Slider

എങ്കിലും ഞാൻ ഇടയൻ തന്നെ.

0
എങ്കിലും ഞാൻ ഇടയൻ തന്നെ.
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ഹേയ് തമ്പുരാട്ടീ.....
എന്തിനെൻ കുടിലിൽ നീ വിശ്രമിച്ചു.
നീ കൊട്ടാരവാതിൽ
തുറന്നിറങ്ങിയത് എൻ കുഞ്ഞാടുകളുടെ
മേച്ചിൽ പുറങ്ങളിൽ വിശ്രമിക്കുവാനായിരുന്നുവോ.
നരവീണ ചിന്തകളുടെ
ജഢ പിടിച്ച വരികൾ നിറഞ്ഞ
കൊട്ടാര സമാനമായ എൻ കുടിൽ.
അവിടെ പട്ടികൾ തണൽ കൊള്ളട്ടെ.
പൂച്ചകൾ പ്രസവിക്കട്ടെ.
അവിടെ ചിലന്തിവലകളുടെ
തനിയാവർത്തനങ്ങളുണ്ടാകാം.
അവിടെ ആശാസ്യമല്ലാത്ത
ഇര തേടൽ ഉണ്ടാകാം.
അവിടെ ഭയത്തിന്റെ
മൂർഖൻ പാമ്പുണ്ടാകാം.
നിനക്കും നിന്റെ പരിവാരങ്ങൾക്കും
വിശ്രമിക്കാനുള്ള ഇടമല്ലിത്.
നിന്റെ തീക്ഷ്ണമായ ഒറ്റ ഭാവത്താൽ സംഹരിക്കപ്പെടാൻ മാത്രം
അശക്തമാണീ കുടിൽ.
അവിടെ ഇടയനാം എന്നുടെ
വിയർപ്പുതുള്ളികൾ ഉറ്റി വീണ്
നനഞ്ഞ് കുതിർന്ന മണ്ണുകളിൽ
കുഴച്ചെടുത്ത ദുർബലമാം ചുമർ.
അവിടെ ഒട്ടിക്കുന്ന ചിത്രങ്ങളിലെല്ലാം
തെളിയുന്നത് മായക്കാഴ്ചകൾ മാത്രം..
അവിടെ വരണ്ട ഭൂമിയിൽ
ഇളം പുല്ലു തേടുന്ന കുഞ്ഞാടുകളെ കണ്ട്
നിർവൃതി പൂണ്ട്, കടുത്ത ചുട്ടു പൊള്ളുന്ന വെയിൽ കൊണ്ട്, കറുത്ത് കരുവാളിച്ച ഇടയൻ ഞാൻ.
ഞാൻ നിലാവിനെ നോക്കി പാട്ടു പാടും.
നക്ഷത്രങ്ങളുടെ എണ്ണം പിടിക്കും.
വിദൂരതയിൽ നിന്നുള്ള കുറുക്കന്മാരുടെ
ഓരിയിടലിൽ താളമുണ്ടോ എന്ന് നോക്കും.
ദിനരാത്രങ്ങളുടെ ഗതിവിഗതികളിൽ
സൂര്യന്റെ പങ്കെന്തെന്ന് നോക്കും.
എങ്കിലും ഞാൻ ഇടയൻ തന്നെ.
പരുപരുത്ത ജീവിതത്തിന്റെ
ചുട്ടുപൊള്ളുന്ന പ്രതലങ്ങളിൽ
മരീചിക ഏതെന്ന് എനിക്കറിയാം.
ജീവിതത്തിന്റെ ഇരുണ്ട യാമങ്ങളിൽ
കുളിർ കാറ്റു വീശുന്ന കുന്നിൻ ചരുവുകളിൽ
പതിയിരിക്കുന്ന നിശ്വാസങ്ങൾ
എനിക്ക് കേൾക്കാം.
എങ്കിലും ഞാൻ ഇടയൻ തന്നെ.
ഹേയ് തമ്പുരാട്ടീ...
ഇവിടെ കല്ലുകളും മുള്ളുകളും നിറഞ്ഞ
ഇടവഴികളിൽ നിന്റെ സുന്ദരമാം
പാദങ്ങളിൽ ചില അടയാളങ്ങൾ വീണേക്കാം.
എന്റെ കൊട്ടാര സമാനമായ വീട്ടിൽ നിനക്ക്
ഇടയന്റെ ദുർഗന്ധം വമിച്ചേക്കാം.
പൊടിപടലങ്ങളിൽ നിറഞ്ഞ
പ്രതലങ്ങളിൽ തട്ടി നിന്റെ സ്വർണാലംകൃത
ഉടയാടകളിൽ പ്രതാപത്തിന്റെ
ചിഹ്നങ്ങൾ മാഞ്ഞു പോയേക്കാം.
ഹേയ് തമ്പുരാട്ടീ ...
അതു കൊണ്ട് നീ നീയാകുക.
ഞാനീ നട്ടുച്ച വെയിലിൽ ആടിനെ മേയ്ക്കട്ടെ.
ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo