Slider

ഒരു KSEB കഥ

0

ഒരു kseb കഥ. അല്ല സംഭവം. കുറച്ചു വർഷം മുൻപ്, കളമശ്ശേരിയിലെ ലോഡ് ഡിസ്പാച്ച് സെന്ററിൽ ജോലി ചെയ്യുന്ന കാലം. ഷിഫ്റ്റ് ഡ്യൂട്ടി ആണ്. ഒരു ദിവസം മൂന്ന് ഷിഫ്റ്റ്. രാത്രി ഷിഫ്റ്റ് വളരെ വിഷമകരമാണ്. ഉള്ള സമയം മുഴുവൻ മുന്നിൽ വലിയ സ്‌ക്രീനിൽ തെളിഞ്ഞു നിൽക്കുന്ന കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ വൈദ്യതിയുടെ ഒഴുക്കിൻറെ ചിത്രം നോക്കി വൈദ്യതി ഉൽപ്പാദനവും പ്രസരണവും നിയന്ത്രിക്കാൻ ഒരു ഷിഫ്റ്റിലും മൂന്ന് പേർ ഉണ്ടാവും. ഒരു അസിസ്റ്റന്റ് എഞ്ചിനീയർ, ഒരു അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഒരു എക്സിക്യൂട്ടീവ് എഞ്ചിനീയർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ ആണ് ലീഡർ.
ഇനി കഥയിലേക്ക്‌ വരാം. ഒരു രാത്രി ഷിഫ്റ്റ് തുടങ്ങുന്നു. കുറച്ചു കഴിയുമ്പോൾ അറിയുന്നു "നാളെ ഹർത്താൽ'' ആണെന്ന സത്യം. വനിതയായ ടീം ലീഡർ ആകെ പ്രശ്നത്തിലായി. രാവിലെ വരേണ്ടയാൾ വന്നില്ലെങ്കിൽ രാവിലെ ഏഴു മണിക്കുശേഷവും ഡ്യൂട്ടിയിൽ ഇരിക്കേണ്ടിവരും. വീട്ടിലെ കാര്യമെല്ലാം അവതാളത്തിലാകും. രാവിലെ വരേണ്ട ആളിനെ വിളിച്ച്‌ "അയാൾ വരുമെന്നറിഞ്ഞതോടെ" സമാധാനമായി. രാവിലെ വരേണ്ടത് വളരെ രസികനായ ഒരാൾ ആയിരുന്നു.
പിറ്റേന്ന് നേരം പുലർന്നു. വരേണ്ടയാൾ കൃത്യസമയത്തു തന്നെ എത്തി, പക്ഷെ അകത്തേക്ക് കടന്നില്ല. ഗ്ലാസ് ഇട്ട വാതിലൂടെ പുതിയ ലീഡറെ അസിസ്റ്റന്റ് എഞ്ചിനീയർ ആയ ഞാനും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറും കണ്ടു.
പുതിയ ലീഡർ "മിണ്ടരുത്" എന്ന് അടയാളം ഞങ്ങളെ കാണിച്ചിട്ട് രാത്രിയിലെ ലീഡറെ ഫോണിൽ വിളിച്ചു പറഞ്ഞു, " അയ്യോ എനിക്കിറങ്ങാൻ പറ്റിയില്ല. വഴിയിൽ മുഴുവൻ ഹർത്താലുകാർ ബ്ലോക്ക് ചെയ്യുന്നു. ഈ ഷിഫ്റ്റ് കൂടി ഒന്നിരിക്ക്. ഞാൻ വൈകുന്നേരം എത്താം." രാത്രിയിലെ ലീഡർ ആകെ അസ്വസ്ഥയായി, "അയ്യോ , ഇനിയെന്ത് ചെയ്യും, ഭർത്താവും കുട്ടികളും പട്ടിണിയാവും" എന്നൊക്കെ ഫോണിൽ മറുപടി പറഞ്ഞു കൊണ്ടിരുന്നു. ഒടുവിൽ അല്പം ക്രൂരമെന്ന് കുറച്ചു പേർക്കെങ്കിലും തോന്നിയേക്കാവുന്ന തമാശക്ക് വിരാമമിട്ട് പുതിയ ലീഡർ വാതിൽ തുറന്നു. രാത്രിയിലെ ലീഡർക്കു ആശ്വാസമായി. ഞങ്ങൾക്ക് ചിരിക്കാൻ ഒരു കാര്യവുമായി.
രാത്രിയിലെ ലീഡറുടെ പേരും രാവിലെ വന്ന ലീഡറുടെ പേരും വെളിപ്പെടുത്തുന്നില്ല. കളമശ്ശേരിയിലെ ലോഡ് ഡിസ്പാച്ച് സെന്ററിലെ ജീവിതത്തിൽ രസകരമായ വേറെയും സംഭവങ്ങൾ ഉണ്ട്. ഈ പോസ്റ്റ് ഇഷ്ടമായെങ്കിൽ സമയം പോലെ തുടർന്നും എഴുതാം.

By: Siraj sarangapani
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo