അടിപൊളിയായ് എഴുതി.( വാതത്തിന്റെ ഇംഗ്ലീഷ് rheumatism ആണെന്ന് ബയോളജിയിൽ പഠിച്ചായിരുന്നു.)
പശ്ചാതലത്തിൽ എന്റെ രണ്ടാം ലോക മഹായുദ്ധകാലത്തെ കഷ്ടപ്പാടുകളും ഭംഗിയായ് മുന്നേറി. ഞങ്ങൾടെ വകയിലുള്ള ഒരപ്പൂപ്പനോട് ചോദിച്ചിട്ട് ആ സമയത്ത് ഏതോ പച്ച കളർ നോട്ട് അടിച്ച കാര്യവും (ഒള്ളതാണോ ആവോ... അപ്പൂപ്പനാണേൽ അത് ഉറപ്പാണെന്ന പറഞ്ഞേ) പിന്നെ ഉറൂബിന്റെ സുന്ദരികളും സുന്ദരൻമാരും വായിച്ചതിലെ യുദ്ധത്തിന്റെ കാര്യങ്ങളും പിന്നെ എന്റെ ഭാവനയും കൂടി ചേർന്ന് ആകെ ഭീകരമായിരുന്നു എന്റെ പ്രൊജക്ട്.
അങ്ങനെ ഓണം വെക്കേഷൻ കഴിഞ്ഞ് പ്രൊജക്ട് ഒക്കെ വെച്ചു. കുറച്ച് നാൾ കഴിഞ്ഞ് ടീച്ചർമാർ അത് നോക്കി മാർകിട്ട് തിരിച്ചു തന്നു. എന്റെ രണ്ടാം ലോക മഹായുദ്ധ കഷ്ടപാടുകൾക്ക് ഫുൾ മാർക്! ആകെ സന്തോഷം.
സ്കൂൾ വിട്ട് വരുമ്പോ അവൾടെ മുഖം ഇഞ്ചി കടിച്ച കുരങ്ങിനെ പോലെ ഇരിക്കുന്നു. '' എന്താടി , മാർക്ക് കിട്ടിയില്ലേ പ്രൊജക്ടിന് ?".. അവൾ എന്നെ ഒരു മാതിരി ദഹിപ്പിക്കുന്ന നോട്ടം..." എന്റെ പ്രൊജക്ട് വായിച്ച് ടീച്ചർ തല കുത്തി നിന്ന് ചിരിക്കുവാർന്നു."
അതിന് ചിരിക്കാൻ ഞാൻ എന്റെ വളിച്ച കോമഡികൾ ഒന്നും എഴുതിയാർന്നില്ലല്ലോ എന്ന് വണ്ടറിടച്ച് നിന്ന എന്നോട് അവൾ, "എന്തൂട്ടാടി ഈ 'ഫിഫ്ത് ഫിവർ ' ?"
ഓ , അപ്പൊ അതാണ് കാര്യം. ഏതോ ഒരു ഒണക്ക ഔഷധസസ്യത്തിന്റെ ഉപയോഗം അഞ്ചാം പനിക്ക് നല്ലതാന്ന് അമ്മ പറഞ്ഞു. അഞ്ചാം പനിയുടെ ഇംഗ്ലീഷ് സ്വാഭാവികമായും Fifth fever ആയിരുക്കുമല്ലോ. നിഷ്കളങ്കയായ ഞാൻ അങ്ങനെ തന്നെ എഴുതി.അതിനാണിപ്പോ ഇത്ര പ്രശ്നം. ഇങ്ങനെ സിമ്പിൾ ആയി ചിന്തിക്കുന്നവരെ ടീച്ചേഴ്സിന് ഇഷ്ടമല്ലേ , ഡോണ്ട് ദൈ ലൈക്?
എന്തായാലും ടീച്ചറും പിള്ളേരും കൂട്ട ചിരിയാർന്നെങ്കിലും അവൾക്കും ഫുൾ മാർക് കൊടുത്തെട്ടോ വിശാല ഹൃദയയായ അവൾടെ ടീച്ചർ! എന്തായാലും അതോടെ അവൾടെ അചഞ്ചലമായ വിശ്വാസത്തിന് ഇടിവ് വന്നാർന്നു. ഞാൻ പറയുന്ന എന്തും കണ്ണുമടച്ച് വിശ്വസിച്ചിരുന്ന അവൾ, എപ്പോളും സംശയ ദൃഷ്ടിയോടെയെ എന്റെ ബഡായികൾ കേൾക്കൂ എന്നായി. പാവം ഞാൻ!
By: Deepthi Prasanth
ഇരട്ടി മധുരം (ഡമ്പിൾ സ്വീറ്റ് )
ReplyDeleteതേനിൽ ചേർത്തു സേവിക്കൂ..
ധാരാളം രചനകൾ ഉണ്ടാവട്ടെ... നന്നായി.