Slider

ചികിത്സ

0

ഗോവിന്ദനും ഗോപാലനും – ഒരു ഗ്രാമത്തിലെ പ്രസിദ്ധരായ രണ്ടു വൈദ്യന്മാര്‍. രണ്ടു പേരും സഹോദരന്മാര്‍, അത് പോലെ മിടുക്കന്മാരും.
ചേട്ടന്‍ ഗോവിന്ദന്‍ രോഗത്തെ ഗ്രഹിക്കാന്‍ അപാരമായ കഴിവുണ്ട്. ജ്യോതിഷവും പഠിച്ചിട്ടുണ്ട്. പക്ഷെ ആളുകളെ “സുഖിപ്പിക്കാന്‍” അറിയില്ല. എല്ലാ കാര്യങ്ങളും മയമില്ലാതെ പറയും. ഒരു പെണ്‍കുട്ടിയുടെ ജാതകവുമായി വന്ന ഒരാളോട് പറഞ്ഞു – “ ആ ജാതകം നോക്കണ്ട, ആ പെണ്ണ് പിഴച്ചതാ”. വന്ന ആള്‍ക്ക് പിടി കിട്ടിയെങ്കിലും പെണ്ണിന്റെ അച്ഛന്‍ ഓടി അവിടെയെത്തി അദ്ദേഹത്തോട് ചോദിച്ചു എന്താണ് അങ്ങിനെ പറഞ്ഞതെന്ന് – "പെണ്ണ് പേരുദോഷമെന്തെങ്കിലും വരുത്തിവച്ചോ" എന്ന് അയാള്‍ പേടിച്ചു. വൈദ്യന്‍ പറഞ്ഞു “ഏയ്‌, അതോനുമല്ല ഹേ, പെണ്ണിന്റെ നല്ല സ്വഭാവമാണ്. പക്ഷെ ആ കുട്ടിയുടെ ജാതകം മോശമാണ് എന്നാണ് പറഞ്ഞത്.”
മാത്രമല്ല കുറിക്കുന്ന മരുന്നുകളും ആളുകള്ക്ക് തൃപ്തി ആകാറില്ല – വേലി കെട്ടിയിട്ടുള്ള ഉണക്കമുളയുടെ മുള്ള്, , വെളുത്തുള്ളിയുടെ തൊലി അരച്ചത്‌ ഇങ്ങിനെയുള്ളവയാണ് അദ്ദേഹത്തിന്റെ ചികിത്സാരീതികള്‍. വീട്ടില്‍ മരുന്നുകളുണ്ടെങ്കിലും സ്വയം ഉണ്ടാക്കാന്‍ എന്നാണ് അദേഹത്തിന്റെ നിലപാട്.
ദൈവവിശ്വാസിയാണ് ഗോവിന്ദന്‍, എന്തുകൊണ്ടാണെന്ന് അറിയില്ല അവിവാഹിതനാണ് – ഒരു തരം സന്യാസജീവിതമാണ് നയിക്കുന്നത്. പലപ്പോഴും പ്രാര്ത്ഥരനയിലായിരിക്കും. അല്ലാത്തപ്പോള്‍ പറമ്പിലൊക്കെ ചുറ്റിനടന്നു എന്തോക്കെയോ തിരയുന്നത് കാണാം. ആളുകള്‍ വരുമ്പോള്‍ ചികിത്സിക്കാനായി ഒരിടത്തിരിക്കുക എന്ന രീതിയൊന്നും അദ്ദേഹത്തിനില്ല. അതുകൊണ്ടൊക്കെ തന്നെ രോഗികള്‍ അദ്ദേഹത്തെ സമീപിക്കുക വളരെ കുറവാണ് – തീരെ ഇല്ലെന്നു തന്നെ പറയാം..
അനിയന്‍ ഗോപാലന്‍ പക്ഷെ അങ്ങിനെയല്ല. വരുന്ന രോഗികളോടും കൂടെ വരുന്നവരോടും നല്ല സൌമ്യമായ പെരുമാറ്റം. “അദ്ദേഹത്തിന്‍റെ വാക്ക് കേട്ടാല്‍ തന്നെ അസുഖം പാതി ഭേദമാകും” – ആളുകള്‍ പറയും. കാര്യങ്ങളെല്ലാം വിസ്തരിച്ചു കേട്ട ശേഷം മരുന്ന് നിശ്ചയിച്ച ശേഷം അവിടെത്തന്നെ ഉണ്ടാക്കിയ ഔഷധങ്ങള്‍ കൊടുക്കും. വിലയല്‍പ്പം കൂടുതലാണെങ്കിലും പാവപ്പെട്ടവരില്‍ നിന്നും അധികം ഈടാക്കാറില്ല.
അനിയന്‍ വൈദ്യരെ കാണാന്‍ എല്ലാ വര്‍ഷവും പണക്കാരനായ ഒരു രോഗി വന്നുകൊണ്ടിരുന്നു. തണുപ്പുകാലം തുടങ്ങാറായാല്‍ അദ്ദേഹത്തിന് കലശലായ വയറുവേദന അനുഭവപ്പെട്ടു തുടങ്ങും. ഉടനെ പരിവാരസമേതം വൈദ്യശാലയിലെത്തും. വൈദ്യന്‍ പതിവ് പോലെ മരുന്നും കുറിച്ചുകൊടുക്കും. പിന്നെ അടുത്ത വര്‍ഷം ഈ സമയം വരെ ഒരു പ്രശ്നവുമില്ല. കാലാവസ്ഥയുടെ മാറ്റം കൊണ്ടാണ് എന്ന് കരുതി സമാധാനിക്കും, ആ രോഗി.
ഈ വര്‍ഷം ആ രോഗി വന്നപ്പോള്‍ അനിയന്‍ വൈദ്യര്‍ കുടുംബസമേതം ഒരു തീര്‍ഥയാത്രക്ക് പോയിരിക്കുകയായിരുന്നു. ആ രോഗിക്കാകട്ടെ പതിവിലും കൂടുതലായി വയറുവേദനയും. വൈദ്യര്‍ തിരിച്ചുവരും വരെ പിടിച്ചുനില്ക്കാ ന്‍ പറ്റാത്ത അവസ്ഥ. അവിടെയാണെങ്കില്‍ ചേട്ടന്‍ വൈദ്യര്‍ മാത്രമേയുള്ളൂ. വലിയ തൃപ്തിയില്ലെങ്കിലും അദ്ദേഹത്തെ കാണാന്‍ ആ രോഗി തീരുമാനിച്ചു.
രോഗവിവരമെല്ലാം വിശദമായി കേട്ട ശേഷം അദ്ദേഹം പറമ്പിലേക്കിറങ്ങി കുറച്ചു നാടന്‍ ചെടികളുടെ ഇലകള്‍ പറിച്ചുകൊണ്ടുവന്ന്‍ കൂടെ വന്ന സഹായിയുടെ കയ്യില്‍ കൊടുത്ത് അവയെല്ലാം കൂടി വെള്ളത്തില്‍ ചൂടാക്കി കുറുക്കി കഷായമാക്കി കൊടുക്കാന്‍ പറഞ്ഞു. രോഗി പുച്ഛത്തോടെയാണെങ്കിലും അവയെല്ലാം വാങ്ങിപോയി.
തീര്‍ഥയാത്രയെല്ലാം കഴിഞ്ഞു അനിയന്‍ വന്നപ്പോള്‍ ഈ വിവരം എങ്ങിനെയോ അറിഞ്ഞു. അദ്ദേഹം പരിഭവത്തോടെ ചോദിച്ചു “ഏട്ടന്‍ എന്ത് വിഡ്ഢിത്തമാണ് ചെയ്തത്?”
“എന്താ കുഴപ്പം?” ഏട്ടന്‍ ചോദിച്ചു. “ആ മരുന്ന് അയാള്‍ക്ക്‌ പറഞ്ഞുകൊടുക്കാന്‍ പാടില്ലായിരുന്നു. ഇനിയിപ്പോ ആ വയറുവേദന എന്നെന്നേക്കുമായി മാറുമല്ലോ” അനിയന്‍ പറഞ്ഞു
ഏട്ടന് കാര്യം മനസ്സിലായില്ല.
“ഏട്ടാ, ഇപ്പോള്‍ കൊടുത്ത മരുന്ന് കൊടുത്താല്‍ അസുഖം വേഗം മാറും എന്ന് എനിക്കറിയാം. പക്ഷെ ഇത്ര പണക്കാരനായ ഒരാളെ ഇങ്ങിനെ പെട്ടെന്ന് രോഗവിമുക്തനാക്കാന്‍ പാടില്ല. നമുക്കെല്ലാ വര്‍ഷവും ഒരു നല്ല തുക സ്ഥിരവരുമാനമായി ഉണ്ടായിരുന്നതല്ലേ. അതിനി വരില്ലല്ലോ?”
മൂത്ത വൈദ്യന്‍ കണ്ണ് മിഴിച്ചിരുന്നുപോയി
ശിവദാസ്‌ കെ വി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo