Slider

ചോരൻ (കള്ളൻ അയിനാണ് )

0
ചോരൻ (കള്ളൻ അയിനാണ് )
രാത്രി ഒരു ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത് മൊബൈലിന്റെ വെളിച്ചത്തിൽ സമയം നോക്കി. ഒരു മണി. കുഞ്ഞുറങ്ങുന്നു .ഭർത്താവു വിദേശത്താണെന്നു അറിയാവുന്ന ഏതെങ്കിലും കള്ളന്മാർ ആയിരിക്കുമോ ദൈവമേ ! കൃത്യം ഇന്ന് തന്നെ അമ്മായിഅമ്മയ്ക്ക് നാത്തൂന്റെ വീട്ടിൽ പോകണം ."വേണ്ട"എന്ന് പലതവണ പറഞ്ഞു നോക്കി .
"നീ എന്തിനാ പേടിക്കുന്നെ , നീ വലിയ കരാട്ടെക്കാരിയല്ലേ ?"
(ഫീൽസ് പുച്ഛം ).
"നിന്നെ അറിയാവുന്ന ആരും ഇങ്ങോട്ടു കേറുകേല.കയറിയാൽ തന്നെ അവരെ ഇടിച്ചു പപ്പടം ആക്കാൻ നിനക്ക് അറിയാല്ലോ ?"
അതും പറഞ്ഞു 'അമ്മ ഒരു പോക്ക് പോയി .
ഞാൻ കരാട്ടെ പഠിച്ചവളാണെന്നു അറിയാത്ത ആരെങ്കിലും കയറിയാലോ എന്ന് ചോദിക്കണമെന്ന് ഉണ്ടായിരുന്നു .ചോദിച്ചാൽ തർക്കുത്തരം എന്ന് പറയും .മരുമക്കൾ സർവംസഹമാരാണല്ലോ!
ഞാൻ പൂച്ചയെ പോലെ പതുങ്ങി പതുങ്ങി ഹാളിലേക്ക് ചെന്നു.
ഒരു രൂപം .! അയ്യോ ഒരു മനുഷ്യൻ !
"ആരാണ് ?"' ഞാൻ ഉറക്കെയാണ് ചോദിക്കുന്നത്. പക്ഷെ അയാൾ മിണ്ടുന്നില്ല .പിന്നെ മനസിലായി എനിക്ക് ലിപ് മൂവ്മെന്റ് മാത്രമേയുള്ളു .ശബ്ദം പുറത്തേക്കുവരുന്നില്ല .
"ഞാൻ കരാട്ടെ പഠിച്ചവളാണല്ലോ? എന്തിനാ പേടിക്കുന്നെ? ധൈര്യം സംഭരിക്കു "ഞാൻ എന്നോട് തന്നെ പറഞ്ഞു .അങ്ങനെ സംഭരിക്കാൻ ഇത് തേങ്ങയാണോ എന്ന് എന്റെ തലച്ചോർ തിരിച്ചടിച്ചു .
ഒന്ന് ശ്വാസം എടുത്തു ഞാൻ സ്വിച്ചിനടുത്തേക്കു നീങ്ങി .
എങ്ങനെയോ സ്വിച്ച് ഇട്ടതും ആ രൂപം കണ്ടു എനിക്ക് ചിരി വന്നു കാറ്റടിച്ചാൽ പറന്നു പോകുന്ന രൂപഭംഗി ഉള്ള ഒരു രൂപം .
എന്നെ കണ്ടതും "അയ്യോ "എന്ന നിലവിളിയോടെ അവൻ വെട്ടിയിട്ട ചക്ക പോലെ താഴെ .
ഇതെന്തു മറിമായം ! ഇവനെന്തിനാ ബോധം കേട്ടത് ?
ഞാൻ അല്ലെ ബോധം കെടേണ്ടത് ?
ഇനി ഞാൻ ഇവന്റെ വീട്ടിലാണോ കയറിയത് ?
ഇതെന്റെ വീട് തന്നെ അല്ലെ?അങ്ങനെ നിരവധി ചോദ്യങ്ങൾ മിന്നൽ പോലെ എന്റെ ഉള്ളിലൂടെ കടന്നു പോയി .
ഞാൻ അവന്റെ ബോഡിയുടെ അരികിൽ പോയിരുന്നു .
"ദൈവമേ ! ഡെഡ് ബോഡി
ആയോ ?ഇനി കൊലപാതകത്തിനുത്തരം പറയേണ്ടി വരുമോ? "
വയർ പൊങ്ങി താഴുന്നുണ്ട് .ചത്തിട്ടില്ല .
ഞാൻ ഒരു തോർത്ത് എടുത്തു അവന്റെ കൈകൾ രണ്ടും ഇറുകി കെട്ടി . പിന്നെ ഒരു പാത്രം വെള്ളം എടുത്തു കൊണ്ട് വന്നു അവന്റെ മുഖത്തൊഴിച്ചു..എന്നിട്ടു കുറച്ചു ദൂരെ മാറി ഒരു കസേരയിലിരുന്നു .
വെള്ളം വീണതും അവൻ ചാടി എണീറ്റു. എന്നെ കണ്ടതും "" അയ്യോ " വീണ്ടും
അലർച്ച
ഇവനെന്നെ ചിരിപ്പിച്ചു കൊല്ലും .
ഇവനെന്തൊരു കള്ളനാണപ്പ !ഫുൾ കോമഡിയാണല്ലോ !
'എന്തോന്നടെ ?നീ ആരാ? എന്തിനാ ഇങ്ങനെ എന്നെ കാണുമ്പോ കാണുമ്പോ നിലവിളിക്കുന്നത് ?"ഞാൻ ചോദിച്ചു പോയതിൽ അതിശയമുണ്ടോ ?
"' ഞാൻ ക ക ക കള്ളൻ ..അല്ല ബിജു "
ഞാൻ പൊട്ടി ചിരിച്ചു പോയി .
ജീവിതത്തിലാദ്യമായിട്ട ഒരു കള്ളനെ നേരിൽ കാണുന്നെ .നല്ല ഉഗ്രൻ പേര് ബിജു .
"അത് ഒക്കെ ഓക്കേ .നീ എന്തിനാ എന്നെ കണ്ടപ്പോ ബോധം കെട്ടത്?"
നിനക്ക് വല്ല സൂക്കേടുമുണ്ടോ ?
എന്നെ കണ്ടിട്ടു ഉപദ്രവകാരിയാണെന്നു അവനു തോന്നുന്നില്ല എന്ന് എനിക്ക് തോന്നി .വീട്ടിൽ വേറെ ആരുമില്ല എന്നും അവനു മനസിലായി കാണും .അവൻ കുറച്ചു റിലാക്സ് ആയപോലെ തോന്നി .
"ചേച്ചി പോയി കണ്ണാടി നോക്ക് "
"ങേ ?"
"നോക്ക് ചേച്ചി ..എന്റെ കൈ ഒക്കെ കെട്ടിയേക്കുവല്ലേ ?ഞാൻ സേഫ് ആണ് .സോറി ചേച്ചി സേഫ് ആണ് ""പോയി നോക്കിട്ടു വാ "
ഇവൻ ജഗതി ചേട്ടന്റെ കസിൻ ആയിരിക്കുമോ എന്താ കോമഡി !
കണ്ണാടിയിൽ നോക്കിയപ്പോൾ ഞാൻ തന്നെ അലറി പോയി .ഉറങ്ങാൻ കിടന്നപ്പോൾ പുരട്ടിയ രക്തചന്ദനം ഉണങ്ങി പിടിച്ചു പ്രേതം പോലെ മുഖം .ദൈവമേ ഞാൻ തന്നെ എന്റെ ഈ മുഖം കണ്ടിരുന്നേൽ പേടിചു ചത്തേനെ. അല്ല രക്തചന്ദനമൊന്നുമില്ലേലും രാത്രിലോക്കെ ആരേലും പെട്ടെന്ന് കണ്ടാൽ ബോധം കെടും .മെയ്ക് അപ്പ് ഒന്നുമില്ലല്ലോ !
മുഖം കഴുകി ഞാൻ അവന്റെ അരികിൽ ചെന്നിരുന്നു .
"എന്നാലും എന്റെ കള്ളാ ഈവീട്ടിൽ തന്നെ നീ കയറിയല്ലോ "?
"ദേ ചേച്ചി എന്നെ കള്ളാ എന്ന് വിളിക്കല്ലേ ...ഞാൻ ഇത് വരെ ഈ വീട്ടിൽ നിന്ന് മോഷ്ടിച്ചിട്ടില്ല ,ചേച്ചി എന്നെ പോലീസിൽ ഏൽപ്പിച്ചോ ..." അവന്റെ മുഖത്ത് കൂസലില്ല
"എന്തൊരു ധൈര്യം ആണെടാ നിനക്ക് .എടാ നീ പോലീസിന്റെ ഇടി കൊണ്ടിടുണ്ടോ ?"
"ഓ പിന്നെഇപ്പോൾ ഇടിക്കുകയൊന്നുമില്ല . ഇപ്പോൾ ജനകീയ പോലീസ് അല്ലെ ചേച്ചി ?"
"കഷ്ടം നീ അതും വിശ്വസിച്ചിരിക്കുകയാണോ ?പോലീസ് എന്നും പോലീസ് ആണെടാ..വെറുതെ ഓരോ പേരിട്ടു എന്നേയുള്ളു. നിന്നെ കൈയിൽ കിട്ടട്ടെ അവർ നിന്നെ ഇടിച്ചു നീ കുടിച്ച,മുലപ്പാൽ വരെ ശർദ്ദിപ്പിക്കും "
"ഒന്ന് പോയെ ചേച്ചി ഓൾഡ് കോമഡി അടിക്കാതെ ..മുലപ്പാൽ ശർദ്ദിക്കും പോലും .വയസ്സ് പത്തിരുപത്തിഅഞ്ചായായി .മുലപ്പാൽ ഒക്കെ എപ്പോളെ ദഹിച്ചു "
ഞാൻ ചമ്മി
" എന്നെ അഴിച്ചു വീട് ഞാൻ പൊക്കോളാം "
"നിനക്ക് പോലീസിനെ പേടിയില്ലാന്നാലെ പറഞ്ഞെ ..പോലീസ് വരട്ടെ നിന്നെ ഇഞ്ചപ്പരുവമാക്കും അത് കണ്ടിട്ടേ എനിക്കിനി വിശ്രമമുള്ളൂ "
അവന്റമുഖത്തു തെല്ലു പേടി നിറഞ്ഞു .
"പോലീസിനെ ഒന്നും വിളിക്കണ്ട ചേച്ചി ഞാൻ പൊക്കോളാം എനിക്ക് ഒരു അബദ്ധം പറ്റിയതാ"
"നിനക്കൊക്കെ പണിയെടുത്തതു ജീവിച്ചൂടെ ?അതെങ്ങനെയാ മെയ്യനങ്ങി ജീവിക്കാൻ വയ്യല്ലോ ?'
"അയ്യോ ഇത് കഷ്ടപ്പാടുള്ള പണിയ ചേച്ചി എത്ര മതിൽ ചാടണം ! പട്ടിയുണ്ടെങ്കിൽ അതിന്റെ കടി കൊള്ളണം .ജനലും വാതിലുമിളക്കണം ..നല്ല റിസ്കുള്ള ജോലിയാ "
"ഹോ നീ പറയുന്നത് കേട്ടാൽ തോന്നും അതിർത്തി കാക്കുന്ന ജോലിയാണെന്ന് ഗവണ്മെന്റെ ശമ്പളം തന്നു ചെയ്യിക്കുന്ന പോലെയല്ലേ പറച്ചിൽ ?ഇതൊക്കെ ചെയ്തിട്ട് ജയിലിൽ പോയി കിടക്കാനല്ലേ ?
" ഓ അതൊന്നും പിടിക്കില്ല ചേച്ചി ഞാൻ തന്നെ മുപ്പത്തി മൂന്നു മോഷണം ചെയ്തിട്ടുണ്ട് ,ഇത് വരെ തെളിഞ്ഞിട്ടില്ല ,പിന്നെ ഈ ജയിൽ എന്ന് പറഞ്ഞാൽ എന്താ ചേച്ചി ഗാന്ധിജി വരെ കിടന്നിട്ടുണ്ട് ജയിലിൽ ""ചേച്ചിയെ കണ്ടു ബോധം പോയിട്ട. അല്ലേൽ കാണാമായിരുന്നു ..."
"വീട്ടിൽ കേറി മോഷ്ടിച്ചിട്ടാണോ ഗാന്ധിജി ജയിലിൽ കിടന്നേ ?ഏതു അലവലാതികളും ജയിലിൽ പോകും മുന്നേ പറയുന്ന ഒരു പേരാണ് ..ഗാന്ധിജി വരെ ജയിൽ കിടന്നിട്ടുണ്ട് എന്ന് ഇനി ആ പേര് മിണ്ടിപ്പോയാൽ പോലീസ് വേണ്ട ഞാൻ തന്നെ നിന്നെ ഇടിക്കും നോക്കിക്കോ ..നീ വെളിയിൽ ബോർഡ് കണ്ടില്ലാരുന്നോ? കരാട്ടെ പഠന കേന്ദ്രം ...ഞാൻ ബ്ലാക് ബെൽറ്റാ .."

"ങേ അയ്യോ ...സ്ട്രീറ്റ് ലൈറ്റ് ഇല്ലായിരുന്നു ചേച്ചി ഞാൻ കണ്ടില്ല ദൈവമേ ആരെ കണി കണ്ടിട്ടാണോ വീട്ടിൽ നിന്നിറങ്ങിയത് ! "
"നീ നിന്റെ തിരുമോന്ത തന്നെ ആയിരിക്കും കണ്ടേ"
"എന്റെ പൊന്നു "ചേച്ചി ഞാൻ ഒന്നും മോഷ്ടിച്ചില്ലല്ലോ ..അതിനും മുന്നേ ബോധം കേട്ടില്ലേ? ഇനി ചേച്ചി ഇത് ട്രൈ ചെയ്താൽ മതി എന്നെ പോലുള്ള കള്ളന്മാരുടെ കാറ്റു പോകും .. .""
" അല്ലേലും നീ ഇവിടുന്നു ഒന്നും കൊണ്ട് പോകില്ല .ഇതെല്ലാം റോൾ ഗോൾഡ് ആണ് .ഇപ്പോൾ മിക്ക വീട്ടിലും അതാ .പിന്നെ ആരുടെ വീട്ടിലും ക്യാഷ് ഇല്ല .കാർഡ് മാത്രേ ഉള്ളു .നമ്മുടെ മോദിജി ചെയ്ത ഒരു ഉപകാരം ...നീ അത് മോഷ്ടിച്ചാൽ ഞാൻ ബാങ്കിൽ വിളിച്ചു ബ്ളോക് ചെയ്യും .എടുത്ത പണി സ്വാഹാ!"
അവന്റെ മുഖം ദയനീയമായി .
"ഇങ്ങനത്തെ പീസ് വേറെ ഉണ്ടോ ?"'
"ഏതു ? മോദിജിയോ ?"ഞാൻ ചോദിച്ചു
"അല്ല ചേച്ചി ..."
ഞാൻ പൊട്ടിച്ചിരിച്ചു പോയി
"ചേച്ചി എന്നെ വീട് എന്റെ ഡ്യൂട്ടി ടൈം കഴിഞ്ഞു ഞാനിനി ഒരു വീട്ടിലും കയറില്ല സത്യം ."
"നിനക്ക് ഡ്യൂട്ടി ടൈം ഒക്കെ ഉണ്ടോ ?"
" ഉണ്ട് ചേച്ചി പുലർച്ചെ ഒരു മണി മുതൽ നാലു മണി വരെ "
അടിപൊളി "'ആട്ടെ നിങ്ങള്ക്ക് സംഘടനാ ഒക്കെ ഉണ്ടോ "?
"കളിയക്കല്ലേ ചേച്ചി ഇതൊക്കെ ആരെങ്കിലും പുറത്തു പറയുമോ ?"
സത്യമായും ചേച്ചി ഞാനീ പരിസരത്തെ ഇനി വരില്ല ..എന്നെ വിട് പ്ളീസ് .'
കള്ളന്റെ സത്യം ,എനിക്ക് ചിരി വന്നു .
എന്നാലും നേരം വെളുക്കാറായതു കൊണ്ടും ഈ പുരുഷപ്രജ കാരണം സദാചാര പോലീസിന്റെ ഇടപെടൽ ഉണ്ടായി എന്റെ ഭാവി കോഞ്ഞാട്ട ആകുമെന്നുറപ്പുളളത് കൊണ്ടും .അവന്റെ ദയാഹർജി പരിഗണിച്ചു ഞാൻ അവനെ വെറുതെ വിട്ടു .
ഇവനെ പിടിച്ചു പോലീസിൽ ഏൽപ്പിച്ചാൽ എനിക്കെന്തു കിട്ടും?
കോടതി കയറി ഇറങ്ങുക , വീട്ടിൽ പോലീസ് കയറി ഇറങ്ങുക , ഒടുവിൽ മോഷ്ടിക്കാത്തതു കൊണ്ട് കോടതി അവനെ വെറുതെ വിടുകയും ചെയ്യും
പിന്നെ എനിക്ക് നട്ട ഭ്രാന്തല്ലേ ?
വെറുതെ പുലിവാല് പിടിക്കാൻ .ഇവനെ പോലുളളതിനെ ഒക്കെ കൈ കാര്യം ചെയ്യാൻ പോലീസും കോടതിയും ഒന്നും വേണ്ട ഞാൻ തന്നെ മതി. അല്ല പിന്നെ .

Ammu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo