Slider

സൗദിയും ഡ്രൈവിങ്ങും പിന്നെ ഞാനും.

0
Image may contain: 1 person, sunglasses and beard

കുറച്ചു ദിവസമായി ഗ്രൂപ്പിലേക്ക് വന്നിട്ട്...പണിയെടുക്കാതെ ശമ്പളം തരില്ലാന്ന് മുതലാളി പറഞ്ഞു.കൺട്രി ഫെലോ..അതുകൊണ്ട് എന്നെ മറക്കാതിരിക്കാൻ മാത്രം പോസ്റ്റുന്നു...
നാട്ടിൽ മൂട്ടോറിക്ഷയും(ഓട്ടോറിക്ഷ)ഓടിച്ചു നടക്കണ സമയം.അപ്പോഴാണ് സൗദിയിലേക്ക് ഒരു വീസ ശരിയായത്.അല്ലെങ്കിലും എൻ്റെ വാമഭാഗത്തിനും മാതാശ്രീക്കും ഞാനങ്ങനെ സന്തോഷവാനായി നടക്കുന്നത് തീരെ ഇഷ്ടപ്പെട്ടിരുന്നില്ല..അങ്ങനെ ഒരു തണുപ്പുള്ള ഡിസംബർ മാസം കൃത്യമായി പറഞ്ഞാൽ ക്രിസ്മസ്സിൻ്റെ തലേന്ന് രാത്രി സൗദി എന്ന ഈ ഭൂമിയിലേക്ക് എന്നെയും കൊണ്ട് എയർ ഇന്ത്യ പറന്നിറങ്ങി... അല്പം ഇംഗ്ലീഷും അതിനെക്കാൾ കുറച്ച് ഹിന്ദിയും അറിയാമെന്നുള്ള എൻ്റെ അഹങ്കാരം വിമാനം ഇറങ്ങിയപ്പോൾ തന്നെ തീർന്നിരുന്നു..ഒട്ടും പിടിതരാത്ത ഭാഷ.എയർപോർട്ടിലെ ചെക്കിംഗ് കൗണ്ടറിലെ ആ 'മാന്യനായ' സൗദി എൻ്റെ പാസ്പോർട്ട് ഒരു മൂലയിലേക്ക് വലിച്ചെറിഞ്ഞു..അടുത്ത് കണ്ട ഒരു എയർപോർട്ട് ജീവനക്കാരനോട് എന്താണ് പ്രശ്നം എന്ന് തിരക്കിയപ്പോൾ എൻ്റെ രണ്ട് കൈയിലേയും വിരലുകളുടെ ചിത്രങ്ങൾ ശരിക്കും പതിയാത്തതാണ് കാരണം എന്ന് പറഞ്ഞു.. ഇതറിഞ്ഞരുന്നെങ്കിൽ എൻ്റെ കൈയുടെയും കാലിലേയും വിരലുകളുടെ ഫോട്ടോകൾ നാലഞ്ച് കോപ്പി ഞാൻ കൊണ്ടു വന്നേനെ...പാസ്പോർട്ട് കൈയിൽ കിട്ടുമ്പോഴെക്കും രണ്ട് മണിക്കൂറോളം വൈകിയിരുന്നു..ഞാൻ കൊണ്ടു വന്ന ലഗേജ് എന്നെ കാണാത്തതിനാൽ കറങ്ങി കറങ്ങി ക്ഷീണിതനായ് ആരുടെയോ ദയ കൊണ്ട് പുറത്ത് ഒരു മൂലയിൽ വിശ്രമിക്കുന്നു.എന്നെ പിക്ക് ചെയ്യാൻ വന്ന സൗദി ഈ സമയം എന്നെ കാണാത്തത് കൊണ്ട് മടങ്ങി പോയിരുന്നു..പിന്നെയും മണിക്കൂറുകൾ, ആ തണുപ്പത്ത് ഒരു ചൂടൻ കുപ്പായം പോലുമില്ലാത്ത ഞാൻ നിന്ന് വിറയ്ക്കുകയാണ്.പല്ലുകൾ തമ്മിൽ കൂട്ടിമുട്ടുന്ന ശബ്ദം വെളിയിൽ കേൾക്കാം...
സൗദിയിൽ വന്നിട്ട് രണ്ടാഴ്ച കാലം ഒരു പണിയുമില്ല...ഹാ..എന്താ ഒരു സുഖം..ഇതാണോ സൗദി എന്ന് കരുതി,ഇങ്ങനെയാണെങ്കിൽ ഞാൻ പൊളിക്കും...
ഒരു ദിവസം ഒരു കുട്ടി സ്ക്കൂൾ ബാഗുമെടുത്ത് വന്നിട്ട് എന്നെ വിളിച്ചു
"ബിജു..താൽ..സുറാ..സുറാ..ജിവ് സിയാറ" ഇത് കേട്ടപ്പോൾ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയിട്ട് വെള്ളം കിട്ടാതാകുമ്പോൾ കണ്ണ് തള്ളിയ അവസ്ഥയിൽ ഞാനും..."ബിജു വേഗം വണ്ടിയും കൊണ്ടു വരു"എന്നാണ് പച്ച മലയാളം..
നാട്ടിലെ ലൈസൻസ് മാത്രമേ ഉള്ളു..അതാണെങ്കിൽ ഡ്രൈവിങ് സ്ക്കൂളിലെ ആശാനെ ഭീഷണിപെടുത്തി വാങ്ങിച്ചതും..ആ കുട്ടി വണ്ടിയുടെ ചാവി എടുത്തു തന്നിട്ട് വണ്ടി എടുക്കാൻ പറഞ്ഞു.
ആ നിമിഷം ഭൂമി പിളർന്നു ഞാൻ താഴേക്ക് പോയാലോന്ന് ആലോചിച്ചു.. വണ്ടി സ്റ്റാർട്ടാക്കി,ഗിയർ തട്ടി ആക്സിലേറ്ററിൽ കാല് കൊടുത്തു വണ്ടി നീങ്ങുന്നില്ല...വലത്തേ കാല് കിടന്ന് ആടുകയാ..എനിക്കാണോ പേടി അതോ എൻ്റെ കാലിനോ..'കൂൾഡൗൺ മാൻ'എന്ന് കാലിനോട് പറഞ്ഞെങ്കിലും പഴയ അവസ്ഥ തന്നെ.സ്റ്റൈയറിങ്ങ് പിടിക്കാൻ പഠിപ്പിച്ചു തന്ന ആശാനെ മനസ്സിൽ തെറി പറഞ്ഞ് രണ്ടും കല്പിച്ച് വണ്ടി മുന്നോട്ട് എടുത്തു... വണ്ടി കുതിരയെ പോലെ മുന്നിലേക്ക് ഒരു ചാട്ടം..ഒരുവിധം മെരുക്കി എടുത്തപ്പോഴെക്കും മുന്നിലതാ സിഗ്നൽ.. പച്ച കത്തിയപ്പോഴെക്കും പുറകിൽ നിന്നും ഒരു വിളി 'എസ്സാർ ഇർജാ' ഞാൻ തിരിച്ച് 'എസ്സ്'
എൻ്റെ ജീവിതത്തിൽ ആദ്യമായി കിട്ടുന്ന 'സാർ'വിളി...കണ്ടോ ബ്ലഡി മലയാളീസ് നിങ്ങൾക്കെന്നെ പുച്ഛം..ഇതാ സൗദിയിലെ ഒരു പെൺകൊച്ച് എന്നെ സാറെന്ന് വിളിച്ചിരിക്കുന്നു.ഷർട്ടിൻ്റെ കോളർ ഒന്നു മുകളിലേക്ക് വലിച്ചിട്ട് വണ്ടി നേരെ പോകുമ്പോൾ പുറകിൽ നിന്നൊരു അലർച്ച 'U-tern' സൗദിയിൽ എത്തിയപ്പോൾ ആദ്യമായി കേൾക്കുന്ന ഇംഗ്ലീഷ് ആയത് കൊണ്ടായിരിക്കാം ഒന്നും നോക്കിയില്ല വണ്ടി ഇടത്തേക്ക് ഒടിച്ചു(എസ്സാർ ഇർജാ എന്നാൽ 'ഇടത്തേക്ക് തിരിക്കു' എന്നാണെന്ന് അപ്പോഴാണ് മനസ്സിലായത്.അല്ലാതെ എന്നെ സാറെ എന്നു വിളിച്ചതല്ല)അപ്പോഴാണ് ഞാനാ കാഴ്ച കാണുന്നത് നേരെ മുന്നിൽ സിഗ്നൽ ലൈറ്റിൻ്റെ പോസ്റ്റ്.. ഇതാരാ ഇവിടെ കൊണ്ടു വച്ചത്? പിന്നെ ഒന്നും നോക്കിയില്ല ബ്രേക്കിൽ ആഞ്ഞു ചവിട്ടി..എന്നിട്ടും വണ്ടി നില്ക്കുന്നില്ല..നേരെ പോയി സിഗ്നലിനെ കെട്ടിപ്പിടിച്ചു.. അപ്പോൾ ബ്രേക്കല്ല ചവിട്ടിയത് ആക്സിലേറ്ററിൽ ആണ് കാല് പോയത്,അനുസരണ ഇല്ലാത്ത കാല്..
ഹിപ്പോപോട്ടാമസ് വായ് തുറന്നത് പോലെ വണ്ടിയുടെ മുൻ വശം..നടുവൊടിഞ്ഞ് നില്ക്കുന്ന സിഗ്നൽ ലൈറ്റ്..എന്നിട്ടും ആക്സിലേറ്ററിൽ നിന്ന് കാലെടുത്തില്ല..കാലിന് ആ പഴയ അനുസരണക്കേട്,കിടന്ന് വിറയ്ക്കുകയാ..ബാറ്ററി കട നടത്തുന്ന ഒരു യമനി ഓടി വന്ന് എന്നെ പിടിച്ചിറക്കി വണ്ടി അയാൾ എടുത്ത് എൻ്റെ റൂമിൻ്റെ മുന്നിൽ കൊണ്ടിട്ടു...രണ്ട് മൂന്നാഴ്ച കാലത്തേക്ക് സ്വസ്ഥം..വണ്ടി കിട്ടാൻ വൈകും.ആ സന്തോഷത്തോടെ റൂമിൽ നിന്ന് പുറത്തിറങ്ങി നോക്കുമ്പോഴുണ്ട് സിഗ്നലിന് ചുറ്റും ആൾക്കാരും പോലീസുക്കാരും.ഇടിച്ച വണ്ടിയെ കുറിച്ച് ആ യമനിയോട് പോലീസ് ചോദിക്കുന്നത് കണ്ടപ്പോൾ ഞാൻ പതുക്കെ അകത്തേക്ക് വലിഞ്ഞു..പക്ഷെ എന്നെ തേടി ഒരു പോലീസും വന്നില്ല...
അതിന് ശേഷം ഞാനീ കലാപരിപാടി നിർത്തിയെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ അത് നിങ്ങളുടെ വെറും ധാരണ മാത്രമാണ്...പിന്നെയും മൂന്ന് തവണ വണ്ടി മറ്റ് വണ്ടികളെ ഉമ്മം വെക്കുകയും കെട്ടിപിടിക്കുകയും ചെയ്തിട്ടുണ്ട്... ഒരു തവണ പോലീസ് കൊണ്ടുപോയി സത്കരിച്ചിട്ടുണ്ട്(ചായയും ഗാവയും തന്ന് സ്വീകരിച്ചു)...അതിന് ശേഷം ഇനി വണ്ടി ആക്സിഡന്റ് ആയാൽ തന്നെ കേറ്റി വിടുമെന്ന് സൗദി പറഞ്ഞെങ്കിലും ഞാൻ എൻ്റെ പ്രവൃത്തി ചെറുതായി നിർബാധം തുടർന്നു..പക്ഷെ സൗദി പറഞ്ഞ വാക്ക് പാലിച്ചില്ലെന്ന് മാത്രമല്ല മിനിഞ്ഞാന്ന് പുതിയ വണ്ടി എടുത്തു തരുകയും ചെയ്തു....തോൽവികൾ ഏറ്റു വാങ്ങാൻ സൗദിയുടെ ജന്മം പിന്നെയും ബാക്കി....
ബിജുപെരുംചെല്ലൂർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo