Slider

മൂക്കുത്തി

0


കാമമാണോ ? 

അറിയില്ല . 

അപ്പോ പ്രേമമാണോ ?

അതും അറിയില്ല . 

പിന്നെ നീ എന്തിനാണ് ഇന്നലെ അവളുടെ കൈയിൽ കയറിപ്പിടിച്ചത്.

സിഗരറ്റ് പുകച്ചുകൊണ്ട് ദേഷ്യത്തിൽ അവൻ ചോദിച്ചു . അവന്റെ ആ ചോദ്യത്തിന് എനിക്ക് ഒരു  മറുപടിയില്ല.  അല്ലെങ്കിൽ തന്നെ എന്ത് മറുപടി പറഞ്ഞാലും ഞാൻ ചെയ്ത തെറ്റ് ന്യായീകരിക്കാൻ പറ്റില്ല അതുകൊണ്ട് തന്നെ ഞാൻ മൗനം പാലിച്ചു . എന്റെ മൗനം അവനെ വല്ലാതെ ദേഷ്യം ഉണ്ടാക്കി എന്ന് എനിക്ക് മനസ്സിലായി.  അതുകൊണ്ടായിരിക്കണം അവൻ ഒന്നും മിണ്ടാതെ സിഗററ്റ്  ഒന്നുകൂടെ ശക്തിയായി പുകച്ചതിന് ശേഷം എന്റെ അടുത്തു നിന്ന് എങ്ങോട്ടെന്നില്ലാതെ നടന്നു പോയി . അവൻ പോയതിന് ശേഷമാണ് അവൻ ചോദിച്ച ചോദ്യത്തിന്റെ തീവ്രത എനിക്ക്  തിരിച്ചറിയാൻ സാധിച്ചത് .
സത്യത്തിൽ എന്തിനാണ് ഞാൻ അവളുടെ കൈകളിൽ പിടിച്ചത് ?  എന്റെ ആരാണ് അവൾ ? അവളുടെ മൂക്കുത്തിയുടെ തിളക്കം വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്നത് ? ഇപ്പോൾ ആ ചോദ്യം എന്റെ മനസ്സിനോട് ചോദിച്ചപ്പോൾ  മനസ്സ് എന്നോട് മൗനം പാലിച്ചു . 
രണ്ട് ദിവസം എന്റെ കോളജിൽ നടക്കുന്ന പരിപാടിക്ക്  പങ്കെടുക്കാൻ വന്ന കുട്ടി . ഇന്നലെ എന്ന ദിവസമാണ് ജീവിതത്തിൽ ഞാൻ ആദ്യമായി അവളെ കാണുന്നത് .
അവൾ ആരാണ് ? അവളുടെ പേര് എന്താണ് ? അങ്ങനെ ഒരായിരം ചോദ്യങ്ങൾ മാത്രമാണ് എന്റെ മുന്നിൽ ബാക്കിയാകുന്നത് . ഒന്നുറപ്പാണ് അവൾ എന്റെ പ്രിയപ്പെട്ടവൾ ആയി മാറുകയാണ് .  എനിക്കറിയില്ല ഒന്നും ചിലപ്പോൾ വേദനകൾ മാത്രം തന്നു  അകന്നുപോകാൻ ആകാം .
ഇന്നാണ് പരിപാടികളുടെ സമാപനം അതിനു മുൻപ് എങ്കിലും എനിക്ക് അറിയണം അവളെക്കുറിച്ച് . പിന്നീട് കൂടുതൽ ഒന്നും ആലോചിക്കാൻ നിൽക്കാതെ ഞാൻ അവളെ കാണാൻ ഇറങ്ങി . കോളേജ് മുഴുവനും മുഴുവൻ ചുറ്റിക്കറങ്ങി പക്ഷേ നിരാശയായിരുന്നു എനിക്ക് ഭലം . എവിടെയൊക്കെ തിരക്കിയിട്ടും  ആർക്കും അറിയില്ല അവളെ. എനിക്കെന്തോ വല്ലാത്ത ദേഷ്യം തോന്നി. അല്ലെങ്കിലും ആഗ്രഹിക്കുന്നത് പലതും കൈവരാതെ വരുമ്പോൾ സങ്കടം ദേഷ്യം ആയി  മാറുക തന്നെ ചെയ്യും .  കോളേജിന്റെ ഇടനാഴികളിലൂടെ നടന്നപ്പോൾ എനിക്ക് എന്തെന്നറിയാത്ത ഒരു വികാരമാണ് തോന്നിയത് . ഒരുപക്ഷേ ഞാൻ ഇപ്പോഴാണ് തിരിച്ചറിയുന്നത് അവളോട് ഞാൻ ചെയ്ത തെറ്റ്. ആരാണ് എന്ന്‌ പോലും അറിയാത്ത  ഒരു കുട്ടി അവളുടെ കൈകളിൽ കയറി പിടിച്ച എന്നോട് എനിക്കിപ്പോൾ വെറുപ്പാണ് തോന്നുന്നത് . എന്നെങ്കിലും അവളെ കണ്ടാൽ മാപ്പ് ചോദിക്കണം എന്ന മനസ്സിൽ ഉറപ്പിച്ചുകൊണ്ട് കോളജിന്റെ പുറത്തേക്കു വന്നത് .  അപ്പോഴാണ് പരിപാടികൾ കഴിഞ്ഞ് പുറപ്പെടാൻ വണ്ടി കാത്തുനിൽക്കുന്ന ആൾക്കൂട്ടത്തിന്റെ ഒരു കോണിൽ ഒരു മൂക്കുത്തി തിളക്കം ഞാൻ കണ്ടത്. അവളെ ഒന്നു കൂടെ കണ്ടതിന്റെ സന്തോഷമോ ചിലപ്പോൾ അവളെ ഇനി ഒരിക്കലും കാണാൻ കഴിയില്ല എന്ന സങ്കടമോ എന്ന്‌ അറിയില്ല എന്റെ കാലുകൾ യാന്ത്രികമായി അവളുടെ അരികിലേക്ക് നടന്നു നീങ്ങി . അവൾ എന്നെ കണ്ടതും പണ്ടെപ്പഴോ കണ്ട് മറന്ന ഒരാളെ കണ്ടതുപോലെ എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു . അവളുടെ കണ്ണുകളുടെ തീവ്രത എന്റെ വാക്കുകളെ  മൗനത്തിൽ മുക്കുന്നത് പോലെ എനിക്കു തോന്നി .  എന്റെ മൗനം അവൾക്ക് അരോചകമായി തോന്നിയത് കൊണ്ടാവാം  അവളെന്നോട് എന്നോട് കൈകൊണ്ട് ആംഗ്യഭാഷയിൽ സംസാരിച്ചു തുടങ്ങി .   അവളുടെ ഭാഷ എനിക്ക് ഒന്നും  മനസ്സിലായില്ലെങ്കിലും എന്നെ ഒരുപാട് വേദനിപ്പിച്ചു . ആ വേദന എന്റെ മനസ്സിനെ മരവിപ്പിച്ചത് പോലെയാക്കി.  കൈ കൊണ്ടുള്ള സംഭാഷണം അവസാനിപ്പിച്ചു മുഖത്ത് ഒരു പുഞ്ചിരി വരുത്തിക്കൊണ്ട് അവിടെ കാത്തു കിടക്കുന്ന ബസ്സിന്റെ അരികിലേക്ക് അവൾ നടന്നു . ബസ്സിൽ കയറുന്നതിനുമുൻപ് അവൾ എന്നെ ഒന്ന് തിരിഞ്ഞു നോക്കി . അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടു . ഒന്നും മിണ്ടാനാകാതെ അവളെ തന്നെ നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ . എന്റെ മനസ്സ് പഴയതുപോലെ ആയി കഴിഞ്ഞപ്പോഴേക്കും ബസ്സ് നീങ്ങി തുടങ്ങിയിരുന്നു .
എന്തിനാണ് അവളുടെ കണ്ണുകൾ നിറഞ്ഞത് ? അവൾ എന്താണ് എന്നോടു പറഞ്ഞു ? എനിക്ക് അറിയില്ല . 
രണ്ട് ദിവസങ്ങൾ കൊണ്ട് ഒരായിരം ചോദ്യങ്ങൾ മാത്രം എനിക്ക് നൽകി കൊണ്ട് അവൾ പോയത് എന്തിനാണ് ? ഇന്നും എന്റെ മനസ്സിന്റെ ഒരു കോണിൽ അവളുടെ മുക്കുത്തിയുടെ തിളക്കത്തിൽ നിറഞ്ഞ കുറെ ചോദ്യങ്ങൾ എന്നെ എന്തിനാണ് ഇങ്ങനെ വേട്ടയാടുന്നത് ?...

രചന :- ദീക്ഷിദ് ബാലചന്ദ്രൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo