വില്ലൻ
ഏട്ടാ ഫോർമാലിറ്റീസ് ഒക്കെ പൂർത്തിയായോ?
ഏട്ടാ ഫോർമാലിറ്റീസ് ഒക്കെ പൂർത്തിയായോ?
പെട്ടിയിൽ തുണി അടുക്കി കൊണ്ട് ശ്രീക്കുട്ടി ചോദിച്ചു.
ഉം.. കട്ടിലിൽ കിടന്ന് കൈകാലിട്ടടിക്കുന്ന കുഞ്ഞിനെ നോക്കി ശബരി മൂളി.
ഏട്ടനിതെന്തു പറ്റി, ഒരു മൂഡ് ഓഫ്.
നിനക്കറിയില്ലേ?
ഇതെല്ലാം വളരെ ചിന്തിച്ചെടുത്ത തീരുമാനമല്ലേ? പിന്നിപ്പൊ ഈ അവസാന നിമിഷം ?
പത്തിരുപത് വർഷായില്ലേ ഇവിടെ. ഈ വീടും നാടും വിട്ട്. വല്ലാത്ത വിമ്മിഷ്ടം.
എനിക്കില്ലാഞ്ഞിട്ടാണോ ഏട്ടാ. ഇവിടെ നിൽക്കാൻ പറ്റാത്ത അവസ്ഥ അല്ലേ?
ഞാനാണ്, എന്റെ കുടിയാണ് എല്ലാത്തിനും കാരണം. എന്റെ ശ്രീയെ ഞാൻ ഒരു പാട് വേദനിപ്പിച്ചു.
പോട്ടെ ഏട്ടാ, ഏട്ടൻ തിരിച്ചറിഞ്ഞല്ലോ.
എടീ, ഇന്ന് നമുക്ക് ആരും ഇല്ലാണ്ടായില്ലേ? അച്ഛനും അമ്മയും പോലും..
എത്ര തവണ ഞാൻ ഏട്ടനോട് പറഞ്ഞതാ, അച്ഛനോടും അമ്മയോടുമെങ്കിലും മര്യാദ വിട്ട് സംസാരിക്കരുതെന്ന്. ഏട്ടനെന്തൊക്കെയാ ആ പാവങ്ങളെ വിളിച്ചത്, എനിക്കോർക്കാൻ കൂടെ വയ്യ. എന്റെ അച്ഛനമ്മമാരും ബന്ധുക്കളും എല്ലാം നമുക്കെതിരായി . കൂടപ്പിറപ്പുകളും നമ്മെ മനസ്സിലാക്കിയില്ല. പക്ഷെ എനിക്കറിയാമായിരുന്നു, എന്റെ ഏട്ടൻ പാവമാണെന്ന്, ഇത് ഉള്ളിലെത്തുന്ന വില്ലന്റെ വില്ലത്തരമാണെന്ന്. ആരൊക്കെ തളളിപ്പറഞ്ഞാലും എനിക്ക് തള്ളിപ്പറയാൻ പറ്റില്ലല്ലോ. എന്റെ ഏട്ടനെ എനിക്കത്രയ്ക്ക് ഇഷ്ടാ. പണ്ട് കല്യാണ ആലോചന വന്നപ്പൊ ജോത്സ്യൻ പറഞ്ഞതോർമ്മയുണ്ടോ? ജന്മജന്മങ്ങളായിട്ടുള്ള ബന്ധമാണ് നമ്മളുടേതെന്ന്.
തുണി മടക്കി കൊണ്ടിരുന്ന അവളുടെ കൈകളിലെ തെളിഞ്ഞു നിന്ന പാട് അവൻ അടുത്ത് ചെന്ന് തലോടി. ആ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
പോട്ടെ ഏട്ടാ. നമുക്കിതൊക്കെ മറക്കാം. ഈ പാടൊക്കെ നാളെ മാറും. പക്ഷെ വേണ്ടതിനും വേണ്ടാത്തതിനുമൊക്കെ മുഖവും ബന്ധവും നോക്കാതെ ഏട്ടൻ ബഹളവും വഴക്കും കൂട്ടിയത് ആരും മറക്കില്ല. ഭാഗ്യത്തിന് സ്ഥലമാറ്റം കിട്ടിയല്ലോ നമുക്കവിടെ ഒരു പുതിയ ജീവിതം തുടങ്ങാം. ആരും കൊതിച്ചിരുന്ന നമ്മുടെ പഴയ ആ കൊച്ചു ജീവിതം.
എന്താണ് തിരിച്ചു പറയേണ്ടതെന്നറിയാതെ അയാൾ അവളെ മാറോടണച്ചു. അവരുടെ കൊച്ചു മകൻ അവരെ നോക്കി നിഷ്കളങ്കമായ പുഞ്ചിരി തൂകി. അവർ രണ്ടു പേരും കരയുകയായിരുന്നു.
ട്രയിൻ വേഗത്തിൽ കുതിച്ചു തുടങ്ങി. പകൽ ഇരുട്ടിന്റെ മേലാപ്പണിഞ്ഞു.
ശബരി ഇരിപ്പിടത്തു നിന്ന് എഴുന്നേറ്റു. ശ്രീക്കുട്ടി പെട്ടെന്ന് കുഞ്ഞിനെ ഒരു കൈ കൊണ്ട് താങ്ങി മറ്റേ കൈയ്യിട്ടയാളെ ഇറുക്കെ പിടിച്ചു .
ശബരി ഇരിപ്പിടത്തു നിന്ന് എഴുന്നേറ്റു. ശ്രീക്കുട്ടി പെട്ടെന്ന് കുഞ്ഞിനെ ഒരു കൈ കൊണ്ട് താങ്ങി മറ്റേ കൈയ്യിട്ടയാളെ ഇറുക്കെ പിടിച്ചു .
ഞാനൊന്നു ടോയ്ലറ്റിൽ പോയിട്ടു വരാം.
ശ്രീയുടെ നോട്ടത്തിൽ ഒരു വേദന അയാൾക്ക് അനുഭവപ്പെട്ടു. എന്നിട്ടും അവളുടെ കൈകൾ വിടുവിച്ച് അയാൾ നടന്നു. ട്രയിനിന്റെ വാതിക്കലെത്തി. ശ്രീക്കുട്ടി കാണാതെ ഒളിപ്പിച്ച് വച്ചിരുന്ന ആ കുഞ്ഞു കുപ്പി പോക്കറ്റിൽ പരതി. ഉണ്ട്, അവിടെ തന്നുണ്ട്. ഭാഗ്യം, അവളുടെ വേവലാതി കണ്ടപ്പോൾ കണ്ടു എന്നാണ് കരുതിയത്. വയ്യ, ഇനി ഈ ശീലം മാറില്ല. അവളെയും മോനേയും ഇഷ്ടമില്ലാഞ്ഞിട്ടല്ല. എത്ര കഷ്ടപ്പെട്ടാ കഴിഞ്ഞ ഒരാഴ്ച്ച കുടിക്കാത്തിരുന്നത്. ഇനി നിറുത്താൻ എന്നെ കൊണ്ട് പറ്റില്ല. കൂടെ വേറെന്തോ കൂടി തടയുന്നല്ലോ. ഒരു കടലാസ്സ്. അയാളത് തുറന്നു നോക്കി.
" ഏട്ടാ, ഞാൻ കണ്ടിരുന്നു പോക്കറ്റിലെ കുപ്പി. സ്നേഹം കൊണ്ട് എല്ലാം മാറ്റിയെടുക്കാമെന്ന് വിചാരിച്ച വിഡ്ഢിയാണ് ഞാൻ. ഞാൻ തോറ്റു ഏട്ടാ. ഏട്ടനെന്നെ തോൽപ്പിച്ചു. എപ്പോഴത്തേയും പോലെ. പലപ്പോഴും പണ്ട് ഏട്ടൻ പുറത്തു പോകുമ്പോൾ അമ്മ പറയും കുടിച്ചിട്ടാവും വരുന്നതെന്ന്. ഞാൻ തർക്കിക്കും ഇല്ലെന്ന്. എന്നിട്ട് ദൈവത്തോട് കരഞ്ഞു പ്രാർത്ഥിക്കും, പക്ഷെ എപ്പോഴും ഞാൻ തോൽക്കും. ഇനിയും പരീക്ഷണങ്ങൾക്ക് ബാക്കി വയ്ക്കാൻ എനിക്കീ ജീവിതം വേണ്ട. ഏട്ടനില്ലാതെ ജീവിക്കാൻ എനിക്കാവില്ല. പക്ഷെ ഞാനില്ലാതെ ജീവിക്കാൻ ഏട്ടനീ കുപ്പി മതിയാകും. ഞാനും നമ്മുടെ മകനും ഈ ട്രയിനിന്റെ മറ്റൊരു ബോഗിയുടെ വാതിക്കലുണ്ട്. ഞങ്ങൾ പോവുകയാണ് ഏട്ടാ. അടുത്ത ജന്മത്തിൽ വീണ്ടും ഏട്ടന്റ ഭാര്യയാകാൻ കൊതിച്ചു കൊണ്ട്.
ഏട്ടന്റെ മാത്രം ശ്രീ ."
ഏട്ടന്റെ മാത്രം ശ്രീ ."
കൈയ്യും കാലും മരവിച്ച പോലെ. നിമിഷാർത്ഥം കൊണ്ട് ബോധം തിരിച്ചു പിടിച്ചു. കൈയ്യിലുണ്ടായ കുപ്പി പുറത്തേക്ക് വലിച്ചെറിഞ്ഞ്, അയാൾ ഓടി. സീറ്റിൽ അവർ ഇല്ല. അയാൾ വീണ്ടും ഓടി. ബോഗിയുടെ വാതിൽക്കൽ ആളുണ്ടായ കൊണ്ടാവണം അടുത്ത ബോഗിയിലേക്ക് നീങ്ങി കൊണ്ടിരുന്ന അവളെ അയാൾ പിടിച്ചു നിറുത്തി. ഉള്ളിലുണ്ടായ വികാര വിക്ഷോഭം കാരണം അവളുടെ കരണത്തിൽ ആഞ്ഞടിച്ചു. അവൾ കരഞ്ഞു കൊണ്ട് അയാളുടെ മാറത്ത് ചാഞ്ഞു. കുഞ്ഞിനേയും അവളേയും മാറോട് ചേർത്ത് അയാളും ഒന്നുമറിയാതെ അവളുടെ ഒക്കത്തിരുന്ന കുഞ്ഞും ഉറക്കെ കരഞ്ഞു. ആ കരച്ചിലിന് പക്ഷെ എന്തോ നല്ല ചേലുണ്ടായിരുന്നു. അതിനിടയിൽ അയാൾ പറഞ്ഞൊപ്പിച്ചു:
"വരും ജന്മങ്ങളിൽ മാത്രമല്ല ഈ ജന്മത്തിലും എനിക്ക് നിന്നോടൊപ്പം കഴിയണം കുറേയേറെ വർഷങ്ങൾ. എന്നെ സ്നേഹിച്ചു നിനക്കു മതിയായോ പെണ്ണേ?"
അവൾ കൂടുതൽ ശക്തിയോടെ അയാളെ പുൽകി നിന്നു, ഇനി ഒരിക്കലും അടർന്നു പോകാതിരിക്കാനെന്ന വണ്ണം.
...ഇന്ദു പ്രവീൺ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക