Slider

ചിദംബര സന്ധ്യകൾ

0


" ഉൽപ്പത്തിയുടെ ഗർഭ ഗൃഹമായതുകൊണ്ടാവാം എല്ലാ മാനുഷിക ചോദനകളെയും എക്കാലവും പ്രചോദിപ്പിക്കുന്ന അത്ഭുതങ്ങളുടെ കലവറയായി കടൽ നിലകൊള്ളുന്നത്. ബലഹീനനായ മനുഷ്യന്റെ സ്വപ്നങ്ങളെയും കാമനകളെയും കണ്ണീരിനെയും കലിയേയും ഒരു തിരയുടെ ശാന്തതയിൽ തലോടുകയും രൗദ്രതയിൽ തകർക്കുകയും ചെയ്യുന്നു ശക്തി സ്വരൂപിണിയും രത്നഗർഭയുമായ കടൽ .\"

\" കന്യാകുമാരിയിലെ ചിദംബര സന്ധ്യകൾ \"

ബോധമുറച്ച ബാല്യത്തിലെന്നോയൊരു നാളാണ് ഞാൻ സഹോദരങ്ങൾക്കൊപ്പം കന്യാകുമാരിയിൽ ആദ്യമായി ബസ്സിറങ്ങിയത്. ആ കൽപ്പടവുകൾ ഓരോന്നായിറങ്ങുമ്പോൾ പുസ്‌തകങ്ങളിൽ മാത്രം കണ്ടുപരിചയിച്ച കടൽ കൗതുകങ്ങൾ ചിപ്പികളായും ശംഖുകളായും മുത്തുമാലകളായും കടൽചേനകളായും ഓരോ കൂടകളിൽ വഴികൾക്കിരുവശവും നിരന്നിരുന്നു. അതിനു കാവലായി എനിക്കൊപ്പമോ എന്നേക്കാൾ മുതിർന്നതോ ആയ എണ്ണമയം അടുത്തകാലത്തൊന്നും നുണഞ്ഞിട്ടില്ലാത്ത കാറ്റത്തു പാറിപ്പറക്കുന്ന ചെമ്പൻ മുടിയുള്ള ആൺ പെൺ വ്യത്യാസമില്ലാത്ത കുറെ കടൽ ജീവിതങ്ങളും. എന്നിട്ടും എന്ത് ആവേശത്തോടെ പ്രീതീക്ഷയോടെ അവർ ജീവിതത്തെ നേരിടുന്നു..!! പത്മനാഭൻ കഥയിലെ \" പ്രകാശം പരത്തുന്ന പെൺകുട്ടിയെ പോലെ.\" പകലു മുഴുവൻ വെയിലുകൊണ്ടിട്ടും , കുട്ടയുടെ ഒരു ഭാഗം പോലും കാലിയാകാത്ത നിരാശയിലും ഓരോ സന്ദർശകനോടും പ്രതീക്ഷയുടെ നൂറു നക്ഷത്രങ്ങൾ വിരിയിച്ച കണ്ണുകളുമായി ചെറുപുഞ്ചിരിയോടെ കുശലം പറയുന്ന ഈ ബാല്യങ്ങൾ ഉണ്ടല്ലോ അവരാണ് പ്രത്യാശയുടെ, കരളുറപ്പിന്റെ അരുണകിരണങ്ങൾ. ഒരു കറുത്തവാവിന്റെ നിറംമാറ്റത്തിൽ ചൂളിപോകുന്ന നാം അവർക്കു മുൻപിൽ എത്ര നിസ്സാരർ. അനുഭവങ്ങളുടെ ചൂളയിലുരുകി അവർ സൃഷ്ടിക്കുന്ന പ്രകാശമുണ്ടല്ലോ അതാണ് ആത്മഹത്യാമുനമ്പിലെ ശുക്രനക്ഷത്രങ്ങൾ.

അവിചാരിതമായ ആ കന്യാകുമാരി യാത്ര എല്ലാ കടൽ സന്ദർശനത്തെയും പോലെ ഒരു സൂര്യാസ്തമയത്തിലൊടുങ്ങി. എങ്കിലും എനിക്കൊപ്പം ആ ഓർമ്മകളും വളർന്നു. എന്റെ പുലരികളിൽ.. സന്ധ്യകളിൽ... കന്യാകുമാരി യൗവനയുക്തയായ സ്ത്രീയെപ്പോലെ അനുദിനം അനുഭൂതികളുടെ തിരമാലകൾ നിറച്ചുകൊണ്ടേയിരുന്നു. ഞാനുമലിയുകയായിരുന്നു ആ സന്ധ്യകളിൽ ...!!!
ആ ആലിംഗന നിർവൃതികളിൽ..!!!
കാലമെത്ര കടന്നുപോയി ഞാനും നീയും എന്തോരം മാറിപ്പോയി.എങ്കിലും എന്റെ ഉപബോധമനസ്സിൽ നീയാ വിവേകാനന്ദപ്പാറ പോലെ ഉറച്ചുതന്നെനിന്നു ഒരു മറവിക്കും തകർക്കാൻ കഴിയാത്ത ഉയരത്തിൽ...ആഴത്തിൽ..!!! ഒരിക്കൽ ഞാൻ വരും എന്റെ പ്രീയപ്പെട്ടവളുമായി..!!! എന്റെ നിത്യകാമുകിയായ നിന്റെ ചാരത്തു ഞങ്ങൾ ചേർന്നിരിക്കും മനസ്സിൽ കാത്തുവെച്ച അനുഭൂതികളുടെ കടലിരമ്പങ്ങൾ നിന്റെ മാർത്തട്ടിൽ അലിയിച്ചു ചേർത്തുകൊണ്ട്.
അത് ഒരു സ്വപ്നമാണ്...!!! ഈ ജന്മത്തിൽ പൂർത്തിയാകാത്ത അടുത്ത ജന്മത്തിലേക്ക് മാറ്റിവെച്ച സ്വപ്നം. അതെ എന്റെ ജന്മാന്തര മോഹങ്ങളുടെ ... മോഹഭംഗങ്ങളുടെ നിലയ്ക്കാത്ത തിരയാണ് നീ. കഴിഞ്ഞ രാത്രിയിലും ഞാൻ നിന്റെ ഓരത്ത്‌ ഒറ്റയ്ക്കിരിക്കുന്നു ആ ഓർമ്മകളുടെ ഓളപ്പരപ്പിലേയ്ക്ക് കണ്ണുംനട്ട്.
നീ നിറകണ്ണുകളോടെ എന്റെ പാദങ്ങളെ ചുംബിച്ചു പിൻവലിഞ്ഞു....!!!
വിട്ടുകൊടുക്കലിന്റെയും ആത്മരാഗത്തിന്റെയും വലിയ വലിയ കടൽ സത്യങ്ങൾ എന്നെ ഓർമ്മപ്പെടുത്തിക്കൊണ്ട്

\"എങ്കിലും ഞാൻ പിന്നെയും കാത്തിരിക്കുന്നു
മനസ്സിൽ മോഹങ്ങളുടെ കടുംചായക്കൂട്ടുകൾ സമ്മാനിച്ച ചിദംബരസന്ധ്യകൾ സ്വപ്നം കണ്ട് . \"


By: Manoj P
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo