പറന്നകലാം രണ്ടിണക്കിളികളായ്
ചക്രവാള സീമകൾക്കപ്പുറത്തേക്ക്
ഏഴു സാഗരങ്ങളും കടന്ന്
അവിടെയാണാ വാഗ്ദത്ത ഭൂമി.....
വസന്തം മാത്രം ചേക്കേറും
മലയടിവാരത്തിൽ
ദേവസന്നിധിയിൽ നിന്നെത്തും
മൂടൽമഞ്ഞിനാൽ തോരണം
ചാർത്തിയൊരാ പുൽക്കുടിലിൻ
പൂമുഖത്ത് തോളോട് തോൾ
ചേർന്നിരിക്കാം.......
ചന്ദനഗന്ധം പേറിയെത്തുമാ
മന്ദമാരുതനിൽ അലിഞ്ഞ്
കുന്നിൻ മുകളിലെ ക്ഷേത്രത്തിലെ
ശിവ സ്തുതി കേട്ടുണർന്ന്
പുലരിയിലാ കുളിർ പൊയ്കയിൽ
നീരാടി രസിക്കാം........
ഇളം ചൂടേറ്റാ പുൽമൈതാനങ്ങളിൽ
വിശ്രമിക്കാം
സന്ധ്യാമേഘങ്ങൾ കുങ്കുമവർണ്ണം
പൊഴിക്കവേ കുന്നിൻ മുകളിലെ
ദേവനെ തൊഴാം........
നക്ഷത്രങ്ങൾ നിറഞ്ഞൊരാ രാവണയവേ
ഇരു മാനസങ്ങളുമൊന്നായ് ശ്രുതിയിടുമാ
ഹൃദയരാഗത്തിനായ് കാതോർക്കാം.....
കാലചക്രം ഉരുണ്ടകലവേ
യുഗാന്തരങ്ങൾക്കപ്പുറം
രണ്ട് ശിലകളായ് നമ്മളെ കണ്ടെത്തട്ടേ
അനശ്വര പ്രണയത്തിൻ പ്രതീകങ്ങളായ്........
by: JayeshIdukky

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക