
ദുബൈക്ക് തിരിച്ച് പോരുന്നേന്റെ ഒരാഴ്ച മുന്നെയാണു കെട്ടിയോളും ഓൾടെ വീട്ടാരും എന്നേം കൂട്ടി ഓരുടെ ഒരു കുടുംബ വീട്ടിലേക്ക് വിസിറ്റിനു പോയത്.. കാണാൻ മോശോല്ലാത്ത വീട്.. ബല്യ ആർഭാടൊന്നുല്ല.. അല്ലേലും ഞങ്ങൾ തലശ്ശേരിക്കാരെ പോലല്ല കോയിക്കോടുള്ള ഒരോ വീടുകളും.. വീടൊന്നും ഓവർ മൊഞ്ജാക്കീട്ട് പൈസ കളയില്ല...
പുതിയ പുയ്യപ്പിള ആയോണ്ട് നല്ല സ്വീകരണം തന്നെ കിട്ടി.. നേരത്തെ ബിളിച്ച് പറയാത്തോണ്ട് ഓർക്ക് അധികോന്നും ഉണ്ടാക്കാൻ പറ്റീല്ലാന്നന്നെ ഓർക്ക് പരാതി.. ഇറങ്ങുന്നേന്റുള്ളിലു 100 പ്രാവശ്യെങ്കിലും ഓറത് പറയേം ചെയ്തിനു..
ആ സമയത്ത് എന്റെ കെട്ടിയോൾ 4 മാസം ഗർഭിണിയാ.. അവിടെ ഒരു പെണ്ണുണ്ട് ഓൾക്കും 4 മാസം.. 5 ദിവസത്തിന്റെ വ്യ്ത്യാസം എന്നോ മറ്റോ പറഞ്ഞ ഓർമ്മയിണ്ട് ... കാണാൻ 13 വയസ്സിന്റെ വളർച്ചയേ ഉള്ളൂ.. അത്രയും ചെറുത് .. അടക്കാ കിളിയേ എന്നാ ന്റെ കെട്ടിയോൾ ഓളെ വിളിക്കാറു എന്നൊക്കെ പോകുന്ന വഴി പറഞ്ഞിട്ടുണ്ട്.. കുറേ സ്വത്തുക്കൾ ഉണ്ടെന്നും ഒറ്റ മോളാണു എന്നൊക്കെ ബർത്താനത്തിനിടയിൽ കേട്ടു...
എന്നോടും അടക്കാ കിളി എന്തൊക്കെയോ ചോദിച്ചു.. കൂടുതലും തലശ്ശേരി വിശേഷങ്ങൾ തന്നെ... നല്ല ചുന്തരി കൊച്ച്.. ചെറിയ സൗണ്ട്.. എന്തു കൊണ്ടും അടക്ക കിളി എന്ന പേരു ഓൾക്ക് പറ്റിയ പേരന്നെ.. ആടുന്ന് ഇറങ്ങിയപ്പോ അടക്കാ കിളി എന്റെ ഓളോട് പറഞ്ഞു...
ജിജിത്താത്തേ നമ്മൾ ഏകദേശം ഒരേ സമയത്ത് പ്രസവിക്കുല്ലെ .. ഒരേ ഹോസ്പിറ്റലിൽ അടുത്തടുത്ത ബെഡിൽ കിടക്കാം .. എന്നാ പാതി സമാധാനം ആവുമല്ലോ എന്നൊക്കെ .... എല്ലാരും ചിരിച്ചു ഇൻഷാ അല്ലാഹ് വിധി ഉണ്ടക്കട്ടെ ന്നു പറഞ്ഞു
ഞാനന്നേരം കൗതുകത്തോടെ ഓളെ തന്നെ നോക്കാരുന്നു.. കൊച്ചുകുട്ടിയെ പോലുണ്ട് ഓളുടെ ഒരോ ചലനങ്ങളും.. അത്രയ്ക്ക് മൊഞ്ജാരുന്നു അടക്കാ കിളിക്ക്.. ഓവറായി നോക്കിയാൽ കെട്ടിയോൾടെ നുള്ളു കിട്ടുന്നത് കൊണ്ട് ഞാൻ വേഗം യാത്ര പറഞ്ഞ് ഇറങ്ങി..
തിരിച്ച് പോവുന്ന വഴി രണ്ട് കുടുംബ വീട്ടിൽ കൂടി കേറിയെങ്കിലും എന്റെ മനസ്സിൽ മുഴുവൻ അടക്കാ കിളിയുടെ മുഖം മാത്രാരുന്നു...
തിരിച്ച് പോവുമ്പോളും കേട്ടു അവരുടെ കുറേ ഭൂതകാല സ്റ്റോറികൾ... അടക്കാ കിളിയുടെ ഉപ്പ അയാൾടെ ഏട്ടന്റെ സ്വത്ത് കള്ളക്കേസിൽ കുടുക്കി അടിച്ചെടുത്തതാണു.. കണ്ടമാനം സ്വത്ത് ഉണ്ടേലും പിശുക്കന്മാരാണു.. പൈസ കടം ചോദിച്ചാലൊക്കെ ഇല്ലാന്നേ പറയൂ എന്നൊക്കെ... .. അടക്ക കിളിയുമായി ബന്ധപ്പെട്ടുള്ള കാര്യായോണ്ടാവും എനിക്കെന്തോ ദേഷ്യാണു അപ്പോ തോന്നിയത്
അന്നു ഓൾടെ വീട്ടാരു എല്ലാരും ഉള്ളോണ്ട് പുറത്തുന്നാ ഫുഡടിച്ചെ.. വീട്ടിലെത്തി കിടന്നപാടെ കെട്ടിയോൾ ചോയിച്ചു എന്തേ അടക്ക കിളിയെ നല്ല പോലെ പിടിച്ച മട്ടുണ്ടല്ലോ..ഓൾടെ മുഖത്തൂന്ന് കണ്ണെടുത്തില്ലല്ലോ ...ഓൾക്ക് വയറ്റിലുണ്ട്.. നല്ല പൂത്തപണം ഉള്ള ഒരു പുയ്യാപ്പിളയുണ്ട്.. അതോണ്ട് മോനങ്ങ് മറന്നു കള ന്ന്
ഒന്ന് ഞെട്ടിയെങ്കിലും ഞാനോളോട് ചോയിച്ചു ഇനിക്കെങ്ങനെ മനസ്സിലായി ഓളെ പറ്റിയാ ഞാനോർത്തെ ന്നു ??
ഇങ്ങളെ ഞാൻ കെട്ടീട്ട് 5 മാസേ ആയിക്കിള്ളൂ എങ്കിലും ഇങ്ങളെ കണ്ണേങ്ങോട്ട പോണേന്നും മനസ്സിലെന്താണുള്ളതെന്നും അറിയാൻ ഞാൻ പടിച്ചിക്കിണു എന്നു ഓളും പറഞ്ഞു
ശരിയാ മങ്ങലം കയിഞ്ഞ് ഒരു മാസത്തോളം പലതും ഞാൻ ഒളിക്കാൻ ശ്രമിച്ചിട്ടുണ്ട്.. വണ്ടീൽ പോവുമ്പോ പെൺപിള്ളാരെ കണ്ടാൽ ഇടം കണ്ണിട്ട് നോക്കലൊക്കെയുണ്ട്... ഒരാഴ്ച കയിഞ്ഞപ്പോ ഓളന്നെ പറഞ്ഞു ഒന്നുകിൽ വായിനോട്ടം നിർത്തു.. അയിനു പറ്റില്ലേൽ മര്യാദക്ക് നോക്ക് അല്ലേൽ കോങ്കണ്ണാവും ന്ന്.. അയിനു ശേഷം ഓൾടെ മുന്നിൽ ഒന്നും ഒളിക്കാറില്ല... ഒളിപ്പിച്ചിട്ട് കാര്യോല്ല അതോണ്ടന്നെ
ഇല്ലെടീ നീ വിചാരിക്കണ പോലെയല്ല. ഞാൻ അടക്ക കിളീനെ കുറിച്ചോർത്തെ .. നല്ല രസോണ്ട് ആ പെണ്ണിന്റെ കളി കാണാൻ .. ഓരോ കാര്യം പറയുമ്പോ ഓൾടെ മുഖം കൊണ്ടുള്ള കളി കാണാനും നല്ല രസാണു .. ന്തിനാ ഇത്ര ചെറുപ്പത്തിലേ അതിനെ കെട്ടിച്ച് വിട്ടേന്നാ ഞാനാലൊചിച്ചെ
അയിനാര പറഞ്ഞെ ഓളു കൊച്ചാണെന്നു ..19 വയസ്സുണ്ട് ഓൾക്ക് .. ഓളാണോ കൊച്ചൂട്ടി ??
അള്ളൊഹ് 19 ഉണ്ടോ .. കണ്ടാൽ 14 പോലും ഇല്ലല്ലോടീ അതിനു...
ആഹ് ന്ന്.. ഇങ്ങൾ ഓൾടെ കാര്യം ഓർത്ത് കിടക്കാണ്ട് എന്നെ ഓർത്ത് ഉറങ്ങിയാട്ടെ ... ഒറ്റ ഒരുത്തീനെയും വെറുതെ വിടണ്ടാട്ടാ കിളവാ
ഇന്നെ ഓർത്ത് കിടന്നാ ഉള്ള ഉറക്കോ പോവല്ലെ മുത്തെ ചെയ്യാന്നും പറഞ്ഞു കെട്ടിപ്പിടിച്ചങ്ങ് കിടന്നു...അല്ലേൽ ഓൾക്ക് സങ്കടായാലോ
രണ്ടീസം അടക്കാ കിളി തന്നെയായിരുന്നു മനസ്സിൽ.. ഇങ്ങളും വിചാരിക്കണുണ്ടാവും ഇവനെന്താ ഇങ്ങനെ .. പെണ്ണുങ്ങളെ കാണാത്ത കളി കളിക്കുന്നേ ന്നു ല്ലേ... അമ്മച്ചിയാണെ ബെടക്ക് ചിന്ത ഒന്നുമല ഓളെ പറ്റിയുണ്ടായത്.. എന്തോ ഒരു കൗതുകം മാത്രം ...
ദുബായ്ക്ക് വരാൻ 4 ദിവസേ ബാക്കിയുള്ളൂ.. പിന്നെ അയിന്റെ തിരക്കിലായോണ്ട് അടക്ക കിളിയെയൊക്കെ മറന്നു...
അടക്കാ കിളിയെ എങ്ങനെ ഓർമ്മ വരാനാ ... 4 ദിവസോ കെട്ടിയോൾടെ വക കരച്ചിലും ഓളെ സമാധാനിപ്പിക്കാനും അല്ലേ നേരമുള്ളൂ..ദുബായിലെത്തി ഇച്ചിരി കടമേയുള്ളൂ അത് തീർന്നാ അപ്പോ തന്നെ ഗൾഫ് ജീവിതം മതിയാക്കി പാസ്സ്പ്പോർട്ട് കത്തിക്കുമെന്ന് വാക്കും കൊടുത്ത് സമാധാനപ്പിച്ചാ വന്നത്... ഓൾക്കറീല്ലല്ലോ ഇത് പോലെ 10 തവണ പോയി വന്നാലും 8 ലക്ഷം കടം തീരുല്ലാന്ന്..
ദുബായിലെത്തിയപാടെ പൊരുത്തപെട്ട് പോവാൻ നല്ല പോലെ ബുദ്ധിമുട്ടി.. ഓളെ വിളിച്ചാൽ കരച്ചിൽ .. വീട്ടിൽ വിളിച്ചാൽ കടം .. ഇതൊന്നും പോരാത്തേനു ഒറ്റക്കായ സങ്കടം ...മൊത്തത്തിൽ കിളിപോയ അവസ്ത
15 ദിവസം കഴിഞ്ഞ് എല്ലാം ഒരു കോലത്തിൽ ആയി വരുന്ന സമായത്താണു ഓൾടെ മെസ്സെജ് വാട്സാപ്പിൽ കണ്ടത്.. call me urgent എന്നു.... നാട്ടിലുള്ള സമയത്ത് രണ്ടു തവണ പ്രഷർ കുറഞ്ഞിട്ട് ഹോസ്പിറ്റലിൽ കൊണ്ടോയത് ഓർമ്മയുള്ളോണ്ട് മെസ്സേജ് കണ്ടപാടെ വിളിച്ചു...
ഇങ്ങളറിഞ്ഞോ സുഹാനയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ അഡ്മിറ്റാക്കിയിട്ടാ ഉള്ളത്
അതേതാ സുഹാന ??
ഇങ്ങക്കോർമ്മയില്ലേന്ന് അടക്കാ കിളിയെ .. ഓൾടെ പേരാണു സുഹാനാന്ന്
പടച്ചൊനേ ഓൾക്കെന്താ പറ്റിയെ ??
അബോർഷൻ ആയതാ പോലും .. അത് മാത്രല്ല ഓൾടെ ഹാർട്ടിനോ വാൾവിനോ മറ്റോ അബോർഷൻ കാരണം 3 ഹോൾസ് വന്നിനു പോലും.. സീരിയസ്സ് ആണെന്നും പറഞ്ഞു ഇപ്പൊ ഉമ്മാനെ വിളിച്ച് വെച്ചിട്ടേയുള്ളൂ.. എനിക്കിത് കേട്ട് കയ്യും കാലും വിറക്കുന്നു ഇക്കാ.. ഉമ്മ ഓളെ കാണാൻ പോവാ ഹോസ്പിറ്റലിലേക്ക്.. എനിക്കും കാണണം ന്ന് പറഞ്ഞിട്ട് ഉമ്മകൂട്ടുന്നില്ല ഇക്കാ
വേണ്ട.. നീയിപ്പൊ പോവണ്ട.. നീ പോയാ ശരിയാവുല്ല.. ഒരിക്കെ മാത്രം കണ്ട എനിക്ക് തന്നെ നീ പറഞ്ഞെ കേട്ട് ഷോക്ക് മാറീറ്റില്ല.. അപ്പോ നീ പോയാ നിനക്കു സഹിക്കാൻ പറ്റീന്ന് വരില്ല...അതും നിനക്കിപ്പൊ വയറ്റിലുള്ള സമയവും..സോ നീ പോവണ്ട..
ഇല്ല .. പോന്നില്ല.. അല്ലേലും ഉമ്മ എന്നെ കൂട്ടൂല്ല.. ഇങ്ങൾ നല്ലോണം ദുഹാ ചെയ്യണ ഇക്കാ.. വെറും പാവാണത്.. ഓൾടെ കെട്ടിയോൻ വിവരമറിഞ്ഞ് നാട്ടിലേക്ക് വരുന്നുണ്ട് പോലും
നീ കരഞ്ഞ് നിന്നെ കൂടി അഡ്മിറ്റാക്കാനുള്ള അവസ്തയക്കല്ല ട്ടോ ....അത്രയ്‌ക്ക് സീരിയസ്സാണോടീ... അബൊർഷനും വാൾവിനു ബ്ലോക്കും തമ്മിൽ എന്താ ബന്ധം ??
അത് കുട്ടി കിടക്കണ വെള്ളം പെട്ടെന്ന് മേലൊട്ട് കേറി ശ്വാസം കിട്ടാണ്ടായി എന്നോ എന്തെല്ലോ ആയെന്നോ ഉമ്മ പറയുന്നെ കേട്ട്.. ഉമ്മയാണേൽ എന്നോട് ഒന്നും മര്യാദക്ക് പറയുന്നുല്ല.. ഇതന്നെ ഞാൻ ഒളിച്ച് നിന്ന് കേട്ടതാ
ആഹ് നീ ബേജാറാവുന്നെ കൊണ്ടാവും പറയാഞ്ഞെ... എല്ലാം വിധി അല്ലാണ്ടെന്ത് പറയാനാ.. എല്ലാം ശരിയാവും.. നീയതോർത്ത് ടെൻഷൻ ആവല്ലെ..
ഇല്ല ഇക്കാ എനിക്ക് കുഴപ്പോന്നുല്ല.. ഞാൻ കുറച്ചേരം കിടക്കട്ടെ.. ക്ഷീണം പോലെ തോന്നുവാ.. ഇങ്ങൾ പേടിക്കണ്ട.. കുറച്ചേരം കിടന്നാൽ മാറും
ആഹ് ഇഞ്ഞ് പോയി റെസ്റ്റെടുക്ക് .. എണീറ്റാൽ മെസ്സേജ് അയക്ക് ട്ടാ.. അപ്പൊ തന്നെ ഓൾടെ ഉമ്മാനെ വിളിച്ച് ഒന്ന് ശ്രദ്ധിക്കാൻ പറഞ്ഞു... ആ പെണ്ണിന്റെ കാര്യം ഇച്ചിരി സീരിയസാണു .. എന്ന് മാത്രം പറഞ്ഞു ഉമ്മ കട്ടാക്കി... സംസാരത്തിലറിയാം കരഞ്ഞിട്ടുണ്ടെന്ന്...
ഞാൻ മൊബെയിലെടുത്ത് കല്ല്യാണ ആൽബത്തിന്റെ ഫോൾഡർ ഓപ്പണാക്കി നോക്കി... ഒരു ഗ്രൂപ്പ് ഫോട്ടോയിലുണ്ട് എന്റെ കെട്ടിയോൾടെ കൂടെ അടക്ക കിളിയുടെയും ഫോട്ടോ... എത്ര പെട്ടെന്നാ ഒരോരുത്തരുടെ ജീവിതം ചേയിഞ്ജാവുന്നെ.. എന്ത് നല്ല ഉഷാറുള്ള കുട്ടിയാണിത്... ഇപ്പോ ബോധം പോലുല്ലാതെ കിടക്കുന്നു.. ഇത്രേ ഉള്ളൂ ഓരോരുത്തരും .. അധിക നേരം നോക്കാനായില്ല.. മനസ്സിൽ ന്റെ പെണ്ണിന്റെ മുഖം തെളിഞ്ഞ് വരുന്നു.. കൂടെ വേണ്ടാത്ത ചിന്തകളും....
നാട് വിട്ടിട്ടിപോ ഒന്നര മാസായിരികുന്നു.. ഓൾടെ ഡെലിവറി ഡേറ്റ് ഫിബ്രവരി 21 ആണെന്ന് ഇന്നലത്തെ സ്കാനിംഗ് കയിഞ്ഞപ്പോ പറഞ്ഞത്രേ... ഡെലിവറിക്ക് നാട്ടിൽ വരണന്ന് നാട്ടിലുള്ളപ്പോ തന്നെ ഓൾ പറയാറുണ്ട്.. ഒന്നര മാസത്തിനിടയിൽ പലവട്ടം ഓൾ ഓർമ്മിപ്പിക്കാറുണ്ട്.... വരാൻ പറ്റില്ലാന്ന് പറഞ്ഞു ഒരോരോ കാരണങ്ങൾ നിരത്തിയിട്ടും പുള്ളിക്കാരി ബിടൂല്ലാന്നന്നെ.... നാട്ടിലുള്ളപ്പോ ഒരു അവേശത്തിനു കേറി ജീവനോടെ ഉണ്ടേൽ ഞാൻ വന്നിരിക്കുമെന്ന് സത്യം ചെയ്തിനു പോലും.... അല്ലേലും ആവശ്യമില്ലാത്തത് ഓർത്ത് വെക്കാൻ പെണ്ണുങക്ക് ഭയങ്കര കഴിവു തന്നെയാ
ഒരീസം ഓൾടെ കുറേ മെസ്സേജുകൾ ,, ഞാൻ പ്രസവിക്കുമ്പോ മരിച്ചോയാ ഇങ്ങളു വേറെ കെട്ടുവോ ... ബല്യ എന്തേലും രോഗം വന്നാ ഇങ്ങളെന്നെ മാണ്ടാന്ന് വെക്കുവോ ന്നൊക്കെ... കണ്ടപ്പോ കരുതിയെ നാട്ടിൽ പ്രസവത്തിനു വരൂന്ന് പറഞ്ഞ് പറ്റിച്ചൊണ്ട് സെന്റി അടിച്ച് വരുത്താനുള്ള ആക്റ്റിംഗ് ആണെന്ന.. അതോണ്ടന്നെ മെസേജ് കണ്ടപ്പ് നല്ലോണം ചൊറിഞ്ഞ് കേറിയെങ്കിലും സഹിച്ചങ്ങ് പിടിച്ചു.. എന്തേലും പറഞ്ഞു ബി പി കൂടിയാലും കുറഞ്ഞാലും എന്റെ കൊച്ചിനും എന്റെ പൈസയ്ക്കുമാവും കേട്...
എന്തിനാ മുത്തേ ഇങ്ങനൊക്കെ പറയണേ.. ഇനിക്ക് തോന്നണുണ്ടോ ഇന്നെ ഞാൻ മാണ്ടാന്ന് വെക്കുമെന്ന് ??
ആഹ് തോന്നണുണ്ട്..
ആന്താ ഇപ്പോ തോന്നാൻ ??
ഇങ്ങളെന്നെ വിളിക്കലുണ്ടോന്ന്.. ആഴ്ചയിൽ ഒരിക്കൽ പോലും വിളിക്കലിണ്ടോ ??
ഇഞ്ഞല്ലേ പറഞ്ഞെ ഫോണിൽ വിളിച്ച് പൈസ കളയണ്ടാ ... സ്കൈപ്പിൽ വിളിച്ചാ മതീന്നൊക്കേ.. ദിവസോം ഞമ്മൾ വീഡിയോ കോൾ ചെയ്യലുണ്ട്... മോന്തിക്ക് ഇന്നെ വിളിക്കാത്തെ എന്റെ ഡ്യൂട്ടി കയ്ഞ്ഞ് വരാൻ നാട്ടിലത്തെ 2 മണിയാവും .. അപ്പോ ഇഞ്ഞ് ഉറക്കത്തിലാവും ശല്യാക്കണ്ടാന്ന് വെച്ചിട്ടാ മോന്തിക്ക് വിളിക്കാത്തെ.... മാത്രല്ല ഈ സമയത്ത് മൊബെയിൽ യൂസിംഗ് പരമാവധി കൊറക്കലാണു നല്ലെ
ഇങ്ങളോവർ പറയണ്ട.. ഇങ്ങക്കെന്നോട് പഴയ ഇഷ്ടോന്നൂല്ല അതാണു നേരു
ന്താപ്പോ സത്യത്തിൽ പ്രശ്നം.. ഇനിക്കെന്നെ മടുത്ത ??
അതൊന്നുമല്ല.. സുഹാന ബിളിച്ചിനു എന്നെ
ആരു അടക്ക കിളിയോ ??
ഓൾടെ അസുഖമൊക്കെ ബേദായോ ??
ഓൾടെ അസുഖമൊക്കെ ബേദായോ ??
ഇപ്പോ വീട്ടിലാണു.. ഹാർട്ടിനു ഓപ്പറേഷൻ വേണം പോലും.. പക്ഷേ ഓളെ ഓൾടെ മാപ്പിള മൊഴി ചൊല്ലി.. ഓറോട് ഡോക്റ്റർ പർഞ്ഞത്രേ ഇനി ഓൾക്ക് ഒരിക്കലും വയറ്റിലുണ്ടാവൂല്ലാന്നു.. ഇനി കൂടി നിക്കാൻ പോലും പറ്റൂല്ലന്നും..
റബ്ബേ.. ഈയവസ്‌തേലു ഓളെ ഓൻ മൊഴി ചൊല്ലിയ ..ഓനെന്തൊരു മനുഷ്യനാടോ.. ഇതൊക്കെ കേട്ടാണോ ഇഞ്ഞെന്നോടു വേണ്ടാത്ത ഡയലോഗ്ഗും കൊണ്ട് ഇറങ്ങിയേക്കണേ ???
അതല്ല ഇക്ക .. ഓളെന്നെ വിളിച്ചാ സങ്കടം പറയണേ.. ഞാൻ ഫോണെടുത്തില്ലേൽ ഉമ്മാനെ വിളിക്കും.. ഓളോരൊന്ന് പറയുന്നെ കേക്കുമ്പോ എനിക്ക് പേടിയാവും..
ഇഞ്ഞ് ഓളെ കിട്ടുന്ന നംബർ തന്നേ ഞാൻ പറഞ്ഞോളാ നിന്നെ വിളിച്ച് എടങ്ങാറാക്കണ്ടാന്ന്..
അയ്യോ മാണ്ടേ .. ഇങ്ങളൊന്നിനും പോണ്ട.. ഉമ്മാനോട് പറഞ്ഞിനു എനിക്ക് ഓൾടെ ഫോൺ വന്ന തരണ്ടാന്നു .. ഞാനും ഓളോട് മിണ്ടാൻ പോണില്ല.. ഇപ്പോ ഒരാഴ്ചയായിട്ട് വിളിച്ചാ എടുക്കലില്ല .. ഇന്നു അറിയാണ്ട് എടുത്തോയതഅ
നീ ഫോണെടുത്ത് സംസാരിക്കുന്നെ കൊണ്ട് എനിക്കൊന്നുല്ല.. ബട്ട് നീ ടെൻഷനടിച്ച് നടക്കാൻ പാടില്ല.. ചിലപ്പൊ ഇന്നോട് മിണ്ടുമ്പോ ഓൾക്കു സമാധാനമുണ്ടാവും അപ്പോ ഇഞ്ഞ് മിണ്ടാതിരുന ഓൾക്കത് കൂടുതൽ സങ്കടാവേയുള്ളൂ..
ആഹ്.. എന്ന ഞാനിന്ന് ഉമ്മാന്റെ കൂടെ ഓളെ കാണാൻ പൊക്കോട്ടെ ??
അത് വേണോ ?? നിന്നെ കണ്ടാൽ ഓൾക്ക് സങ്കടാവുല്ലെ ??
അതല്ല .. ഓൾക്ക് എന്നെ കാണണന്ന് ഉമ്മാനോടു പറഞ്ഞിനത്രേ.. പിന്നെ ഉമ്മാക്കും പോണോന്നുണ്ട്.. ഇവിടെ എന്റടുത്ത് കാവലിനാരൂല്ല അതോണ്ടാ
ആഹ് എന്നാ പോയ്ക്കോ.. പോയി വന്നിട്ട് മെസ്സേജ് അയക്ക് ...
ഓളു പോയി വന്നിട്ട് പറഞ്ഞത്
.. നിങ്ങൾ കണ്ട പെണ്ണല്ല ഓളിപ്പോ.. വീട്ടാരോടു പോലും ഓളിപ്പോ മിണ്ടാറില്ല....ഒരു റൂമിൽ ഒതുങ്ങി ജീവിക്കുവാ ...കണ്ടാൽ പഴയ അടകാ കിളിയാന്ന് ആരും പറയൂല്ല ...പഴയ നിറമൊക്കെ പോയി ഒരുപാടു പ്രായം തോന്നിക്കും ഇപ്പോ കണ്ടാൽ ... എന്നോടു നല്ലോണം ശ്രദ്ധിക്കണമെന്നും .. നല്ലോനം ഫുഡ് കഴിക്കണമെന്നും പറഞ്ഞ് എന്റെ വയറിനു ഒരുമ്മ തന്നു... അത് കണ്ടിട്ട് ഞാനും ഉമ്മയും കരഞ്ഞു പോയി ..പക്ഷേ ഓൾ ചിരിച്ചൂല്ല കരഞ്ഞൂല്ല ... ഞാൻ ബാക്കിയുണ്ടേൽ ജിജിത്താത്തന്റെ വാവയെ കാണാൻ വരുമെന്നും പറഞ്...
അതെ അരോടും ഓൾക്ക് പരാതിയില്ല... എല്ലാം നഷ്ടപ്പെട്ട് ജീവനുള്ള ശരീരവും മരിച്ച മനസ്സുമായി ജീവിക്കുന്നു... ഒരുപാടു സ്വപ്നങ്ങൾ മൂടിവെച്ച്
അടക്കാ കിളിയുടെ ഒരു ഫോട്ടൊ ന്റെ കെട്ടിയോൾ ഓളു കാണാതെ എടുത്ത് എനിക്കയചു തന്നു..പക്ഷേ ഇത് വരെ ഞാനാ ഫോട്ടോ ഡൗൺലോഡ് ആക്കീട്ടില്ല
എനിക്ക് ആ പഴയ അടക്കാ കിളിയെ ഓർമ്മയിൽ മതി

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക