
മറക്കാൻ വേണ്ടി ഓർക്കാതിരുന്നതാ..
പിന്നെ ഇപ്പൊ എന്തിനാ ഇതോർത്തെ ?
വെറുതെ ചിലതൊക്കെ ഓർത്തു നൊമ്പരപ്പെടാൻ ഒരു രസമാണ് .
'പ്രണയമായിരുന്നോ ?'
ഹേയ് ഒരിക്കലുമല്ല .പ്രണയത്തിനു ഇവിടെ ഒരു സ്ഥാനവുമില്ല
'പിന്നെ ..?'
അറിയില്ല . എല്ലാ ഇഷ്ടങ്ങൾക്കും പേര് നൽകാൻ നമുക്ക് കഴിഞ്ഞിരുന്നെകിൽ എന്ന് ഞാൻ ആലോചിക്കാറുണ്ട് ..
'വരികളാക്കാൻ കഴിവുള്ളവന് അതിന് ശ്രമിച്ചൂടെ ?'
ഇല്ല ..ശ്രമിച്ചാൽ തന്നെ പരാജയം ആകും ..അക്ഷരങ്ങളിൽ കൂടെ പരാജയപ്പെട്ടാൽ പിന്നെ ഞാൻ ....
'എന്നോട് എന്തും പറയാൻ ഉള്ള അടുപ്പം ഉണ്ടായിരുന്നെന്നാണ് ഞാൻ കരുതിയിരുന്നത് ..'
ഉണ്ടായിരുന്നു .ഇപ്പോഴും ഉണ്ട് . പേടിയാണ് .ഇഷ്ടങ്ങൾടെ ആഴം കുറക്കാൻ ചില നഷ്ടക്കഥകൾക്ക് കഴിയുമെന്നോർത്തൊരു പേടി ..
'പ്രണയമല്ലെങ്കിൽ പിന്നെന്തിന് ഭയക്കണം '?
പ്രണയമായിരുന്നെങ്കിൽ ഞാനെന്നോ നിന്നോട് പറയുമായിരുന്നു ..ഇത് അരുതാത്തൊരിഷ്ടം .
,അരുതാത്തതൊ ?'
അതെ ..നമ്മൾ എത്ര തവണ കണ്ടിട്ടുണ്ട് ? കണ്ടുപോന്ന നിമിഷങ്ങളിൽ എപ്പോഴോ സ്വാന്തമാക്കണം എന്നൊരു തോന്നൽ വന്നു പോയി ..
'hmmm ......'
എന്തെ നീ ഒന്നും മിണ്ടാത്തെ .?
'ഞാൻ ഒട്ടും പ്രതീക്ഷിക്കാത്തവരിൽ നിന്നെല്ലാം കേട്ടിട്ടുണ്ട് ..പ്രതീക്ഷിച്ചവർ ഭയത്തിന്റെ പേരിൽ പറയാതെയും പോയി ..'
പ്രതീക്ഷിച്ചവരിൽ ഞാനുണ്ടാകില്ല ..ഈ ആശയുടെ വിത്ത് ഞാനായി നട്ടതല്ല .
ആരൊക്കെയോ വലിച്ചെറിഞ്ഞോരു മോഹം വീണത് അറിയാതെ മുളച്ചു പോയതാണ് ..ഇനിയിപ്പോ ...
ആരൊക്കെയോ വലിച്ചെറിഞ്ഞോരു മോഹം വീണത് അറിയാതെ മുളച്ചു പോയതാണ് ..ഇനിയിപ്പോ ...
'ഇനിയിപ്പോ ??'
സാധിക്കപ്പെടാത്ത മോഹങ്ങളുടെ ശവപ്പറമ്പിലേക്ക് നിന്നെയും ഇറക്കി വെക്കും .
'എന്നിട്ട് ?'
വെയിലുരുകുന്ന നേരങ്ങളിൽ നിന്റടുത്തു വന്നു ഞാനീ ഓർമ്മകളുടെ തണുപ്പിൽ ഇത്തിരി നേരമിരിക്കും ..
,'എന്ത് ഭ്രാന്താണ് പറയുന്നത് ?'
ഭ്രാന്ത് തന്നെയാണ് അല്ലേൽ അരുതാത്തൊരിഷ്ടത്തിന്റെ ഭാണ്ഡക്കെട്ടുകൾ തുറക്കാൻ ഞാൻ ശ്രമിക്കുമായിരുന്നോ ?
'അപ്പൊ എന്നെ ഈ രീതിയിലാണോ മനസ്സിൽ കണ്ടിരുന്നത് ??'
ഒരിക്കലുമില്ല ..പേരിട്ടു വിളിക്കാൻ കഴിയാത്തൊരു സ്ഥാനം അതായിരുന്നു അന്നുമിന്നും .ഇടക്കോരോ സ്ഥാനങ്ങളിലേക്ക് ശ്രമിച്ചു നോക്കും .. ആരോടക്കെ കള്ളം കാണിച്ചാലും മനസ്സിനോട് അതെളുപ്പമല്ല ..ക്രൂരനായ വേട്ടക്കാരന്റെ ഭാവത്തോടെ അതെന്നെ പുച്ഛിക്കും ...
'ഞാൻ എന്താണ് പറയേണ്ടത് ..?'
ഒന്നും പറയണം എന്നില്ല . എപ്പോഴെങ്കിലും എപ്പോഴെങ്കിലും ഏതോഎങ്കിലും ഒരു നിമിഷത്തിന്റെ പൂർണ്ണതയിൽ നീ ആഗ്രഹിച്ചിരുന്നോ ?
'ഇല്ലായിരിക്കും ...!'
പ്രതീക്ഷകളാണ് വേദനകളുടെ സൃഷ്ടാക്കൾ ..പേരറിയാത്തൊരു ഇഷ്ടത്തിന്റെ അവസാന ശ്വാസത്തിലും ഞാൻ പ്രതീക്ഷിച്ചെങ്കിൽ പ്രിയപ്പെട്ടവളെ അതെന്റെ തെറ്റ് ..
'വാക്കുകൾ കൊണ്ടെന്നെ മുറിവേൽപ്പിക്കരുത് ..'
ഒരിക്കലുമില്ല .. പറയരുതെന്ന് കരുതിയിട്ടും പറഞ്ഞു പോയത് മനസ്സിൽ ഒന്ന് വെച്ച് മറ്റൊന്ന് പറയുന്നതിലുള്ള കുറ്റബോധം കൊണ്ടാണ്.
സാധിക്കപ്പെടാത്ത മോഹങ്ങളിൽ നിന്നെയും ഞാൻ അടക്കം ചെയ്യുന്നു പ്രിയപ്പവളെ . ക്ഷണിക്കപ്പെടാത്ത ഈ ഓർമ്മകൾ മതിയെനിക്കീ അരുതാത്തൊരിഷ്ടത്തിന്റെ വേരോട് കൂടെ മണ്ണോട് ചേരാൻ....
*അൻവർ മൂക്കുതല*
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക