Slider

സുക്കറണ്ണന്റെ മാനസാന്തരം

0
Image may contain: 1 person, selfie, closeup and indoor

അന്നും പതിവുപോലെ അലാറം അടിച്ചതുകേട്ടു ഞാൻ മോബൈൽ കൈയ്യിലെടുത്ത് അലാറം ഓഫാക്കി. കണ്ണും തിരുമ്മി നോട്ടിഫിക്കേഷൻ എന്തൊക്കെയെന്ന് തിരഞ്ഞപ്പോൾ ഒരെണ്ണംപോലുമെനിക്ക് കാണാൻ കഴിഞ്ഞില്ല. അപ്പോളാണ് നെറ്റ് ഓഫാണെന്ന കാര്യമോർത്തത്. നെറ്റ് ഓണാക്കാൻ നോക്കിയപ്പോൾ നെറ്റ് ഓണിൽ തന്നെയാണ് കിടക്കുന്നത്. പിന്നെന്തെ നോട്ടിഫിക്കേഷനൊന്നും വരാഞ്ഞത്? ഇന്നലെ കിടക്കുന്നതിനു മുന്നേ ഇട്ട പോസ്റ്റ് എത്ര പേര് വായിച്ചെന്നറിയണ്ടേ.....
വാട്ട്സപ്പ് മെസേജ് നോക്കാമെന്നുവച്ചപ്പോൾ അതിന്റെ നോട്ടിഫിക്കേഷനും കാണുന്നില്ല. ആകെയുള്ളത് ന്യൂസ്മാത്രം. ഫേസ്ബുക്ക് ഓപ്പൺ ചെയ്തു നോക്കിയപ്പോൾ അതും ഓപ്പൺ ആകുന്നില്ല, മെസെഞ്ചറും ഓപ്പണാകുന്നില്ല...
ആകെ പണികിട്ടിയിരിക്കുന്നു. എന്ത് സംഭവിച്ചു എന്നൊരു ഐഡിയയുമില്ല. എല്ലാം അൺഇൻസ്റ്റാൾ ചെയ്തിട്ട് ഇൻസ്റ്റാൾ ചെയ്തു നോക്കാം...
ഇപ്പോളാണ് ശരിക്കും പതിനാറിന്റെപണി കാടിവെള്ളത്തിൽ കിട്ടിയത്. പ്ലേസ്റ്റോറിൽപോയി നോക്കിയപ്പോൾ ആളു കിടന്നിടത്ത് പൂടപോലുമില്ലെന്ന് പറഞ്ഞതുപോലെ അതിൽ ഈ പറഞ്ഞ മൂന്നു ചങ്കുകളുമില്ല. മൂന്നുംകൂടിയിനി കാശിക്കുപോയോ?
അല്ല ഒന്നുറങ്ങിയെണീറ്റപ്പോളേക്കിനും ഇതൊക്കെ കാണാതാകാൻ ഇതൊക്കെയെന്താ സുരേഷ്ഗോപിയോ?
" ദേ വന്നു ദാ പോയി "
എന്നതുപോലെ ആയില്ലേ?
എന്നും സ്ഥിരമായി ഗുഡ്മോണിംഗ് തന്നിരുന്നവരെയൊന്നും കാണാഞ്ഞിട്ടൊരു വൈക്ലബ്യം. സുഹൃത്തുക്കളിൽ കുറച്ചു പേരുമായിട്ടേയുള്ളു നേരിട്ടു ഫോൺ വിളിയുംമറ്റും ബാക്കിയുള്ളവരെയൊക്കെ ചാറ്റ് ബോക്സിൽ കുറ്റിയടിച്ചിട്ടിരിക്കുകയാണ്. ചാറ്റിങ്ങിൽ താത്പര്യമില്ലെന്ന് സ്റ്റാറ്റസിട്ടവരെപോലും വെറുതെവിടാതെ ചാറ്റികൊന്ന ചരിത്രമാണ് നമുക്കുള്ളത്. മലപ്പുറംക്കാരുപോലും പറഞ്ഞു നീ മലപ്പുറംകത്തിക്കും മേലേയാണെന്ന്...
അപ്പോഴും എന്റെ മനസ്സിൽ ഇന്നലെ ""കാന്താരിക്കുംസുഗന്ധം"" എന്ന എഴുത്തു ഗ്രൂപ്പിലിട്ട എന്റെ "കിടന്നപായ കണ്ടില്ല " എന്ന പോസ്റ്റിനെക്കുറിച്ചായിരുന്നു. എന്റെ ചങ്ക്സൊക്കെ അതു കണ്ടുകാണുമോ? കോമഡിയായിരുന്നു അതുകൊണ്ടതു ഹിറ്റാകാൻ ചാൻസുണ്ട്. പക്ഷേ എങ്ങനെയതറിയും?...
കൈകൾ രണ്ടും സ്ഥിരമായി ചൂടുകിട്ടുന്നിടത്തുവച്ചു കിടക്കുന്ന ചങ്കുബ്രോയെ വിളിച്ചുനോക്കി. അത്യാവശ്യകാര്യമായതു കൊണ്ടാണ് വിളിച്ചത്, അല്ലെങ്കിൽ മിസ്കോൾ അടിക്കത്തേയുള്ളു ഞാൻ. ഞാനാര മ്യോൻ...
പെണ്ണുങ്ങളെ സ്വപ്നം കണ്ടുകിടക്കുന്ന ബ്രോ ആദ്യബെല്ലിൽ തന്നെ കോളെടുത്തു. രാവിലെ തന്നെ 'നല്ലകോളായിരിക്കുമെന്ന് ' കരുതി തെറ്റിദ്ധരിച്ചാണവൻ എന്റെകോൾ എടുത്തത്. എന്റെ ശബ്ദംകേട്ടതും എനിക്കിട്ടൊരു എടകുത്തുതരാൻ അവനു തോന്നികാണും. ഞാൻ കാര്യം പറഞ്ഞപ്പോൾ അവനെന്നെ ചീത്തവിളിച്ചു. എടാ മൈ.... രാവിലെ വിളിച്ചത് ഇതിനായിരുന്നോ എന്നും പറഞ്ഞവൻ കോളുകട്ട് ചെയ്തു...
ഞാൻ അന്തംവിട്ടു കുന്തിച്ചിരിക്കുന്ന സമയത്തു തന്നെ അവന്റെ കോൾ പൂർവ്വാധികം സ്പീഡിൽ ഇടിച്ചു ഇടിച്ചില്ല എന്ന രീതിയിൽ ബ്രേക്കിട്ടുവന്നു നിന്നു...
"അളിയ എന്റെയും ഈ മൂന്നു ചങ്ക്സും കാണാനില്ലയിപ്പോൾ എന്തു പറ്റിയതാടാ?"
"എടാ മൈതാണ്ടി അതറിയാനല്ലേ ഞാൻ നുമ്പേ നിന്നെ വിളിച്ചത് അപ്പോൾ നീ കട്ടകലിപ്പുക്കേറി കോൾകട്ടു ചെയ്തില്ലേ "
"അയ്യോ! എന്റെ സൗമ്യ, രമ്യ, പാറു, തങ്കു, ചിന്നു, പൊന്നു, കിച്ചു, മുത്ത്, ഇവർക്കൊക്കെ ഞാനിനി എങ്ങനെ മെസേജയക്കും"
"നമ്പറില്ലേ വിളിച്ചാൽ പോരെടാ"
" വിളിച്ചാൽ ഒറ്റയെണ്ണം എടുക്കില്ലളിയാ ചാറ്റിങ്ങിലുള്ള പരിപാടിയെയുള്ളു. ആകെയുണ്ടായിരുന്ന ഒരു ടൈം പാസ്സായിരുന്നു ഈ ചാറ്റ് ". ഞാനവനെ അന്തംവിട്ടു നോക്കിനിന്നു. എന്നിട്ടു മനസ്സിൽ പറഞ്ഞു
" നീ തങ്കപ്പനല്ലടാ പൊന്നപ്പനാ പൊന്നപ്പൻ " എന്ന്...
അധികം താമസിക്കാതെ തന്നെ അവിടുന്നമിവിടുന്നുമൊക്കെ കോൾ വരാൻ തുടങ്ങി. എല്ലാർക്കും സെയിം പ്രോബ്ളം. ചാകാൻ പോകുന്നു എന്നു പറഞ്ഞാൽപോലും വിളിക്കാത്തവൻമാരാണ് റീ ചാർജ്ജു ചെയ്തുകാര്യം തിരക്കുന്നത്...
അപ്പോൾ ശരിക്കും പറഞ്ഞാൽ എട്ടിന്റെ പണിയാണ് എല്ലാർക്കുമിന്ന് മോരുംവെള്ളത്തിൽ കിട്ടിയിരിക്കുന്നത്. കാര്യമെന്താണെന്നല്ലേ നമ്മുടെ ബുദ്ധിജീവിബ്രോ, ചങ്കൻ, സൈറ്റുകളിൽ കിടന്നുറങ്ങുന്നവൻ കാരണം കണ്ടുപിടിച്ചു കഴിഞ്ഞു. അവനറിയാത്ത കാര്യങ്ങൾ ഈ ഭൂമി മലയാളത്തിൽ കാണില്ല...
എന്താ കാരണം?
അറിയാൻ തിടുക്കമുണ്ടല്ലേ നിങ്ങൾക്ക്?
എന്നാൽ ഞെട്ടിക്കുന്ന ആ കാര്യം ഞെട്ടലിൽ നിന്നുകൊണ്ടു തന്നെ പറയട്ടേ...
കഴിഞ്ഞ ദിവസം വേറെന്തോ വരാനിരുന്ന സമയത്താണെന്നു തോന്നുന്നു നമ്മുടെ സുക്കറണ്ണൻ ( നുമ്മ ഫേസ്ബുക്ക് മൊതലാളി) അണ്ണനും, അണ്ണിയും, അവരുടെ രണ്ടു പെൺകൊച്ചുങ്ങളുംകൂടി തൊടുപുഴയിൽ ധ്യാനം കൂടാൻ പോയത്. ധ്യാന സമയത്ത് ധ്യാനഗുരു പറഞ്ഞ സംഗതി സുക്കറണ്ണനെ പിടിച്ചുകുലുക്കി. (കുലുക്കിതക്കത്ത പാടാൻ തോന്നിയില്ല കേട്ടോ)
"ഇന്നത്തെ ന്യൂജനറേഷനെന്നു വിശേഷിപ്പിക്കുന്ന ഈ തലമുറയെ വഴിത്തെറ്റിക്കുന്ന രണ്ട് സോഷ്യൽ മീഡിയകളാണ് ഫേസ്ബുക്കും, വാട്ട്സപ്പും, മെസെഞ്ചറുമൊക്കെ. ഇങ്ങനെ യുവജനങ്ങളെ വഴിത്തെറ്റിക്കുന്ന ഇതൊക്കെ ഉണ്ടാക്കിയവന്റെ തലയിൽ ഇടിവെട്ടണമേ, അല്ലെങ്കിൽ കല്ലുമഴ പെയ്യിക്കണേ എന്റെ കർത്താവേയെന്ന് ഉറക്കെ പ്രാർത്ഥിച്ച (വയസ്സായ, സ്വന്തമായിട്ട് സ്മാർട്ട്ഫോണോ, ഇന്റർനെറ്റോ, ഫേസൂക്കോ, വാട്ട്സപ്പോ, മെസെഞ്ചറോ ഇല്ലാത്ത) നമ്മുടെ ഗബ്രിയേലച്ചന്റെ ഇടിവെട്ടുന്ന വാക്കുകളാണ് സുക്കറണ്ണനെ പിടിച്ചുകുലുക്കിയത്. അണ്ണന്റെ തലയിലെമുടികൾ ഇതുകേട്ടു എണീറ്റു നിന്നു അണ്ണനെ കൊഞ്ഞനംകുത്തി കാണിച്ചിട്ട് വേഗമിറങ്ങിപ്പോയി. ഇടിയെങ്ങാനും വെട്ടിയാലോ, കല്ലുമഴയെങ്ങാനും പെയ്താലോ എന്നുംപേടിച്ച്...
ഭാര്യയ്ക്കും ഇതുകേട്ടു അണ്ണനോടൊരു പുച്ഛം തോന്നി. അതുംകൂടി കണ്ടപ്പോൾ അണ്ണന് (അമ്മാണേ നേര്) കട്ട മാനസാന്തരമുണ്ടായി. (സബരിമല മുരുകനാണേ ഇതു സത്യം). ധ്യാനം കഴിയാൻ അണ്ണനും ഫാമിലിയും നിന്നില്ല. അതിനുമുന്നേ ആദ്യംകിട്ടിയ സൂപ്പർഫാസ്റ്റിൽ കേറിനേരെ ഫേയ്സപ്പ് തറവാട്ടിൽവന്നു. എന്നിട്ട് നീളമുള്ള ഒരു വടിയെടുത്തു സെർവറും, പിന്നെ മറ്റു സാമഗ്രികളും അടിച്ചു താറുമാക്കി എന്നന്നേയ്ക്കുമായി മൂന്നിനെയും പാതാളത്തിലേയ്ക്ക് ചവിട്ടി താഴ്ത്തി...
എന്നിട്ടൊരു ചുരുട്ടിനു തീ കൊളുത്തി അരപ്ലേസിൽ കേറിയിരുന്നു പുക ഊതി കൊണ്ടിരുന്നു. അപ്പോൾ നമ്മുടെ സുക്കറണ്ണി എല്ലാം കണ്ടു ദൈവത്തിനും, ഗബ്രിയേൽ അച്ചനും നന്ദിപറഞ്ഞ് നല്ല കോട്ടയംചുള്ളി കപ്പപുഴുങ്ങിയതും സൂപ്പർഹിറ്റ് കാന്താരിമുളകു പൊട്ടിച്ചതും അണ്ണന്റെ അടുത്ത് അരപ്ലേസ്സിൽ വച്ചിട്ട് ഒരുമിച്ചു കഴിക്കാനാരംഭിച്ചു...
അപ്പോളതാ രണ്ടു പെൺപിള്ളാരുംകൂടി ഉറക്കെനിലവിളിച്ചു കൊണ്ടോടി വരുന്നു. ഇതുങ്ങളെയെന്താവല്ലോ ചൊട്ടനും അസ്ഥാനത്തു കടിച്ചോ എന്നു ശങ്കിച്ചു കാര്യം തിരക്കിയപ്പോൾ അവരുടെ മൂന്നുചങ്ക്സിനെയും മൊബൈലിൽ കാണാനില്ലെന്ന്. ലോകത്തിലുള്ള എല്ലാർക്കും കിട്ടിയ എട്ടിന്റെപണി അണ്ണന്റെ മക്കൾക്കും കിട്ടിയിരിക്കുന്നു. ഞങ്ങൾക്കിപ്പോ മൂന്നു ചങ്ക്സിനെയും വേണമെന്നു പറഞ്ഞതു കേട്ടതും സുക്കറണ്ണന് കലിപ്പുകേറി. എന്നിട്ടു കട്ടക്കലിപ്പിൽ ഉറക്കെ പറഞ്ഞു.
"നിന്റമ്മേടെ... മുഴുപ്പിക്കുന്നതിനു മുന്നേ സുക്കറണ്ണി ഒന്നു കനപ്പിച്ചു നോക്കി. നുമ്മ സുക്കറണ്ണനാരാണ് മ്യോൻ വീണിടത്തു കിടന്നുരുളാൻ ഓനെ കഴിഞ്ഞല്ലേ ബേറെ ആളുള്ളു. (ഡാർക്ക്സീൻ ആകുന്നതിനുമുന്നേ) അണ്ണൻ പ്ലേറ്റുമാറ്റി ഇങ്ങനെ മൊഴിഞ്ഞു
" നിന്റമ്മേടെ " ജിമിക്കി കമ്മൽ
നിന്റച്ഛൻ കട്ടോണ്ടു പോയെ
നിന്റച്ഛന്റെ ബ്രാണ്ടിക്കുപ്പി
നിന്റമ്മ കുടിച്ചു തീർത്തേ "
അപ്പോൾ, ബൈ ദ ബൈ ഇതാണ് നടന്ന സംഗതി. പണി കിട്ടിയെന്നു പറഞ്ഞാൽ മതിയല്ലോ. ലോകമെങ്ങും നിലോളീം കരച്ചിലുംമാത്രം...
കാരണം, ഡെയ്ലി ചാറ്റുന്നവരുടെയൊ,കോൾ ചെയ്യുന്നവരുടെയോ ഒരു ഡീറ്റെയിൽസും ആർക്കുമറിയില്ല. ഒരു സുപ്രഭാതത്തിൽ ആരെയെങ്കിലും കാണാതായാൽപോലും അവരെക്കുറിച്ചറിയാനൊരു മാർഗ്ഗവുമില്ലാതാകുന്നു...
വിരലിലെണ്ണാവുന്ന ആളുകളുമായിട്ടു നല്ല ബന്ധമുണ്ടാകാം. പക്ഷേ, നമ്മളുടെ പോസ്റ്റുകളെ നല്ലതുപോലെ സപ്പോർട്ടു ചെയ്യുന്ന ഒരുപാടുപേരുകാണും അവരെയൊക്കെ ഒറ്റയടിക്ക് നഷ്ടപ്പെടുന്ന അവസ്ഥ ഒന്നാലോചിച്ചു നോക്കുക. ആയതിനാൽ നമുക്കു വേണ്ടപ്പെട്ടവരെക്കുറിച്ച് കൂടുതലറിയാൻ ശ്രമിക്കാം. അറ്റ്ലീസ്റ്റ് അവരുടെ അഡ്രസ്സെങ്കിലും നമുക്കു കിട്ടിയാൽ ഒരെഴുത്തെങ്കിലും എഴുതി വിശേഷങ്ങളറിയാൻ കഴിഞ്ഞെന്നുവരാം...
നല്ലബന്ധങ്ങൾ കെട്ടുറപ്പുള്ളതാക്കുക. പിണക്കങ്ങൾക്കും, പരിഭവങ്ങൾക്കും, കുറ്റപ്പെടുത്തലുകൾക്കും, കുശുമ്പിനും, കുന്യായ്മയ്ക്കും അൽപ്പായുസ്സു കൊടുത്തുകൊണ്ടു ഇടുങ്ങിയ മനസ്സുകളുടെ വലുപ്പും കൂട്ടാൻ ശ്രമിക്കാം...
NB : ഇതിലെ കഥയും, കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രം. ജീവിച്ചിരിക്കുന്നവരുമായിട്ടും മരിച്ചവരുമായിട്ടും യാതൊരു വിധ ബന്ധവുമില്ലാത്തതാണ്. ഞാനെന്ന് അഭിസംബോധന ചെയ്തിരിക്കുന്നത് എന്നെയല്ല അതു നിങ്ങളിൽ ഓരോരുത്തരുമാകാം. ഒരു പക്ഷേ ഭാവിയിൽ ഇങ്ങനെയൊക്കെ സംഭവിച്ചുകൂടയെന്ന് എങ്ങനെ നമുക്ക് തറപ്പിച്ചു പറയാൻ സാധിക്കും...
.......................... 📝 മനു .......................
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo