#പനമ്പാട് , എന്റെ ഗ്രാമം. - അവിടെ വേനൽക്കാലങ്ങളിൽ സർക്കസ്കാരും റെക്കോർഡ് ഡാൻസുകാരം തമ്പടിക്കുന്ന പതിവുണ്ടായിരുന്നു . അതിന്റെ പശ്ചാത്തലത്തിൽ ഉണ്ടായതും ഇല്ലായിരുന്നതും ആയ ചിലത് .
ഗ്രാമത്തിൽ വില്ലേജ് ഓഫീസിനു പിറകിൽ പടർന്നു പന്തലിച്ച ഒരു വലിയ മാവുണ്ട് .അതിനു ചുവട്ടിലാണ് ചെറിയ സർകസ്കാരും സൈക്കിൾ യജ്ഞം കം റെക്കോർഡ് ഡാൻസ്കാരും വേനൽക്കാലങ്ങളിൽ തമ്പടിക്കുക. അത്തരം കൂട്ടങ്ങളെ നാട്ടുകാർ വിരുന്നുകാരെപ്പോലെ ഏറ്റെടുക്കും
ശേഷം അവരുടെ പ്രകടനങ്ങൾ ഗ്രാമോത്സവങ്ങളായി പരിണമിക്കും !
"പച്ചൈക്കിളി മുത്തുച്ചരം, മുല്ലൈകൊടി യാരോ... പാവൈ എന്നും തേരിൽ വരും ദേവൻ മകൾ നീയോ..."
എണ്പതുകളുടെ തുടക്കത്തിൽ ഒരു വേനൽക്കാല രാത്രി.
അബൂബക്കറും ഭാര്യയും ( അത് ഭാര്യ ഒന്നും അല്ലത്രേ - നാട്ടുകാർ ചിലർ പരദൂഷണം ) MGR ഉം ലതയും ആയി ആടി തിമിർക്കുന്നു. ഞങ്ങൾക്കവരെ സിനിമാ താരങ്ങളായി തോന്നി അന്ന് .
മാവിൻ ചുവട്ടിൽ, ഏതോനാട്ടുകാരനായ അബൂബക്കെറിന്റെ നേതൃത്വത്തിൽ റെക്കോർഡ് ഡാൻസ് , സൈക്കിൾ യജ്ഞം , മറ്റു അഭ്യാസ പ്രകടനങ്ങൾ എന്നിവയായി ഓരോ വർഷവും ആ കാലങ്ങളിൽ വരാറുണ്ട് . സ്റ്റേജും മാവിൻ ചുവട്ടിൽ തന്നെ . രണ്ടോ മൂന്നോ ആഴ്ചയാണ് പരിപാടി . പ്രകടനങ്ങൾ തുടങ്ങുന്ന ദിവസം മുതൽ അവസാന നാൾ വരെ ഒരാൾ പകൽ സമയം മുഴുവനും മാവിൻ ചുവട്ടിൽ സൈക്കിളുമായി വട്ടം കറങ്ങും . രാത്രി, സൈക്ലിൽ ഇയാളുടെ അഭ്യാസങ്ങളും ഉണ്ട്. അഭ്യാസം കഴിഞ്ഞാലും അയാൾ ഉറക്കവും സൈക്ലിൽ ആണത്രേ ! ഞങ്ങൾക്ക് അത്ഭുതം, സൈക്കിൾ ഓട്ടാൻ പഠിച്ചു കൊണ്ടിരുന്ന ഞങ്ങൾക്ക് ആരാധനയും അയാളോട് . കൂടാതെ മറ്റൊരാൾ ട്യൂബ് ലൈറ്റ്കൾ വയറ്റത്ത് അടിച്ചും പുറത്തടിച്ചും പൊട്ടിക്കുന്നുണ്ട്. ഇതിനിടയിലാണ് റെക്കോർഡ് ഡാൻസ്കൾ
ഇടയ്ക്കു കോമഡി സ്കിറ്റുകളും ഉണ്ട്. നാട്ടുകാർക്ക് ആ നാളുകൾ ആഘോഷം തന്നെ. എല്ലാ ദിവസവും രാപ്പകൽ ഇടതടവില്ലാതെ ഉച്ചഭാഷിണിയിലൂടെ പാട്ടും കേൾക്കാം. ശബ്ദ മലിനീകരണം എന്ന വാക്ക് അന്ന് കണ്ടുപിടിച്ചിട്ടില്ല ! അതുകൊണ്ട് തന്നെ നാട്ടുകാർക്ക് ഉച്ചസ്ഥായിലുള്ള സംഗീതം അരോചകമായി തോന്നിയില്ല. തമിഴ് പാട്ടുകാളാണ് ഡാൻസിൽ അധികവും . കൂട്ടത്തിൽ "മുത്തുകിലുങ്ങി മണി മുത്തുകിലുങ്ങി" യും "ചിരിക്കാതെ ചിരിക്കുന്ന കിലുക്കാംപെട്ടിയും" ഉണ്ട്.
അവര് സിന്മേലും ണ്ട്രാ ! അതോണ്ടാവും ഇവര്ങ്ങനെ എല്ലാ പാട്ടിനും ഡാൻസ് ചെയ്യ് ണെ! ഓണം, ഈദ് പെരുന്നാളുകളിൽ മാത്രം സിനിമകൾ കണ്ടിരുന്ന ഞങ്ങൾ കുട്ടികൾ അവരെ അങ്ങിനെ കരുതി . ഗ്രാമീണരുടെ മുൻപിൽ, ഒരാണുമായി അലിഞ്ഞു ചേർന്ന് ഡാൻസ് ചെയ്യുന്ന പെണ്ണിനെ സ്ത്രീകൾക്ക് അത്രങ്ങ്ട് പിടിക്കുന്നില്ല . എന്നാലും അവൾ സുന്ദരിയാണ് എന്നൊരു ‘പരിഭവം’അവരിൽ ചിലർക്കില്ലാതില്ല !
ഇങ്ങനെ ഒക്കെ ആണെങ്കിലും പരിപാടികൾ കാണാൻ ഒട്ടു മിക്കവരും ഉണ്ട് .
ആ കാലത്തെ എല്ലാ ഗ്രാമങ്ങളേയും പോലെ ഞങ്ങളുടെ ഗ്രാമവും ശാന്തവും സുന്ദരവും ആണ്.ഇന്നും അങ്ങിനെതന്നെ .
ഒരു ചാമുണ്ട്യേട്ടൻ ഉണ്ട് . ഷർട്ട് ഇട്ടു കണ്ടിട്ടില്ല. എന്നാലോ അത് മടക്കി തോളിലിടും എപ്പോഴും. ചാമുണ്ട്യെട്ടന്റെ കല്യാണത്തിനും അങ്ങിനേർന്നത്രേ ! നാട്ടുകാർ കളിപറയും. കയ്യിൽ ഒരു കത്തി. അത്,പക്ഷെ, അടയ്ക്ക മുറിക്കാനാണ്. കത്തി ഒരു മാരാകായുധമായി അന്ന് പ്രഖ്യാപിച്ചിട്ടില്ലായിരിക്കും സർക്കാർ. തീവ്രവാതവും പരിഷ്ക്കാരായിട്ടില്ല അന്ന്, അതുകൊണ്ടായിരിക്കും അങ്ങിനെ.
ചാമുണ്ട്യേട്ടൻ സൈക്കിളിൽ ഒരഭ്യാസി കൂടി ആണ്, ഇടയ്ക്കു തമാശയായി റോഡിൽ കാണിക്കുന്നത് കാണാം . ഒരു ദിവസം യജ്ഞക്കാരോട് തന്റെ അഭ്യാസം പ്രകടിപ്പിക്കട്ടേ എന്ന് ചോദിച്ചു . അവർ , പക്ഷെ, സമ്മതിച്ചില്ല . "വൈകീട്ടെന്താ പരിപാടി" എന്ന പുതുക്കവിത പുരാതന രീതിയിൽ അന്ന് വൈകുന്നേരങ്ങളിൽ ചൊല്ലുന്ന ശീലം ഉണ്ട് ചാമുണ്ട്യേട്ടന് , അതുകൊണ്ടാവും അവർ സമ്മതികാഞ്ഞത്. ഇതിന്റെ പരിഭവം പോയ വർഷം മുതൽ ചാമുണ്ട്യേട്ടന് ഉണ്ട്.
കവിത തലയ്ക്കു പിടിച്ചതുകൊണ്ട് പരിപാടിയുടെ ഇടയിൽ മൂപ്പരുടെ തമാശയും ഇടയ്ക്കു കേൾക്കാം. അബൂബക്കർ പച്ചൈക്കിളി MGR ആയി ആടുമ്പോൾ ചാത്തുണ്ണി ഏട്ടൻ ഇടയിൽ ‘പാലൂട്ടി വളർത്ത കിളി പഴം കൊടുത്ത് പാർത്ത കിളി’ ഉറക്കെ പാടും രണ്ടു വരി. വേദിക്ക് മുൻപിലിരിക്കുന്ന ഞങ്ങൾക്ക് സ്റ്റേജിൽ ഡാൻസും ഞങ്ങടെ പിന്നിൽ ചാമുണ്ട്യേട്ടന്റെ തമാശയും . ബഹു രസം .
എന്താണ്ടാ ഇവനെ അബ്ബോക്കറേ അനക്ക് മ്മളെ ശിവാജിടെ ഡാൻസ് പറ്റൂലാ , നടികർ തിലകാണ്ടാ ഓന്. അതാഡ്രാ ധൈര്യണ്ടയ്…
മുണ്ടാണ്ട് രിക്കടാ ചാമുണ്ട്യേയ് , മൂപ്പെരെ പ്രെൻണ്ട് അയമോക്ക ശാശിച്ചു. അല്ലട ഇവനെ , അയമോ ഒനെന്താണ്ട എപ്പളും ആ MGR കളിക്ക്ണ്? മ്മക്ക് കണ്ടൂടാ ഓനെ ആ MGR റെ , ഓന്റെ മോത്ത്‌ണ്ട്രാ നടനം, മത്തങ്ങ മോറൻ!, ശിവാജ്യാണ്ടാ ആങ്കുട്ടി, വസന്ത മാളിക കണ്ട്ക്ക്ണാ യ്യി. എവടെ ! ?
ഒലെന്തെങ്കിലും ആടിക്കോട്ടേ ന്റെ ചാമുണ്ട്യേയ് , യ്യി അടങ്ങ്, മ്മക്ക് കായിക്ക് ചെലവില്ലലോ .
ന്നാ ഓൻ മ്മളെ പ്രേംനസീർ കളിക്കട്ടെ , ചുണ്ടനക്കാൻ പറ്റോ ഓന്റെ മാതിരി ഈ അബ്ബോക്കർണ് ?എന്താണ്ട ഓന്റെ ഒര് ചേല് പാട്ട് സീൻല്, അതും മ്മളെ വിജയശ്രീം ചേർന്നുള്ള മുത്തുകിലുങ്ങി പാട്ടില് ! അബ്ബോക്കർന് കഴിയൂലാടാ അത്. അല്ലെങ്കി തന്നെ മ്മളെ നാട്ടില് എന്തിനാണ്ടാ തമിഴ് ?
അന്റെ സയ്ക്കള് പരിപാടി സംമ്മയ്ക്കാത്തോണ്ടെല്ലേ യ്യി ഓനെ ചൊറിണൊഔം ങ്ങനെ ചെലക്ക്ണൊഔം , അനക്ക് അപ്പ്രത്തെ പ്ലാവിന്റെ ചോട്ടില് കളിച്ചൂഡ്രാ..?
മ്മള് ഒറ്റയ്ക്ക് കളിച്ചാ ഇത് പോലെ മ്മളെ നാട്ടാര് ഇരിക്കോന്നു ? ഇങ്ങള് പറ . എരപ്പകള്, പെണ്ണിന്റെ ആട്ടം കാണാൻ വന്ന്‌ക്ക്ണ് പാതിരാക്ക് വീടും കുട്യും അടച്ചിട്ട്.
ചാമുണ്ട്യേ യ്യി അധികം ചെലക്കാണ്ട് അവടിര്ന്നോ, പെട്ടെന്ന് പ്രതികരിക്കുന്ന ഒരു ഗ്രാമവാസി പറഞ്ഞു .
ഇടയിൽ ഒരറിയിപ്പ് വന്നു :
അടുത്ത ഡാൻസ് മുത്തു കിലുങ്ങി എന്ന പാട്ടിന്, ശേഷം കോമഡി പരിപാടി , അടുത്ത ഒരു ദിവസം ഞങ്ങടെ കമ്പനിയിലെ നാടക പാർട്ടി വരുന്നുണ്ട് , നിങ്ങൾക്ക് വേണ്ടി അവർ ഇവിടെ കളിക്കും , സംഭാവന മറക്കരുത്…
കണ്ട്രാ ഓന് പേടിച്ച്. അടുത്തത് മ്മളെ പ്രേംനസീർന്റെ പാട്ട്. ചാമുണ്ട്യേട്ടൻ ഒരു ബീഡി കത്തിച്ചു.
ഡാൻസ് തുടങ്ങി. പക്ഷെ, ചാമുണ്ട്യേട്ടൻ അലമ്പാക്കി. അന്നത്തെ കോമഡി ഞങ്ങൾക്ക് കാണാനൊത്തില്ല .
അതിങ്ങനെ :
അബൂബക്കറും ഭാര്യയും ആടി തിമിർക്കുന്നു. ഗ്രാമഫോണ്‍ റെകോർഡിന് ഇടയിൽ ചെറിയ പോറലോ പൊട്ടോ വന്നാൽ സൂജി അതിൽ ഉടക്കി നില്ക്കും. പിന്നെ ആ സ്ഥാനത്തു ആലേഖനം ചെയ്യപ്പെട്ട വാക്കുകൾ തുടർന്ന് കൊണ്ടേ ഇരിക്കും. ഈ ഗാനത്തിൽ ഓരോ ഇതളും വസന്തമാകും ഓരോ വസന്തവും കഥ പറയും എന്ന ഒരു വരി ഉണ്ട് . അതിലെ കഥ പറയുന്നതിൽ സൂജി ഉടക്കി .
കഥ പറച്ചിൽ തുടർന്നപോൾ ചാമുണ്ട്യേട്ടനും ഉടക്കി
എന്താണ്ട അബ്ബോക്രെ , കഥ പറയാ നീയ്യ് ? ആരാണ്ട യ്യ്, സാംബശിവനാ ? ങ്ങനെ കഥപറയാൻ. അന്റെ മാത് ര്യല്ല, ഓൻ ആങ്കുട്ട്യാണ്ടാ . ഒഥെല്ലോ കേട്ടുക്ക്ണാ യ്യ് ? കൽക്കട്ടാ നഗരമെനിക്കൊരു കൽക്കണ്ട കനി ആണല്ലോ ന്ന് ഓന്റെ മാതിരി പാടാൻ പറ്റ്വോടാ അനക്ക് ? . കഥ ഓൻപറയും , യ്യ് ആട് . ഓന്റെ കഥ കേക്കെണേങ്കി ഈ മകര ചൊവ്വയ്ക്ക് ആവേൻകോട്ടെക്ക് വന്നോ നീയ് . അരിശം മൂത്ത ചാമുണ്ട്യേട്ടൻ വേദിയിലേക്ക് കുതിച്ചു....
- അഷ്‌റഫ് ഇല്ലത്തേൽ, പനമ്പാട്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക