Slider

ആദ്യ സർട്ടിഫിക്കറ്റ്(‌ last part)

0

ആദ്യ സർട്ടിഫിക്കറ്റ്(‌ last part)
••••••••••••••••••••••••••••••••••
പുതിയ അധ്യയന വർഷം ആരംഭിച്ചു.
സ്കൂളിലും ഞങ്ങൾക്കും പല മാറ്റങ്ങളും ഉണ്ടായി.
സ്കൂളിനൊരു പുതിയ ആസ്ബറ്റോസ്‌ കെട്ടിടം ‌ പണിതു. ഞങ്ങൾക്ക്‌ ഉപ്പ്‌ മാവിനു പകരം കഞ്ഞിയും പയറും ആയി. കഞ്ഞി വെക്കാൻ എന്റെ സ്വന്തം അച്ചമ്മ നാടാടെ "കഞ്ഞിയച്ചമ്മ" ആയി നിയുക്തയുമായി.
ക്ലാസ്സ്‌ മുറിയിൽ "ആണെന്നും പെണ്ണെന്നും "വിഭജനം വന്നു. വെച്ച്‌
എഴുതുന്നതിനു ചെറിയ ഡെസ്കുകളും കിട്ടി. പേന കൊണ്ട്‌ എഴുതണം എന്ന നിർബന്ധം ഉണ്ടായി. അങ്ങനെ ആകെ മാറ്റങ്ങളുടെ നാലാം ക്ലാസ്സ്‌.
ശാരദ ടീച്ചർ കർശ്ശനക്കാരി ആണെന്ന് അറിഞ്ഞിരുന്നെങ്കിലും ഇത്രക്ക്‌ പ്രതീക്ഷിച്ചില്ല. ഒന്ന് ചിരിക്കുന്നത്‌ പോലും അപൂർവ്വം. പഠിപ്പിക്കുന്നതിലല്ലാതെ മറ്റൊരു കാര്യവും ഇഷ്ടമല്ല, ശ്രദ്ധിക്കാൻ വിടില്ല. ക്ലാസ്സിൽ ലേറ്റായാൽ, ഹോംവർക്ക്‌ ചെയ്തില്ലേൽ, പഠിച്ച്‌ വരാൻ പറഞ്ഞത്‌ പഠിച്ചില്ലെങ്കിൽ എന്ന് വേണ്ട മിക്ക ദിവസവും ചൂരലിന്റെ ശീൽക്കാരങ്ങളോടെ ആവും ക്ലാസ്സ്‌ ആരംഭിക്കുന്നത്‌. അടിക്കുമ്പോ ടീച്ചറുടെ മുഖം കണ്ടാൽ തന്നെ പാതി അടികിട്ടിയത്‌ പോലാവും. അത്രയും ക്രൗര്യമായിരുന്നു മുഖത്ത്‌. എത്ര നന്നായി പതിക്കുന്നവരെയും കൂടുതലായി പ്രോൽസാഹിപ്പിക്കുന്ന രീതി ടീച്ചർക്ക്‌ ഇല്ലായിരുന്നു. ക്ലാസ്സിലെ പേടി കൊണ്ട്‌ തന്നെ കുട്ടികൾ സ്കൂളിൽ മുഴുവൻ ഭയപ്പാടോടെ ഉള്ള അച്ചടക്കം ശീലിച്ച്‌ തുടങ്ങിയിരുന്നു.
ടീച്ചർ കഞ്ഞി വിളമ്പാൻ ഉള്ള ദിവസം ചമ്രം പടഞ്ഞിരുന്ന് അച്ചടക്കത്തോടെ കഞ്ഞി കുടിച്ച്‌ പോകുന്ന രംഗം ഇപ്പൊളും മനസ്സിലുണ്ട്‌. അഥവാ പാത്രമോ സ്പൂണോ നിലത്ത്‌ വീഴുകയോ ശബ്ദമുയരുകയോ ചെയ്താൽ ആദ്യം ആ കക്ഷി നോക്കുന്ന മുഖം ടീച്ചറുടേതാവും. മൂന്നാം ക്ലാസ്സ്‌ വരെ കുരുത്തക്കേടിന്റെ എവറസ്റ്റ്‌ നിരങ്ങിയ ഞാനടക്കം പലരും ഡീസന്റായി. എനിക്കാണേൽ അച്ചമ്മ കാണും ന്നുള്ള ഭയം കൂടി ആയപ്പോ ഞാൻ കുറച്ച്‌ കൂടുതൽ വിനയാന്വിതനായി. എന്റെ മുഖലക്ഷണം കൊണ്ടാണോന്നറിയില്ല എന്ത്‌ പഠിച്ചൂന്നും എഴുത്തീന്നും പറഞ്ഞാലും ടീച്ചർ ചോദിക്കും "പിന്നെ എന്താ നിനക്കൊരു കള്ളലക്ഷണം " ന്ന്.
അത്‌ കൂടുതൽ വിനയം വരുത്താൻ വേണ്ടി ഞാൻ പാവം ആയി നോക്കുന്നത്‌ കൊണ്ട്‌ തോന്നുന്നയാണെന്ന് പിന്നീടാണെനിക്ക്‌ മനസ്സിലായത്‌.
ക്ലാസ്സും പഠിപ്പും സുഗമമായി മുന്നോട്ട്‌ പോകുന്നു. എല്ലാവർക്കും പഠിക്കണമെന്നും ഇല്ലെങ്കിൽ അടുത്തുള്ള സ്കൂളിൽ അഞ്ചാം ക്ലാസ്സിൽ എടുക്കില്ലാന്നുമുള്ള ചിന്ത എല്ലാരുടെയും മനസ്സിൽ കയറി തുടങ്ങി. കാൽ കൊല്ലപരീക്ഷ കഴിഞ്ഞു എല്ലാവർക്കും മെച്ചപ്പെട്ട മാർക്കും കിട്ടി.
അങ്ങനെ ഇരിക്കെ ആണു ഒരു ദിവസം വൈകുന്നേരം ടീച്ചർ നാളെ ഒരു പരീക്ഷ ഉണ്ട്‌ എല്ലാരും തയ്യാറായി വരണം എന്ന് പറഞ്ഞത്‌. പരീക്ഷക്ക്‌ എന്തോ പേരും പറഞ്ഞു.
എന്താണു പഠിക്കേണ്ടത്‌ എന്ന് ആരും ചോദിച്ചില്ല. ടീച്ചർ പറഞ്ഞുമില്ല. പിറ്റേന്ന് രാവിലത്തെ ഇന്റർബെൽ കഴിഞ്ഞ ഉടനെ ക്ലാസ്സിൽ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ നടന്നു. മറ്റുള്ള പരീക്ഷകളിൽ നിന്ന് വ്യത്യസ്ഥമായി ഈ പരീക്ഷക്ക്‌ പുറത്ത്‌ നിന്ന് ഒരാളും കൂടി നോക്കാൻ ഉണ്ടായിരുന്നു. അയാളെ സഹായിക്കാൻ ശാരദ ടീച്ചറും രാധടീച്ചറും.
പരീക്ഷ ചോദ്യപ്പേപ്പറിന്റെ മുകളിൽ ഉണ്ടായിരുന്നു "യുറീക്ക പരീക്ഷ" എന്ന്.
എല്ലാരും ഭംഗിയായി പരീക്ഷ എഴുതി.
പിറ്റേന്ന് ക്ലാസ്സിൽ വച്ച്‌ ടീച്ചർ ആ പരീക്ഷാഫലം പ്രഖ്യാപിച്ചു.
എനിക്കാണു കൂടുതൽ മാർക്ക്‌. അതിൽ വലിയ കാര്യമൊന്നും തോന്നിയില്ലെങ്കിലും വൈകുന്നേരം ശാരദടീച്ചർ അടുത്ത്‌ വിളിച്ചിട്ട്‌ പറഞ്ഞു.
"നാളെ മുതൽ വൈകുന്നേരം സ്കൂൾ വിട്ട്‌ വരാൻ വൈകുമെന്ന് വീട്ടിൽ പറയണം. ഈ പരീക്ഷയുടെ അടുത്ത ഘട്ടത്തിൽ പങ്കെടുക്കുന്നതിനു തയ്യാറാവാൻ ആണു. തലശ്ശേരി വച്ചാ പരീക്ഷ" ന്ന്.
അടുത്ത ഘട്ടവും പരീക്ഷയുമൊന്നുമല്ല എന്നെ സന്തോഷിപ്പിച്ചത്‌. തലശ്ശേരി കാണാലോന്നുള്ള ചിന്ത മാത്രാരുന്നു.
വീട്ടിൽ വലിയ വീരവാദത്തോടെ അമ്മയോട്‌ അവതരിപ്പിച്ചപ്പൊ അമ്മ ഇതൊക്കെ നേരത്തെ അറിഞ്ഞൂന്നൊരു മട്ട്‌.
ടീച്ചർ അച്ചമ്മയോട്‌ ആദ്യേ പറഞ്ഞിരുന്നുന്ന് പിന്നെ മനസ്സിലായി.
പിറ്റേന്ന് ക്ലാസ്സ്‌ കഴിഞ്ഞു. ഞാനും ടീച്ചറും മാത്രം ക്ലാസ്സിൽ. ടീച്ചർ എന്നെ മുന്നിലെ ബഞ്ചിൽ ഇരുത്തി ബാഗിൽ നിന്നും ഒരു വലിയ പുസ്തകം. ഏകദേശം അച്ചമ്മയുടെ രാമായണം കണക്കുള്ള ഒരു പുസ്തകം തന്നിട്ട്‌ പറഞ്ഞു. ഇത്‌ മുഴുവനും പഠിക്കണം.രണ്ടാഴ്ചയേ ഉള്ളൂ പരീക്ഷക്ക്‌ എന്ന്.
എന്റെ കണ്ണു രണ്ടും തള്ളി പോയി. ഒന്ന് നാലു മണിക്ക്‌ വീട്ടിലെ വഴിയിൽ നിന്നേ വിശക്കുന്നു എന്ന് നിലവിളിക്കുന്ന എന്റെ വയറിലെ തീ. എരിതീയിൽ എണ്ണ പോലെ ഈ പുസ്തകം.
ഞാൻ ആകെ എരിപിരി കൊള്ളാൻ തുടങ്ങി. എന്റെ മനസ്സിനെ കഞ്ഞിയും പയറും ആക്രമിക്കാൻ തുടങ്ങി. ഇത്‌ കണ്ട്‌ ടീച്ചർ മെല്ലെ ചോദിച്ചു.
"നിനക്കെന്താ മൂത്രമൊഴിക്കാൻ മുട്ടുന്നുണ്ടോ"?
അതാണെങ്കിൽ അത്‌. കുറച്ച്‌ നേരം പുറത്തിറങ്ങുകയെങ്കിലും ചെയ്യാന്നു കരുതി ഞാൻ പറഞ്ഞു "ആ പോണം"ന്ന്.
അത്‌ കഴിഞ്ഞ്‌ വന്നിട്ടും ശ്രദ്ധ എവിടെയോ ആണെന്ന് കണ്ട ശാരദടീച്ചറുടെ മുഖം വലിഞ്ഞു മുറുകി. ദേഷ്യം പിടിച്ച്‌ എന്നോട്‌ എന്തോ ചോദിച്ചപ്പൊ എന്റെ നിയന്ത്രണം വിട്ടുപോയി.
"എനിക്ക്‌ പയ്ക്ക്ന്ന്". കണ്ണു നിറഞ്ഞോന്ന് ഒരു സംശയം. അപ്പൊളാ ടീച്ചറും അത്‌ ശ്രദ്ധിച്ചേ.
"ആ എന്നാ ഇന്ന് പോയ്ക്കോളൂ." ഞാൻ സന്തോഷത്തോടെ വീട്ടിലേക്ക്‌ മടങ്ങി.
വയലിലെത്തി എന്തിനോ തിരിഞ്ഞ്‌ നോക്കിയപ്പൊ അവിടെ ഗ്രൗണ്ടിൽ ഞാൻ ആ വയൽ കടക്കുന്നതും നോക്കി ടീച്ചർ നിൽക്കുന്നുണ്ടായിരുന്നു.
പിറ്റേന്നും വൈകുന്നേരം ടീച്ചർ ഇരിക്കാൻ പറഞ്ഞു. പക്ഷെ ഞെരി പിരി തുടങ്ങുന്നതിനു മുന്നെ ബാഗിൽ നിന്ന് എന്റെ കൈമുട്ടോളം വലിയൊരു നേന്ത്രപ്പഴം എനിക്ക്‌ തന്നിട്ട്‌ ടീച്ചർ പറഞ്ഞു.
വേഗം തിന്നിട്ട്‌ പഠിക്കാൻ"
ഇത്ര വലിയ പഴമൊക്കെ ഉണ്ടോന്നുള്ള സംശയത്തിൽ ഞാൻ അതും കാലിയാക്കി പഠിപ്പിലേക്ക്‌ മാറി.
പിന്നീട്‌ പഴങ്ങളും ലഡുവും മിക്ചറും കിഴങ്ങ്‌ വറുത്തതും എന്ന് വേണ്ട പരീക്ഷ വേഗോന്നും ഉണ്ടാവല്ലേ എന്ന് തോന്നുന്ന രീതിയിലേക്ക്‌ പലഹാരങ്ങൾ എന്നെ വീർപ്പ്‌ മുട്ടിച്ചു.
ഒടുവിൽ പരീക്ഷാദിനം എത്തി.
ടീച്ചറും രാധ ടീച്ചറും എന്നെയും കൂട്ടി തലശ്ശേരി ബി.എം. ബി സ്കൂളിൽ പരീക്ഷക്ക്‌ കൊണ്ടു പോയി. പരീക്ഷക്ക്‌ മുന്നെ നല്ല പാലും വെള്ളവും പഴം പൊരിയും വാങ്ങി തന്ന് അമ്മമാരുടെ സ്നേഹത്തോടെ എന്നോട്‌ പറഞ്ഞു.
"നീ പഠിച്ചത്‌ മാത്രേ വരൂ ചോദ്യം വായിച്ച്‌ മനസ്സിലാക്കി ഉത്തരമെഴുതാൻ"
അത്രയേ ഞാനും ചെയ്തുള്ളൂ.
പരീക്ഷ കഴിഞ്ഞ്‌ റിസൽട്ടും സമ്മാനദാനവും അവിടുന്ന് തന്നെ നടന്നു.
എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനത്തിനുള്ള പേരു വിളിക്കുന്നത്‌ കേട്ട്‌ കൈയ്യിലുള്ള പുസ്തകം ടീച്ചറെ ഏൽപിച്ച്‌ ആ സർട്ടിഫിക്കറ്റ്‌ വാങ്ങാൻ പോകുമ്പോ ദാ ഇത്‌ പോലെ അന്നും കണ്ണു നിറഞ്ഞിട്ടുണ്ടായിരുന്നു.
ഈ സർട്ടിഫിക്കറ്റ്‌ കാണുന്നവർക്ക്‌ ഒരു വിലയും ഇല്ലെങ്കിലും ഇന്നും എന്റെ ജീവിതശേഖരത്തിൽ അപൂർവ്വമായൊരു സ്നേഹത്തിന്റെ കഥ പറയുന്നു, അക്ഷരങ്ങളെ പോലും മായ്ക്കാൻ അനുവദിക്കാതെ ഞാൻ കാത്തു സൂക്ഷിച്ച ഈ സർട്ടിഫിക്കറ്റ്‌.
കുഞ്ഞുടുപ്പുകൾക്കിടയിൽ എന്റെ അമ്മ സൂക്ഷിച്ച്‌ വച്ചതാണീ സർട്ടിഫിക്കറ്റ്‌.
സർട്ടിഫിക്കറ്റും വാങ്ങി വേദിയിൽ വന്ന് ടീച്ചറുടെ അടുത്തെത്തിയ ഞാൻ അത്‌ ടീച്ചർക്ക് നേരെ ‌ നീട്ടി. അത്‌ വാങ്ങി നോക്കിയ ടീച്ചർ എന്നോട്‌ പറഞ്ഞു.
"ഇത്‌ ടീച്ചർക്കല്ല , നിനക്കുള്ളതാണെന്ന്".
പക്ഷെ എനിക്കറിയുക പോലും ചെയ്യാത്ത ആ വിശിഷ്ടാതിഥിയിൽ നിന്നും അത്‌ വാങ്ങിക്കുന്നതിലും എനിക്കിഷ്ടം അത്‌ എന്റെ ശാരദ ടീച്ചർ തരുന്നതാണെന്ന് പറഞ്ഞില്ലെങ്കിലും അത്‌ ഇരുകൈ കൊണ്ടും വാങ്ങി മനസ്സാ ഞാനാ കാലുകൾ വണങ്ങി.
അക്ഷരങ്ങളെ സ്നേഹത്തിന്റെ തേനിൽ ചാലിച്ച്‌ ജീവിതത്തിലേക്ക്‌ പകർന്നുതന്ന എല്ലാ ഗുരുനാഥന്മാർക്കും എന്റെ അക്ഷരാഞ്ചലി...
(അവസാനിച്ചു)
✍️ഷാജി എരുവട്ടി..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo