നാളെ പരോളാണ്, പുറത്തിറങ്ങിയാൽ പോകാൻ ഒരിടമില്ല, കാത്തിരിക്കാനും ആരുമില്ല. എങ്കിലും പോകണം. പിന്നീടൊരിക്കലും ഈ നാലു ചുവരുകൾക്കുള്ളിലേക്ക് മടങ്ങി വരരുത്. ഉറക്കമില്ലാത്ത രാത്രികളും വേട്ടയാടുന്ന ഭൂതകാലവും എല്ലാം പിന്നിൽ ഉപേക്ഷിക്കണം. കമ്പിയഴികൾ പിടിച്ച് നിലാവ് പെയ്യ്തിറങ്ങുന്ന മുറ്റത്തേക്ക് നോക്കിയയാൾ നിന്നു. സന്ധ്യയ്ക്കു നേർത്ത് പെയ്ത മഴയിൽ നനഞ്ഞ ചീര ചെടികളും സൂര്യകാന്തിയും നാലുമണി ചെടികളും നിലം തല്ലികിടന്നു.
"നിങ്ങൾ ഇന്നും ഉറങ്ങുന്നില്ലേ?"
ചോദ്യം പ്രകാശന്റേതായിരുന്നു. പ്രകാശനെ സഹതടവുകാരനായി കിട്ടിയിട്ട് രണ്ട് വർഷം തികയാൻ പോകുന്നു. മോഷണ കുറ്റത്തിന് ശിക്ഷ കിട്ടിയാണ് അവന്‍ വന്നത്.
"നിങ്ങളുടെ മനസ്സിൽ എന്താണെന്നെന്നു എനിക്കറിയാം, എനിക്ക് മനസ്സിലാകുന്നില്ല. ശിക്ഷ തന്നെ തീരാറായി. ഇനിയും നിങ്ങൾ അതു മറക്കാൻ ശ്രമിക്കുന്നില്ല. ആത്മഹത്യ ചെയ്‌താൽ നിങ്ങളുടെ ആത്മവിനു ശാന്തി കിട്ടുമോ? പ്രകാശന്റെ ചോദ്യങ്ങൾക്കു അയാൾ മറുപടി പറഞ്ഞില്ല. തിരിഞ്ഞു നോക്കാതെ കമ്പിയിൽ തല ചേർത്ത് അയാൾ നിന്നു.
"രണ്ട് വർഷത്തിനിടയിൽ ഒരായിരം തവണ നിങ്ങൾ ഈ കഥ പറഞ്ഞു." പ്രകാശൻ പറഞ്ഞു നിര്‍ത്തി.
“എങ്കിൽ ഇന്നവസാനമായി, ആയിരത്തിയൊന്നാം തവണ നീ ആ കഥ ഒന്നുകൂടെ കേൾക്കണം.” മുറ്റത്തേക്ക് തന്നെ നോക്കി നിന്ന്‍ അയാള്‍ പറഞ്ഞു.
അനാഥനായിരുന്നു ഞാൻ, ആദ്യം കിട്ടിയ ബന്ധുത്വം എന്റെ ഭാര്യ ശ്യാമ. ഒന്നൊര കൊല്ലത്തിനു ശേഷം ഒരു ധനുമാസ പുലരിയിലാണ് എന്റെ മോളു ലച്ചു പിറന്നത്. ഉറക്കച്ചടവോടെ ഓപ്പറേഷൻ തിയറ്ററിനു മുന്നിൽ ഞാൻ കാത്തിരുന്നു, അവൾക്ക് അടിവയറ്റിലാണ് വേദനയെങ്കിൽ എനിക്കത് ഇട നെഞ്ചിലായിരുന്നു. പുലർച്ചെ , വെള്ള തുണിയിൽ പൊതിഞ്ഞ എന്റെ കുഞ്ഞിനെ ആദ്യമായി കൈയിലേക്ക് വാങ്ങുമ്പോൾ എനിക്കൊന്നും കാണാൻ വയ്യായിരുന്നു, എന്റെ കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു. രക്തത്തതുള്ളികൾ പറ്റിയ കുഞ്ഞു വിരലുകളിൽ തൊട്ടപ്പോൾ ഞാനാദ്യമായി സനാഥനാകുകയായിരുന്നു. ഒരു പൂമ്പാറ്റയെ പോലെ ലോലമായി, അവളെന്റെ കൈകുമ്പിളിൽ ഒതുങ്ങി കിടന്നു. ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവാൻ ഞാനെന്ന് ഞാൻ അഹങ്കരിച്ചു.
മൃദുലമായ കവിളിൽ ആദ്യം ചുംബിച്ചപ്പോൾ മകളെന്ന പുണ്യം ഞാനറിയുകയായിരുന്നു.
അവളും പാവമായിരുന്നു എന്റെ ശ്യാമ. എവിടെയോ അവൾക്കും പിഴച്ചു പോയി. പ്രകാശം നോക്കി വളരുന്ന ചെടി പോലെയാണ് മനസ്സും, സ്നേഹവും കരുതലും കിട്ടാതെ വരുമ്പോൾ അത് തേടി പോകാൻ തോന്നും. പക്ഷേ എനിക്കവൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
വഞ്ചിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞ ആ രാത്രി ഇന്നും മനസ്സിൽ നിന്ന് മായുന്നില്ല.
കത്തി കൊണ്ട് ഞാനവളെ പിന്നിൽ നിന്ന് കുത്തി, അവൾ കുതറിയോടി, മുറിയിലും ഇടനാഴിയിലും ചോര പാടുകൾ വീഴ്ത്തി അവൾ ഓടി, ഉറങ്ങിക്കിടന്ന ലച്ചുവിനെ എടുത്ത് കൊണ്ട് പടി കടന്ന് റോഡിലൂടെ അവൾ ഓടി. എന്റെ കുഞ്ഞിനെ എനിക്ക് തന്നിട്ട് പോകാൻ പറഞ്ഞു അലറി വിളിച്ച് പിന്നാലെ ഞാനും ഓടി. എന്റെ കുഞ്ഞു പേടിച്ച് വിരണ്ടിരുന്നു. പാതി മരിച്ച ജീവനുമായി അവൾ ഓടിയത് മരണത്തിലേക്കായിരുന്നു. രാത്രിയിൽ പിടി വിട്ട് പായുന്ന ഒരു പാണ്ടി ലോറിക്കടിയിലേക്കവൾ കുഴഞ്ഞു വീഴുന്നത് ഞാൻ കണ്ടു. നിലത്ത് നിന്ന് ലച്ചുവിനെ കോരിയെടുക്കുമ്പോൾ, ആദ്യമായി ധനുമാസ പുലരിയിൽ കൈയിലേക്ക് വാങ്ങുമ്പോൾ അവൾ ഇത്രയും ചുവന്നിരുന്നില്ല. കാലങ്ങൾക്കപ്പുറം തിരിച്ചു പോകാനാകുമായിരുന്നെങ്കിൽ, ഞാനവളോട് ക്ഷമിച്ചേനെ, എന്റെ ലച്ചുവിന് വേണ്ടി. എനിക്കെന്റെ ബന്ധുത്വം നഷ്ടമാകില്ലായിരുന്നു.
മുൻപൊക്കെ കഥ പറഞ്ഞു തീരുമ്പോൾ മധു പൊട്ടി കരയുമായിരുന്നു. ജയിലിന്റെ മതികെട്ടിനു പുറത്തിറങ്ങുന്ന ദിവസം ആത്മഹത്യാ ചെയ്യും എന്നും അയാൾ പുലമ്പുമായിരുന്നു. അയാളെ ആശ്വസിപ്പിക്കാൻ എന്ന വിധം പ്രകാശൻ ഒരു കഥ പറയും. ഇന്ന് മധു കരഞ്ഞിലെങ്കിലും പ്രകാശൻ പറഞ്ഞു തുടങ്ങി .
കാത്തിരിക്കാൻ ആരുമില്ലെന്നു കരുതി നിങ്ങൾ ചാകാനൊന്നും നിൽക്കെണ്ടാ!. തനിക്കു പോകാൻ പറ്റിയൊരിടമുണ്ട് എന്റെ നാട്, എനിക്കവിടെ പോകാൻ പറ്റില്ല, കട്ട മുതൽ എല്ലാം നാട്ടുകാരു ചോദിച്ച് വാങ്ങും. എന്നാലും തനിക്ക് പോകാല്ലോ ?
പാലത്തും കടവ് വരെ ബസ്സിന് അവിടെ നിന്ന് അഞ്ചരകിലോമീറ്റർ പോയാൽ എന്റെ നാട് അഞ്ചിലംപാല. അഞ്ചിലംപാലയുടെ നാട്ടുവഴികൾക്കു തന്നോട് പറയാൻ ഒരുപാട് കഥകളുണ്ടാവും അവിടെ ചെമ്പകം പൂക്കുന്ന ഇടവഴികൾ ഉണ്ട്. ദേവദാസികളുടെ നാട്. അവിടുത്തെ കാറ്റിനും ഒരു പ്രത്യേക ഗന്ധമുണ്ട്. അവിടെ തന്നെ തല്ലാനും കൊല്ലാനും ആരും വരില്ല. ചതിയും വഞ്ചനയും ഒന്നുമില്ല കൊടുക്കുന്ന പണത്തിനു മനസ്സറിഞ്ഞു സ്നേഹം തരും. പടിക്കൽ നിന്ന് വിളക്ക് വച്ചു സ്വീകരിക്കും, നെയ്യ് കൂട്ടി ഊണ് തരും, വാസനതൈലം പുരട്ടിയ മുല്ലപ്പൂ വിതറിയ മെത്തയിൽ സുഖം പകരും. നിങ്ങൾക്ക് പോകാൻ പറ്റിയ സ്ഥലമാണ് അഞ്ചിലംപാല.
മധു ഒന്നും മിണ്ടിയില്ല, അയാൾ പുറത്തേക്ക് നോക്കി നിന്നു. ചീരചെടികൾ നനവാർന്ന നിലത്ത് നിന്ന് തലയുയർത്തി നിന്നു.
രാത്രി ഇരുണ്ടു വെളുത്തു.
ദിക്കറിയാത്തതൊരു സഞ്ചാരിയായിരുന്നു അയാൾ, എങ്ങോട്ട് പോകണം എന്നറിയില്ല. മരണം തേടി പോകുന്നവനു ദിക്ക് അറിയണമെന്നില്ലല്ലോ ? . തമാശയായെങ്കിലും പ്രകാശൻ പറഞ്ഞ ചെമ്പകം പൂക്കുന്ന ഇടവഴികൾ ഉള്ള അഞ്ചിലംപാല ഒന്നു കാണണം എന്ന് തോന്നി. പാലത്തുംകടവ് വന്നിറങ്ങുമ്പോൾ സായാഹ്നമായിരുന്നു. ആരോടും വഴി ചോദിക്കാൻ നിന്നില്ല, ചോദിക്കാൻ ഒരു മേൽവിലാസം ഉണ്ടായിരുന്നില്ല.
നടന്നു,
നിറഞ്ഞൊഴുകുന്ന പുഴ കടന്നു, താഴെ അനാഥമായൊരു കടവും വഞ്ചിയും കണ്ടു. സന്ധ്യ സിന്ദൂരം ചാർത്തിയ നാട്ടു വഴികളിലുടെ, ചെമ്പരത്തിയും നന്ത്യാർവട്ടവും പൂത്ത് നിൽക്കുന്ന വേലികൾ. വഴിയിലെങ്ങും ആരെയും കാണുന്നില്ല. വാഴത്തോപ്പുകൾ, കാട് കയറി കിടക്കുന്ന പുരയിടങ്ങൾ. പ്രകാശൻ പറഞ്ഞത് ശരിയാണ് ഇവിടുത്തെ കാറ്റിനു ഒരു പ്രത്യേക മണമുണ്ട്. മരക്കമ്പുകൾ പാകിയ വേലികൾ, മുളവാതിലുകൾ, ഓടുപാകിയ വീടുകൾ. എല്ലാ വീടുകൾക്കും തുളസിത്തറയുണ്ട്, ഒരേ രീതിയിൽ തന്നെ പണിത വീടുകൾ.
നടന്നു,
നിറഞ്ഞൊഴുകുന്ന പുഴ കടന്നു, താഴെ അനാഥമായൊരു കടവും വഞ്ചിയും കണ്ടു. സന്ധ്യ സിന്ദൂരം ചാർത്തിയ നാട്ടു വഴികളിലുടെ, ചെമ്പരത്തിയും നന്ത്യാർവട്ടവും പൂത്ത് നിൽക്കുന്ന വേലികൾ. വഴിയിലെങ്ങും ആരെയും കാണുന്നില്ല. വാഴത്തോപ്പുകൾ, കാട് കയറി കിടക്കുന്ന പുരയിടങ്ങൾ. പ്രകാശൻ പറഞ്ഞത് ശരിയാണ് ഇവിടുത്തെ കാറ്റിനു ഒരു പ്രത്യേക മണമുണ്ട്. മരക്കമ്പുകൾ പാകിയ വേലികൾ, മുളവാതിലുകൾ, ഓടുപാകിയ വീടുകൾ. എല്ലാ വീടുകൾക്കും തുളസിത്തറയുണ്ട്, ഒരേ രീതിയിൽ തന്നെ പണിത വീടുകൾ.
നേരം ഇരുട്ടി തുടങ്ങുന്നു.
തുളസിത്തറയിലെ മൺ ചിരാതിൽ വിളക്ക് തെളിയുന്നു.
മുന്നിൽ വഴി രണ്ട് ഇട വഴികളായി പിരിയുന്നു.
ഇടത്തേക്ക് നീളുന്ന വഴിയുടെ കോണിലൊരു ചെമ്പകം നിൽക്കുന്നു. ഇടത്തേക്ക് നടന്നു. ഇരുട്ട് വീണ ഇടവഴികളുടെ അരുകിൽ മുഴുവൻ ചെമ്പകങ്ങളാണ്. ഇടവഴികൾ രേഖകളായി പല വഴി തിരിയുന്നു. ഒരു വീട് പിന്നിൽ മാഞ്ഞു കഴിഞ്ഞാലേ അടുത്ത വീട് മുന്നിൽ തെളിയു. നടന്ന് നടന്ന് അവശനായിരുന്നു. ഇടവഴിയിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞു കയറുന്നൊരു വീടിന്റെ മുന്നിൽ അയാൾ നിന്നു. നന്നായി ദാഹിക്കുന്നുണ്ടായിരുന്നു. മുള വച്ച് കെട്ടിയ വാതിൽ തുറന്നു കിടന്നു. മുറ്റത്ത് തുളസിത്തറയിൽ തിരി കത്തുന്നുണ്ട്. ഉള്ളിൽ ആളനക്കം ഉള്ളതായി തോന്നുന്നില്ല. കുന്തിരിക്കം കത്തുന്ന വാസന ഉള്ളിൽ നിന്നും ഒഴുകി വന്നു.
അഞ്ചു തിരിയിട്ടു കത്തിച്ചൊരു നിലവിളക്കുമായി ഒരു സ്ത്രീ പടിയിറങ്ങി, തുളസിത്തറ താണ്ടി വന്നു. വെള്ളയിൽ പിങ്ക് ബോഡറുള്ള സാരി. കോതിയൊതുക്കിയ മുടി, നെറ്റിയിൽ ഭസ്മക്കുറി, അതിനു താഴെ ചുവന്ന സിന്ദൂര പൊട്ട്. ചുവന്ന കല്ല് വച്ച മൂക്കുത്തി. നിലവിളക്കിന്റെ മഞ്ഞ പ്രഭയിൽ അവരൊന്നു പുഞ്ചിരിച്ചു.
"വരൂ അകത്തേക്ക് വരൂ" അവൾ ആനയിച്ചു.
മുൻപേ നടന്ന അവളുടെ തുമ്പ് കെട്ടിയിട്ട മുടിയിഴകളിൽ നിന്ന് വെള്ളത്തുള്ളികൾ ഇറ്റു വീഴുണ്ടായിരുന്നു.
പ്രകാശൻ പറഞ്ഞതൊന്നും കളവല്ല, വിളക്കു വച്ച് സ്വീകരിക്കുന്ന അഞ്ചിലംപാലയിലെ ദേവദാസികൾ .
"നന്നായി മുഷിഞ്ഞിരിക്കുന്നു വരുന്നു കുളിമുറി കാട്ടി തരാം"
കുളിച്ചു വന്നപ്പോൾ മാറ്റിയുടുക്കാൻ കറുപ്പ് കരയുള്ള ഡബിൾ മുണ്ടും ചന്ദന നിറമുള്ള ജുബ്ബയും തന്നു.
കത്തിച്ച് വച്ച നിലവിളക്കിന്റെ വെളിച്ചത്തിൽ നിലത്ത് വിരിച്ച പായിലിരുന്ന് തൂശനിലയിൽ നെയ്യും കൂട്ടി അത്താഴമുണ്ടു.
രാത്രിയുടെ കറുപ്പിന് കട്ടി കൂടി കൂടി വന്നു.
തുളസിത്തറയിലെ വിളക്കണച്ച്, വാതിലടച്ച് അവൾ വന്നു.
"വരൂ കിടപ്പുമുറി കാട്ടി തരാം."
പടികൾ കയറി. വീതി കുറഞ്ഞൊരു ഇടനാഴി കഴിഞ്ഞു കിടപ്പു മുറിയിലേക്ക് വന്നു.
വെള്ളപ്പുതപ്പ് വിരിച്ച കട്ടിലിൽ മുല്ലപ്പൂ വിതറിയിരുന്നു. അരികിലെ മേശയിൽ ഒരു വിളക്ക് കത്തി നിന്നു. അയാൾ ഒന്നും മിണ്ടിയില്ല .
നാട്ടുവഴികളിലേക്ക് തുറക്കുന്ന ജാലകം അയാൾ തുറന്നു.
"ആ ജനൽ തുറക്കാറില്ല, നല്ല കാറ്റാണ്, വിലക്കണഞ്ഞു പോകും" അവൾ പറഞ്ഞു.
പുറത്ത് മുറ്റത്ത് തണുത്ത കാറ്റു വീശുന്നു. പൂത്തു നിൽക്കുന്ന ചീര ചെടികൾ അയാൾക്ക് നഷ്ടമായിരിക്കുന്നു. ഇപ്പോൾ കാണുന്നത് ചെമ്പകം പൂക്കുന്ന ഇടവഴികളാണ്. കമ്പിയഴികളുടെ ഓർമ്മകൾ എന്നോണം ജനൽ പടിയിൽ പിടിച്ചയാൾ നിന്നു.
പ്രകാശനോട് ആയിരത്തൊന്നു തവണ പറഞ്ഞ കഥ അയാൾ ഒന്ന് കൂടി പറഞ്ഞു. അവൾക്കു കേൾക്കാൻ, അയാൾക്ക് പറഞ്ഞു മടുപ്പ് തോന്നാഞ്ഞിട്ട്.
പറഞ്ഞു തീരുമ്പോൾ അവൾ നിലത്ത് അയാളുടെ കാലിനു ചേർന്ന് ഭിത്തിയിൽ ചാരിയിരിക്കുകയായിരുന്നു.
അയാൾക്ക് മറുപടി നൽകാൻ പ്രകാശന്റെ അഞ്ചിലംപാലയുടെ കഥ ഉണ്ടായിരുന്നില്ല അവൾക്ക്. അവൾക്ക് പറയാൻ പറഞ്ഞു പഴകിയ ദേവദാസികളുടെ കഥ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്നേഹം വിൽക്കുന്നവരുടെ കഥ. ഒരായിരം പുരുഷന്മാർ വന്നു പോയിട്ടും സ്വന്തമായി ആരും ഇല്ലാത്തവളുടെ കഥ.
അന്നാദ്യമായി വിയർപ്പു കണങ്ങൾ വീണു കറുക്കാതെ മുല്ലപ്പൂക്കൾ, മണം നഷ്ടമാകാതെ കിടന്നു.
ജനലഴികൾ പിടിച്ചു നിൽക്കുന്ന മധുവിന്റെ കാൽക്കൽ ചേർന്നിരുന്നു അവൾ ചോദിച്ചു
"എനിക്ക് തരുമോ ഒരു ലച്ചുവിനെ?"
ചെമ്പകം പൂത്ത മണവുമായി വന്നൊരു കാറ്റ് വിളക്കണച്ചു.
പിന്നീട് പല രാത്രികളും തുളസിത്തറയിലെ ചിരാതിൽ അവൾ വിളക്ക് കത്തിക്കുന്നതും നോക്കി അയാളിരുന്നു. മുളച്ചില്ലകൾ ചേർത്ത് കെട്ടിയ വാതിൽ അടഞ്ഞു കിടന്നു. മുല്ലപ്പൂക്കൾ വാടാതെ കിടന്നു. പരോൾ തീരുന്ന നാൾ പാലത്തുംകടവിൽ നിന്നും ബസ്സ് കയറ്റി വിടാൻ അവളും വന്നു. അയാൾ യാത്രയായി ചെമ്പകം മണക്കുന്ന അഞ്ചിലംപാലയിലേക്ക് മടങ്ങി വരാൻ.
By
Suresh Kishore

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക