ഫേസ്ബുക്ക് എന്ന സംഗതി വന്നത് എന്ന് മുതൽ ആണെന്ന് എനിക്ക് വലിയ പിടിയില്ല. ഇതിൽ ഒരുമാതിരിപ്പെട്ടവരൊക്കെ കയറിക്കൂടിയ ശേഷമാ ഞാൻ ഈ മേഖലയെക്കുറിച്ച് അറിയുന്നത് തന്നെ. സ്വതവേ ഇന്റർനെറ്റിൽ കയറി വല്ലതുമൊക്കെ തപ്പി പിടിക്കാൻ എനിക്ക് പണ്ടേ മടിയാ... പഠിക്കുന്ന കാലത്ത് പ്രൊജക്റ്റ് ചെയ്യുമ്പോ പോലും സെർച്ച് ചെയ്യാൻ കൂട്ടുകാരെ ചുമതലപ്പെടുത്തി ഞാൻ ആളുകളിക്കും. പിന്നെ അതൊരു കൂട്ടായ ആവശ്യം ആയത്കൊണ്ട് അവരങ്ങ് കണ്ണടക്കും. അതാ പതിവ്.
അപ്പൊ നമ്മൾ പറഞ്ഞു വന്നത് ഫേസ്‌ബുക്ക് ആണ്. ഞാനിതിൽ ജോയിൻ ചെയ്യാൻ ഉള്ള പ്രധാന കാരണം എന്റെ സുഹൃത്ത് ആണ്. പേര് പറയുന്നില്ല. ചിലപ്പോൾ അവൾ ഓടിച്ചിട്ടടിക്കും എന്നതാണ് അതിന് കാരണം.
ആ പറഞ്ഞവളേ പെണ്ണ് കാണാൻ ഏതോ ഒരു കോന്തൻ വന്നതിൻ ഫലമാണ് ഞാൻ ഇതിൽ കയറിപ്പറ്റിയത്. ആ കോന്തനെ കാണാൻ ബംഗാളിയെ പോലുണ്ടെന്നും, ഫേസ്‌ബുക്കിൽ അവൻ ഒക്കേഷണലി ഡ്രിങ്ക് ചെയ്യാറുണ്ടെന്ന് എഴുതിയിട്ടുണ്ടെന്നും പറഞ്ഞു.
അന്നേരം ഞാൻ ആലോചിച്ചു. ഇത്രേം നാളും പലവന്മാരും വന്ന് പെണ്ണ് കണ്ട് പോയിട്ടും അവന്മാരെപ്പറ്റി ഇങ്ങനെ ഒരു സെർച്ച് നടത്താൻ എനിക്ക് തോന്നിയില്ലലോ... ആഹ്... സാരമില്ല ഇനി വരുന്നവന്മാരെ പിടിച്ച്കളയാം എന്ന ഗൂഢ ഉദേശത്തിൽ ഞാനും ഒരു ഐഡി ഉണ്ടാക്കി.
അന്നൊക്കെ ടച്ച് ഫോണും സ്മാർട് ഫോണും ഒന്നും ഇത്ര പ്രചാരം നേടിയിട്ടില്ല. എന്റെ കൈയിൽ നോക്കിയയുടെ ഏതോ ഒരു ഫോൺ ആണുണ്ടായിരുന്നത്. അതും കുത്തി വിളിക്കുന്ന ടൈപ്പ്. നോക്കിയ പിസി സ്യുട്ട് എന്ന സംഗതി വഴി ലാപ്‌ടോപ്പിൽ കണക്ട് ചെയ്താ ഞാനൊക്കെ net നോക്കിയിരുന്നത്.
ഇന്നത്തെ പോലെ ഡാറ്റ ഓഫർ ഒന്നും ഇല്ല. വല്ലപ്പോഴും ഒരു ഞായറാഴ്ച ഫേസ്‌ബുക്കിൽ കേറി രണ്ട് ലൈക്കടിച്ച് ഞാൻ മിണ്ടാതെ പോകും. നൂറ് എംബി ഓഫർ ചെയ്താൽ എനിക്ക് ഒരു ആണ്ട് തികക്കാം.
പക്ഷെ ഇപ്പൊ കാര്യം ആകെ മാറി. കാലത്ത് കിടക്കപ്പായിൽ തുടങ്ങും ഫേസ്‌ബുക്ക് നോട്ടം. രാവിലെ കണ്ണും തിരുമ്മി നോട്ടിഫിക്കേഷൻ നോക്കിയില്ലേൽ രാവിലെ ചൂടുചായ കിട്ടാത്തതിനേക്കാളും പ്രയാസമാ... പിന്നെ വീണ്ടും രാത്രി ഉറങ്ങാൻ കിടക്കും വരെ ഈ തോണ്ടലും മാന്തലും തന്നെ. എന്ത് ചെയ്യുമ്പോളും ഫേസ്‌ബുക്ക്. പണിയെടുക്കുമ്പോളും വായിക്കുമ്പോളും ടിവി കാണുമ്പോളും ഒക്കെ ഈ കുന്തത്തിൽ നിന്നിറങ്ങില്ല.
പണ്ട് നൂറ് എംബി കൊണ്ട് ആഘോഷമാക്കിയിരുന്ന ഞാൻ ഇപ്പൊ ദിവസവും ഒരു ജിബി കിട്ടിയിട്ടും പോരപോരാ എന്ന് നിലവിളിക്കുന്ന അവസ്ഥയായി. കാലം പോയ ഒരു പോക്കെ...
Nb:- ചുമ്മാ ഇരുന്ന് ബോറടിച്ചപ്പോ എഴുതിയതാണ്. ആരും പ്രാകരുത്.
By: Samini Gireesh
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക