Slider

ഇത് ഞങ്ങളുടെ കഥ (ഭാഗം 11)

0


നമുക്ക് സേതുലക്ഷിയുടെ അടുത്തേക്ക് പോകാം.....
സേതുലക്ഷി നീരജിനെ വിളിച്ചു ഈ സന്തോഷവാർത്ത പറയുവാനായി മൊബൈൽ എടുത്ത് ഹാളിലേയ്ക്ക് വന്നു.
നീരജിന്റെ നമ്പറിലേക്ക് അവർ ഒന്നു രണ്ടു തവണ വിളിച്ചു നോക്കി.... പക്ഷേ, ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേൾക്കാം... എടുക്കുന്നില്ല. ...
സേതുവിന്റെ മനസ്സിൽ നിമിഷങ്ങൾക്കുള്ളിൽ പലവിധ ചിന്തകൾ ഓടിയെത്തി..
ഈശ്വരാ.... എന്റെ മോനെന്താ ഫോൺ എടുക്കാത്തത്. ...
ആ നേരത്ത് അവനോട് അതൊന്നും വിളിച്ചു പറയേണ്ടായിരുന്നു....
സേതു മൂന്നാമതും ഡയൽ ചെയ്തു...
എന്നാൽ ഇത്തവണ നീരജ് ഫോണെടുത്തു...
ആദ്യമേ അമ്മയുടെ കോൾ കണ്ടതാണ്..
പക്ഷേ, മനസ്സാകെ അപ്സെറ്റായ ഈ സമയത്ത് ആരോടും സംസാരിക്കണമെന്ന് തോന്നിയില്ല...
വീണ്ടും വീണ്ടും വിളിച്ചതിനാലാണ് നീരജ് ഫോണെടുത്തത്....
'എന്താമ്മെ...?'
'നീ എന്താ മോനെ ഫോണെടുക്കാതിരുന്നത്...?'
'അത്.... ഒന്നുമില്ല അമ്മെ......'
'അമ്മ ആകെ പേടിച്ചുപോയി..'
'അമ്മ എന്തിനാ പേടിക്കുന്നത്.....?'
'ഞാൻ എങ്ങോട്ടെങ്കിലും നാടുവിട്ട് പോയി എന്ന് കരുതിയോ... അതോ മറ്റു വല്ലതും..'
'ആ.... നിനക്കങ്ങനെയൊക്കെ പറയാം... ഞാൻ ഇവിടെ തീ തിന്നുകായിരുന്നു...'
'ഇപ്പോൾ എല്ലാം ശരിയായില്ലെ....?'
മനസ്സിലെ നിരാശ വാക്കുകളിൽ വരുത്താതിരിക്കുവാൻ അയാൾ പരമാവധി ശ്രമിച്ചു. ..
'അമ്മ മോന് സന്തോഷമുള്ള ഒരു കാര്യം പറയാനാണ് ഇപ്പൊ വിളിച്ചത്...'
സന്തോഷമുള്ളതോ...? ഈശ്വരാ... ഇനി അച്ഛനെങ്ങാനും സമ്മതം മൂളിയോ....? ചിലപ്പോൾ ആയിരിക്കാം.... അല്ലാതെ ഈ നേരത്ത് അമ്മ വിളിക്കില്ല...
'എന്താ അമ്മേ.... സസ്പെൻസ് ഇടാതെ പെട്ടെന്ന് പറയ് അമ്മേ....'
'അച്ഛൻ സമ്മതിച്ചു മോനെ..'
'ഞങ്ങളുടെ വിവാഹത്തിനോ...?'
'പിന്നല്ലാതെ ഈ നേരത്ത് വേറെ എന്ത് കാര്യമാണ് എന്റെ കുട്ടനെ സന്തോഷിപ്പിക്ക...'
നീരജ് സന്തോഷത്തോടെ ഒരു ദീർഘ നിശ്വാസമുതിർത്തു...
മനസ്സ് ശാന്തമായതുപോലെ....
ഇതുവരെ കടലിലെ തിരമാലകണക്ക് ആഞ്ഞടിക്കുകയായിരുന്നു...
പിന്നീട് എങ്ങോ ചിന്നി ചിതറുകയായിരുന്നു.
മനസ്സും ചിന്തകളും.....
'മോനെന്താ ഒന്നും മിണ്ടാത്തത്....?'
'ഒന്നുമില്ല അമ്മേ..... സന്തോഷം കൊണ്ടാണ്...'
'അച്ഛന് ദേഷ്യം ഉണ്ടായിരുന്നു കേട്ടോ... പിന്നെ അമ്മ നയത്തിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി....'
'അമ്മെ.... താങ്ക്സ്....'
'അമ്മയോട് എന്തിനാടാ താങ്ക്സ് പറയുന്നത്... അമ്മയോടും അച്ഛനോടും മക്കൾക്കുള്ള കടപ്പാട് നന്ദി പറഞ്ഞാൽ തീരുന്നതല്ല... അത് മക്കളുടെ പെരുമാറ്റത്തിലൂടെ കാണിക്കുകയാണ് വേണ്ടത്.. .
ആ പിന്നെ... നിനക്ക് അത്രയ്ക്ക് നിർബന്ധം ആണെങ്കിൽ അച്ഛനോട് പറഞ്ഞേക്കൂ.. എന്നിട്ട് അവിടെ നിന്ന് കിട്ടുന്നത് വാങ്ങിക്കൊ. ..'
'അയ്യോ.... ഞാനില്ല.... എന്റെ ചക്കര അമ്മച്ചി.... ഉമ്മ.....'
'വേണ്ട.... വേണ്ട.... അധികം സോപ്പൊന്നും വേണ്ട.... ആ .... പിന്നെ നീ നാളെ ഇങ്ങോട്ട് വരണം കേട്ടോ.... അച്ഛൻ എന്തൊക്കെയോ തീരുമാനങ്ങൾ എടുക്കാനുണ്ട്..... നിന്നോടു കൂടി ആലോചിച്ചിട്ടാവാം എന്നാ പറഞ്ഞത്....'
'ആ... ഞാൻ വരാം അമ്മെ....'
'എന്നാ അമ്മ ഫോൺ വെക്കട്ടെ....'
'ഉം.. ഗുഡ് നൈറ്റ് അമ്മെ....'
'ആ... ഗുഡ് നൈറ്റ്....'
രണ്ടു പേരും ആശ്വാസത്തോടെ ഫോൺ കട്ടാക്കി...
സേതുലക്ഷി തിരിച്ചു റൂമിൽ പോയി ആശ്വാസത്തോടെ കിടന്നു.....
എന്നാൽ നീരജിന്റെ മനസ്സിൽ തിരമാലകളുടെ വേലിയേറ്റവും വേലിയിറക്കവും പല തവണ ആവർത്തിച്ചു....
എങ്കിലും ഒരാശ്വാസം.....
രമയ്ക്കും ഇത് കേൾക്കുമ്പോൾ വളരെ സന്തോഷമാവും....
ഇപ്പോൾ ഒന്നു വിളിച്ചെങ്കിലോ..... അല്ലെങ്കിൽ വേണ്ട നാളെ പറയാം.... ഈ അസമയത്ത്.... തന്നെക്കുറിച്ച് എന്ത് കരുതും...... വേണ്ട. .
ഇനി നാളെ അച്ഛന്റെ മുഖത്ത് നോക്കേണ്ട കാര്യം ആലോചിക്കുമ്പോൾ വല്ലാത്ത ഒരു ചമ്മൽ പോലെ....
ആ..... ഫെയ്സ് ചെയ്തല്ലെ പറ്റൂ.....
അങ്ങനെ ഒരുനൂറ് ചിന്തകളുമായി ആ രാത്രി അവസാനിച്ചു. ..
പിറ്റേന്ന് ഷോറൂമിൽ വെച്ച് ഇക്കാര്യത്തെക്കുറിച്ച് അച്ഛൻ യാതൊന്നും നീരജിനോട് പറഞ്ഞില്ല...
അല്ലെങ്കിലും പൊതുവെ വീട്ടുകാര്യങ്ങളൊന്നും അവർ അവിടെ ചർച്ച ചെയ്യാറില്ല. ..
അന്ന് രാത്രി അവർ മൂന്നുപേരും അവരുടെ വീട്ടിൽ ഒത്തുകൂടി ചില സുപ്രധാന തീരുമാനങ്ങൾ എടുത്തു . .
ഇനി അധികം വച്ചു താമസിപ്പിക്കാതെ വിവാഹം നടത്തുക എന്നതായിരുന്നു അതിൽ പ്രധാനം.
സേതുവിന്റെ സഹോദരങ്ങളെ വിവരമറിയിച്ച് വേറെ വേണ്ടപ്പെട്ടവരിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ആളുകളെ കൂട്ടി രമയെ പോയി കാണുക....
അതിനു ശേഷം വിവാഹം......
അത് ഏറ്റവും അടുത്ത മുഹൂർത്തം നോക്കി തീരുമാനിക്കണം...
പിന്നെ വിവാഹ നിശ്ഛയം എന്നൊരു ചടങ്ങ് ഒഴിവാക്കി വിവാഹം കെങ്കേമമാക്കുക..
രമയ്ക്കു വേണ്ട ആഭരണങ്ങൾ എല്ലാം അവിടെ നിന്നുതന്നെ അവളുടെ വീട്ടിൽ എത്തിക്കുക.....
ഇത്രയും കേട്ടപ്പോൾ സേതുലക്ഷി പറഞ്ഞു. ...
'നമ്മൾ നേരത്തെ തന്നെ രമയെക്കണ്ട് ഈ വിവാഹത്തിന് തീരുമാനമെടുത്തത് തൽക്കാലം ആരും അറിയേണ്ട. അറിഞ്ഞാൽ പിന്നെ അതുമതി ഒരു വൈമനസ്യത്തിന്....'
'ആ. ... അതും ശരിയാണ്....'
'എന്നാലും ബാലേട്ടാ..... ഒരു നിശ്ചയം നടത്താതെ എങ്ങനെയാണ്. ... ?
'അതൊക്കെ തൽക്കാലം നമ്മൾ ഒഴിവാക്കുന്നു. കാരണം വിവാഹത്തിന് അധികം ദിവസങ്ങൾ കാണില്ല.... പിന്നെ എന്തിനാണ് അങ്ങനെ ഒരു അധിക ചെലവ്...'?'
'ഇതിനൊക്കെ ചെലവ് നോക്കാനുണ്ടോ..... നമ്മുടെ മോന്റെ കാര്യമല്ലെ....?'
നീരജ് എല്ലാം കേട്ടിരുന്നു...
'നീ എന്താടാ ഒന്നും മിണ്ടാത്തത്.....?'
'അതൊക്കെ നിങ്ങൾ രണ്ടുപേരും തീരുമാനിച്ചാൽ മതി....'
'ഉം...... ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ മറ്റൊരു കാര്യം കൂടിയുണ്ട്. .....'
'അതെന്താ ബാലേട്ടാ......'
'നീ കാണാറില്ലെ...... പല പണക്കാരുടെ വീടുകളിലും ഇത്തരം സന്ദർഭങ്ങളിൽ കാണിക്കുന്ന ആർഭാടങ്ങൾ......! എത്ര പണമാണ് അനാവശ്യമായി ചെലവാക്കി കളയുന്നത്....... ഭക്ഷണമായും മറ്റു പല വിധത്തിലും.......'
'അതിന്.....?'
'തൽക്കാലം നമ്മൾ അതിൽ നിന്നും ഒരു ചെയ്ഞ്ചു വരുത്തുന്നു.... ആർഭാടം ആവശ്യത്തിന് മാത്രമാക്കി ചുരുക്കി പകരം നമ്മൾ മറ്റൊരു കാര്യം ചെയ്യുവാൻ തീരുമാനിച്ചു. ....'
'അതെന്താണെന്ന് പറയ് ബാലേട്ടാ.......'
സേതുലക്ഷി തിരക്കുകൂട്ടി......
നീരജിന്റെ മനസ്സിലും ജിജ്ഞാസയായി.....
എന്തിയിരിക്കും അച്ഛൻ പറയുവാൻ പോകുന്നത്......?
'കുട്ടന്റെ വിവാഹത്തോടൊപ്പം നമുക്ക് പാവപ്പെട്ട പത്തു പെൺകുട്ടികൾക്കും കൂടി മംഗല്ല്യ ഭാഗ്യം നേടി കൊടുക്കുക..... അതിന്റെ എല്ലാ ചിലവും നമ്മൾ വഹിക്കുന്നു. കൂടാതെ ഓരോരുത്തർക്കും വിവാഹ വസ്ത്രങ്ങളും പത്തു പവൻ വീതം ആഭരണങ്ങളും...... എന്താ.....?'
ഇത്രയും പറഞ്ഞ് അയാൾ അവരുടെ മുഖത്തേക്ക് മാറി മാറി നോക്കി. ..
എന്തോ ഷോക്കേറ്റ അവസ്ഥയിലായിരുന്നു സേതുലക്ഷി.
നീരജിനും അങ്ങനെ തന്നെ...... പക്ഷേ ഒരു നിമിഷം കഴിഞ്ഞ് നീരജ് അച്ഛന്റെ കൈതലം തന്റെ കൈയിൽ വെച്ചുകൊണ്ട് പറഞ്ഞു......
'I am proud to say you are my dad....'
വികാരം തുളുമ്പുന്ന ആ വാക്കുകൾ ഒരു നിമിഷത്തെ നിശ്ശബ്ദത ഉളവാക്കി. ..
സേതുലക്ഷി അപ്പോഴും ഒന്നും വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു. ...
ബിസിനസ്സ് എന്ന് പറഞ്ഞു ജീവിതം ഉഴിഞ്ഞുവെച്ച മനുഷ്യനാണ്... പത്തു രൂപ പോലും അനാവശ്യമായി ചിലവഴിക്കാത്ത ആളാണ് ബാലേട്ടൻ..... എന്നിട്ട് ഇത്രയും വലിയ കാര്യം.......!
രണ്ടു പേരുടേയും മനസ്സ് അറിഞ്ഞിട്ടെന്നപോലെ അയാൾ പറഞ്ഞു. ....
'ഞാനിത് വളരെ മുമ്പേ തീരുമാനിച്ചിരുന്നതാണ്......'
* * * *
പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു..
ഇന്നേയ്ക്ക് മൂന്നാം നാൾ നീരജിന്റേയും രമയുടേയും കൂടാതെ നിർദ്ധനരായ പത്ത് യുവതികളുടേയും വിവാഹമാണ്..
രമയ്ക്ക് അണിയുവാനുള്ള ആഭരണങ്ങൾ സെലക്ട് ചെയ്യുന്നതിനായി സേതുലക്ഷി നിർബന്ധപൂർവ്വം രമയെ ഷോറൂമിലേക്ക് കൂട്ടി കൊണ്ടുവന്നു...
നീരജിന്റെ ഭാവി വധുവാണെന്ന കാര്യം ഷോറൂമിൽ ആരേയും അറിയിച്ചിരുന്നില്ല.
അവരെ രണ്ടു പേരേയും മാനേജർ സന്തോഷത്തോടെ സ്വീകരിച്ചിരുത്തി..
ആ സമയത്താണ് മാനേജർ പ്രവീൺ രമയെ ശ്രദ്ധിച്ചത്.......
എവിടെയോ നല്ല പരിചയമുള്ളതുപോലെ.....
അല്പം കഴിഞ്ഞാണ് രമയും അയാളെ ശ്രദ്ധിച്ചത്......
ഈശ്വരാ... ഇത് പ്രവീണല്ലെ.....
അവൾ ആശ്ചര്യത്തോടെ മന്ത്രിച്ചു.....
പക്ഷേ പരിചയ ഭാവം കാണിച്ചില്ല......
(തുടരും. .. അഭിപ്രായം പറയണം കേട്ടോ. ..നന്ദി )
***മണികണ്ഠൻ അണക്കത്തിൽ***
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo