Slider

ആദ്യ ബ്രേക്കപ്പിന്റെ കഥ!

0

ഖസാക്കിന്റെ ഇതിഹാസം' ഞാൻ ആദ്യം വായിക്കുന്നത് പ്രീഡിഗ്രിക്കാലത്ത് ആണ്! സാമാന്യം നല്ല വായനപ്രാന്ത് ജന്മനാ ഉണ്ടാരുന്ന എന്നെ 'ഖസാക്കിന്റെ ഇതിഹാസം' മുഴു പ്രാന്തൻ ആക്കി. കോളേജീന്ന് വന്നാലുടൻ കുളിച്ചു തുണി മാറി സൈക്കിളെടുത്ത് "ദേശബന്ധു " വായനശാലയിൽ പോയി പുസ്തകം എടുത്തില്ലെങ്കിൽ ഏതാണ്ട് പോലെ ആരുന്നു. കേരളത്തിലെ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ ഉള്ള പത്ത് വായനശാലകളിൽ ഒന്ന് ആയിരുന്നു അക്കാലത്ത് 'ദേശബന്ധു'. പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ തന്നെ അവിടുത്തെ നൂറു കണക്കിന് പുസ്തകങ്ങൾ ഞാൻ വായിച്ചു കഴിഞ്ഞിരുന്നു. അവിടിരിക്കുന്ന സ്ത്രീയ്ക്ക് എന്നെ കണ്ണെടുത്താ കണ്ടൂടാ! ഞാൻ ചെന്നില്ലെങ്കിൽ അവർക്ക് പണി ഒന്നുമില്ല. അധികം ആരും അവിടെ പുസ്തകം എടുക്കാൻ ചെല്ലാറില്ല!. ഒരുമാതിരിപ്പെട്ട ഏത് പുസ്തകം എടുത്താലും പിറ്റേന്ന് വൈകിട്ട് അഞ്ചു മണിക്ക് മുന്നേ വായിച്ചു തീർക്കും. അപ്പൊ പിന്നെ വീണ്ടും പോകാതിരിക്കാൻ കഴിയില്ല! മദ്യത്തോടുള്ള ആസക്തി പോലെ സ്വയം നിയന്ത്രിക്കാൻ വലിയ പാടുള്ള ഒരു സൂക്കേട് ആയിരുന്നു അത്. വടക്കേലെ അജി അക്കാലത്ത് ഞാൻ എവിടെ പോയാലും എന്റെ സൈക്കിളിന്റെ മുന്നിലോ പിറകിലോ മിക്കപ്പോഴും സീറ്റിലോ കാണും. ഞാൻ പുസ്തകമെടുത്ത് ഇറങ്ങാൻ എത്ര സമയം എടുത്താലും അജി ക്ഷമയോടെ വായന ശാലയുടെ പുറത്തു കാത്തു നിൽക്കും.ഞങ്ങൾ സമ പ്രായക്കാരും കളി കൂട്ടുകാരും ആയിരുന്നു. അങ്ങോട്ട് ഞാൻ ചവിട്ടും അജി പിന്നിലിരിക്കും. ഇങ്ങോട്ട് അജി ചവിട്ടും ഞാൻ പിന്നിലിരുന്ന് വായന തുടങ്ങും. വീട്ടീ വന്നു കേറുന്നേന് മുൻപ് മൂന്ന് നാല് പേജുകൾ തീർന്നിരിക്കും. ഇങ്ങനെ ശാന്തസുന്ദരമായ വായനക്കാലം മുന്നോട്ടു പോകുന്നതിനു ഇടയ്ക്കാണ് അത് സംഭവിച്ചത്. 
കവലയിലെ അർച്ചന തീയേറ്ററിൽ രതി നിർവ്വേദം ഓടുന്ന സമയം. വായനശാലയുടെ അടുത്തുള്ള മതിലിലും ആരോ ആ പടത്തിന്റെ ഒരു പോസ്റ്റർ കൊണ്ട് ഒട്ടിച്ചു. സിനിമാ പേരും സംവിധായകന്റെ പേരും മാത്രം ഉള്ള പടമില്ലാത്ത പോസ്റ്റർ. ഇതവിടെ കണ്ടിട്ടാണോ എന്തോ വായന ശാലയിലെ സ്ത്രീ ഒരു തരം സംശയ ദൃഷ്ടിയോടെ എന്നെ നോക്കാൻ തുടങ്ങി. എല്ലാ ദിവസോം ഇവരെ ബുദ്ധിമുട്ടിക്കുന്നതിലുള്ള കുറ്റബോധോം, ഒരു ശല്യക്കാരൻ ആയിട്ടാണ് എന്നെ ഇവര് കാണുന്നത് എന്നുള്ള തിരിച്ചറിവും കാരണം ഞാൻ എല്ലായ്‌പോഴും ഒരു തെറ്റുകാരനെ പോലെ തല കുനിച്ചായിരുന്നു ഇവരുടെ മുന്നിൽ നിന്നിരുന്നത്! അതും ഒരു കള്ള ലക്ഷണം ആയിട്ട് അവർക്ക് തോന്നി തുടങ്ങി. അന്ന് അവർക്കു കഷ്ടിച്ച് ഒരു മുപ്പത് വയസ്സ് പ്രായം വരും. അവിവാഹിത! എനിക്ക് പതിനേഴ് . എല്ലാദിവസോം ഉള്ള എന്റെ ഈ വരവും പൊക്കിന്റേം പിന്നിൽ എന്തോ ഗൂഢ ഉദ്ദേശം ഉണ്ടെന്ന് അവർ ഉറപ്പിച്ചു. എന്നാൽ അത് അവരോടുള്ള എന്തെങ്കിലും ആണോ എന്ന് ഉറപ്പില്ല! അവരല്ലാതെ വേറെ ആരും അവിടെ ഇല്ലാത്തോണ്ട് ആ സംശയം അങ്ങനെ എഴുതി തള്ളാൻ പറ്റുകേമില്ല! ആകെ സംശയത്തിൽ ആയ ആ സ്ത്രീ എന്നെ സൂക്ഷ്മമായി നിരീക്ഷിക്കാൻ തീരുമാനിച്ചു. പുസ്തക ഷെൽഫുകൾക്ക് ഇടയിലൂടെ ഞാൻ അവരെ ഒളികണ്ണിട്ടു നോക്കുന്നുണ്ടോ? മടക്കി തരുന്ന പുസ്തകത്തിന്റെ വരികൾക്കടിയിൽ പേന കൊണ്ട് വല്ലതും അടയാളപ്പെടുത്തിയിട്ടുണ്ടോ? താളുകൾക്കിടയിൽ എഴുത്ത് വല്ലതും വെച്ചിട്ടുണ്ടോ എന്നൊക്കെ നോക്കി. ഒരാഴ്ച അങ്ങനെ പോയി. ഒരു പിടിയും കിട്ടിയില്ല. അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ കാരൂർ കഥകളുടെ ഒരു വലിയ സമാഹാര പുസ്തകം എടുത്തു. മൂന്ന് ദിവസം അടുപ്പിച്ച് വായനശാലയ്ക്ക് അവധി വരുന്നതു കൊണ്ട് ആയിരുന്നു അത്! ആയിരത്തിന് മേൽ പേജുകൾ ഉള്ള കട്ടി ബയന്റിട്ട വല്യ ബുക്ക്. 
രണ്ടര ദിവസം കൊണ്ട് തന്നെ ഞാൻ ആ പുസ്തകം വായിച്ചു തീർത്തു. നാലാം ദിനം വൈകിട്ട് തിരിച്ചു കൊടുത്ത് വേറേ എടുക്കാൻ ചെന്നു. സാധാരണ പുസ്തകം തിരിച്ചു കൊടുക്കുമ്പോൾ അവർ അത് തുറന്നു നോക്കി രജിസ്റ്ററിൽ അടയാളപ്പെടുത്തുക ആണ് പതിവ്. ഇക്കുറി അത് കൈയ്യിൽ വച്ച് കൊണ്ട് കുറച്ചു നേരം ഇരുന്നു . എന്നിട്ട് കടുപ്പിച്ച് ഒരു നോട്ടം നോക്കികൊണ്ട് ചോദിച്ചു. 
''മുഴുവൻ വായിച്ചു കഴിഞ്ഞോ?'' 
ഞാൻ പറഞ്ഞു ''കഴിഞ്ഞു'' 
"' ഇത്രേം വല്യ പുസ്തകം ഇത്രേം സമയത്തിനുള്ളിൽ മുഴുവൻ വായിച്ചു കഴിഞ്ഞോ?'' ശബ്ദം ഒരൽപ്പം കൂടി കടുത്തു. 
ഞാൻ അമ്പരന്നു. ഇത് എന്തിനുള്ള പാടാണ്?? അടുത്തതായി അവർ മലയാള പരീക്ഷയ്‌ക്ക്‌ വരാറുള്ള പോലെ ആ പുസ്തകത്തിലെ തിരഞ്ഞെടുത്ത ഭാഗങ്ങളിൽ നിന്നുള്ള ഏതാനും ചോദ്യങ്ങൾ ചോദിച്ചേക്കും എന്ന് ഞാൻ ഉറപ്പിച്ചു. "' നാണവും മാനവും ഇല്ലാത്ത നാറി!!! നിനക്ക് വീണ്ടും എന്റെ കണ്മുന്നിൽ വന്നു നില്ക്കാൻ എങ്ങനെ ധൈര്യം വന്നു'' കല്യാണി പരമേശ്വരനോട് ഇങ്ങനെ കയർക്കാനുള്ള കാരണം എന്താണ്? ''അമ്മ പെങ്ങന്മാരെ തിരിച്ചറിയാനുള്ള കഴിവ് ഇല്ലാത്തവൻ ആണ് രാജേന്ദ്രൻ എന്ന് പത്മാവതി ലളിതയോടു പറഞ്ഞതിന്റെ പിന്നിലെ സ്വാരസ്യം എന്തായിരുന്നു? '' ഇങ്ങനെ ഏത് ചോദ്യം വന്നാലും ഉത്തരം അറിയാം എന്നുള്ള ധൈര്യത്തിൽ, എന്നാൽ അതീവ വിനയത്തോടെ ഞാൻ പറഞ്ഞു. 
''എനിക്ക് നല്ല സ്പീഡാ...ഇന്നലെ തന്നെ മുഴുവൻ വായിച്ചു കഴിഞ്ഞു " 
അവരുടെ മുഖം ചുവന്നു. ''സത്യം പറ ! എന്താ തന്റെ ഉദ്ദേശം?'' 
ഞാൻ ചോദിച്ചു. ''എന്ത് ഉദ്ദേശം? '' 
'' താൻ ഈ പുസ്തകം എടുക്കാനെന്നും പറഞ്ഞു ഡെയ്‌ലി ഇവിടെ വരുന്നത് ആ മോനിഷേ കാണാൻ അല്ലെ?'' 
ഞാൻ ഞെട്ടി. ''ഏത് മോനിഷ ???'' 
" സിനിമാ നടി മോനിഷ!!! തനിക്കറിയത്തില്ല അല്ലേ? കിഴക്കേലെ മിനിയുടെ മോള് മോനിഷേ താൻ അറിയത്തില്ല അല്ലെ???'' ദിവസോം അവള് കോളേജിന്ന് വരുന്ന സമയത്താണല്ലോ ഇയാളും വരുന്നത്. അതോ രണ്ടും കൂടെ ഒരുമിച്ചാണോ വരുന്നത്?'' 
ഞാൻ വിയർക്കാൻ തുടങ്ങി. ഈ പറയുന്ന കൊച്ചിനെ ഞാൻ കണ്ടിട്ട് കൂടി ഇല്ല! അനേക ദിവസത്തെ സംശയ ദൃഷ്ടിയോടുള്ള നിരീക്ഷണ പരീക്ഷണങ്ങളിലൂടെ ഇവര് തന്നെ സങ്കല്പിച്ചെടുത്ത കഥ ആണ്! എങ്ങനെ പറഞ്ഞു വിശ്വസിപ്പിക്കും. ജീവിതത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു ആരോപണം വരുന്നത്. എന്റെ തൊണ്ട അടഞ്ഞു. ശബ്ദം പൊങ്ങുന്നില്ല! 
" നിന്ന് പരുങ്ങണ്ടാ...പോയി ബുക്ക് എട്!'' 
ഞാൻ ഒരു യന്ത്രത്തെ പോലെ തൊട്ടടുത്ത ഷെൽഫിന് അടുത്തേക്ക് നീങ്ങി. ആദ്യം കണ്ട ബുക്ക് വലിച്ചെടുത്ത് അവരുടെ മുന്നിൽ കൊണ്ട് വെച്ചു. അവർ രജിസ്റ്ററിൽ ചേർത്ത് കഴിഞ്ഞതും അതും കൊണ്ട് ഞാൻ പുറത്തേക്കോടി. സൈക്കിളിനടുത്ത് അജിയുണ്ട് ഞാൻ ചോദിച്ചു.'' അജി ....ആ വീട്ടിലെ മിനിയുടെ മോള് മോനിഷേ അറിയാവോ?'' 
"ഓർക്കുന്നില്ലല്ലോ......കാര്യം എന്താ??'' 
''ഇവര് പറയുന്നു നമ്മള് ആ കൊച്ചിനെ കാണാൻ ആണ് ഇവിടെ വരുന്നത് എന്ന്!''
'എന്നിട്ട് താൻ എന്തോ പറഞ്ഞു?' 
'ഒന്നും പറഞ്ഞില്ല! പെട്ടെന്ന് കേട്ടപ്പോ ഞാൻ വിയർത്തു പോയി !' 
'ഛെ!! മോശമായ് പോയല്ലോ! ഞാൻ ഒന്ന് പോയ് ചോദിച്ചിട്ട് വരാം. അങ്ങനെ കൊള്ളത്തില്ലല്ലോ!!" 
അജി സൈക്കിൾ എന്റെ കൈയ്യിൽ തന്ന് മുണ്ടും മടക്കി കുത്തി വേഗത്തിൽ വായനശാലയ്ക്കുള്ളിലേക്കു ചാടി കയറി. എനിക്ക് വല്ലാത്ത സന്തോഷവും അഭിമാനവും തോന്നി. എനിക്കൊരു പ്രശ്നം ഉണ്ടായപ്പോ മുന്നും പിന്നും ആലോചിക്കാതെ അവൻ ചാടി ഇറങ്ങിയല്ലോ! ഇത് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല! മഹാ ധീരൻ തന്നെ! ഞാൻ നോക്കി നിൽക്കെ അജി അകത്തു ചെന്ന് ബാലൻ കെ നായർ സ്റ്റൈലിൽ വലം കൈ കൊണ്ട് അവരുടെ മേശപ്പുറത്തു ചെറുതായൊരു തട്ട്! എന്നിട്ട് ചോദിച്ചു. " എന്തുവാ ചേച്ചീ പ്രശ്നം?" 
നേരത്തേ തന്നെ ചുവന്നു തുടുത്തിരുന്ന അവരുടെ മുഖം വലിഞ്ഞു മുറുകി! ദേഷ്യത്തിന്റെ ഉച്ചാവസ്ഥയിൽ ഒരു സ്ത്രീ അനുഭവിക്കുന്ന സകല വെപ്രാളങ്ങളും ഞാൻ ആ മുഖത്ത് കണ്ടു. 
"തനിക്ക് ഇവിടെ മെംബർഷിപ്പുണ്ടോ??" 
"ഇല്ല...!" 
"പിന്നെ ഇതിനകത്തു കേറാൻ തന്നോട് ആര് പറഞ്ഞു?? ഇറങ്ങെടാ വെളിയിൽ!!!!! ഒരു അലർച്ച ആയിരുന്നു അത്. അജി തെറിച്ചു പുറത്തു വന്നു വീണു എന്ന് പറയുന്നതാണ് കാവ്യഭംഗി! ദൂരെ നിന്ന ഞാൻ വരെ വിറച്ചു പോയ്! സത്യമായും ഈ സംഭാഷണത്തിന്റെ അവസാന വരിയായ "വെളിയിൽ!!!!!" എന്ന ഭാഗം അവൻ കേൾക്കുകയുണ്ടായില്ല! അത് ഉച്ചരിക്കപ്പെടുന്ന സമയം അദ്ദേഹം അസ്തമന സൂര്യനെ നോക്കി അസാധ്യ വേഗതയിൽ സൈക്കിൾ ചവിട്ടുക ആയിരുന്നു. ഞാൻ പിന്നിൽ ഇരിക്കുകയും. പിറ്റേന്ന് കോളേജിൽ സമരം ആരുന്നു. ഞാൻ പത്തര കഴിഞ്ഞപ്പോഴേ വീട്ടിലെത്തി. ടീപ്പോയുടെ പുറത്ത് തലേന്ന് എടുത്ത പുസ്തകം കിടക്കുന്നുണ്ട്. ഇത് വരെ ഒന്ന് തുറന്നു പോലും നോക്കിയിട്ടില്ല! ഒരു മൂഡില്ല! വൈകുന്നേരം വരെ അങ്ങനെ പോയി. ആ അപശകുനം പിടിച്ച പുസ്തകം വായിക്കുന്നില്ല എന്ന് തീരുമാനിച്ചു. കുറച്ചു ദിവസത്തേക്ക് വായനശാലയിലേക്ക് പോകണ്ടാ എന്ന് ഉറപ്പിച്ചിരുന്നതാണ്. പക്ഷെ അഞ്ചു മണി ആയപ്പോ ഇരിപ്പുറയ്ക്കുന്നില്ല! ഞാൻ പോയി അജിയെ വിളിച്ചു. അവൻ പറഞ്ഞു. "അതിനെന്താ.....പോയേക്കാം! നമ്മൾ അങ്ങനെ ആരേം പേടിക്കേണ്ട കാര്യം ഒന്നുമില്ല!" ഞാൻ സൈക്കിൾ എടുത്തു. വായനശാല എത്തുന്നതിന് വളരെ മുൻപ് തന്നെ കണ്ടു. എതിർവശത്തെ വീടിന്റെ വേലിയ്ക്കൽ ചെറിയ ഒരു ആൾക്കൂട്ടം! ഏകദേശം നാല്പത് വയസ്സ് തോന്നിക്കുന്ന തടിച്ച് ഉരുണ്ട ഒരു മനുഷ്യൻ, അങ്ങേരുടെ ഭാര്യ എന്ന് തോന്നിക്കുന്ന ഒരു സ്ത്രീ. നാലഞ്ചു സ്ത്രീകൾ വേറെയും. എനിക്ക് കാര്യം മനസ്സിലായി. ഒക്കെ മോനിഷയുടെ ആൾക്കാരാണ് ! ഞങ്ങളെ കാത്തു നിൽക്കുക ആണ്! ഞാൻ സൈക്കിൾ വായനശാലയോടു ചേർത്ത് നിർത്തി ഇറങ്ങി. പ്രതീക്ഷിച്ച പോലെ തന്നെ തടിയൻ കൈ കൊട്ടി ഞങ്ങളെ അങ്ങോട്ട് വിളിച്ചു. അജി എന്റെ മുഖത്ത് നോക്കി. നിക്കണോ ഓടണോ എന്നാണ് ആ നോട്ടത്തിന്റെ അർത്ഥം. ഓടിയിട്ട് കാര്യമില്ല! ഇവരെല്ലാം കൂടെ വീട് കണ്ടു പിടിച്ച് അങ്ങ് വന്നെന്ന് വരും. കൂട്ടിലേക്ക്‌ കയറുന്ന വിചാരണ പ്രതികളെ പോലെ മടിച്ചു മടിച്ചു ഞങ്ങൾ ആ വേലിയ്ക്കലേക്ക് നീങ്ങി നിന്നു. രണ്ടെണ്ണം അടിച്ചിട്ടാണ് നിൽക്കുന്നത് എന്ന് അങ്ങേരെ കണ്ടാലേ അറിയാം. കൈ പുറകിൽ കെട്ടി ഒരു അങ്കത്തിന് എന്ന പോലെ കാലിന്റെ പെരുവിരൽ നിലത്തൂന്നി ഇടയ്ക്കിടയ്ക്ക് ഒരാവശ്യോം ഇല്ലാതെ അതിൽ പൊങ്ങി ആണ് നിൽപ്പ്. നിങ്ങള് സംസാരിച്ചു സമയം കളയാൻ നിൽക്കാതെ അവന്മാരെ ഇങ്ങോട്ടു വിട്ടു താ ഞങ്ങള് കൈകാര്യം ചെയ്തോളാം എന്ന ഭാവത്തോടെ അര ഡസൻ പെണ്ണുങ്ങൾ പിറകിലും. ശരിക്കും യുദ്ധ സമാനമായ അന്തരീക്ഷം. 
"എന്തുവാടാ നിന്റെ പേര്?" 
ഞാൻ പേര് പറഞ്ഞു. 
അജിയോട് ചോദ്യം ഒന്നും ഉണ്ടായില്ല. ഒരു നോട്ടം മാത്രം. അജി പേരും, വീട്ടു പേരും അച്ഛന്റെ പേരും പറഞ്ഞു. 
"നിനക്കൊക്കെ ഞാൻ ആരാണെന്ന് അറിയാവോടാ..??" 
"ഇല്ല!" ഞാൻ പറഞ്ഞു. 
"കണ്ടിട്ടൊണ്ട്!" അജി പറഞ്ഞു. 
"കഴിഞ്ഞ കാഞ്ഞൂർ കോലത്തിന് പോലീസുവായിട്ട് തല്ലൊണ്ടാക്കിയ ഡ്രൈവറ് സുരേന്ദ്രൻ ആരാന്ന് ആരോടേലും ഒന്ന് ചോദിച്ചു നോക്ക് പറഞ്ഞു തരും! എന്റെ വീട്ടു വാതുക്കൽ വന്ന് എന്റെ കൊച്ചിന്റടുത്ത് അഭ്യാസം ഇറക്കുന്നോ? വെട്ടി കീറി കളയും ഞാൻ!" ആവേശം കൊണ്ട് പുള്ളിക്കാരൻ അറിയാതെ ഒരു ചുവട് മുന്നോട്ടു നീങ്ങി. ഞാനും അജിയും രണ്ട് ചുവട് പിന്നോട്ടും. ഉടൻ തന്നെ പിൻ വരിയിൽ നിന്നിരുന്ന അദ്ദേഹത്തിന്റെ ഭാര്യ മുന്നോട്ടാഞ്ഞു സുരേന്ദ്രൻ ചേട്ടന്റെ തോളിൽ ഒന്ന് തൊട്ടു. "ഒറ്റ അടിക്ക് കൊല്ലരുത്....ഞങ്ങൾക്കൂടെ ഒരു അവസരം തരണം!!" എന്ന മട്ട് ! 
ഇനി പേടിച്ച് നിന്നിട്ട് കാര്യമില്ലെന്ന് മനസ്സിലായ ഞാൻ പ്രായത്തിൽ കവിഞ്ഞ ഗൗരവത്തിൽ, ഒരു പ്രാസംഗികന്റെ അംഗ വിക്ഷേപങ്ങളോടെ ഇങ്ങനെ പറഞ്ഞു. 
" ഏതൊരു നാടിന്റെയും വൈജ്‌ജ്ഞാനികവും സാംസ്കാരികവും ആയ അടിത്തറ എന്ന് പറയുന്നത് അതാത് നാടുകളിലെ വായന ശാലകൾ ആകുന്നു. അത്തരം ഒരു വായന ശാലയിൽ സ്ഥിരമായി വരികയും വായിക്കുകയും ചെയ്യുന്ന ചെറുപ്പക്കാർ വിജ്ഞാന കുതുകികൾ മാത്രമല്ല, സംസ്കാര സമ്പന്നർ കൂടി ആയിരിക്കും എന്ന് നിങ്ങൾ മനസ്സിലാക്കണം! പെൺകുട്ടികളെ ശല്യപെടുത്തുക, കമന്റടിക്കുക, പിന്നാലെ നടക്കുക തുടങ്ങിയ ചീപ്പ് പരിപാടികൾ ഞങ്ങൾക്ക് വശമില്ല! ഞങ്ങളിവിടെ പുസ്തകം എടുക്കാൻ മാത്രം ആണ് വരുന്നത്. നിങ്ങളീ പറയുന്ന മോനിഷയെ ഞങ്ങൾ അറിയില്ല! മോനിഷയ്ക്ക് ഞങ്ങളെയും അറിയാൻ സാധ്യത ഇല്ല! ഇതെല്ലാം ചില തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തിൽ മാത്രം ആരോ പറഞ്ഞുണ്ടാക്കിയ അപവാദങ്ങൾ ആണ്!" 
വളരെയധികം വായനാ ശീലം ഉള്ള പയ്യൻ ആണ് എന്ന് തോന്നിക്കോട്ടെ എന്ന് കരുതി ആണ് മനുഷ്യരാരും സംസാര ഭാഷയിൽ ഉപയോഗിക്കാത്ത വാക്കുകൾ എല്ലാം ഞാൻ ഉപയോഗിച്ചത്. ഞാൻ പ്രസംഗം അവസാനിപ്പിച്ച് എല്ലാരേയും ഒന്ന് നോക്കി. സുരേന്ദ്രൻ ചേട്ടൻ കണ്ണും തള്ളി നിൽക്കുക ആണ്! 
" അപ്പോ നിങ്ങൾക്ക് മോനിഷയെയും അവൾക്കു നിങ്ങളേം അറിയത്തില്ല!??" 
"ഇല്ല !!!" 
"ഉം.....! പുള്ളിക്കാരൻ ശരീരം അങ്ങനെ തന്നെ നിർത്തി തല മാത്രം പിന്നിലേക്ക്‌ ചരിച്ച് വീട്ടിനുള്ളിലേക്ക് നോക്കി ഒരു വിളി. 
"എടീ മോനിഷേ......ഇങ്ങോട്ടിറങ്ങി വന്നേ....!" 
എന്റെ ചങ്കിടിച്ചു. ഞാൻ നായകനായുള്ള പടത്തിലെ നായികയെ പരിചയപ്പെടുത്തുന്ന സീൻ ആണ്. പാതി അടഞ്ഞു കിടന്ന വീടിന്റെ വാതിൽ പെട്ടെന്ന് മുഴുവനായും തുറന്നു. അതാ വരുന്നു നായിക! മഞ്ഞ പാവാട, നരച്ച മഞ്ഞ ബ്ലൗസ്! മെലിഞ്ഞിട്ടല്ല അധികം തടിച്ചിട്ടുമില്ല....ഇരുനിറവും വട്ട മുഖവും ഉള്ള കൊച്ചു സുന്ദരി! പതിനാറ് വയസ്സ് പ്രായം കാണും. നിലത്തു നിന്ന് കണ്ണെടുക്കാതെ അവൾ നടന്നു വന്ന് ഏറ്റവും പിന്നിലായി നിലയുറപ്പിച്ചു. 
" ഇവന്മാരെ നിനക്ക് അറിയാവോടീ....????" 
മോനിഷ വളരെ സാവധാനം തല ഉയർത്തി. ഞങ്ങളുടെ കണ്ണുകൾ തമ്മിലിടഞ്ഞു. എന്റെ നിഷ്കളങ്കമായ മുഖം കാണുമ്പോൾ തന്നെ അവൾ അറിയില്ലെന്ന് പറയുകയും ഈ പ്രശ്നം അതോടെ അവസാനിക്കുകയും ചെയ്യും എന്നായിരുന്നു എന്റെ പ്രതീക്ഷ! എന്നാൽ നാല് കണ്ണുകൾ കൂട്ടിമുട്ടിയ നിമിഷം തന്നെ അതിന്റെ മുഖം നാണം കൊണ്ട് തുടുത്തു. ഒരു അന്തോം കുന്തോം ഇല്ലാത്ത നാണം. " ശ്ശെ!! ഇങ്ങനെ വല്ലോം ഉണ്ടായിരുന്നെങ്കിൽ എന്നോട് രഹസ്യമായി വേണ്ടേ പറയാൻ.....ഇതിപ്പോ എല്ലാരേം അറിയിച്ച് .....പോ..ഇവിടുന്ന് !!!" എന്ന് പറയും പോലെ! ഞാൻ ആകെ തളർന്നു. 
" എടീ ഇവന്മാരെ നിനക്കറിയാവോന്ന്??? 
മോനിഷ ഒരക്ഷരം മിണ്ടാതെ തല കുനിച്ചു. കാര്യങ്ങൾ കൈ വിട്ടു പോവുകയാണ്! പ്രശ്നത്തിന്റെ ഗൗരവം കുട്ടിക്ക് മനസ്സിലായിട്ടില്ല. രണ്ടു നിരപരാധികളായ ചെറുപ്പക്കാർ ആണ് നാണം കേടാണ് പോവുന്നത്. ഞാൻ അതിന്റെ അടുത്ത് ചെന്ന് വിശദമായി ഒന്ന് സംസാരിക്കാൻ തീരുമാനിച്ചു. അതിന്റെ മുന്നോടിയായി വോട്ടു ചോദിക്കുന്ന സ്ഥാനാർത്ഥി പിടിക്കുന്ന പോലെ യാചനാ മുദ്രയിൽ വിരലുകൾ കൂർപ്പിച്ചു പിടിച്ച് " മോനിഷേ....നോക്കൂ...." എന്ന് പറഞ്ഞു കൊണ്ട് അതിന്റെ നേർക്ക് നടന്നു. തികച്ചും അപ്രതീക്ഷിതമായതാണ് പിന്നീട് സംഭവിച്ചത്. ഞാൻ കൊച്ചിനെ വിളിച്ചിറക്കി കൊണ്ട് പോകാൻ ശ്രമിക്കുകയാണ് എന്ന് ഭയന്ന പോലെ രണ്ടു മൂന്ന് സ്ത്രീകൾ എന്റെ മുന്നിൽ ചാടി വീണു. " കേറി പോടീ അകത്ത് ....!" എന്ന് ഒരുത്തി. മോനിഷ ജീവനും കൊണ്ട് ഓടി അകത്തു കേറി. സുരേന്ദ്രൻ ചേട്ടൻ ഒരു അഭ്യാസിയെ പോലെ നിരങ്ങി വന്ന് എന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചു നിർത്തി. ആകെ ബഹളം. ശബ്ദ കോലാഹലം!! ഞാൻ അതി ദയനീയമായി അജിയെ നോക്കി. അജി മുണ്ടു മടക്കി കുത്തുന്നു. ഓടാൻ ആയിരിക്കും എന്ന് ഞാൻ ഉറപ്പിച്ചു. എന്നാൽ അജി ഓടിയില്ല! അവൻ നേരെ എന്റെ അടുത്ത് വന്ന് സുരേന്ദ്രൻ ചേട്ടന്റെ കൈയ്യിൽ നിന്ന് എന്റെ തല മോചിപ്പിച്ചു. എന്നിട്ട് കടുപ്പത്തിൽ പറഞ്ഞു " ചേട്ടാ....ദേഹത്ത് തൊട്ട് കളിക്കരുത് ....മര്യാദയ്ക്കാണെങ്കിൽ മര്യാദയ്ക്ക്....അല്ലെങ്കിൽ ഞങ്ങളും വെറും തറയാ....!" അതോടെ ശബ്ദങ്ങൾ ഉച്ചാവസ്ഥയിൽ ആയി. ഞാനല്ലാതെ ആരും മിണ്ടാതെ നിൽക്കുന്നില്ല! എല്ലാരും അലറുന്നു. അജി ഒട്ടും വിട്ടു കൊടുക്കുന്നില്ല! അതി ഭയങ്കരമായ വഴക്ക്! നാട്ടുകാർ ഒക്കെ ഓടി കൂടി. അവരുടെ സംഭാഷണങ്ങൾ എനിക്ക് കേൾക്കാം. 
"എന്തുവാ പ്രശ്നം? 
" ദാണ്ടെ ...ആ നടുക്ക് നിൽക്കുന്ന നരുന്ത് ചെറുക്കനില്ലേ? അവനു നമ്മുടെ സുരേന്ദ്രന്റെ മോളുമായിട്ടു പ്രേമം! പെണ്ണ് ചോദിക്കാൻ വന്നതാ..!" 
" തമ്പുരാനെ....കാലം പോയ പോക്ക് !" 
ഒറ്റാലിൽ കിടക്കുന്ന മീനിന്റെ അവസ്ഥ ആണ് എന്റേത്. ദൈവമേ....അല്പം സാഹിത്യ തല്പരത ഉണ്ടായിപ്പോയി എന്നതൊഴിച്ചാൽ ഞാൻ എന്ത് തെറ്റ് ചെയ്തു? 
ഏകദേശം പത്തു മിനിറ്റോളം ഒരേ തീവ്രതയിൽ തുടർന്ന വഴക്ക് ചെറിയ ഒരു ഇടവേളയിലേക്ക് പ്രവേശിച്ചു. മിക്കവരും അണച്ചു കഴിഞ്ഞു. ഈ സമയം അജി സുരേന്ദ്രൻ ചേട്ടന്റെ അടുത്ത് ചെന്ന് ശാന്തനായി പറഞ്ഞു. " ചേട്ടാ...ഒന്നിങ്ങോട്ടു വന്നേ....എനിക്കൊരു കാര്യം പറയാനുണ്ട്!" എന്ത് കൊണ്ടോ വളരെ അനുസരണയോടെ അദ്ദേഹം അവന്റെ കൂടെ ചെന്നു. അവർ ശബ്ദം താഴ്‌ത്തി സംസാരിക്കാൻ തുടങ്ങി. ഇടയ്ക്കിടയ്ക്ക് രണ്ട് പേരും എന്നെ നോക്കുന്നുമുണ്ട്. അത് കഴിഞ്ഞ ഉടൻ അവൻ എന്റെ അടുത്ത് വന്ന് എന്റെ കൈയ്ക്ക് പിടിച്ചു കൊണ്ട് രഹസ്യം പറയുന്ന പോലെ പറഞ്ഞു " ഇങ്ങോട്ട് ഒന്നും ചോദിക്കരുത്...ഞാൻ പറയുന്ന പോലെ കേട്ടോണം! നമ്മളീ പ്രശ്നം ഇവിടെ വെച്ച് സത്യം ചെയ്ത് അവസാനിപ്പിക്കാൻ പോവ്വാണ്!" എനിക്ക് ഒന്നും മനസ്സിലായില്ല! അവൻ എന്റെ കൈ പിടിച്ച് അയാളുടെ കൈയ്യിൽ വെച്ച് കൊണ്ട് എല്ലാരും കേൾക്കെ ഉറക്കെ പറഞ്ഞു " ദാണ്ടെ ..... എല്ലാരും കൂടെ ഇങ്ങനെ കെടന്നു ബഹളം വെച്ചോണ്ട് ഒരു കാര്യോമില്ല! .....ഇതോടു കൂടി നിങ്ങൾ എല്ലാരും ഇത് മറന്നേക്കണം. നമ്മളൊക്കെ അന്തസ്സും അഭിമാനോം ഉള്ള ആൾക്കാരാണ്. ഒരാളുടെ കൈ പിടിച്ച് സത്യം ചെയ്തു കഴിഞ്ഞാൽ പിന്നെ തല പോയാലും അതീന്നു മാറില്ല! ശരിയല്ലേ?" അജി എന്നെ നോക്കി. 
സത്യം ചെയ്യാനോ?? അയ്യേ....!!! ഞാൻ കൈ വലിച്ചു 
"എന്നെ കൊണ്ടെങ്ങും പറ്റത്തില്ല!" ഞാൻ തീർത്തു പറഞ്ഞു. 
"കണ്ടോ..കണ്ടോ...അവൻ വഴങ്ങാത്തതു കണ്ടോ...രണ്ടും കൽപ്പിച്ച് ഇറങ്ങിയേക്കുവാ...! 
സ്ത്രീകൾ എല്ലാം ഉണർന്നു. അടുത്ത ബഹളം ഉടൻ തുടങ്ങാൻ പോകുന്നു എന്ന് തോന്നി. അജി വീണ്ടും എന്റെ കൈയ്ക്ക് കേറി പിടിച്ചു. ഇനി സമ്മതിക്കാതിരിക്കുന്നതിൽ കാര്യമില്ല! ഞാൻ വഴങ്ങി. അജി എന്റെ കൈ ഒരിക്കൽ കൂടി അങ്ങേരുടെ കൈക്കുള്ളിൽ വെച്ച് അവന്റെ കൈ അതിന്റെ മോളിൽ വെച്ചു. എന്നിട്ട് ഗൗരവത്തിൽ എന്നെ നോക്കി പറഞ്ഞു. " മനസ്സിലായല്ലോ ഇത് വെറും വാക്കല്ല! ഇതോടെ എല്ലാം അവസാനിപ്പിച്ചോണം!" ഞാൻ കണ്ണും തള്ളി നിൽക്കുക ആണ്. അവൻ സത്യവാചകം ചൊല്ലി തുടങ്ങി. " ഈ നിമിഷം മുതൽ ഞാൻ മോനിഷയെ നോക്കുകയോ, പിന്നാലെ നടക്കുകയോ, പ്രേമിക്കുകയോ, ശല്യപ്പെടുത്തുകയോ ചെയ്യുന്നതല്ല.....ഇത് സത്യം സത്യം സത്യം!!!" ഇതിനു മുൻപും ഈ പറയുന്നതൊന്നും ഞാൻ ചെയ്തിട്ടില്ലല്ലോ എന്ന് ചോദിക്കുന്ന കണ്ണുകളോടെ, വിറയ്ക്കുന്ന ശബ്ദത്തിൽ ഞാൻ സത്യം ചെയ്തു കൊടുത്തു. 
പ്രശ്നം ഏതാണ്ട് അവിടെ അവസാനിച്ചു. ആരും ഒന്നും മിണ്ടുന്നില്ല! എല്ലാം തകർന്നവനെ പോലെ ഞാൻ തിരിഞ്ഞു നടന്നു. ആ നടപ്പ് ജനലഴിയിലൂടെ മോനിഷ കണ്ടിട്ടുണ്ടെങ്കിൽ ഉറപ്പായും ഇന്നും ഞാൻ അവളുടെ മനസ്സിന്റെ ഒരു നോവായിരിക്കും. അജി സൈക്കിളെടുത്തു. എന്നോട് കേറാൻ പറഞ്ഞു. "നമുക്ക് കുറച്ചു ദൂരം നടക്കാം..അജി! എനിക്ക് ആകെപ്പാടെ ഒരു സുഖമില്ലായ്മ!" ഞാൻ പറഞ്ഞു. ജീവിതത്തിലെ ആദ്യ ബ്രേക്ക് അപ്പ് കഴിഞ്ഞുള്ള വരവാണ്. അതും പ്രേമിക്കാത്ത പെണ്ണുമായി. എങ്ങനെ സുഖം ഉണ്ടാകാനാണ്. കുറച്ചു ദൂരം നടന്നിട്ട് ഞാൻ അജിയുടെ കൈയ്യിൽ നിന്ന് സൈക്കിൾ വാങ്ങി ചവിട്ടി. അവൻ പിന്നിൽ ഇരുന്നു. ഞാൻ പറഞ്ഞു. 
"എന്നാലും ഇവന്മാരെ അറിയാവോന്ന് അങ്ങേര് ചോദിച്ചപ്പോ ആ പെണ്ണ് ഒരക്ഷരം മിണ്ടിയില്ലല്ലോ അജി! അല്ലാരുന്നെങ്കിൽ ഇത്രയും പ്രശ്നം ഒന്നും ഉണ്ടാകത്തില്ലാരുന്നു". 
"അതിന് അവൾക്ക് നമ്മളെ അറിയാല്ലോ!" 
ഞാൻ ഞെട്ടി. "എങ്ങനെ???" 
"എന്നും നമ്മള് പുസ്തകം എടുക്കാൻ വരുന്ന സമയത്താണല്ലോ അവള് കോളേജീന്ന് വരുന്നത്. ഞാൻ സൈക്കിളിന്റെ പിറകിൽ ഇരുന്നോണ്ട് അഞ്ചാറ് തവണ സൈറ്റ്‌ അടിച്ചു കാണിച്ചിട്ടുണ്ട്!" 
" സാമദ്രോഹീ.....എന്നിട്ട് ആണോ എന്നെ കൊണ്ടീ സത്യം എല്ലാം ചെയ്യിച്ചത്???!! ഞാൻ സൈക്കിൾ നിർത്തി ഇറങ്ങി. 
" അല്ല....ഇതല്ലാതെ വേറെ ഒന്നും ഉണ്ടായിട്ടില്ല! അജി തലയിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു." പെറ്റ തള്ള സത്യം! ഞാൻ ഒരു കമന്റു പോലും അടിച്ചിട്ടില്ല !!!" 
ഞാൻ തണുത്തു. അജിയെ എനിക്കറിയാം. അല്ലെങ്കിൽ തന്നെ ഇനി അവനോട് വഴക്കടിച്ചിട്ട് എന്ത് കാര്യം. ഒക്കെ ആ സ്ത്രീ ഉണ്ടാക്കിയ പൊല്ലാപ്പാണ്! ഞാൻ വീണ്ടും സൈക്കിൾ എടുത്തു. 
" എന്നാലും...ഇനി പുസ്തകം എടുക്കാൻ അങ്ങോട്ട് പോകാൻ പറ്റത്തില്ലല്ലോ അജി!" 
"സാരമില്ല...നമുക്ക് നാളെ മുതുകുളം വായനശാലേല് പോയി ഒരു മെംബർഷിപ്പ് എടുക്കാം. ഇവിടുത്തെ പോലെ ഒരു പ്രശ്നം അവിടെ ഒരിക്കലും ഉണ്ടാകത്തില്ല! അതുറപ്പാ!! 
" അതെന്താ..???!" 
"അവിടെ വായനശാലേടെ അടുത്തെങ്ങും പെണ്പിള്ളേരുള്ള വീടില്ല! പോരെങ്കിൽ അവിടെ ഇരിക്കുന്നത് ഒരു കെളവനും!" 
ആനന്ദലബ്ധിക്കിനി എന്ത് വേണം? ഞാൻ സൈക്കിൾ ആഞ്ഞു ചവിട്ടി.

By Alappuzhakkaran
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo