Slider

നോവോര്‍മ്മകള്‍

0
Image may contain: 1 person, smiling, stripes and closeup

ഇലക്ട്രിക്ക് ലെെന്‍ പൊട്ടി വീണ് ആര്‍ക്കോ ഷോക്കേറ്റു എന്ന അറിയിപ്പ് കിട്ടിയിട്ടാണ് ലെെന്‍മാനായ പ്രകാശ് ലെെന്‍ ഓഫാക്കി സംഭവ സ്ഥലത്തേക്ക് കുതിച്ചത്..
അവിടെ എത്തിയപ്പോള്‍ ആളുകള്‍ കൂടി നില്‍ക്കുന്നതാണ് കണ്ടത്.. ആളുകളെ വകഞ്ഞു മാറ്റി നോക്കിയപ്പോള്‍ കണ്ട കാഴ്ച അയാളെ നടുക്കി..
ഷോക്കേറ്റ് വിറങ്ങലിച്ചു കിടക്കുന്ന ഒരു യുവതിയുടെ മൃത ശരീരം..
വീട്ടു പറമ്പില്‍ തേങ്ങ പെറുക്കി കൂട്ടുന്നതിനിടയില്‍ ലെെന്‍ പൊട്ടി ദേഹത്തേക്ക് വീഴുകയായിരുന്നത്രേ..
ആ കാഴ്ച കാണാനാവാതെ അയാള്‍ കണ്ണുകള്‍ ഇറുകെയടച്ചു.. തിരിഞ്ഞു നടക്കാന്‍ ഒരുങ്ങിയതായിരുന്നു അപ്പോഴാണ് ഒരു ഉള്‍വിളി തോന്നിയത്..
'അത്.. അവളാണോ..?'
അടുത്ത് ചെന്നു ഒന്നു കൂടി നോക്കി..
'ഈശ്വരാ.. അവള്‍ തന്നെ..'
പ്രകാശിന് സപ്തനാഡികളും തളരുന്നതു പോലെ തോന്നി.. അയാളുടെ മനസ്സില്‍ വികാര വിക്ഷോഭങ്ങളുടെ വേലിയേറ്റം നടന്നു..
'ഒരു കാലത്ത് തന്‍റെ എല്ലാമെല്ലാമായിരുന്നവള്‍.. അവളാണിപ്പോള്‍ മരവിച്ച് കിടക്കുന്നത്.. ഒരു തരത്തില്‍ പറഞ്ഞാല്‍ താനല്ലേ അവളുടെ ഈ അവസ്ഥയ്ക്ക് ഉത്തരവാദി..?'
അയാളുടെ ഓര്‍മ്മകള്‍ പുറകോട്ട് പായാന്‍ തുടങ്ങി .. അത് ചെന്ന് എത്തി നിന്നത് ഒരു ട്യൂട്ടോറിയല്‍ കോളേജിലെ ക്ളാസ് റൂമിനുള്ളിലായിരുന്നു..
ഹിസ്റ്ററി ക്ളാസ് എടുക്കുന്ന ചെറുപ്പക്കാരനായ പുതിയ അധ്യാപകന്‍.. താല്പര്യത്തോടെ കേട്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍..
രണ്ടാമത്തെ ബെഞ്ചില്‍ അറ്റത്തിരിക്കുന്ന ഒരു പെണ്‍കുട്ടി ക്ളാസില്‍ ശ്രദ്ധിക്കുന്നില്ല എന്ന് മാഷിന് തോന്നി..
അവളുടെ മനസ്സ് എവിടെയോ മേയുകയാണ്..
വലിയ കണ്ണുകളില്‍ വിഷാദം തളം കെട്ടി നില്‍ക്കുന്നതു പോലെ..
അയാള്‍ കുട്ടിയെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തി ചോദിച്ചു..
''എന്താ കുട്ടീ.. ഇയാള്‍ ഇവിടെയൊന്നുമല്ലല്ലോ.. സ്വപ്നം കാണാനാണോ ക്ളാസില്‍ വരുന്നത്..''
അവള്‍ ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു..
''എന്താണ് കുട്ടിയുടെ പേര് ?''
അയാള്‍ വീണ്ടും ചോദിച്ചു..
''രജനി..''
പതിഞ്ഞ ശബ്ദത്തില്‍ മറുപടി വന്നു..
''രജനിയ്ക്ക് ക്ളാസിലിരിക്കാന്‍ താല്പര്യമില്ലെങ്കില്‍ പുറത്തു പൊയ്ക്കോളു..''
അവള്‍ കരഞ്ഞു കൊണ്ട് പുറത്തേക്ക് നടന്നു..
പിറ്റേ ദിവസം അവള്‍ ക്ളാസില്‍ വന്നില്ല.. മറ്റു കുട്ടികളോട് ചോദിച്ചപ്പോള്‍ കിട്ടിയ വിവരം മാഷിനെ വല്ലാതെ നൊമ്പരപ്പെടുത്തി..
''പേപ്പട്ടിയുടെ കടിയേറ്റ് പേ വിഷബാധയുണ്ടായതു കൊണ്ട് അവളുടെ അച്ഛനെ സെല്ലില്‍ ഇട്ടിരിക്കുകയായിരുന്നു.. അയാള്‍ ഇന്നലെ രാത്രി മരിച്ചു..''
'ഇങ്ങനെയൊരു മാനസികാവസ്ഥയിലിരിക്കുന്ന കുട്ടിയെയാണല്ലോ താന്‍ ക്ളാസില്‍ നിന്നും ഇറക്കി വിട്ടത്..'
അയാള്‍ക്ക് എന്തെന്നില്ലാത്ത കുറ്റബോധം തോന്നി..
കുറ്റബോധത്തിന്‍റെ തീക്കനല്‍ മനസ്സിനെ പൊള്ളിക്കാന്‍ തുടങ്ങിയ ഒരു ദിവസം
അയാള്‍ അവളുടെ വീട് തിരക്കി കണ്ടുപിടിച്ചു അവിടേക്ക് ചെന്നു..
അച്ഛനില്ലാത്ത ആ വീട്ടില്‍ ആശയറ്റ് തളര്‍ന്നു കിടക്കുന്ന അമ്മയെയും അനിയത്തിമാരെയും ശുശ്രൂഷിക്കുകയായിരുന്നു അവള്‍..
ആകെപ്പാടെ മൂടിക്കെട്ടിയ അന്തരീക്ഷം..
അയാളെ കണ്ടപ്പോള്‍ അവളുടെ കണ്ണുകള്‍ ഇടമുറിയാതെ പെയ്യുന്ന ഇടവപ്പാതിയായി..
അവളെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ അയാള്‍ ഉരുകുകയായിരുന്നു..
ഒടുവില്‍ എങ്ങനെയോ കിട്ടിയ ധെെര്യത്തില്‍ ഇത്രയും പറഞ്ഞൊപ്പിച്ചു..
''രജനി നാളെ മുതല്‍ ക്ളാസില്‍ വരണം.. കോളേജിലേക്ക് വന്നാല്‍ മനസ്സിന് കുറച്ച് ആശ്വാസം കിട്ടും..''
അവള്‍ ഉത്തരമൊന്നും പറയാതെ നിറഞ്ഞ കണ്ണുകളുയര്‍ത്തി അയാളെ ഒന്നു നോക്കുകമാത്രം ചെയ്തു..
അവിടുന്ന് ഇറങ്ങി നടന്നപ്പോള്‍ വര്‍ദ്ധിച്ച സങ്കടത്താല്‍ അയാളുടെ ഹൃദയം കനം തൂങ്ങി..
പിന്നെയും രണ്ടു ദിവസം കഴിഞ്ഞാണ് അവള്‍ ക്ളാസില്‍ വരാന്‍ തുടങ്ങിയത്..
ആരോടും കൂട്ടുകൂടാതെ തനിച്ചിരിക്കാനാണ് അവള്‍ ശ്രമിച്ചത്..
ഒരു ദിവസം ക്ളാസില്‍ അവള്‍ തനിച്ചിരിക്കുമ്പോള്‍ അയാള്‍ അരികിലെത്തി.. അവളോട് വീട്ടിലെ കാര്യങ്ങളൊക്കെ ചോദിച്ചു..
അതുവരെ ആരോടും പറയാതെ മനസ്സിലടക്കി വെച്ച വേദനകള്‍ അയാളുടെ മുന്‍പില്‍ തുറന്നു കാണിച്ചപ്പോള്‍ അവള്‍ വിതുമ്പിപ്പോയി..
അമ്മയുടെ സഹോദരന്‍മാരുടെ ചെലവിലുള്ള ജീവിതവും അവരുടെ ഭാര്യമാരുടെ കുത്തുവാക്കുകളുമൊക്കെ അവളുടെ കണ്ണീരിനൊപ്പം ഒഴുകി വന്നു..
അവളെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ അയാള്‍ ഉഴറി..
പക്ഷേ പിന്നീടൊരിക്കലും തനിച്ചിരിക്കാന്‍ അയാള്‍ അവളെ അനുവദിച്ചില്ല..
എപ്പോഴും കൂടെത്തന്നെ നിന്നു അവളുടെ ദുഃഖങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു..
അതിനിടയില്‍ അവരുടെ മനസ്സുകള്‍ തമ്മിലടുത്തത് അവരറിഞ്ഞതേയില്ല.. പറയാതെ അറിയാതെ പ്രണയം മൊട്ടിടുകയായിരുന്നു..
അവളാണ് അത് ആദ്യം തുറന്നു പറഞ്ഞത്.. മറുത്തൊന്നും പറയാതെ അയാളും സമ്മതിച്ചു കാരണം അയാളും അതാഗ്രഹിച്ചിരുന്നു..
അങ്ങനെ കണ്ണുകള്‍ തമ്മില്‍ കഥ പറഞ്ഞുകൊണ്ട് ആരുമറിയാതെ അവരുടെ പ്രണയവഞ്ചി അനുരാഗ നദിയിലൂടെ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു..
അപ്പോഴാണ് ഒരു കൊടുങ്കാറ്റു വീശിയടിച്ചത്. അതില്‍ പെട്ട് ആ വഞ്ചി ആടിയുലഞ്ഞു..
അവളുടെ അമ്മാവന്‍ അവള്‍ക്ക് ഒരു വിവാഹാലോചന കൊണ്ടു വന്നിരിക്കുന്നു..
അവള്‍ കരഞ്ഞു കൊണ്ട് അയാളുടെ മുന്‍പിലെത്തി പറഞ്ഞു..
''ഞാന്‍ കൂടെ ഇറങ്ങി വരാം.. എങ്ങോട്ടാണെങ്കിലും.. എന്നെ വിട്ടു കളയരുത്..''
ഒരു നിമിഷത്തെ ആവേശത്തില്‍ അയാള്‍ അവളെ ചേര്‍ത്തു പിടിക്കാനൊരുങ്ങി..
പെട്ടെന്ന് അയാളുടെ വിവാഹ പ്രായം കഴിഞ്ഞു നില്‍ക്കുന്ന രണ്ടു സഹോദരിമാരുടെ മുഖം മനസ്സില്‍ തെളിഞ്ഞു..
നീട്ടിയ കെെകള്‍ പിന്‍വലിച്ച് അയാള്‍ പുറകോട്ട് മാറി..
ഒന്നും മനസ്സിലാകാതെ പകച്ചു നിന്നുപോയ അവളോട് അയാള്‍ തന്‍റെ നിസ്സഹായവസ്ഥ വിവരിച്ചു..
ഒപ്പം ആ വിവാഹത്തിനു സമ്മതിക്കണമെന്ന അഭ്യര്‍ത്ഥനയും..
എല്ലാം കേട്ടു കഴിഞ്ഞ് ഒരക്ഷരം മിണ്ടാതെ അവള്‍ തിരിഞ്ഞു നടന്നു.. ആ നടത്തം ചെന്നവസാനിച്ചത്‌ കതിര്‍മണ്ഡപത്തിലേക്കായിരുന്നു.. ഇഷ്ടമില്ലാത്ത പുരുഷന് മുന്‍പില്‍ അവള്‍ കഴുത്ത് നീട്ടിക്കൊടുത്തു..
ആംബുലന്‍സും പോലീസ് വാഹനങ്ങളും വന്നു നിന്ന ശബ്ദം പ്രകാശിന്‍റെ ഓര്‍മ്മകളുടെ തേരോട്ടത്തെ മുറിച്ചു..
അവളുടെ നിശ്ചലമായ ദേഹം ആംബുലന്‍സില്‍ കയറ്റുന്നതു കണ്ടപ്പോള്‍ അയാള്‍ കരച്ചിലടക്കാന്‍ പാടുപെട്ടു..
അവിടുന്ന് ഇറങ്ങി നടന്നപ്പോള്‍ അയാളുടെ മനസ്സു നിറയെ വെറുപ്പ് നിറയുകയായിരുന്നു.. നിവര്‍ത്തികേടു കൊണ്ടൊണെങ്കിലും നിഷ്കളങ്കയായ ഒരു പെണ്ണിനെയും അവളുടെ പ്രണയത്തെയും കെെവിട്ടുകളഞ്ഞതിനു അയാള്‍ അയാളെത്തന്നെ വെറുത്തു..
എന്തൊക്കെയോ പുലമ്പിക്കൊണ്ട് അയാള്‍ ലക്ഷ്യബോധമില്ലാതെ മുന്നോട്ട് നടന്നു..
അജിന സന്തോഷ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo