ഇറാഖിലെ മൊസൂളിലെ തകർന്നു കിടക്കുന്ന അവശിഷ്ടങ്ങൾക്കിടയിലൂടെ ഞാൻ മെല്ലെ നടന്നു നീങ്ങി.
എന്റെ താഹിറയെ തേടിയായിരുന്നു ആ യാത്ര
അവിടെയും ഇവിടെയും ഇഷ്ടിക കഷണങ്ങൾ വീഴുന്ന ശബ്‍ദം ഇടക്കിടക്ക് കേൾക്കാം.
ആളുകൾ തിങ്ങിപ്പാർത്തിരുന്ന അപ്പാർട്മെന്റുകളെല്ലാം ഇന്ന് തകർന്നിരിക്കുന്നു. അടുക്കളയിലെ ചട്ടികളും, പാത്രങ്ങളും അവിടവിടെ നിരന്നു കിടക്കുന്നു.
ഒരു കാലും കയ്യും പോയ ഒരു ശ്വാനൻ മോങ്ങിക്കൊണ്ടു അവശിഷ്ടങ്ങൾക്കിടയിൽ കിടന്ന് ദയനീയതയോടെ എന്നെ നോക്കി കണ്ണുകൾ ചലിപ്പിച്ചു.
കണ്ടിട്ട് മൂന്നുനാലു ദിവസമായി ഭക്ഷണം കഴിച്ചിട്ട് എന്ന് തോന്നുന്നു . എന്റെ ബാഗിൽ ഞാൻ കരുതിയിരുന്ന കുബ്ബൂസിന്റെ പകുതി കൊടുത്തപ്പോൾ, ആർത്തിയോടെ ഭക്ഷിക്കുന്നതിന് പകരം , നന്ദി സൂചകമായി എന്നെ ഒന്ന് നോക്കി തലയാട്ടി. എന്നിട്ട് എന്റെ ബാഗിന്റെ വശത്ത് തൂങ്ങി കിടന്ന വെള്ളകുപ്പിയെ നോക്കി എന്തോ പറഞ്ഞ പോലെ ..
കാര്യം മനസ്സിലായ ഞാൻ കുപ്പി തുറന്ന് കുറച്ച് വെള്ളം ആ നായക്ക് കൊടുത്തു.
അപ്പോൾ അവന്റെ കണ്ണിൽ നിന്നും അല്പം അശ്രു താഴെ വീണുവോ..
ക്ഷമിക്കണം പ്രിയ ശ്വാനനെ, എനിക്ക് നിന്നെ രക്ഷിക്കുവാൻ സാധിക്കുകയില്ല. ഞാൻ നിസ്സഹായനാണ്.
എന്ന് പറഞ്ഞ് ഞാൻ അവിടെ നിന്നും അല്പം മുന്നോട്ടു നീങ്ങിയിട്ടും ഒരു മനുഷ്യനെയും കാണുന്നില്ല . അല്പം അമ്പരപ്പോടെ ഞാൻ ചുറ്റും നോക്കി ..
തകർന്ന് കിടക്കുന്ന ഇഷ്ടിക കഷണങ്ങൾക്കിടയിൽ ഒരു പാവക്കുട്ടിയും , ഫീഡർ ബോട്ടിലിൽ പിരിഞ്ഞു കിടക്കുന്ന പാലും
ഓ, ദൈവമേ ഇവിടെ മുല കുടിക്കുന്ന കുഞ്ഞുങ്ങളും ഉണ്ടായിരുന്നുവല്ലേ. മനസ്സിൽ ഒരു നീറ്റൽ പോലെ.
തൊട്ടിലിൽ കിടന്നു താരാട്ട് കേട്ട് സുഖമായുറങ്ങുന്ന എന്റെ ചേച്ചിയുടെ കുഞ്ഞിനെ ഞാൻ അന്നേരം ഓർത്തു.
എനിക്കിനി House No # 303, Street 14 , മൊസൂൾ, ഇറാഖ് , എന്ന അപാർട്മെന്റ് കണ്ടു പിടിക്കണം.
തകർന്നുകിടക്കുന്ന അപാർട്മെന്റിന്റെ ഒരു വശത്ത് സ്ട്രീറ്റ് നമ്പർ 10 എന്ന് എഴുതിയിരിക്കുന്നു . ദൈവമേ, സ്ട്രീറ്റ് നമ്പർ 14 ൽ ഒന്നും സംഭവിക്കരുതേ,
ആക്രമണങ്ങൾ നടക്കുന്നു എന്ന് താഹിറ കുറച്ച് ദിവസം മുന്നേ പറഞ്ഞിരുന്നു. അവളുടെ തൊട്ടടുത്ത കെട്ടിടവും തകർന്നുവെന്നും, ഒത്തിരി പേര് മരിച്ചുവെന്നും മറ്റും പറഞ്ഞു വിട്ട സന്ദേശമാണ് അവൾ അവസാനമായി എനിക്കയച്ചത്, പിന്നീടൊരു വിവരവും ഉണ്ടായിരുന്നില്ല.
പിന്നീട് കുറച്ച് ദൂരം കൂടി നടന്നപ്പോൾ , ചില സൈനികരെ കണ്ടുമുട്ടി , തോക്കുകൾ ചൂണ്ടി എന്റെ അടുക്കൽ വന്നു ചോദിച്ചു
നിങ്ങൾ ആരാണ് , എന്തിനിവിടെ വന്നു
ഞാൻ ആ വിലാസം കാണിച്ച് കൊടുത്തു , ആ വിലാസത്തിലുള്ള വീട്ടിൽ പോകണം, എനിക്ക് കാണേണ്ട വ്യക്തി അവിടെയുണ്ട് എന്നും,
ഇറാഖ് സന്ദർശിക്കാനുള്ള സ്പെഷ്യൽ വിസയും മറ്റു പേപ്പറുകളും കാണിച്ച് കൊടുക്കുകയും, ഞാൻ എവിടെ നിന്നാണ് വരുന്നതെന്നും , എന്താണ് ഉദ്ദേശ്യമെന്നും പറഞ്ഞപ്പോൾ , ആ നല്ലവനായ സൈനികൻ സഹായിക്കാമെന്നേറ്റു.
ഇറാഖ് സന്ദർശിക്കാനുള്ള സ്പെഷ്യൽ വിസയും മറ്റു പേപ്പറുകളും കാണിച്ച് കൊടുക്കുകയും, ഞാൻ എവിടെ നിന്നാണ് വരുന്നതെന്നും , എന്താണ് ഉദ്ദേശ്യമെന്നും പറഞ്ഞപ്പോൾ , ആ നല്ലവനായ സൈനികൻ സഹായിക്കാമെന്നേറ്റു.
ഈ കെട്ടിടങ്ങളിൽ താമസിച്ചിടുന്നവർ ? ഞാൻ ചോദിച്ചു
ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു , കുറച്ച് പേർ ആശുപത്രിയിലും, കുറച്ച് പേർ അഭയാർത്ഥി ക്യാമ്പിലും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
നമ്പർ പതിനാലിലേക്ക് ( 14) കുറച്ച ദൂരം പോണം , വരൂ നമുക്ക് അങ്ങോട്ട് പോകാം. സൈനികൻ എന്നോട് പറഞ്ഞു.
വീണ്ടും തകർന്നു കിടക്കുന്ന കെട്ടിടങ്ങൾ , കുറച്ച് സൈനികർ തലങ്ങും വിലങ്ങും നടക്കുന്നതല്ലാതെ ഒരു മനുഷ്യേനെയും അവിടെ കാണാനില്ല.
നോക്കൂ ഇതാണ് സ്ട്രീറ്റ് നമ്പർ പതിമൂന്ന് . അതാ അങ്ങ് കാണുന്ന കെട്ടിടം നിൽക്കുന്നിടമാണ് സ്ട്രീറ്റ് നമ്പർ 14 , വരൂ അങ്ങോട്ട് പോകാം..
അങ്ങോട്ട് അടുക്കുംതോറും എന്റെ ഹൃദയമിടിപ്പ് വർദ്ധിച്ച് കൊണ്ടിരുന്നു. ദേഹമാകെ തളർന്നു പോകുന്ന പോലെ . ആ കെട്ടിടത്തിന് അടുത്തെത്തിയതും, ഞാൻ വലിയ വാവിൽ നിലവിളിച്ച് അവിടെയിരുന്നു.
ആ കെട്ടിടത്തിന് മുന്നിലെ മഞ്ഞ ബോർഡിൽ , സ്ട്രീറ്റ് നമ്പർ 14, മൊസൂൾ, എന്നെഴുതിയിരിക്കുന്നു
ആ ബോർഡൊഴികെ ബാക്കി എല്ലാം നിലം പരിശായിരിക്കുന്നു . ഒന്നേ എനിക്ക് നോക്കുവാൻ കഴിഞ്ഞുള്ളു..
താഹിറ നീ ,,,നീ...വയ്യ എനിക്കിത് താങ്ങുവാൻ സാധിക്കില്ല
കൂടെ വന്ന സൈനികൻ എന്നെ എഴുന്നേൽപ്പിച്ച് തോളിൽ തട്ടി ആശ്വസിപ്പിച്ചു .
ഇവിടെ താമസിച്ചിരുന്നവർ ? ഞാൻ ചോദിച്ചു
എല്ലാവരും കൊല്ലപ്പെട്ടു,
ഞെട്ടലോടെയാണ് ഞാനത് കേട്ടത്..
നിന്നെ തേടി ഞാൻ ഇവിടെ വരെ വന്നത് എന്റെ താഹിറ , നിന്നെ ഒരു നോക്ക് കാണാനല്ലേ , കൂടെ കൂട്ടാനല്ലേ ? ഞാൻ വരുമെന്ന് പറഞ്ഞിട്ടും നീ എന്നിൽ നിന്നും പോയില്ലേ കൂട്ടുകാരി.. ഞാൻ വിതുമ്പി കൊണ്ട് ആരോടെന്നില്ലാതെ പറഞ്ഞു.
കൈയിലുള്ള വിലാസത്തിലേക്ക് നോക്കി റൂം നമ്പർ 303 തിരഞ്ഞ് ഞാൻ മെല്ലെ നടന്നു . തകർന്ന ഒരു ഭിത്തിയിൽ മായാതെ എഴുതിയിരിക്കുന്നു റൂം നമ്പർ 298 , വീണ്ടും അല്പം കൂടി മുന്നോട്ട് നടന്നു , അതാ പൂർണമായും തകർന്ന ഒരു ഭിത്തിയിലെ വശത്ത് റൂം നമ്പർ 303, എന്റെ താഹിറ താമസിച്ചിരുന്ന മുറി .
ഞാൻ മെല്ലെ അവിടേക്ക് കയറി,
അങ്ങോട്ട് കയറുമ്പോൾ സൂക്ഷിക്കണം ചങ്ങാതി , തകർന്ന അവശിഷ്ടങ്ങളിക്കിടയിൽ കുടുങ്ങിയാൽ ബുദ്ധിമുട്ടാണ് പുറത്ത് വരാൻ , ആ സൈനികൻ മുന്നറിയിപ്പ് നൽകി ..
അത് അംഗീകരിച്ചെന്ന പോലെ ഞാൻ അദ്ദേഹത്തെ നോക്കി
തകർന്ന് കിടക്കുന്ന ഭിത്തിക്കിടയിൽ അവളുടേതായ എന്തെങ്കിലും കിട്ടുമെന്ന് കരുതി തിരയുമ്പോൾ , അവിടെ തൂങ്ങി കിടന്ന ഫോട്ടോ കണ്ട ഞാൻ അമ്പരന്നു , ഞാൻ അയച്ചു കൊടുത്ത ഫോട്ടോ യും അവളുടെ ഫോട്ടോയും ഒരുമിച്ച് ചേർത്ത് ഫ്രെയിം ചെയ്ത വച്ചിരിക്കുന്നു
അതിന്റെ ചില്ലു പൊട്ടി താഴെ കിടക്കുന്നു
അവളുടെ മുറിയായിരുന്നിരിക്കണം അത് .. അവളുടെ കാൽ പാദങ്ങൾ പതിഞ്ഞ ആ മുറിയിൽ നിന്നും ഒരു പിടി മണ്ണ് വാരി പൊതിഞ്ഞ് ഞാൻ എന്റെ ബാഗിൽ ഇടുമ്പോൾ എന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു.
അവളുടെ കാൽ പാദങ്ങൾ പതിഞ്ഞ മണ്ണെങ്കിലും ഇനിയെനിക്ക് കൂട്ടായാലോ..
കൂടെ വന്ന സൈനികന്റെ കണ്ണിലും അല്പം നനവ് വന്നിരുന്നു. ഇത്ര നേരംകൂടെ നിന്നിട്ടും , താഹിറ ആരാണെന്നോ എന്താണെന്നോ അദ്ദേഹം ചോദിച്ചിരുന്നില്ല. എങ്കിലും അദ്ദേഹത്തിന് മനസ്സിലായി , എന്റെ പ്രിയപ്പെട്ട ആരോ മരിച്ചിരിക്കുന്നു.
തിരികെ ആ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഇറങ്ങി വരുമ്പോ ആ മനുഷ്യൻ പറഞ്ഞു ...നിങ്ങൾക്കുണ്ടായ നഷ്ടം വലുതെന്നു ഞാൻ മനസ്സിലാകുന്നു .."സോറി ഫോർ യുവർ ലോസ്" .
അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി ഞാൻ പുഞ്ചിരിക്കാൻ ശ്രമിച്ചു ..പക്ഷെ പറ്റിയില്ല
"ഇനിയെന്ത് , ഞാൻ എന്താണ് ചെയ്യേണ്ടത് എന്നദ്ദേഹം ചോദിച്ചപ്പോൾ , മൊസൂൾ എയർപോർട്ടിൽ പോകുവാനുള്ള ഒരു സൗകര്യം ഒരുക്കി തരാമോ എന്ന് ചോദിച്ചു .....ഇനി തിരികെ പറക്കുക അല്ലാതെ എന്ത് ഞാൻ ചെയ്യും കൂട്ടുകാരാ എന്ന് ഞാൻ നിർവികാരപരനായി പറഞ്ഞു
അദ്ദേഹം തലയാട്ടി..
ഞങ്ങൾ തിരിച്ച് നടക്കുമ്പോൾ , ഒന്ന് രണ്ടു സൈനികർ അവിടെ വന്നു എന്തോ സംസാരിക്കുന്നത് കേട്ടു.
കുർദിഷ് ഭാഷ ആയതിനാൽ, എനിക്കൊന്നും മനസ്സിലായില്ല. എന്റെ കൂടെ വന്ന ആ സൈനികൻ അവരോട് എന്തൊക്കെയോ സംസാരിച്ചിട്ട് എന്നെ ഒന്ന് നോക്കി .
പെട്ടെന്ന് എന്റെ അരികെ തിരിച്ച് വന്നിട്ട് പറഞ്ഞു ..ഈ 14 നമ്പർ സ്ട്രീറ്റിൽ താമസിച്ച കുറച്ചു പേർ അഭയാർത്ഥി ക്യാമ്പിൽ ഉണ്ടെന്നുള്ള അറിവ് കിട്ടി .. കൂട്ടത്തിൽ 21 വയസുള്ള ഒരു പെൺകുട്ടിയും ഉണ്ടെന്നാണ് അറിഞ്ഞത് .
ദൈവമേ , അറിയാതെ വിളിച്ച് പോയി , താഹിറക്കും വയസ് 21 ആയിരുന്നു
എങ്കിലുമുറപ്പില്ല ഇവിടെ താമസിച്ചത് തന്നെയാണോ എന്നുള്ളത് , എങ്കിലും വരൂ നമുക്ക് പോയി നോക്കാം. ആ സൈനികൻ വീണ്ടും പറഞ്ഞു.
എന്റെ ദേഹമാകെ വിയർക്കാൻ തുടങ്ങി .. ആ സൈനികരോടൊപ്പം സൈനിക വാഹനത്തിൽ അഭയാർത്ഥി ക്യാമ്പിലേക്ക് പോകുമ്പോൾ എന്റെ മനസ്സിൽ താഹിറക്ക് വേണ്ടിയുള്ള പ്രാർത്ഥനയായിരുന്നു.
ഏകദേശം 45 കിലോമീറ്റർ പോയി കാണും , കുറേ ടെന്റുകൾ മാത്രംകാണുന്ന ഒരു മരുഭൂമി പോലത്തെ സ്ഥലം. ചുറ്റിലും സൈനികർ തോക്കുമായി നില്കുന്നു .
സൈനിക വാഹനത്തിൽ പോയതുകൊണ്ടാവും , അകത്തേക്ക് പോകാൻ തടസ്സമുണ്ടായിരുന്നില്ല.
അവിടെയിറങ്ങിയ ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു , കുട്ടികളും സ്ത്രീകളും , മുതിർന്നവരും , ചെറുപ്പക്കാരുമടങ്ങുന്ന വലിയൊരു ജനക്കൂട്ടം. ചിലർ ഭക്ഷണം ഉണ്ടാക്കുന്നു . മുഷിഞ്ഞ വസ്ത്രങ്ങൾ , ജട പിടിച്ച മുടി, പിഞ്ചു കുട്ടികൾ , കുട്ടികളുടെ ദേഹത്തും മുഖത്തും മുഴുവൻ ചെളിയും പൊടിയും , ആകെ ഒരു ദുർഗന്ധം വമിക്കുന്ന സ്ഥലം.
കുളിക്കുവാൻ വെള്ളമില്ല , പ്രാഥമിക കർമ്മങ്ങൾക്ക് പോലും സ്ഥലമില്ലാതെ. അലയുന്ന ആയിരങ്ങൾ. യുദ്ധക്കെടുതിയുടെ അനന്തരഫലങ്ങൾ , അല്ലെങ്കിൽ ബലിയാടുകൾ
(ഞാൻ ഓർത്തു ഒരാഴ്ച മുന്നേ വരെ ഇവർ നല്ല വീടുകളിൽ പാർത്തിരുന്ന സമ്പന്നരും പാവപ്പെട്ടവരുമായിരുന്നെന്ന് . ഇപ്പോൾ എല്ലാവും അല്പം ജീവന് വേണ്ടി ഒന്നുമില്ലാതെ ഒരുമിച്ച് കഴിയുന്നു )
വരൂ , എന്റെ കാഴ്ചകൾക്കും ചിന്തകൾക്കും വിഘ്‌നം വരുത്തിക്കൊണ്ട് ആ സൈനികൻ എന്നോട് ഭവ്യതയോടെ പറഞ്ഞു.
ആ ടെന്റുകൾക്കിടയിലൂടെ മുന്നോട് പോകുമ്പോൾ , ഞാൻ നമ്മുടെ നാട്ടിലെ സുഖ ജീവിതത്തെ പറ്റി ഓർക്കുകയായിരുന്നു. യുദ്ധം എന്താണെന്നും അതിന്റെ ഭീകരത എന്താണെന്നും അറിയാത്ത നാം എത്ര ഭാഗ്യവാൻമാരാണെന്നുള്ള ഒരു ചിന്ത പെട്ടെന്ന് മനസ്സിൽ വന്നു.
കുറച്ച് ടെന്റുകൾ പിന്നിട്ടപ്പോൾ അവിടെയുണ്ടായിരുന്ന ഒരു സ്ത്രീയോട് കൂടെ വന്ന സൈനികൻ എന്തോ സംസാരിക്കുന്നത് കേട്ടു.
ആ ടെന്റിന്റെ അകത്തേക്ക് കയറി പോയ സ്ത്രീ പുറത്ത് വന്നപ്പോൾ കൂടെ ഒരു പെൺകുട്ടിയുമുണ്ടായിരുന്നു , പകുതി മുഖം ഷാള് കൊണ്ട് മൂടി, മുടിയൊക്കെ അലങ്കോലമായ ഒരു പെൺകുട്ടി, ആ കണ്ണുകൾ ക്ഷീണത്താൽ, ദുഃഖത്താൽ കലങ്ങി ചുമന്നിരുന്നു ,
നെറ്റിത്തടത്തിൽ രക്തമയമില്ലാത്ത പോലെ.
നെറ്റിത്തടത്തിൽ രക്തമയമില്ലാത്ത പോലെ.
ഞങ്ങളുടെ മുന്നിൽ വന്ന് താഴേക്കു മാത്രം നോക്കിയിരുന്ന അവളോട് ആ സൈനികൻ കുർദിഷ് ഭാഷയിൽ എന്തോ പറഞ്ഞതും , പെട്ടെന്ന് അവൾ തലയുയർത്തി എന്നെ നോക്കി .അവളുടെ കണ്ണുകൾ വിടർന്നു.
കുറച്ച് അന്ധാളിച്ച് നിന്ന അവൾ പെട്ടെന്ന് മുഖത്തെ ഷാൾ വലിച്ച് മാറ്റി ,
എന്റെ താഹിറ
ഒറ്റ കുതിപ്പിന് അവൾ എന്നെ പരിസരം മറന്ന് ആലിംഗനം ചെയ്യുകയായിരുന്നു ...
അവൾക്ക് എന്നെ മനസ്സിലായിരിക്കുന്നു ....
ഇറാഖിലെ സ്ത്രീകൾ അന്യപുരുഷനെ സ്പർശിക്കുകയോ നോക്കുകയോ ചെയ്യുന്നത് തെറ്റായിരിക്കെ , അവൾ അത് ചെയ്തിട്ടും അവിടെയുണ്ടായിരുന്ന സൈനികരുടെയും മറ്റുള്ളവരുടെയും മുഖത്തു ചെറു പുഞ്ചിരി വിടരുകയാണ് ചെയ്തത് , നന്മയുടെ പുഞ്ചിരി.
ആദ്യമായി അവളുടെ മുഖം നേരിട്ട് കാണാനായി അവളുടെ തടിയിൽ പിടിച്ച് ഞാൻ നോക്കി എന്നിട്ട് ഞാൻ വിളിച്ചു ..
എന്റെ താഹിറ
അവിടെയുണ്ടായിരുന്ന ഉയർന്ന സൈനിക ഉദ്ദ്യോഗസ്ഥന്റെ സഹായത്താൽ ഇന്ത്യൻ എംബസിയിൽ ഞാനും താഹിറയും പോവുകയും , ഞങ്ങളുടെ പ്രണയത്തെ അംഗീകരിച്ച അംബാസിഡർ സ്പെഷ്യൽ നിയമപ്രകാരം താഹിറക്ക് ഇന്ത്യയിലേക്ക് പറക്കുവാൻ അനുമതി നൽകുകയായിരുന്നു.
അവിടെ കൂടി നിന്ന എല്ലാവർക്കും ആദ്യം മുതൽ എന്നെ സഹായിച്ച ആ സൈനികനും മറ്റുളവർക്കും നന്ദിയും സ്നേഹവും അറിയിച്ചു കൊണ്ട് ഞങ്ങൾ എയർപോർട്ടിലേക്ക് പോരുമ്പോൾ, അവിടെ കൂടി നിന്നവരുടെ കണ്ണുകളിൽ തിളക്കവും നനവും പടർന്നിരുന്നു.
മൊസൂളിൽ നിന്ന് കുവൈറ്റിലേക്കും , അവിടെ നിന്ന് കൊച്ചിയിലേക്കും ഞങ്ങൾ പറക്കുമ്പോൾ എന്റെ തോളിൽ ആശ്വാസത്തോടെ എന്റെ താഹിറ ഉറങ്ങുകയായിരുന്നു.
അന്ന് നടന്ന ഷെല്ലാക്രമണത്തിൽ താഹിറയുടെ വീട് മുഴുവൻ തകരുകയും , അവളുടെ പ്രിയപ്പെട്ടവർ എല്ലാവരും മരിക്കുകയും, എന്തോ ആവശ്യത്തിന് പുറത്ത് പോയ അവൾ മാത്രം രക്ഷപ്പെടുകയായിരുന്നു.
അതെ ചിലപ്പോൾ നമുക്കു വേണ്ടി ദൈവം ശേഷിപ്പിക്കുന്ന ജീവന്റെ തുടിപ്പ്.
അപ്പോഴും ഇറാഖിൽ മറ്റൊരു കെട്ടിടം
ഷെല്ലാക്രമണത്തിൽ തകർന്നുവെന്ന് ആരോ മുന്നിലെ സീറ്റിലിരുന്നു സംസാരിക്കുന്നുണ്ടായിരുന്നു.
......................
ജിജോ പുത്തൻപുരയിൽ
ഷെല്ലാക്രമണത്തിൽ തകർന്നുവെന്ന് ആരോ മുന്നിലെ സീറ്റിലിരുന്നു സംസാരിക്കുന്നുണ്ടായിരുന്നു.
......................
ജിജോ പുത്തൻപുരയിൽ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക