Read It on Nallezhuth Android App
നീരജിനോടൊപ്പം വീണ്ടും....
എന്തൊക്കെയോ നിഗൂഢതകൾ രമയുടെ ഈ രാത്രിയിലെ വരവിനു പിന്നിലുണ്ടെന്ന് അയാൾക്ക് മനസ്സിലായി.
എങ്കിലും തൽക്കാലം അവളോട് ഒന്നും ചോദിക്കേണ്ട എന്ന് അയാൾ തീരുമാനിച്ചു.
വീണ്ടും ഏകദേശം പത്തു മിനിറ്റ് യാത്ര ചെയ്തതിനു ശേഷം റോഡിന്റെ ഇടതു വശത്തായി സ്ഥിതി ചെയ്യുന്ന ആതിര അപ്പാർട്ട്മെന്റിനകത്തേക്ക് അയാൾ കാർ തിരിച്ചു.
തന്റെ വാഹനം പാർക്ക് ചെയ്യുന്നിടത്തുതന്നെ അയാൾ കാർ ഒതുക്കി നിർത്തി..
'ഇവിടെയാണ് ഞാൻ താമസിക്കുന്നത്. തൽക്കാലം ഈ രാത്രി നിനക്കിവിടെ കഴിയാം. സമ്മതമാണെങ്കിൽ ഇറങ്ങി വരൂ..'
കാറിനകത്തുള്ള കണ്ണാടിയിലൂടെ രമയെ നോക്കി അയാൾ പറഞ്ഞു.
തന്റെ ബാഗും മൊബൈലും എടുത്ത് ബാക്ക് ഡോർ തുറന്നു കൊടുത്തു.
ഒരു നിമിഷം തല കുനിച്ച് അല്പം കഴിഞ്ഞ് അവൾ അയാളുടെ കണ്ണുകളിലേക്ക് ദയനീയമായിരുന്നുവെങ്കിൽ നോക്കി..
'പേടിക്കേണ്ട... ഇറങ്ങിക്കൊള്ളൂ..'
അവൾ മെല്ലെ ഡോർ തുറന്നു പുറത്തിറങ്ങി തികച്ചും ഒരപരിചിതയെപ്പോലെ നിന്നു.
കാർ ലോക്ക് ചെയ്ത് അയാൾ ഫ്ലാറ്റിലേക്ക് നടന്നു.
കൂടെ അല്പം പിന്നിലായി രമയും...
രണ്ടു പേരും ലിഫ്റ്റിനരികിലെത്തിയപ്പോൾ നാലാമത്തെ നമ്പറിൽ വിരലമർത്തി അയാൾ പറഞ്ഞു. .
'ഫോർത്ത് ഫ്ലോറിലാണ് ഞാൻ താമസിക്കുന്നത്.. താഴെ ഫാമിലീസ് ആണ്.'
രമ മറുപടി ഒന്നും പറഞ്ഞില്ല...
ഒരു മറുപടി അയാൾ പ്രതീക്ഷിച്ചിരുന്നുവോ..?
നാലാമത്തെ നിലയിൽ ഇടതു വശത്ത് D 2
ആയിരുന്നു അയാളുടെ ഫ്ലാറ്റ്.
ആയിരുന്നു അയാളുടെ ഫ്ലാറ്റ്.
ബാഗിൽ നിന്നും കീ എടുത്ത് ഡോർ തുറന്നുകൊണ്ട് നീരജ് പറഞ്ഞു...
'പ്ലീസ്....'
അനുസരണയുള്ള കുട്ടിയെപ്പോലെ അവൾ അകത്തേക്ക് കടന്നു.
എല്ലാവിധ ആഢംഭരങ്ങളുമുള്ള ഒരു വിശാലമായ ഹാളായിരുന്നു അത്.
അതിന്റെ ഒരു വശത്തുള്ള തന്റെ റൂമിനെ ലക്ഷ്യമാക്കി നടന്നുകൊണ്ട് അയാൾ പറഞ്ഞു...
'രമ എന്തെങ്കിലും കഴിച്ചൊ എന്ന് അറിയില്ല. ഞാൻ ഇവിടെ ഫുഡൊന്നും prepare ചെയ്യാറില്ല. പുറത്തുനിന്ന് കഴിക്കുകയാണ് പതിവ്. തൽക്കാലം അവിടെ ഡൈനിംഗ് ടേബിളിൽ ഫ്രൂട്ട്സ് എന്തെങ്കിലും കാണും. അത് കഴിച്ചൊ... പിന്നെ ഫ്രിഡ്ജിൽ സോഫ്റ്റ് ഡ്രിംഗ്സ് ഉണ്ടാകും. അത് എടുക്കാം...'
മറ്റൊരു ദിശയിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് അയാൾ തുടർന്നു....
'ഇന്ന് ആ റൂം ഉപയോഗിക്കാം... ഫ്രഷ് ആവണം എന്നുണ്ടെങ്കിൽ അതിനകത്ത് എല്ലാം ഉണ്ട്... എനിക്ക് വല്ലാത്ത ക്ഷീണമുണ്ട്.. നാളെ രാവിലെ കാണാം... Good night..'
അവളുടെ മറുപടിയ്ക്ക് കാത്തു നില്ക്കാതെ അയാൾ തന്റെ റൂമിൽ കയറി ഡോർ ലോക്ക് ചെയ്തു.
അപ്പോഴും എന്തു ചെയ്യണം എന്ന ശങ്കയിലായിരുന്നു രമ.
നീരജ് സൂചിപ്പിച്ച റൂമിനരികിലേക്ക് അവൾ നടന്നു. പക്ഷേ വല്ലാതെ ദാഹിക്കുന്നു...
അവൾ വീണ്ടും തിരിച്ചു വന്ന് കിച്ചൻ എവിടെയാണ് എന്ന് നോക്കി. കിച്ചണിനകത്ത് ഒരു സൈഡിൽ ഫ്രിഡ്ജ് ഇരിപ്പുണ്ട്.
രമ അത് തുറന്ന് അതിൽ നിന്നും ഒരു ബോട്ടിൽ തണുത്ത വെള്ളമെടുത്ത് ദാഹം ശമിക്കുവോളം കുടിച്ചു...
അതിനുശേഷം ഒരു നെടുവീർപ്പോടെ അവൾ ആ ബോട്ടിലുമായി തന്റെ റൂമിൽ വന്നു ഡോറടച്ചു.
ശീതികരിച്ച മുറിയായിരുന്നു അത്. അവിടെ ഉണ്ടായിരുന്ന കട്ടിലിൽ വിരിച്ചിട്ട ബെഡിലേക്ക് ഒരു തേങ്ങലോടെ അവൾ വീണു....
പുറത്ത് പൗർണ്ണമി ചന്ദ്രൻ ഒളിച്ചു ചിതറി നിന്നു... നേർത്ത മഞ്ഞിൽ തുള്ളികൾ വൃക്ഷ ലതാദികളിൽ അവിടവിടെയായി വീഴുന്നുണ്ടായിരുന്നു.
എന്നാൽ പുറത്തെ മഞ്ഞു തുള്ളികളോ അകത്തെ ഏസിയിൽ നിന്നുള്ള തണുത്ത കാറ്റോ അവളുടെ മനസ്സിന് കുളിരേകിയില്ല..
അതുവരെ കഴിഞ്ഞതെല്ലാം അവളുടെ മനോ മുകുരത്തിൽ അലയടിച്ചുയർന്നു... ഇനിയും മാറാത്ത നോവായ്... നൊമ്പരമായി....
ഇനി നാളെ എന്ത്... എങ്ങനെ....?
ഒന്നിനും ഒരു എത്തും പിടിയും കിട്ടുന്നില്ല...
നാളെ പുലരുമ്പോൾ അയാളോട് എന്ത് പറയും....
താൻ ആരാണെന്നതിനുത്തരം എങ്ങനെ പറയും...
ഓ.... അദ്ദേഹം ആരാണെന്നോ അദ്ദേഹത്തിന്റെ പേര് എന്താണെന്നു പോലും താൻ ചോദിച്ചില്ല....
അദ്ദേഹം തന്നെക്കുറിച്ച് എന്തായിരിക്കും ധരിച്ചിരിക്കുക...
തന്റെ ഈ രൂപം.... ഈ സാരി...
അപ്പോഴാണ് രമ തന്റെ സാരിയിലേക്ക് നോക്കിയത്...
അവൾ വേഗം ബാത്ത്റൂമിലേക്ക് കയറി...
.................................................
.................................................
നീരജിന്റെ മനസ്സിലും ഒരുനൂറ് ചോദ്യങ്ങളായിരുന്നു....
ആരാണവൾ....
ഈ രാത്രിനേരത്ത് അവൾ എന്തിനാണ് തന്റെ കാറിനടുത്തേക്കായി ഓടി വന്നത്..
ഈ രാത്രിനേരത്ത് അവൾ എന്തിനാണ് തന്റെ കാറിനടുത്തേക്കായി ഓടി വന്നത്..
തീർച്ചയായും ഏതോ അപകടത്തിൽ നിന്നും തന്നെ എന്നതിന് സംശയമില്ല.
കാരണം അവളുടെ ആ കരഞ്ഞു കലങ്ങിയ മിഴികൾ അതാണ് വെളിവാക്കുന്നത്...
ഏതായാലും ഏതോ ഒരു നല്ല കുടുംബത്തിലെ കുട്ടിയാണ് എന്ന് തോന്നുന്നു..
പക്ഷേ ആ മുഖം പൂർണ്ണമായും കാണുവാനായില്ല...
അവൾ ഉറങ്ങി കാണുമോ....
ഒന്നു പോയി നോക്കിയാലോ...
അല്ലെങ്കിൽ വേണ്ട.. ഈ പാതിരാത്രിയിൽ ഞാൻ അവളുടെ ഡോറിൽ മുട്ടി വിളിച്ചാൽ അവളെന്താ കരുതുക....
ഷെയിം....
വേണ്ട...
അത് തന്റെ ഇമേജിനെ ബാധിക്കും...
വേണ്ട...
അത് തന്റെ ഇമേജിനെ ബാധിക്കും...
ആ... എന്തായാലും നാളെയാവട്ടെ...
അയാൾ ബെഡ് ലൈറ്റ് ഓഫ് ചെയ്തു....
.........................................................
.........................................................
രാവിലെ നിർത്താതെയുള്ള അലാം സൗണ്ട് കേട്ടുകൊണ്ടാണ് അയാൾ ഉണർന്നത്...
തന്റെ സുഖ നിദ്രയ്ക്ക് ഭംഗം വരുത്തിയ ആ ശബ്ദത്തെ മനസ്സിൽ ശപിച്ചുകൊണ്ട് ബ്ലാങ്കറ്റിനുള്ളിലൂടെ അയാൾ തന്റെ മൊബൈൽ തപ്പിയെടുത്ത് അതിൽ എവിടെയോ വിരലമർത്തി....
എഴുന്നേൽക്കണമെന്നുണ്ട്... പക്ഷേ ശരിരം അവിടവിടെയായി പേശികൾ വലിയുന്നതുപോലെ...
ഛെ..... ഇന്നലെ വല്ലാതെ ഓവറായിപ്പോയി... വേണ്ടായിരുന്നു...
അയാൾ ഓർത്തു...
വീണ്ടും കിടന്നു....
പിന്നെ എപ്പോഴാണ് എന്നറിയില്ല....
എന്തോ ശബ്ദം കേട്ടാണ് അയാൾ ഉണർന്നത്...
വേഗം എഴുന്നേറ്റ് മൊബൈൽ എടുത്ത് ടൈം നോക്കി...
9.45 ..
ഓ... ഗോഡ്...
ഇത്രയും സമയം ആയോ...
പത്തു മണിക്ക് ഷോറൂമിൽ എത്താറുള്ളതാണ്....
അയാൾ വേഗം എഴുന്നേറ്റ് പ്രഭാത കൃത്യങ്ങൾ ദ്രുത ഗതിയിൽ നിറവേറ്റി ഡ്രെസ്സ് ചെയിഞ്ചു ചെയ്തു പതിവുപോലെ റൂം ലോക്ക് ചെയ്ത് പുറത്തിറങ്ങി....
നേരെ ഫ്രണ്ട് ഡോർ തുറന്ന് അതും ലോക്ക് ചെയ്ത് അയാൾ തന്റെ കാറിനടുത്തേക്കായി വന്നു...
സമയം 10.10..
ഇന്ന് എന്തായാലും അച്ഛന്റെ വായിൽ നിന്നും എന്തെങ്കിലും കേൾക്കും... അത് ഉറപ്പാണ്..
അറുപതു മൈൽ സ്പീഡാണ് അനുവദിച്ചിട്ടുള്ളത് എങ്കിലും അയാൾ കഴിയുന്നതും അത് മറി കടക്കാൻ ശ്രമിച്ചു..
സ്കൂൾ ടൈമും ഓഫീസ് ടൈമും കഴിഞ്ഞതിനാൽ നിരത്തിൽ പ്രൈവറ്റ് ബസുകളുടെ മത്സര ഓട്ടം മാത്രമേ കാര്യമായി ഉണ്ടായിരുന്നുള്ളു...
ഇതെല്ലാം ചിരപരിചിതങ്ങളായതിനാൽ അധികം വൈകാതെ തന്നെ അയാൾ ഷോറുമിലെത്തി....
ഭാഗ്യം. ...അച്ഛൻ എത്തിയിട്ടില്ല....
പതിവുപോലെ എല്ലാവരോടും ചിരിച്ചും സ്നേഹാന്വേഷണങ്ങൾ നടത്തിയും അയാൾ തന്റെ ജോലിയിൽ വ്യാപൃതനായി...
അല്പം കഴിഞ്ഞ് നീരജിന്റെ അച്ഛൻ അവിടെ എത്തി...
ഇത്രയും പ്രായമായി എങ്കിലും അച്ഛന്റെ മുന്നിൽ അയാൾ ഒരു സ്കൂൾ വിദ്യാർത്ഥിയെ പോലെയാണ്...
മറ്റൊന്നും കൊണ്ടല്ല...
ചെറുപ്പം മുതൽ ശീലിച്ചതാണ്...
അധികം സംസാരിക്കുന്ന പ്രകൃതമായിരുന്നില്ല അച്ഛന്റേത്.... എന്നാൽ സ്നേഹത്തിന് ഇതുവരെ ഒരു കുറവും വരുത്തിയിട്ടില്ല... നീരജിന്റെ എല്ലാ ആവശ്യങ്ങളും അച്ഛൻ നിറവേറ്റിയിരുന്നു...
നീരജിന്റെ മുത്തച്ഛൻ പട്ടാളത്തിൽ കേണലായി വിരമിച്ച വ്യക്തിയാണ്..
അദ്ദേഹം വീട്ടിൽ മിലിട്ടറി ചിട്ടകളാണ് ശീലിപ്പിച്ചിരുന്നത്... അത് ശീലിച്ചു വളർന്നതിനാലാവാം നീരജിന്റെ അച്ഛനും അതേ രീതി പിൻ തുടർന്നത്...
എല്ലാ കാര്യങ്ങൾക്കും വീട്ടിൽ വേലക്കാരുണ്ടായിരുന്നു....
അതിനാൽ തന്നെ അച്ഛനുമായുള്ള സംസാരം കുറവായിരുന്നു...
എല്ലാ കമ്യൂണിക്കേഷൻസും അമ്മ വഴി ആയിരുന്നു...
ആ ഭയഭക്തി ബഹുമാനങ്ങൾ നീരജ് ഇന്നും സൂക്ഷിക്കുന്നു...
'നീരജ്.... എനിക്കിന്ന് അത്യാവശ്യമായി വേറെ ചില മീറ്റിംഗ് ഉണ്ട്.... അതുകൊണ്ട് ഞാൻ കുറച്ചു കഴിഞ്ഞ് പോകും... നീ ഇന്ന് ഇവിടെത്തന്നെ കാണുമല്ലോ അല്ലേ...?'
'ഉവ്വ്.... ഞാൻ ഉണ്ടാകും....'
'ഉം... ശരി....'
നഗരത്തിന്റെ തിരക്കിൽ നിമിഷങ്ങൾ അതിവേഗം പോയ്ക്കൊണ്ടിരുന്നു..
കുറച്ചു കഴിഞ്ഞ് നീരജിന്റെ അച്ഛൻ യാത്ര പറഞ്ഞിറങ്ങി...
അച്ഛൻ പോയതിനു ശേഷമാണ് അയാൾ ശ്വാസം ഒന്നു നേരെ വിട്ടത് എന്ന് പറയാം...
തൃശ്ശൂർ നഗരത്തിലെ ഏറ്റവും തിരക്കേറിയ ജ്വല്ലറികളിൽ ഒന്നായിരുന്നു അത്...
അതിനാൽ തന്നെ സദാ സമയവും കസ്റ്റമേഴ്സിന്റ്റെ തിരക്കായിരുന്നു...
ഒരു നേരത്തെ ആഹാരത്തിന് വകയില്ലാത്ത പലരും നമ്മുടെ നാട്ടിൽ കണ്ടേക്കാം... നിത്യോപയോഗ സാധനങ്ങൾക്ക് ദിനം പ്രതി വിലയേറിയ സാധാരണ ജനം വലയുമ്പോഴും ഇതൊന്നും ബാധിക്കാതെ ജനങ്ങൾ ജ്വല്ലറികളിലും വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും തിരക്ക് കൂട്ടിക്കൊണ്ടിരുന്നു...
ഇതിനിടയിൽ എപ്പോഴോ തിരക്കിൽ നിന്ന് അല്പം മാറിയപ്പോൾ ആണ് തലേദിവസം നടന്ന കാര്യങ്ങൾ അയാളുടെ സൃതിപഥത്തിലെത്തിയത്....
ഷിറ്റ്.....
താൻ എന്തു പണിയാണ് കാണിച്ചത്...
രമ....
അവൾ അവിടെ തനിയെ...
അവൾ എന്തു കരുതിക്കാണും...
താൻ എന്തു മണ്ടത്തരമാണ് ചെയ്തത്..
താൻ എന്തു മണ്ടത്തരമാണ് ചെയ്തത്..
ഏതായാലും താൻ ഡോർ ലോക്ക് ചെയ്താണ് പോന്നത്... അതിനാൽ പോയി കാണില്ല....
ഇനി ഒരു പക്ഷേ താൻ എണീക്കും മുമ്പ് പോയിക്കാണുമോ...
ഏയ്.. ഇല്ല....
അവളുടെ ഒരു ഡീറ്റയിൽസും ചോദിച്ചില്ല...
മോശമായിപ്പോയി...
ആ കണ്ണുകൾ ഇപ്പോഴും മനസ്സിൽ തെളിഞ്ഞു വരുന്നു...
ആ മുഖം പോലും കാണുവാൻ കഴിഞ്ഞില്ല...
എല്ലാം ഇന്നലത്തെ പാർട്ടി കാരണമാണ്....
ഇനി ഇപ്പോൾ എങ്ങനെ ഫ്ലാറ്റിലേക്ക് പോകും...
അച്ഛൻ ആണെങ്കിൽ ഇവിടെ ഇല്ല....
അച്ഛൻ ഇല്ലാതെ പുറത്ത് പോകുവാനും കഴിയില്ല....
നിവൃത്തിയില്ലാതെ തൃശ്ശങ്കുസ്വർഗ്ഗത്തിൽ എന്നതുപോലെ അയാൾ അന്ന് വൈകുന്നേരം എട്ടു മണിയാക്കി.....
ഓരോ മണിക്കൂറിനും ഓരോ ദിവസത്തിന്റെ ദൈർഘ്യമുള്ളതായി അയാൾക്ക് അനുഭവപ്പെട്ടു....
ഷോറൂം ക്ലോസ് ചെയ്ത് അയാൾ വേഗം ഫ്ലാറ്റിലേക്ക് പോകാനൊരുങ്ങി....
പോകുന്ന വഴിക്കാണ് രമ ഫുഡൊന്നും കഴിച്ചു കാണില്ലല്ലോ എന്ന് ഓർമ്മ വന്നത്....
വഴിയിൽ കണ്ട നല്ലൊരു ഹോട്ടലിൽ കയറി ഫ്രൈഡ് റൈസും ചിക്കനും പാർസൽ വാങ്ങി ധൃതിയിൽ അയാൾ വീണ്ടും യാത്ര തുടർന്നു....
എത്രയോ തവണ ഈ വഴി സഞ്ചരിച്ചിരിക്കുന്നു... പക്ഷേ ഇന്ന് എന്തോ ദൂരം കൂടിയതുപോലെ..
ഫ്ലാറ്റിലേക്ക് എത്തിയപ്പോഴാണ് അയാൾക്ക് ശ്വാസം വീണത്...
നീരജ് വേഗം ഡോർ തുറന്നു തന്റെ ബാഗ് അവിടെ കണ്ട സോഫയിലേക്കിട്ടു. പാർസൽ വാങ്ങിയ ഫുഡ് ഢൈനിംഗ് ടേബിളിൽ വെച്ച് വേഗം രമ കിടക്കുന്ന റൂമിൽ മുട്ടി വിളിച്ചു.
'രമെ.... ഡോർ തുറക്കൂ...'
അകത്തു നിന്നുള്ള ശബ്ദത്തിനായി അയാൾ ഒരു നിമിഷം വെയിറ്റ് ചെയ്തു...
'രമെ....'
അയാൾ ഡോർ ലോക്ക് പിടിച്ചു ഒന്നു തുറക്കാൻ ശ്രമിച്ചു....
ആ ഡോർ തുറന്നു കിടക്കുകയായിരുന്നു...
അയാൾ അകത്ത് നോക്കി... അവിടെ രമയെ കണ്ടില്ല...
ഇനി ബാത്ത്റൂമിൽ ആയിരിക്കുമോ...
നീരജ് ബാത്ത്റൂമിനരികിലായി നിന്ന് വീണ്ടും രമയെ വിളിച്ചു...
ഇല്ല....
അവിടെ ആരുമില്ല...
ബാത്ത്റൂമും ഓപ്പൺ ആയിരുന്നു...
അയാൾ ആകെ അസ്വസ്ഥനായി...
തന്റെ ഫ്ലാറ്റിന്റെ ഓരോ മുക്കിലും മൂലയിലും അയാൾ രമയെ തിരക്കി...
ഇല്ല...
അവിടെ ആരുമില്ല...
അവൾ പോയിരിക്കുന്നു...
എന്നാലും ഒരു വാക്ക് പോലും പറയാതെ....
അയാൾ വിഷാദത്തോടെ മറ്റൊരു സോഫയിൽ കണ്ണുകളടച്ചു പുറകിലേക്ക് ചാരി കിടന്നു.....
ആരാണവൾ....
ഇന്നലെ തന്റെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്നു വന്ന ആ വിടർന്ന കണ്ണുകൾ....!
കണ്ണടച്ചാൽ ആ കണ്ണുകൾ അയാളെ മാവടി വിളിക്കും പോലെ...
രമ....
നീ എവിടെ....
(തുടരും... എല്ലാ വായനക്കാർക്കും നവവത്സരാശംസകൾ നേർന്നു കൊള്ളുന്നു. അഭിപ്രായങ്ങൾ പറയുവാൻ മടിക്കരുതെ.. നന്ദി )

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക