Slider

പ്രണയകാവ്യം

0
Image may contain: 1 person, closeup

പറമ്പിൽ പശുവിനെ കെട്ടിയിരിക്കുന്ന തെങ്ങിൽ നിന്നും കയറഴിച്ച് , പുല്ല് ഉള്ള ഭാഗത്തേക്ക് മാറ്റിക്കെട്ടാൻ നോക്കുകയാണ് സൂസന്ന എന്ന ഇരുപതുകാരി.
ആ സമയത്ത് രണ്ടു പേർ വന്ന്, അവളോട് , ഈ ...തെക്കേവീട്ടിൽ ലോനായുടെ വീടേതാ ..? എന്നു ചോദിച്ചു.
ദാ... ആ കാണുന്നതാ.. സ്വന്തം വീടിനു നേരെ ചൂണ്ടിക്കാണിച്ചവൾ മറുപടി പറഞ്ഞു.
അതു കേട്ട്, ശരി മോളേ... വന്നവരിൽ പ്രായം തോന്നിക്കുന്ന മനുഷ്യൻ പറഞ്ഞിട്ട്, കൂടെയുള്ള ചെറുപ്പക്കാരനേയും കൂട്ടി ആ വീട്ടിലേയ്ക്ക് പോയി.
കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ അമ്മ അവളെ വിളിച്ചു,
സൂസന്നേ..... മോളേ സൂസന്നേ...
എന്തോ ... ദാ വരുന്നൂ.. അമ്മേ...
പുല്ല് അരിഞ്ഞു കൊണ്ടിരുന്ന അവൾ , അരിവാൾ അവിടെയിട്ടിട്ട് തിരിച്ച് വീടിന്റെ പിൻഭാഗത്തേക്ക് ചെന്നു.
അവൾ വരുന്നതും നോക്കിയിരിക്കുകയാണ് അവളുടെ അമ്മ റോസ.
മോളേ... നീ വേഗം കൈയ്യും കാലും, മുഖവും ഒന്നു കഴുക്. എന്നിട്ട് ഈ വേഷം മാറ്റി ഉള്ളതിൽ നല്ലത് എടുത്തിട്ട്, മുടിയൊന്നു ചീകി, മുഖത്ത് പൗഡർ ഇട്ടിട്ട് വാ....
എന്താ അമ്മേ.. കാര്യം...?
രണ്ടു പേര് വന്നിട്ടുണ്ട്., പെണ്ണു കാണലിനാണ് ... നീ സമയം കളയാതെ ഞാൻ പറഞ്ഞ കാര്യങ്ങൾ ചെയ്തിട്ട് വേഗം വാ..
അപ്പോഴേക്കും , അവളുടെ അപ്പൻ ലോന അകത്തേക്ക് വന്നിട്ട് , ചായ എടുക്ക് എന്ന് സൂസന്നയോട് പറഞ്ഞിട്ട് അവരുടെ അടുത്തേക്ക് വീണ്ടും പോയി.
റോസ വേഗം ചായയും , വട്ടയപ്പവും എടുത്ത് പാത്രങ്ങളിലാക്കി , അപ്പോഴേക്കും വേഷം മാറി വന്ന സൂസന്നയുടെ കൈയ്യിൽ കൊടുത്ത് , അങ്ങോട് കൊണ്ടുപോയി കൊടുക്കാൻ പറഞ്ഞ് ഏല്പിച്ചു.
സൂസന്ന ചായയും കൊണ്ട് വന്നപ്പോൾ , ലോന സൂസന്നയോട് പറഞ്ഞു , മോളേ.. ഈ വർക്കിക്ക് കൊടുക്കൂ. മോളെ കാണാൻ വന്നതാ.. അതു കേട്ട് അവൾ വർക്കി എന്ന ചെറുപ്പക്കാരനെ നോക്കി, മന്ദസ്മിതം വരുത്തിക്കൊണ്ട് ചായകൊടുത്തു.
പിന്നീട് രണ്ടു കൂട്ടർക്കും പരസ്പരം ഇഷ്ടപ്പെട്ടു , വീട്ടുകാർ തീരുമാനിച്ചു വിവാഹം ഉറപ്പിച്ചു.
ശേഷം പള്ളിയിലെ മൂന്നു ഞായറാഴ്ച്ച വിളിച്ചു ചൊല്ലൽ കഴിഞ്ഞ്, ലളിതമായ ചടങ്ങിൽ വർക്കിയുടേയും സൂസന്നയുടേയും കല്യാണവും കഴിഞ്ഞു.
പിന്നീടുള്ള അവരുടെ ദാമ്പത്യം മനോഹരമായ കാവ്യഗീതം പോലെയായിരുന്നു . പരസ്പരം താങ്ങും തണലുമായി അവർ ജീവിച്ചു. അവരുടെ ദാമ്പത്യ വല്ലരിയിൽ മൂന്ന് മക്കൾ ഉണ്ടായി. രണ്ടാണും, ഒരു പെണ്ണും.
ബുദ്ധിമുട്ടിയിട്ടാണെങ്കിലും മക്കളെ തന്നാലാവും വിധം നന്നായി പഠിപ്പിച്ചു. പില്ക്കാലത്ത് , മക്കളെല്ലാം വളർന്നു വലുതായി ജോലിയും കുടുംബവുമൊക്കെയായപ്പോഴേല്ലാം അവർ മനസ്സു നിറഞ്ഞു സന്തോഷിച്ചു. ജോലി സംബന്ധമായി മക്കളെല്ലാം ദൂരസ്ഥലത്തായിരുന്നു താമസിച്ചിരുന്നത്.
ആ വീട്ടിൽ വർക്കിയും സൂസന്നയും മാത്രമാണ് ഉള്ളത്. പ്രായമേറെ ആയെങ്കിലും അവരുടെ ചുറുചുറുക്കിന് യാതൊരു കോട്ടവും തട്ടിയിരുന്നില്ല.
പറ്റാവുന്നിടത്തോളം മക്കളെ കാണാൻ അവരുടെ വീട്ടിൽ പോകുക, പള്ളിയിൽ കുർബാന കാണാൻ ദിവസവും പോകുക തുടങ്ങിയ കാര്യങ്ങളിൽ അവർ സന്തോഷം കണ്ടെത്തിയിരുന്നു.
രാവിലെ വീട്ടുജോലികഴിഞ്ഞാൽ , വർക്കിയും, സൂസന്നയും വീടിന്റെ മുൻവശത്ത് ഇരിക്കും. ചാരുകസേരയിൽ ചാരിക്കിടന്ന് അതിന്റെ പടിയിൽ കാലുക്കേറ്റി വച്ചിരിക്കുന്ന വർക്കിയേയും മടിയിൽ തുണി വച്ചിട്ട് സൂചിയേൽ നൂലുകോർക്കുന്ന സൂസന്നയേയും , അയൽവക്കക്കാർക്കും, ബസ്സ്റ്റോപ്പി നടുത്തായിരുന്നു അവരുടെ വീട് എന്നതിനാൽ , ബസ് കാത്തു നില്ക്കുന്നവർക്കും നിത്യ കാഴ്ചയായിരുന്നു.
എപ്പോഴും അവരെ ഒരുമിച്ചേ കാണുകയുള്ളൂ എന്നതുകൊണ്ട് നാട്ടുകാർ അവരെ സ്നേഹത്തോടെ 'ഇണപ്രാവുകൾ' എന്നാണ് വിളിച്ചിരുന്നത്.
എടീയേ .. സൂസന്നേ... എന്നുള്ള വർക്കിയുടെ മധുരം ചാലിച്ചുള്ള വിളിയിൽ, എന്നതാ അച്ചായാ... എന്നു സൂസന്ന വിളി കേൾക്കും .
പള്ളിപ്പെരുന്നാളിന്, പേരക്കിടാങ്ങൾക്ക് കൊടുക്കുവാൻ അവലോസുണ്ട, അച്ചപ്പം, വട്ടയപ്പം, കുഴലപ്പം എല്ലാം നേരത്തെ തയ്യാറാക്കി വയ്ക്കും.മക്കളെല്ലാവരും വന്നു കഴിഞ്ഞാൽ ആ വീട് തമാശകളും, പൊട്ടിച്ചിരികളും കൊണ്ട് എപ്പോഴും ശബ്ദമുഖരിതമായിരിക്കും.
ഇതു പോലെ ഒരു ഒത്തുകൂടൽ കഴിഞ്ഞ്, മക്കളെല്ലാം ജോലി സ്ഥലത്തു പോയതിന്റെ പിറ്റേന്ന്, അവർ രണ്ടു പേരും പതിവ് പോലെ വീടിന്റെ മുൻവശത്ത് ഇരുന്ന് പതിവ് സംഭാഷണം നടത്തുന്നതിനിടയിൽ വർക്കിക്ക് പെട്ടെന്ന് മനസ്സിൽ തോന്നി, സൂസന്നയുടെ പ്രസരിപ്പ് കുറഞ്ഞ പോലെ . അന്നേരം വർക്കി സൂസന്നയോട് പറഞ്ഞു,
എടിയേ... സൂസന്നേ ... നമുക്ക് ആശൂത്രിയിൽ പോയി ചെക്കപ്പ് ഒന്നു നടത്തിയേക്കാം .
എന്തിനാ അച്ചായാ.. എന്ന് സൂസന്ന ചോദിച്ചപ്പോൾ, എനിക്ക് വയറു വേദനിക്കുന്നുണ്ട് , അതു കൊണ്ട് ഡോക്ടറെ കാണാം. പോരാത്തതിന് നമുക്ക് രണ്ടു പേർക്കും ചെക്കപ്പ് നടത്താമല്ലോ, എന്ന് വർക്കി പറഞ്ഞു.
സൂസന്നയ്ക്കാണെന്ന് പറഞ്ഞാൽ, എനിക്കൊന്നൂല്ല എന്നെങ്ങാനും പറഞ്ഞ് അവൾ നിരുത്സാഹപ്പെടുത്തിയാലോ...
ശരി, എന്നാൽ നമുക്ക് പോകാം .. എന്ന് സൂസന്ന പറഞ്ഞപ്പോൾ,
ഞാൻ ഓട്ടോറിക്ഷ വിളിക്കട്ടെ , നീ അപ്പോഴേക്കും വേഷം മാറി നിന്നോളൂ, എന്നു പറഞ്ഞു കൊണ്ട് വർക്കി വേഗം വേഷം മാറി ഓട്ടോ വിളിക്കാൻ പോയി.
അല്പ സമയം കഴിഞ്ഞ് വർക്കി ഓട്ടോയുമായി വന്നപ്പോഴേക്കും സൂസന്ന വേഷം മാറി , പോകാൻ തയ്യാറായി നില്ക്കുന്നുണ്ടായിരുന്നു.
അയല്ക്കാരോട് ആശുപത്രിയിൽ പോകുന്ന കാര്യം പറഞ്ഞതിനു ശേഷം ഓട്ടോയിൽ കയറി അവർ യാത്രയായി.
പക്ഷേ പോകുന്ന വഴിയിൽ ദുരന്തം ഒരു ടിപ്പറിന്റെ രൂപത്തിൽ വന്നു. കാറിനെ മറികടന്ന ടിപ്പർ ലോറി ഇവർ സഞ്ചരിച്ച ഓട്ടോയിൽ ഇടിച്ചു, ഓട്ടോറിക്ഷ മറിഞ്ഞു.
ഇടിയുടെ ആഘാതത്തിൽ, നെറ്റിപ്പൊട്ടി ചോരയൊഴുകുന്ന വർക്കിയെ കണ്ട് അയ്യോ .. അച്ചായന്റെ തല പൊട്ടിയേ എന്ന് വാവിട്ടുകരഞ്ഞ സൂസന്നയേയും , എനിക്ക് ഒന്നും പറ്റിയില്ലെടീ ,നിനക്കു വല്ലതും പറ്റിയോടീ എന്നു പരിഭ്രാന്തിയോടെ ചോദിക്കുന്ന വർക്കിയേയും കൊണ്ട്, ഓടിക്കൂടിയവർ, ആ വഴി വന്ന പോലീസ് ജീപ്പിൽ കയറ്റി ആശുപത്രിയിൽ കൊണ്ടുപോയി.
അത്യാഹിത വിഭാഗത്തിൽ രണ്ടുപേരേയും അടുത്തടുത്ത കട്ടിലുകളിൽ കിടത്തി.
അടുത്തടുത്ത കട്ടിലുകൾ ആയിരുന്നെങ്കിലും ഇതിനിടയിൽ ഒരു കർട്ടൻ വലിച്ചു നീക്കിയിട്ടുണ്ടായിരുന്നു.
ആയതിനാൽ അവർക്ക് പരസ്പരം കാണുവാൻ സാധിക്കുകയില്ലായിരുന്നു.
വർക്കിയുടെ നെറ്റിപ്പൊട്ടി ചോര ഒഴുകുന്നത് കണ്ടതിന്റെ ആഘാതത്തിലായിരുന്നു സൂസന്ന.
അവളുടെ അച്ചായനെ കാണാതെ വേവലാതി പൂണ്ട അവൾ തന്നെ പരിചരിക്കുന്ന നഴ്സുമാരോട് ചോദിച്ചു , അച്ചായനെന്തിയേ? വല്ലതും പറ്റിയോ , തല പൊട്ടി ചോര പോകുന്നത് കണ്ടൂ... ? എന്ന്.
ഒന്നും പറ്റിയില്ല അമ്മച്ചീ ... അപ്പൂപ്പന്റെ നെറ്റിയിൽ മരുന്നു പുരട്ടുകയാണ്.
അപ്പോഴേക്കും മുഴുവൻ കേൾക്കാൻ സൂസന്നയ്ക്ക് സാധിച്ചില്ല. ഒരു ഹൃദയാഘാതത്തിന്റെ രൂപത്തിൽ മരണം സൂസന്നയെ പെട്ടെന്നു തന്നെ മാടി വിളിച്ചു.
ഇതൊന്നും അറിയാതെ, വർക്കി തന്റെ തലയിൽ മുറിവ് വൃത്തിയാക്കുന്ന നഴ്സുമാരോട് ചോദിച്ചു , അവളെന്തിയേ... സൂസന്ന ... എനിക്ക് അവളെ കാണണം . അവളാകെ പേടിച്ചിരിക്കുകയാണ്. അവളെ വിളിക്ക് , വർക്കി വേപഥു പൂണ്ടു.
എന്തു പറയണം എന്നറിയാതെ വിവരമറിഞ്ഞു വന്ന മക്കൾ അണ പൊട്ടിയൊഴുകാൻ വെമ്പുന്ന ദുഃഖത്തെ പിടിച്ചമർത്തിക്കൊണ്ട് നിന്നപ്പോൾ,
ആ വെള്ളക്കുപ്പാഴമിട്ട കൊച്ചു മാലാഖമാർ ' അപ്പൂപ്പാ... അമ്മൂമ്മയ്ക്ക് ഗ്ലൂക്കോസ് കേറ്റിക്കൊണ്ടിരിക്കുകയാണ്. അതു തീർന്നു കഴിഞ്ഞാൽ വിളിച്ചു കൊണ്ടു വരാം ട്ടോ ... എന്നു പറഞ്ഞു ആശ്വസിപ്പിക്കാൻ നോക്കി.
അവൾക്കൊന്നും പറ്റിയിട്ടില്ലല്ലോ ... അവൾ സുഖമായിരിക്കുന്നു അല്ലേ... അതു കേട്ടാൽ മതി എന്നു പറഞ്ഞു കൊണ്ട് പതിയെ വർക്കി മയക്കത്തിലേക്ക് വീണു. അത് ഒരിക്കലും ഉണരാത്ത മയക്കത്തിലേക്കായിരുന്നു, എന്നത് അവർക്ക് മനസ്സിലായിരുന്നില്ല. മതിഷ്ക്ക മരണത്തിന്റെ രൂപത്തിലായിരുന്നു അത്.
ജീവിച്ചിരുന്നപ്പോൾ ഒന്നിച്ച അവർ മരണത്തിലും ഒന്നിച്ചു , തങ്ങൾക്കെന്തു സംഭവിച്ചു എന്ന് പരസ്പരം അറിയാതെയാണെങ്കിലും .
ഇപ്പോഴും കാണാം, നാട്ടുകാർ ഇവരുടെ ഓർമ്മയ്ക്കായി നിർമ്മിച്ച, പ്രണയത്തിന്റെ പര്യായമായ 'ഇണപ്രാവുകൾ' എന്ന ശിലാസ്മാരകം.
സുമി ആൽഫസ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo