ഇന്ന് നമുക്ക് രമയുടെ വീട്ടിലേക്ക് പോകാം....
പഴയ ഒരു തറവാടിന്റെ എല്ലാ ലക്ഷണങ്ങളും ഒത്തിണങ്ങിയ സാമാന്യം വലിയ വീടായിരുന്നു അത്...
വലിയ ഒരു തളത്തിലായിരുന്നു നീരജും അമ്മയും ഇരുന്നത്. . അതിന്റെ നാലു വശത്തേക്കും വാതിലുകൾ ഉണ്ടായിരുന്നു. .
അവിടെ ഉണ്ടായിരുന്ന കസേരയും മേശയും മറ്റെല്ലാ ഫർണിച്ചറുകളും മരത്തിൽ മാത്രം പണി തീർത്തതായിരുന്നു.
ഒരു വശത്ത് മൂലയിലായി മൂന്നു കാലിൽ തീർത്ത ഉയരവും സാമാന്യം വലിപ്പമുള്ളതുമായ പീഠത്തിൽ പട്ടു വിരിച്ച് അതിനു മുകളിലായി പൊന്നോടക്കുഴലുമായി പുഞ്ചിരി തൂകി നിൽക്കുന്ന ഒരു പീതാംബരക്കണ്ണന്റെ വിഗ്രഹവും കൂടാതെ പഞ്ചലോഹ നിർമ്മിതമായ ഒരു അർദ്ധനാരീശ്വര വിഗ്രഹവും വച്ചിരുന്നു. അതിനു മുന്നിൽ എന്ന വണ്ണം മുകളിലെ തട്ടിൽ നിന്നും തൂങ്ങി കിടക്കുന്ന ഒരു ചങ്ങലവെട്ടവും കെടാവിളക്കായി തെളിഞ്ഞു കിടന്നിരുന്നു.
സേതുലക്ഷി എല്ലാം അവിടെ ഇരുന്നുകൊണ്ടുതന്നെ വീക്ഷിച്ചു... ആ വീടിന് മുകളിലായി തട്ടടിച്ച ഒരു ഹാളും ഉണ്ട്. അവിടേക്ക് കയറുന്നതിനുള്ള മരത്തിൽ തീർത്ത കോണിപ്പടികൾ ഒരു ഭാഗത്തായി കാണാം...
ചുമരിനോടു ചേർന്ന് തെക്കു വശത്തായി മരത്തിന്റേതുതന്നെയായ രണ്ടു കബോർഡുകൾ ഉണ്ടായിരുന്നു. അതു കൂടാതെ മറു വശത്ത് ഗ്ലാസ് ഷട്ടർ ഉള്ള ചുവരിൽ പിടിപ്പിച്ച വലിയ കബോർഡും കാണാം. ..
ആ അലമാരയിൽ നിറയെ ട്രോഫികളും ഷീൽഡുകളും മെഡലുകളും കൂടാതെ ചില ഫലകങ്ങളും കൊണ്ടു നിറഞ്ഞിരുന്നു... അതിൽ അധികവും രമയുടെ പേരോ ചിത്രമോ ഉള്ളവയായിരുന്നു....
മറ്റൊരു വശത്തായി കുറെ പുസ്തകങ്ങൾ അടുക്കും ചിട്ടയുമായി വെച്ച ഒരു വലിയ റാക്കും കാണാമായിരുന്നു. ...
എല്ലാ ഭാഗങ്ങളും വളരെ വൃത്തിയായി കാണപ്പെട്ടു....
ഏകദേശം രണ്ടു മിനിറ്റ് കഴിഞ്ഞു കാണും.
രമയുടെ വല്ല്യമ്മ അവിടേക്ക് കടന്നു വന്നു.
സെറ്റുമുണ്ടും ബ്ലൗസുമാണ് അവരുടെ സ്ഥിരവേഷം....
'ഞാൻ വടക്കേപ്പുറത്തായിരുന്നു... അതാ നിങ്ങൾ വന്നത് കാണാതിരുന്നത്. അവിടെ കുറച്ചു ചീരയും വെണ്ടയുമൊക്കെ നട്ടു പിടിപ്പിച്ചിട്ടുണ്ട്.... അതിന് കുറച്ചു വെള്ളം ഒഴിക്കുവായിരുന്നു...
സേതുലക്ഷി അവരെ കണ്ടു ഇരിക്കുന്നിടത്തു നിന്നും എഴുന്നേറ്റു നിന്നു... അവർക്ക് മറുപടിയായി ഒന്നു ചിരിക്കുക മാത്രം ചെയ്തു...
'അവിടെ ഇരൂന്നോളൂ രണ്ടു പേരും... എണീക്കൊന്നും വേണ്ട.. '
സേതുലക്ഷിയോടായി....
'മോന്റെ അമ്മയായിരിക്കും അല്ലേ...?'
'അതെ...'
അവർ രണ്ടു പേരും ഒരേ സ്വരത്തിൽ പറഞ്ഞു...
'രമ എവിടെ...?
'മോള് ഇപ്പൊ വരും. . ആ കുട്ടികളോടൊപ്പം ക്ലാസ് തുടങ്ങീട്ട് കുറച്ചു നേരമായി... അവരെ പറഞ്ഞയച്ച് വടക്കേപ്പുറത്തെ കുളത്തിൽ കൈയും മുഖവും കഴുകി വരാമെന്നാ പറഞ്ഞത് എന്നോട്...'
'രമേടെ ആരായിട്ടു വരും...?'
'ഞാൻ അവളുടെ അമ്മയുടെ ഒരു ഒരു വല്ല്യമ്മയായിട്ടു വരും..
എനിക്ക് മക്കളും കുടുംബമൊന്നും ഇല്ല. ഞാൻ കല്യാണം കഴിച്ചിരുന്നില്ല. ..'
'അതെന്താ. ..'
'അതൊക്കെ ഒരു കഥയാ കുഞ്ഞെ. .. ഒറ്റക്കായപ്പോൾ ഞാൻ ഈ കൊച്ചിനെ കൂടെ കൂട്ടി... അതിനും ആരുമില്ലാതായില്ലേ... എനിക്കും ഒരു കൂട്ടായി... പാവം അതിനും...'
'രമേടെ അച്ഛനും അമ്മയും എങ്ങനെയാണ് മരണപ്പെട്ടത്... ? വല്ല അപകടവും...?'
'ആ.... ഒക്കെ തലേലെഴുത്ത്.... അല്ലാതെന്തു പറയാൻ. ..!
'എന്താ സാർ വല്ല്യമ്മ നിങ്ങളെ ബോറടിപ്പിച്ചോ...?'.... എന്ന് ചോദിച്ചുകൊണ്ട് അപ്പോഴേക്കും രമ അവിടേക്ക് കടന്നു വന്നു.
എല്ലാവരും അവളെ നോക്കി..
'ഏയ്... ഇല്ല....' നീരജ് പറഞ്ഞു. ..
'അത് സാറ് വെറുതെ പറയുന്നതായിരിക്കും.. വല്ല്യമ്മ ആരു വന്നാലും പഴയ കഥകൾ ഓരോന്ന് പറഞ്ഞു തുടങ്ങും...'
'അതു സാരമില്ല മോളെ... പഴയ ആളുകളൊക്കെ അങ്ങനെയാ...'
'സേതുലക്ഷി പറഞ്ഞു...
'ആരോടും ഒന്നും പറയുന്നത് മോൾക്ക് ഇഷ്ടമല്ല. .. നമ്മടെ വെഷമങ്ങൾ ആരേയും അറിയിക്കരുതെന്നാ മോള് എപ്പഴും പറയാ... ഞാൻ എന്നാലും എന്തെങ്കിലും ഒക്കെ പറയും... മോൾക്ക് അതൊന്നും ഇഷ്ടല്ല...'
'വല്ല്യമ്മെ...'
രമ അവരെ ഒന്നു നോക്കി വിളിച്ചു...
'ഞാൻ ഒന്നും പറഞ്ഞില്ല...വെറുതെ..'
'സാരമില്ല രമെ... മറ്റാരോടും അല്ലല്ലോ... ഞങ്ങളോടല്ലേ...' നീരജ്.
'സാറിനും അമ്മയ്ക്കും എന്താ കുടിക്കാൻ എടുക്കേണ്ടത്. ....? ചായയോ കാപ്പിയോ...?
'തൽക്കാലം ഒന്നും വേണ്ട.... ഞങ്ങൾ തൊഴാൻ വന്നതാ. .. മോളെ ഒന്നു കാണുകയും ആവാം എന്ന് കരുതി വന്നതാണ്. '
'എന്നാൽ കുറച്ചു സംഭാരം എടുക്കാം...'
'ഒന്നും വേണ്ട. .... മോള് ഇവിടെ ഇരുന്നെ..
സേതുലക്ഷി രമയെ ഒരു കൈയിൽ പിടിച്ചു തന്റെ അരികിലായി ഉണ്ടായിരുന്ന കസേരയിൽ ഇരുത്താൻ ശ്രമിച്ചു. ..'
ആ കൈ പിടിച്ചുകൊണ്ട് രമ സ്നേഹത്തോടെ പറഞ്ഞു...
'അയ്യോ.... വേണ്ട.. ഞാൻ ഇവിടെ നിന്നോളാം..'
'മോള് അവിടെ ഇരിക്ക്... സംഭാരം ഞാൻ എടുക്കാം...' എന്നു പറഞ്ഞ് വല്ല്യമ്മ അകത്തേക്ക് പോയി....'
ഇത്രയും സമയം അവിടെ അസ്വസ്ഥമായ മനസ്സുമായി ഒരാൾ ഇരിപ്പുണ്ടായിരുന്നു.... നീരജ്. .
അമ്മയ്ക്ക് രമയെ നന്നെ ബോധിച്ചു എന്ന് അമ്മയുടെ പെരുമാറ്റത്തിൽ നിന്ന് നീരജ് ഊഹിച്ചു...
ഇടക്കിടക്ക് അയാൾ ആ കണ്ണുകളിൽ തന്റെ കണ്ണുകൾ കോർത്തിണക്കാൻ മറന്നില്ല...
തികച്ചും ഒരു നവോഢയെപ്പോലെ തന്നെ മുൻപു കണ്ടതിൽ നിന്നും വ്യത്യസ്തമായി രമയെ അയാൾ കണ്ടു. ....
'മോള് കുറെയായോ കലാക്ഷേത്രയിൽ പഠിപ്പിക്കുവാൻ തുടങ്ങിയിട്ട്. ..?'
'രണ്ടു വർഷമേ ആയുള്ളൂ... ഞാൻ പഠിച്ചത് കലാമണ്ഡലത്തിൽ ആയിരുന്നു. . ബി.എ. ഭരതനാട്യം. ... കൂടെ സംഗീതവും. .പിന്നെ കലാമണ്ഡലം ക്ഷേമാവതി ടീച്ചറുടെ അടുക്കൽ നിന്നും മോഹിനിയാട്ടവും കൂടാതെ കുച്ചുപ്പുടിയും പഠിച്ചു...
ടീച്ചറിനോടൊപ്പം ഇടക്ക് പ്രോഗ്രാം ചെയ്യാറുണ്ട്. .. ടീച്ചറാണ് ഈ ജോലി ശരിയാക്കിയത്.. '
വല്ല്യമ്മ ഒരു സ്റ്റീൽ ട്രേയിൽ രണ്ടു ഗ്ലാസ്സിലായി സംഭാരവുമായി വന്നു... ട്രേ അവർക്ക് മുമ്പിലായി ഉണ്ടായിരുന്ന ടീപ്പോയിൽ വെച്ചു...
രമ ഓരോ ഗ്ലാസ് എടുത്തു ആദ്യം സേതുലക്ഷിക്കും പിന്നെ നീരജിനും നൽകി..
അറിഞ്ഞോ അറിയാതേയോ ആ നാലു മിഴികൾ വീണ്ടും ഒന്നിഴനെയ്തു...
സേതുലക്ഷി പറഞ്ഞു. ..വല്ല്യമ്മയോടും രമയോടുമായി...
'ഇനി ഞങ്ങൾ വന്ന കാര്യം തുറന്നു പറയാം. ..'
ആകാംക്ഷയോടെ നീരജ് അമ്മയെ നോക്കി ഇരുന്നു. ....
രമയും...
'എന്റെ മോൻ കുറച്ചു ദിവസം മുമ്പാണ് രമയുടെ കാര്യം എന്നോട് പറഞ്ഞത്.. അവന് രമയെ ഇഷ്ടമായി എന്ന്. ഞങ്ങൾ പല വിവാഹാലോചനകളും നടത്തിയതാണ്. പക്ഷേ ഒന്നിനും എന്റെ മോൻ കൂട്ടാക്കിയില്ല.... ഞങ്ങൾക്ക് ആകെ ഇവൻ മാത്രമേ ഉള്ളൂ. .... ആണായും പെണ്ണായും. .. എനിക്കും വയസ്സായി വരുകല്ലേ.. അവന് ഒരു കുടുംബ ജീവിതം ഉണ്ടായി കാണണമെന്ന് ഞാൻ ഏറെയായി ആഗ്രഹിക്കുന്നു.
എന്റെ മോള് എതിരൊന്നും പറയരുത്. .. അവന് മോളെ ഇഷ്ടാണ്... ഇപ്പോൾ എനിക്കും. .. '
സേതുലക്ഷി ഇടക്കൊന്ന് നിർത്തി. ..
'ഇവന്റെ അച്ഛനും ഇവനും ടൗണിൽ തന്നെ ജ്വല്ലറി നടത്തുകയാണ്.... മോള് കേട്ടുകാണും ..'
സേതുലക്ഷി ജ്വല്ലറിയുടെ പേര് പറഞ്ഞതും രമ അമ്പരപ്പോടെ നിന്നു...
ഇവന്റെ അച്ഛനോട് പറഞ്ഞിട്ടല്ല ഞങ്ങൾ വന്നത്. അച്ഛനുമായി ഞങ്ങൾ വീണ്ടും വരാം... എനിക്ക് ഒന്നറിയണം... മോൾക്ക് സമ്മതമല്ലെ എന്ന്..'
ഒരുപാട് സ്വപ്നം കണ്ടതാണ് ഇങ്ങനെ ഒരു നിമിഷവും നീരജിനോടൊത്തൊരു ജീവിതവും എങ്കിലും ഇത്രയും വലിയ പണക്കാരായിരിക്കും എന്ന് രമ ഒരിക്കലും കരുതിയില്ല...
തന്നേപ്പോലൊരാൾക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത ഒരു ബന്ധം. ....
'മോള് ഒന്നും പറഞ്ഞില്ല....'
'അമ്മേ.... ഞാൻ. .......'
എന്താണ് പറയേണ്ടത് എന്നുപോലുമറിയാതെ അവൾ വാക്കുകൾക്കായി പരതി. ..
'അമ്മ കരുതുമ്പോലെയല്ല... എന്നേക്കുറിച്ച് അമ്മയ്ക്ക് ഒന്നും അറിയില്ല. .. എന്റെ സാഹചര്യങ്ങളും ജീവിതവും ഒന്നും അമ്മ കരുതും പോലെ അല്ല...'
'അതെന്തോ ആയിക്കൊള്ളട്ടെ... മോള് പറയാൻ പോകുന്നത് എന്താണെന്ന് എനിക്കറിയാം... സ്വത്തും പണവുമൊന്നും ഞങ്ങൾക്ക് ഒരു പ്രശ്നമല്ല. ..ഇവന്റെ മൂന്ന് തലമുറയ്ക്ക് സുഭിക്ഷമായി ജീവിക്കാനുള്ളത് ഈശ്വരൻ സഹായിച്ച് ഇന്ന് ഞങ്ങൾക്ക് ഉണ്ട്. അവിടേക്ക് മോളിനി ഒന്നും കൊണ്ടു വരേണ്ട ആവശ്യമില്ല എന്ന് മാത്രമല്ല മോൾക്ക് വേണ്ടതൊക്കെ ഈ അമ്മ തന്നെ ഇവിടെ എത്തിക്കും....
പിന്നെ മോൾക്ക് ഇനി മറ്റെന്തെങ്കിലും ഇഷ്ടം മനസ്സിൽ ഉണ്ടെങ്കിൽ അതേപ്പറ്റി അമ്മ ചോദിക്കുന്നില്ല.... ഉണ്ടായാലും ഇല്ലെങ്കിലും... മോളത് മറന്നുകള...
ഒരമ്മേടെ സ്വാർത്ഥതയാണെന്ന് മോൾക്ക് തോന്നിയാലും സാരമില്ല. .. എന്റെ മോന്റെ സന്തോഷാണ് ഈ അമ്മയ്ക്ക് വലുത്...'
'അങ്ങനെ ഒന്നും ഇല്ല അമ്മെ.... അതല്ല ഞാൻ പറയാൻ വന്നത്....'
'പിന്നെ മോള് ഒന്നും പറയേണ്ട. ..'
'തങ്കപ്പെട്ട മനസ്സാ എന്റെ മോളുടെ... നിങ്ങൾക്ക് പുണ്യം കിട്ടും.... എന്റെ കണ്ണടയും മുമ്പ് ഇതിനൊരു ജീവിതം ഉണ്ടായി കാണണമെന്നാ ഞാൻ ഗുരുവായൂരപ്പനോട് എന്നും കരഞ്ഞു പറയണത്....' വല്ല്യമ്മ. .
' വല്ല്യമ്മെ... വെറുതെ ഓരോന്ന് പറഞ്ഞ്...'
'മോളിനി മറുത്തൊന്നും പറയേണ്ട. .. എന്താ മോനെ.....'
നീരജ് സന്തോഷത്തോടെ രമയേയും അമ്മയേയും മാറി മാറി നോക്കി...
'ഇനി എന്തെങ്കിലും പറയാനുണ്ടോ മോനെ...'
'തൽക്കാലം ഇതൊക്കെ മതി അമ്മെ.... അല്ലേ രമെ....?'
നീരജ് രമയെ നോക്കി...
രമ അപ്പോഴും മൗനമായി നിന്നു. പക്ഷേ ആ മൗനവും വാചാലമായിരുന്നു...
'എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ....'
സേതുലക്ഷി രണ്ടു പേരോടുമായി യാത്ര പറഞ്ഞ് ഇറങ്ങാനായി എഴുന്നേറ്റു.... കൂടെ നീരജും...
ആരും ഒന്നും മിണ്ടിയില്ല. ..
എന്താണ് പറയേണ്ടത് എന്ന് അറിയാത്ത അവസ്ഥയിലായിരുന്നു രമ....
പുറത്തെ കോലായിലേക്ക് കടക്കുന്നതിനിടയിൽ സേതുലക്ഷി രമയെ ചേർത്തു നിർത്തി തലയിൽ സ്നേഹപൂർവ്വം തലോടിക്കൊണ്ട് പറഞ്ഞു. .....
'ഇവിടെ വരെ വന്നു മോളെ കണ്ടിട്ട് വെറുതെ ഇറങ്ങിപ്പോകാൻ ഈ അമ്മയ്ക്ക് കഴിയുന്നില്ല. ..'
സേതുലക്ഷി തന്റെ ഇടത്തേ കൈത്തണ്ടയിൽ കിടന്നിരുന്ന മൂന്നു നാലു വളകളിൽ നിന്നും കല്ലുപതിച്ച ഒരു വീതികൂടിയ വള ഊരിയെടുത്ത് രമയുടെ കൈയിലേക്ക് ഇട്ടുകൊടുത്തുകൊണ്ട് പറഞ്ഞു. ..
സേതുലക്ഷി തന്റെ ഇടത്തേ കൈത്തണ്ടയിൽ കിടന്നിരുന്ന മൂന്നു നാലു വളകളിൽ നിന്നും കല്ലുപതിച്ച ഒരു വീതികൂടിയ വള ഊരിയെടുത്ത് രമയുടെ കൈയിലേക്ക് ഇട്ടുകൊടുത്തുകൊണ്ട് പറഞ്ഞു. ..
'ഇത് അമ്മേടെ ഒരു സന്തോഷത്തിന്....'
രമ എന്തു പറയണമെന്നറിയാതെ ഏതോ ഒരു സ്വപ്ന ലോകത്തിലകപ്പെട്ട അവസ്ഥയിൽ ആയിരുന്നു. ......
കാണുന്നതെല്ലാം സ്വപ്നമോ യാഥാർത്ഥ്യമോ....
അവർ യാത്ര പറഞ്ഞിറങ്ങി. ...വീണ്ടും കാണാമെന്ന വാക്കോടെ.... നീരജും. ..........
(തുടരും )
***മണികണ്ഠൻ അണക്കത്തിൽ***

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക