Slider

ട്രെയിൻ

0
Image may contain: 1 person

അവൾ പതിവ് പോലെ ബുക്കും പേനയും എടുത്തു. മുപ്പതു ദിവസത്തിലൊരിക്കൽ ഇതു പതിവാണവൾക്. ജീവിതം രണ്ടറ്റവും കൂട്ടി മുട്ടിക്കാനുള്ളെഴുത്തു.
ഹോ. ഈ മാസമെങ്കിലും കുറച്ചു പൈസ ബാക്കി ഉണ്ടാകും. രണ്ടു വർഷമായി എന്തെങ്കിലും ഒന്നെടുത്തു വെക്കാൻ ശ്രമിക്കുന്നു, ഒന്നും നടന്നില്ല. കല്യാണം കഴിഞ്ഞ തുടക്കത്തിൽ തന്നെ ഒരു കാര്യം മനസിലായി. ഇക്ക ഒന്നു തളർന്നാൽ താങ്ങി നിർത്താൻ താൻ അല്ലാതെ വേറെ ആരുമില്ല. പണത്തിന്റെ തൂക്കം വേണ്ടിയിരിക്കുന്നു ബന്ധങ്ങൾ നിലനിർത്താൻ!
ഇപ്പോൾ തന്നെ താനും മോളും ഇക്കാന്റെ കൂടെ ഇവിടെ സ്ഥിരം ആയപ്പോ നാട്ടുകാരുടെയും വീട്ടുകാരുടെയും വിചാരം ഇക്ക ഇവിടെ പണം കൊയ്യാണെന്നാ. അവർക്കറിയില്ലല്ലോ, എപ്പോൾ വേണമെങ്കിലും കറന്റും വെള്ളവും നിലയ്ക്കാവുന്ന നാല് ചുവരുകൾക്കിടയിലാണ് ജീവിതമെന്നു.
കഷ്ടപാടാണെങ്കിലും ഒരുമിച്ചു ജീവിക്കാമെന്നാണ് ആകെയുള്ള മെച്ചം. അല്ലെങ്കിൽ തന്നെ വിരഹ വേദനയും അനുഭവിച്ചു സാമ്പത്തികഭദ്രതയും ഇല്ലാതെ ആയുസ് തീർത്തിട്ട് എന്തു ലാഭം ഉണ്ടാവാനാണ്? ഒരുപാട് പേരുടെ ആഗ്രഹങ്ങൾ തീർത്തു തരുന്ന ഭൂമിയിലെ ദൈവമാണ് പ്രവാസി. അങ്ങനെ ഉള്ള ഒരു ദൈവത്തിനു സഹായമായി തണലായി ജീവിക്കുമ്പോഴല്ലേ ജീവിതം പൂർണമാകുന്നത് ?
ആലോചിച്ചു സമയം പോയതറിഞ്ഞില്ല. ഈ മാസം മുതൽ മിച്ചം വെച്ചാൽ വിവാഹ വാർഷികം ആകുമ്പോഴേക്കും ഇക്കാക്ക് ഒരു കല്ലു വെച്ച വെള്ളി മോതിരം വാങ്ങണം. ചെറുപ്പം മുതലുള്ള ആഗ്രമാണെന്നും ബാപ്പാന്റെ മരണത്തിനു ശേഷം ഉത്തവാദിത്വത്തിന്റെ ഒഴുക്കിൽ മുങ്ങി പോയെന്നും ഒരിക്കൽ ഇക്ക പറഞ്ഞിട്ടുണ്ട്. പിന്നെ നല്ലൊരു ക്യാമറ വാങ്ങണം. ഇപ്പോൾ എല്ലാരുടേം കൈയിൽ ഉണ്ട്. മുന്തിയത് തന്നെ വാങ്ങണം. ഒരു ഗൾഫ് കാരനായിട്ട് കൂടി ഇക്കാക്ക് വേണ്ടി ഒന്നും വാങ്ങിയിട്ടില്ല . ഈ പ്രായത്തിലെ ആണുങ്ങൾ എന്തൊക്കെ വാങ്ങി അടിച്ചുപൊളിക്കുന്നു !
ഈ പ്രാവശ്യം എന്തായാലും നടക്കും.
പെട്ടെന്നാണ് അവളുടെ ഫോൺ റിങ് ചെയ്തത്. ഇക്കാന്റെ ഉമ്മയാണ് !
ദാ, ഞാനാണ്. ഓനെ വിളിചിനു. കിട്ടുന്നില്ല. ഓനോട്‌ ഈ മാസം കുറച്ചു പൈസ അധികം അയക്കാൻ പറയണം. ഓന്റെ മാമന്റെ മോളെ കല്യാണം അടുത്ത് വരല്ലേ. മാമൻ സഹായം ചോദിച്ചിക്ക്ണ്. ഇങ്ങളിപ്പോ അവിടല്ലേ. വീടൊന്നും ഇപ്പോളൊന്നും ഉണ്ടാക്കാൻ പോണില്ലല്ലോ. ഓനോട്‌ കാര്യായി സഹായിക്കാൻ പറയണം. ഓനൊരു ആവശ്യം വരുമ്പോ സഹായിക്കാമെന്ന് മാമൻ പറഞിണ്ട് . ന്നാ, ഞാൻ വെക്കാ ട്ടോ. പൈസ ഇപ്പോ തീരും.
ഉമ്മ ഫോൺ വെച്ച് കഴിഞ്ഞപ്പോൾ അവൾ പേജു തീരാറായ ബുക്ക്‌ മടക്കി വെച്ചു.
അല്ലെങ്കിലും ആഗ്രഹങ്ങൾ ട്രെയിൻ പോലെയാണ് അവസാനമില്ലാത്ത ബോഗികളുള്ള നീണ്ട ട്രെയിൻ. അതെന്നായാലും ഒരിക്കൽ സ്റ്റേഷനിൽ എത്തിച്ചേരും തീർച്ച !
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo