Slider

കുഞ്ഞേച്ചി

0

.......................
കല്ല്യാണം കഴിഞ്ഞ് കുഞ്ഞേച്ചി പോയതിനു ശേഷം കളിക്കാനാരുമില്ലാന്ന് പറഞ്ഞു കുഞ്ഞാങ്ങള കുട്ടൻ ഒരേ ഒരിരിപ്പാണ്.
കല്യാണത്തിന്റെ തലേ ദിവസം വരെ കുറുമ്പ് കാട്ടിയതിന് ചെവിയിൽ പിടിച്ച് നുള്ളി അവനെ ഓടിച്ചിട്ട്, അവനോടുന്നതും കണ്ടു ചിരിച്ച് കുഞ്ഞേച്ചി കല്യാണത്തിരക്കിൽ ജോലി ചെയ്യുമ്പോൾ അവൻ പമ്മി പമ്മി വന്നു കുഞ്ഞേച്ചിയെ കെട്ടി പിടിച്ച്,
പോടീ കുഞ്ഞേച്ചിഎന്ന് പറഞ്ഞ് കയ്യിലൊരു നുള്ളും കൊടുത്തു ഒറ്റ ഓട്ടം വച്ച് കൊടുത്തതും
നിക്കട അവിടെ എന്ന് പറഞ്ഞ് അവൾ പിന്നാലെ ഓടി വന്നപ്പോൾ.
"നാളെ കല്യാണം കഴിക്കാൻ പോണ പെണ്ണാ. ഇപ്പോഴും കുട്ടിക്കളി മാറിയിട്ടില്ല" എന്ന് മുത്തശ്ശി പറഞ്ഞതും , നിന്നെ ഞാൻ പിന്നെ എടുത്തോളാമെന്ന് പറയുന്ന ഭാവത്തിൽ കുസൃതിയോടെ നോക്കിയതും,
കുറുമ്പ് കാട്ടുമ്പോഴൊക്കെ കൈയിൽ കിട്ടുന്ന സാധനമെടുത്ത് അവനെ എറിയാനാണെന്ന ഭാവേന അവനെ ഓടിപ്പിക്കുന്ന കുഞ്ഞേച്ചിയുടെ ഓർമ്മകൾ അവന്റെ മനസ്സിൽ കിടന്നു വീർപ്പു മുട്ടി.
എല്ലാ വർഷവും സ്കൂൾ തുറക്കുമ്പോൾ പുസ്തകങ്ങൾ ഭംഗിയായി പൊതിഞ്ഞു നെയിം ലേബലിൽ കുഞ്ഞേച്ചിയുടെ വൃത്തിയുള്ള ഉണ്ട കയ്യക്ഷരത്തിൽ പേരെഴുതി കൊടുത്തതും. സ്കൂളിൽ പോവുമ്പോഴൊക്കെ യൂണിഫോം ഇസ്തരിയിട്ടു കൊടുത്തതും, 'അമ്മ കാണാതെ ഇടക്കിടക്ക് ചക്കര പൊതിഞ്ഞു സ്‌കൂളിൽ കൊടുത്ത് വിട്ടതും കുഞ്ഞേച്ചിയായിരുന്നു.
പ്രോഗ്രസ്സ് കാർഡിൽ ഒരു വിഷയത്തിന് മാർക്കൽപ്പം കുറഞ്ഞപ്പോൾ, അവനാദ്യം വന്നത് കുഞ്ഞേച്ചിയുടെ അടുത്തായിരുന്നു.
തുണിയലക്കികൊണ്ടിരുന്ന അവളുടെ മുന്നിൽ ചെന്ന് പരുങ്ങി നിൽക്കുന്ന കണ്ടപ്പോൾ അവൾ ചോദിച്ചു
എന്താടാ ഒരു കള്ള ലക്ഷണം.
അത് കേട്ട് അവൻ തല താഴ്ത്തി നിന്നു
അലക്ക് നിർത്തി അവന്റെ അടുക്കൽ ചെന്ന് അവൾ ചോദിച്ചു,
എന്താ, എന്താ എന്റെ കുട്ടന് പറ്റിയെ?
ഇടറുന്ന സ്വരത്തിൽ പറഞ്ഞു, കുഞ്ഞേച്ചി എനിക്ക് ഒരു വിഷയത്തിന് മാർക്ക് കുറഞ്ഞ് പോയി. അപ്പൻ കണ്ടാൽ വഴക്ക് പറയും.
നീ പേടിക്കണ്ടടാ കുട്ടാ, കുഞ്ഞേച്ചി ഉള്ളപ്പോൾ എന്തിനാ എന്റെ കുട്ടൻ വിഷമിക്കണേ എന്ന് പറഞ്ഞ് പ്രോഗ്രസ്സ് കാർഡിൽ അപ്പന്റെ കള്ളൊപ്പിട്ടു തന്ന് സ്ഥിതി ശാന്തമാക്കിയ അവന്റെ കുഞ്ഞേച്ചി.
കുഞ്ഞേച്ചിയുടെ ആദ്യ പ്രണയ ലേഖനം കണ്ടു പിടിച്ച് ഞാനിപ്പോ വീട്ടിൽ പറഞ്ഞു കൊടുക്കുമെന്ന് പറഞ്ഞ് പ്രണയ ലേഖനം പിടിച്ചു കൊണ്ട് ഓടിയപ്പോൾ, പിന്നാലെ വന്ന്. ചോക്ലേറ്റ് വാങ്ങി തരാം, പാർക്കിൽ കൊണ്ട് പോവാം , ഐസ് ക്രീം വാങ്ങി തരാം എന്നൊക്കെ ഒത്തിരി ഓഫറുകൾ നടത്തി അവനെ മയക്കി അവന്റെ കയ്യിൽ നിന്നും പ്രണയ ലേഖനം സൂത്രത്തിൽ വാങ്ങിയെടുത്ത അവന്റെ കുഞ്ഞേച്ചി.
കല്ല്യാണം കഴിഞ്ഞു പോകുമ്പോൾ , കുട്ടനെ കെട്ടിപിടിച്ച് ഒത്തിരി കരഞ്ഞപ്പോൾ , കൂടി നിന്നവർക്കും കണ്ണിൽ നനവ് വന്നു.
കുട്ടനുമായുള്ള കളിയും ചിരിയും തല്ലുകൂടലും , പാര വെപ്പും, അമ്മയുടെ അടുത്തും , അപ്പന്റെ അടുത്തും ഓരോന്ന് പറഞ്ഞ് വഴക്ക് കേൾപ്പിക്കലും, അങ്ങനെ കുസൃതിയും വികൃതിയും സ്നേഹവും സന്തോഷവുമായി കഴിഞ്ഞ നാളുകൾ.
പെട്ടെന്നൊരു ദിവസം കുഞ്ഞേച്ചി പടിയിറങ്ങി പോയപ്പോൾ വീടാകെ ഉറങ്ങിയ പോലെ.
കുഞ്ഞേച്ചി പോയതും ഭക്ഷണം വേണ്ട ഒന്നും വേണ്ടാന്ന് പറഞ്ഞ് കുട്ടൻ കുറച്ച് ദിവസം കിടപ്പു തന്നെയായിരുന്നു.
പിന്നീടുള്ള ദിവസങ്ങളിൽ സ്കൂളിൽ പോകുമ്പോൾ കുഞ്ഞേച്ചിയുടെ കയ്യ് പിടിച്ച് ബസ് വരുന്ന സ്ഥലം വരെ പോയിരുന്ന അവൻ, പിന്നെ ഒറ്റക്ക് പോകുമ്പോ സങ്കടം തോന്നി.
പിന്നീട് അളിയന്റെ കൂടെ കുഞ്ഞേച്ചി വന്നപ്പോൾ, കുട്ടൻ ഒത്തിരി സന്തോഷിച്ചു.
കളിക്കാനാളായല്ലോ. അതും ഇതുമൊക്കെ പറഞ്ഞ് കുട്ടൻ അടുത്ത് കൂടിയപ്പോൾ , ഈ ചെക്കനെ കൊണ്ട് തോറ്റു ..അനങ്ങാതിരിയെടാ എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി കുഞ്ഞേച്ചി പോകുന്നത് കണ്ടപ്പോൾ കുട്ടന് ഒത്തിരി ദുഃഖം തോന്നി.
അപ്പോൾ അമ്മ പറഞ്ഞു, കുഞ്ഞേച്ചിയുടെ കല്യാണം കഴിഞ്ഞില്ലേ കുട്ടാ , ഇനി പഴയപോലെ കളിയും ചിരിയും ഓട്ടവും ചാട്ടവുമൊന്നും നടക്കില്ല.
കുട്ടൻ അപ്പുറത്ത് പോയി ടി വി കണ്ടോ
ടി വി കാണാതെ കുട്ടൻ മുൻവശത്തെ വരാന്തയിൽ പോയിരുന്നു. അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു
അപ്പോൾ അവന്റെ കുഞ്ഞേച്ചി ഭർത്താവിന്റെ ഒപ്പം പുറത്തു പോവാൻ ഒരുങ്ങുകയായിരുന്നു.
അതെ, കല്ല്യാണം കഴിഞ്ഞാൽ ചില വിത്യാസങ്ങൾ വരും, കുട്ടന് അത് മനസ്സിലാവാൻ പ്രായം ആയില്ലല്ലോ. പ്രായം ആയെങ്കിലും കുഞ്ഞേച്ചി അവനു എന്നും കുഞ്ഞേച്ചി തന്നെയല്ലേ.
അവനും ഒരു പെണ്ണൊക്കെ കെട്ടുമ്പോൾ എല്ലാം മനസ്സിലാവുമായിരിക്കും.
കുഞ്ഞേച്ചിയും കുട്ടനും ...നമ്മളിൽ ചിലരല്ലേ
...............
ജിജോ പുത്തൻപുരയിൽ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo