Showing posts with label ആലപ്പുഴക്കാരൻ. Show all posts
Showing posts with label ആലപ്പുഴക്കാരൻ. Show all posts

ആദ്യ ബ്രേക്കപ്പിന്റെ കഥ!


ഖസാക്കിന്റെ ഇതിഹാസം' ഞാൻ ആദ്യം വായിക്കുന്നത് പ്രീഡിഗ്രിക്കാലത്ത് ആണ്! സാമാന്യം നല്ല വായനപ്രാന്ത് ജന്മനാ ഉണ്ടാരുന്ന എന്നെ 'ഖസാക്കിന്റെ ഇതിഹാസം' മുഴു പ്രാന്തൻ ആക്കി. കോളേജീന്ന് വന്നാലുടൻ കുളിച്ചു തുണി മാറി സൈക്കിളെടുത്ത് "ദേശബന്ധു " വായനശാലയിൽ പോയി പുസ്തകം എടുത്തില്ലെങ്കിൽ ഏതാണ്ട് പോലെ ആരുന്നു. കേരളത്തിലെ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ ഉള്ള പത്ത് വായനശാലകളിൽ ഒന്ന് ആയിരുന്നു അക്കാലത്ത് 'ദേശബന്ധു'. പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ തന്നെ അവിടുത്തെ നൂറു കണക്കിന് പുസ്തകങ്ങൾ ഞാൻ വായിച്ചു കഴിഞ്ഞിരുന്നു. അവിടിരിക്കുന്ന സ്ത്രീയ്ക്ക് എന്നെ കണ്ണെടുത്താ കണ്ടൂടാ! ഞാൻ ചെന്നില്ലെങ്കിൽ അവർക്ക് പണി ഒന്നുമില്ല. അധികം ആരും അവിടെ പുസ്തകം എടുക്കാൻ ചെല്ലാറില്ല!. ഒരുമാതിരിപ്പെട്ട ഏത് പുസ്തകം എടുത്താലും പിറ്റേന്ന് വൈകിട്ട് അഞ്ചു മണിക്ക് മുന്നേ വായിച്ചു തീർക്കും. അപ്പൊ പിന്നെ വീണ്ടും പോകാതിരിക്കാൻ കഴിയില്ല! മദ്യത്തോടുള്ള ആസക്തി പോലെ സ്വയം നിയന്ത്രിക്കാൻ വലിയ പാടുള്ള ഒരു സൂക്കേട് ആയിരുന്നു അത്. വടക്കേലെ അജി അക്കാലത്ത് ഞാൻ എവിടെ പോയാലും എന്റെ സൈക്കിളിന്റെ മുന്നിലോ പിറകിലോ മിക്കപ്പോഴും സീറ്റിലോ കാണും. ഞാൻ പുസ്തകമെടുത്ത് ഇറങ്ങാൻ എത്ര സമയം എടുത്താലും അജി ക്ഷമയോടെ വായന ശാലയുടെ പുറത്തു കാത്തു നിൽക്കും.ഞങ്ങൾ സമ പ്രായക്കാരും കളി കൂട്ടുകാരും ആയിരുന്നു. അങ്ങോട്ട് ഞാൻ ചവിട്ടും അജി പിന്നിലിരിക്കും. ഇങ്ങോട്ട് അജി ചവിട്ടും ഞാൻ പിന്നിലിരുന്ന് വായന തുടങ്ങും. വീട്ടീ വന്നു കേറുന്നേന് മുൻപ് മൂന്ന് നാല് പേജുകൾ തീർന്നിരിക്കും. ഇങ്ങനെ ശാന്തസുന്ദരമായ വായനക്കാലം മുന്നോട്ടു പോകുന്നതിനു ഇടയ്ക്കാണ് അത് സംഭവിച്ചത്. 
കവലയിലെ അർച്ചന തീയേറ്ററിൽ രതി നിർവ്വേദം ഓടുന്ന സമയം. വായനശാലയുടെ അടുത്തുള്ള മതിലിലും ആരോ ആ പടത്തിന്റെ ഒരു പോസ്റ്റർ കൊണ്ട് ഒട്ടിച്ചു. സിനിമാ പേരും സംവിധായകന്റെ പേരും മാത്രം ഉള്ള പടമില്ലാത്ത പോസ്റ്റർ. ഇതവിടെ കണ്ടിട്ടാണോ എന്തോ വായന ശാലയിലെ സ്ത്രീ ഒരു തരം സംശയ ദൃഷ്ടിയോടെ എന്നെ നോക്കാൻ തുടങ്ങി. എല്ലാ ദിവസോം ഇവരെ ബുദ്ധിമുട്ടിക്കുന്നതിലുള്ള കുറ്റബോധോം, ഒരു ശല്യക്കാരൻ ആയിട്ടാണ് എന്നെ ഇവര് കാണുന്നത് എന്നുള്ള തിരിച്ചറിവും കാരണം ഞാൻ എല്ലായ്‌പോഴും ഒരു തെറ്റുകാരനെ പോലെ തല കുനിച്ചായിരുന്നു ഇവരുടെ മുന്നിൽ നിന്നിരുന്നത്! അതും ഒരു കള്ള ലക്ഷണം ആയിട്ട് അവർക്ക് തോന്നി തുടങ്ങി. അന്ന് അവർക്കു കഷ്ടിച്ച് ഒരു മുപ്പത് വയസ്സ് പ്രായം വരും. അവിവാഹിത! എനിക്ക് പതിനേഴ് . എല്ലാദിവസോം ഉള്ള എന്റെ ഈ വരവും പൊക്കിന്റേം പിന്നിൽ എന്തോ ഗൂഢ ഉദ്ദേശം ഉണ്ടെന്ന് അവർ ഉറപ്പിച്ചു. എന്നാൽ അത് അവരോടുള്ള എന്തെങ്കിലും ആണോ എന്ന് ഉറപ്പില്ല! അവരല്ലാതെ വേറെ ആരും അവിടെ ഇല്ലാത്തോണ്ട് ആ സംശയം അങ്ങനെ എഴുതി തള്ളാൻ പറ്റുകേമില്ല! ആകെ സംശയത്തിൽ ആയ ആ സ്ത്രീ എന്നെ സൂക്ഷ്മമായി നിരീക്ഷിക്കാൻ തീരുമാനിച്ചു. പുസ്തക ഷെൽഫുകൾക്ക് ഇടയിലൂടെ ഞാൻ അവരെ ഒളികണ്ണിട്ടു നോക്കുന്നുണ്ടോ? മടക്കി തരുന്ന പുസ്തകത്തിന്റെ വരികൾക്കടിയിൽ പേന കൊണ്ട് വല്ലതും അടയാളപ്പെടുത്തിയിട്ടുണ്ടോ? താളുകൾക്കിടയിൽ എഴുത്ത് വല്ലതും വെച്ചിട്ടുണ്ടോ എന്നൊക്കെ നോക്കി. ഒരാഴ്ച അങ്ങനെ പോയി. ഒരു പിടിയും കിട്ടിയില്ല. അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ കാരൂർ കഥകളുടെ ഒരു വലിയ സമാഹാര പുസ്തകം എടുത്തു. മൂന്ന് ദിവസം അടുപ്പിച്ച് വായനശാലയ്ക്ക് അവധി വരുന്നതു കൊണ്ട് ആയിരുന്നു അത്! ആയിരത്തിന് മേൽ പേജുകൾ ഉള്ള കട്ടി ബയന്റിട്ട വല്യ ബുക്ക്. 
രണ്ടര ദിവസം കൊണ്ട് തന്നെ ഞാൻ ആ പുസ്തകം വായിച്ചു തീർത്തു. നാലാം ദിനം വൈകിട്ട് തിരിച്ചു കൊടുത്ത് വേറേ എടുക്കാൻ ചെന്നു. സാധാരണ പുസ്തകം തിരിച്ചു കൊടുക്കുമ്പോൾ അവർ അത് തുറന്നു നോക്കി രജിസ്റ്ററിൽ അടയാളപ്പെടുത്തുക ആണ് പതിവ്. ഇക്കുറി അത് കൈയ്യിൽ വച്ച് കൊണ്ട് കുറച്ചു നേരം ഇരുന്നു . എന്നിട്ട് കടുപ്പിച്ച് ഒരു നോട്ടം നോക്കികൊണ്ട് ചോദിച്ചു. 
''മുഴുവൻ വായിച്ചു കഴിഞ്ഞോ?'' 
ഞാൻ പറഞ്ഞു ''കഴിഞ്ഞു'' 
"' ഇത്രേം വല്യ പുസ്തകം ഇത്രേം സമയത്തിനുള്ളിൽ മുഴുവൻ വായിച്ചു കഴിഞ്ഞോ?'' ശബ്ദം ഒരൽപ്പം കൂടി കടുത്തു. 
ഞാൻ അമ്പരന്നു. ഇത് എന്തിനുള്ള പാടാണ്?? അടുത്തതായി അവർ മലയാള പരീക്ഷയ്‌ക്ക്‌ വരാറുള്ള പോലെ ആ പുസ്തകത്തിലെ തിരഞ്ഞെടുത്ത ഭാഗങ്ങളിൽ നിന്നുള്ള ഏതാനും ചോദ്യങ്ങൾ ചോദിച്ചേക്കും എന്ന് ഞാൻ ഉറപ്പിച്ചു. "' നാണവും മാനവും ഇല്ലാത്ത നാറി!!! നിനക്ക് വീണ്ടും എന്റെ കണ്മുന്നിൽ വന്നു നില്ക്കാൻ എങ്ങനെ ധൈര്യം വന്നു'' കല്യാണി പരമേശ്വരനോട് ഇങ്ങനെ കയർക്കാനുള്ള കാരണം എന്താണ്? ''അമ്മ പെങ്ങന്മാരെ തിരിച്ചറിയാനുള്ള കഴിവ് ഇല്ലാത്തവൻ ആണ് രാജേന്ദ്രൻ എന്ന് പത്മാവതി ലളിതയോടു പറഞ്ഞതിന്റെ പിന്നിലെ സ്വാരസ്യം എന്തായിരുന്നു? '' ഇങ്ങനെ ഏത് ചോദ്യം വന്നാലും ഉത്തരം അറിയാം എന്നുള്ള ധൈര്യത്തിൽ, എന്നാൽ അതീവ വിനയത്തോടെ ഞാൻ പറഞ്ഞു. 
''എനിക്ക് നല്ല സ്പീഡാ...ഇന്നലെ തന്നെ മുഴുവൻ വായിച്ചു കഴിഞ്ഞു " 
അവരുടെ മുഖം ചുവന്നു. ''സത്യം പറ ! എന്താ തന്റെ ഉദ്ദേശം?'' 
ഞാൻ ചോദിച്ചു. ''എന്ത് ഉദ്ദേശം? '' 
'' താൻ ഈ പുസ്തകം എടുക്കാനെന്നും പറഞ്ഞു ഡെയ്‌ലി ഇവിടെ വരുന്നത് ആ മോനിഷേ കാണാൻ അല്ലെ?'' 
ഞാൻ ഞെട്ടി. ''ഏത് മോനിഷ ???'' 
" സിനിമാ നടി മോനിഷ!!! തനിക്കറിയത്തില്ല അല്ലേ? കിഴക്കേലെ മിനിയുടെ മോള് മോനിഷേ താൻ അറിയത്തില്ല അല്ലെ???'' ദിവസോം അവള് കോളേജിന്ന് വരുന്ന സമയത്താണല്ലോ ഇയാളും വരുന്നത്. അതോ രണ്ടും കൂടെ ഒരുമിച്ചാണോ വരുന്നത്?'' 
ഞാൻ വിയർക്കാൻ തുടങ്ങി. ഈ പറയുന്ന കൊച്ചിനെ ഞാൻ കണ്ടിട്ട് കൂടി ഇല്ല! അനേക ദിവസത്തെ സംശയ ദൃഷ്ടിയോടുള്ള നിരീക്ഷണ പരീക്ഷണങ്ങളിലൂടെ ഇവര് തന്നെ സങ്കല്പിച്ചെടുത്ത കഥ ആണ്! എങ്ങനെ പറഞ്ഞു വിശ്വസിപ്പിക്കും. ജീവിതത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു ആരോപണം വരുന്നത്. എന്റെ തൊണ്ട അടഞ്ഞു. ശബ്ദം പൊങ്ങുന്നില്ല! 
" നിന്ന് പരുങ്ങണ്ടാ...പോയി ബുക്ക് എട്!'' 
ഞാൻ ഒരു യന്ത്രത്തെ പോലെ തൊട്ടടുത്ത ഷെൽഫിന് അടുത്തേക്ക് നീങ്ങി. ആദ്യം കണ്ട ബുക്ക് വലിച്ചെടുത്ത് അവരുടെ മുന്നിൽ കൊണ്ട് വെച്ചു. അവർ രജിസ്റ്ററിൽ ചേർത്ത് കഴിഞ്ഞതും അതും കൊണ്ട് ഞാൻ പുറത്തേക്കോടി. സൈക്കിളിനടുത്ത് അജിയുണ്ട് ഞാൻ ചോദിച്ചു.'' അജി ....ആ വീട്ടിലെ മിനിയുടെ മോള് മോനിഷേ അറിയാവോ?'' 
"ഓർക്കുന്നില്ലല്ലോ......കാര്യം എന്താ??'' 
''ഇവര് പറയുന്നു നമ്മള് ആ കൊച്ചിനെ കാണാൻ ആണ് ഇവിടെ വരുന്നത് എന്ന്!''
'എന്നിട്ട് താൻ എന്തോ പറഞ്ഞു?' 
'ഒന്നും പറഞ്ഞില്ല! പെട്ടെന്ന് കേട്ടപ്പോ ഞാൻ വിയർത്തു പോയി !' 
'ഛെ!! മോശമായ് പോയല്ലോ! ഞാൻ ഒന്ന് പോയ് ചോദിച്ചിട്ട് വരാം. അങ്ങനെ കൊള്ളത്തില്ലല്ലോ!!" 
അജി സൈക്കിൾ എന്റെ കൈയ്യിൽ തന്ന് മുണ്ടും മടക്കി കുത്തി വേഗത്തിൽ വായനശാലയ്ക്കുള്ളിലേക്കു ചാടി കയറി. എനിക്ക് വല്ലാത്ത സന്തോഷവും അഭിമാനവും തോന്നി. എനിക്കൊരു പ്രശ്നം ഉണ്ടായപ്പോ മുന്നും പിന്നും ആലോചിക്കാതെ അവൻ ചാടി ഇറങ്ങിയല്ലോ! ഇത് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല! മഹാ ധീരൻ തന്നെ! ഞാൻ നോക്കി നിൽക്കെ അജി അകത്തു ചെന്ന് ബാലൻ കെ നായർ സ്റ്റൈലിൽ വലം കൈ കൊണ്ട് അവരുടെ മേശപ്പുറത്തു ചെറുതായൊരു തട്ട്! എന്നിട്ട് ചോദിച്ചു. " എന്തുവാ ചേച്ചീ പ്രശ്നം?" 
നേരത്തേ തന്നെ ചുവന്നു തുടുത്തിരുന്ന അവരുടെ മുഖം വലിഞ്ഞു മുറുകി! ദേഷ്യത്തിന്റെ ഉച്ചാവസ്ഥയിൽ ഒരു സ്ത്രീ അനുഭവിക്കുന്ന സകല വെപ്രാളങ്ങളും ഞാൻ ആ മുഖത്ത് കണ്ടു. 
"തനിക്ക് ഇവിടെ മെംബർഷിപ്പുണ്ടോ??" 
"ഇല്ല...!" 
"പിന്നെ ഇതിനകത്തു കേറാൻ തന്നോട് ആര് പറഞ്ഞു?? ഇറങ്ങെടാ വെളിയിൽ!!!!! ഒരു അലർച്ച ആയിരുന്നു അത്. അജി തെറിച്ചു പുറത്തു വന്നു വീണു എന്ന് പറയുന്നതാണ് കാവ്യഭംഗി! ദൂരെ നിന്ന ഞാൻ വരെ വിറച്ചു പോയ്! സത്യമായും ഈ സംഭാഷണത്തിന്റെ അവസാന വരിയായ "വെളിയിൽ!!!!!" എന്ന ഭാഗം അവൻ കേൾക്കുകയുണ്ടായില്ല! അത് ഉച്ചരിക്കപ്പെടുന്ന സമയം അദ്ദേഹം അസ്തമന സൂര്യനെ നോക്കി അസാധ്യ വേഗതയിൽ സൈക്കിൾ ചവിട്ടുക ആയിരുന്നു. ഞാൻ പിന്നിൽ ഇരിക്കുകയും. പിറ്റേന്ന് കോളേജിൽ സമരം ആരുന്നു. ഞാൻ പത്തര കഴിഞ്ഞപ്പോഴേ വീട്ടിലെത്തി. ടീപ്പോയുടെ പുറത്ത് തലേന്ന് എടുത്ത പുസ്തകം കിടക്കുന്നുണ്ട്. ഇത് വരെ ഒന്ന് തുറന്നു പോലും നോക്കിയിട്ടില്ല! ഒരു മൂഡില്ല! വൈകുന്നേരം വരെ അങ്ങനെ പോയി. ആ അപശകുനം പിടിച്ച പുസ്തകം വായിക്കുന്നില്ല എന്ന് തീരുമാനിച്ചു. കുറച്ചു ദിവസത്തേക്ക് വായനശാലയിലേക്ക് പോകണ്ടാ എന്ന് ഉറപ്പിച്ചിരുന്നതാണ്. പക്ഷെ അഞ്ചു മണി ആയപ്പോ ഇരിപ്പുറയ്ക്കുന്നില്ല! ഞാൻ പോയി അജിയെ വിളിച്ചു. അവൻ പറഞ്ഞു. "അതിനെന്താ.....പോയേക്കാം! നമ്മൾ അങ്ങനെ ആരേം പേടിക്കേണ്ട കാര്യം ഒന്നുമില്ല!" ഞാൻ സൈക്കിൾ എടുത്തു. വായനശാല എത്തുന്നതിന് വളരെ മുൻപ് തന്നെ കണ്ടു. എതിർവശത്തെ വീടിന്റെ വേലിയ്ക്കൽ ചെറിയ ഒരു ആൾക്കൂട്ടം! ഏകദേശം നാല്പത് വയസ്സ് തോന്നിക്കുന്ന തടിച്ച് ഉരുണ്ട ഒരു മനുഷ്യൻ, അങ്ങേരുടെ ഭാര്യ എന്ന് തോന്നിക്കുന്ന ഒരു സ്ത്രീ. നാലഞ്ചു സ്ത്രീകൾ വേറെയും. എനിക്ക് കാര്യം മനസ്സിലായി. ഒക്കെ മോനിഷയുടെ ആൾക്കാരാണ് ! ഞങ്ങളെ കാത്തു നിൽക്കുക ആണ്! ഞാൻ സൈക്കിൾ വായനശാലയോടു ചേർത്ത് നിർത്തി ഇറങ്ങി. പ്രതീക്ഷിച്ച പോലെ തന്നെ തടിയൻ കൈ കൊട്ടി ഞങ്ങളെ അങ്ങോട്ട് വിളിച്ചു. അജി എന്റെ മുഖത്ത് നോക്കി. നിക്കണോ ഓടണോ എന്നാണ് ആ നോട്ടത്തിന്റെ അർത്ഥം. ഓടിയിട്ട് കാര്യമില്ല! ഇവരെല്ലാം കൂടെ വീട് കണ്ടു പിടിച്ച് അങ്ങ് വന്നെന്ന് വരും. കൂട്ടിലേക്ക്‌ കയറുന്ന വിചാരണ പ്രതികളെ പോലെ മടിച്ചു മടിച്ചു ഞങ്ങൾ ആ വേലിയ്ക്കലേക്ക് നീങ്ങി നിന്നു. രണ്ടെണ്ണം അടിച്ചിട്ടാണ് നിൽക്കുന്നത് എന്ന് അങ്ങേരെ കണ്ടാലേ അറിയാം. കൈ പുറകിൽ കെട്ടി ഒരു അങ്കത്തിന് എന്ന പോലെ കാലിന്റെ പെരുവിരൽ നിലത്തൂന്നി ഇടയ്ക്കിടയ്ക്ക് ഒരാവശ്യോം ഇല്ലാതെ അതിൽ പൊങ്ങി ആണ് നിൽപ്പ്. നിങ്ങള് സംസാരിച്ചു സമയം കളയാൻ നിൽക്കാതെ അവന്മാരെ ഇങ്ങോട്ടു വിട്ടു താ ഞങ്ങള് കൈകാര്യം ചെയ്തോളാം എന്ന ഭാവത്തോടെ അര ഡസൻ പെണ്ണുങ്ങൾ പിറകിലും. ശരിക്കും യുദ്ധ സമാനമായ അന്തരീക്ഷം. 
"എന്തുവാടാ നിന്റെ പേര്?" 
ഞാൻ പേര് പറഞ്ഞു. 
അജിയോട് ചോദ്യം ഒന്നും ഉണ്ടായില്ല. ഒരു നോട്ടം മാത്രം. അജി പേരും, വീട്ടു പേരും അച്ഛന്റെ പേരും പറഞ്ഞു. 
"നിനക്കൊക്കെ ഞാൻ ആരാണെന്ന് അറിയാവോടാ..??" 
"ഇല്ല!" ഞാൻ പറഞ്ഞു. 
"കണ്ടിട്ടൊണ്ട്!" അജി പറഞ്ഞു. 
"കഴിഞ്ഞ കാഞ്ഞൂർ കോലത്തിന് പോലീസുവായിട്ട് തല്ലൊണ്ടാക്കിയ ഡ്രൈവറ് സുരേന്ദ്രൻ ആരാന്ന് ആരോടേലും ഒന്ന് ചോദിച്ചു നോക്ക് പറഞ്ഞു തരും! എന്റെ വീട്ടു വാതുക്കൽ വന്ന് എന്റെ കൊച്ചിന്റടുത്ത് അഭ്യാസം ഇറക്കുന്നോ? വെട്ടി കീറി കളയും ഞാൻ!" ആവേശം കൊണ്ട് പുള്ളിക്കാരൻ അറിയാതെ ഒരു ചുവട് മുന്നോട്ടു നീങ്ങി. ഞാനും അജിയും രണ്ട് ചുവട് പിന്നോട്ടും. ഉടൻ തന്നെ പിൻ വരിയിൽ നിന്നിരുന്ന അദ്ദേഹത്തിന്റെ ഭാര്യ മുന്നോട്ടാഞ്ഞു സുരേന്ദ്രൻ ചേട്ടന്റെ തോളിൽ ഒന്ന് തൊട്ടു. "ഒറ്റ അടിക്ക് കൊല്ലരുത്....ഞങ്ങൾക്കൂടെ ഒരു അവസരം തരണം!!" എന്ന മട്ട് ! 
ഇനി പേടിച്ച് നിന്നിട്ട് കാര്യമില്ലെന്ന് മനസ്സിലായ ഞാൻ പ്രായത്തിൽ കവിഞ്ഞ ഗൗരവത്തിൽ, ഒരു പ്രാസംഗികന്റെ അംഗ വിക്ഷേപങ്ങളോടെ ഇങ്ങനെ പറഞ്ഞു. 
" ഏതൊരു നാടിന്റെയും വൈജ്‌ജ്ഞാനികവും സാംസ്കാരികവും ആയ അടിത്തറ എന്ന് പറയുന്നത് അതാത് നാടുകളിലെ വായന ശാലകൾ ആകുന്നു. അത്തരം ഒരു വായന ശാലയിൽ സ്ഥിരമായി വരികയും വായിക്കുകയും ചെയ്യുന്ന ചെറുപ്പക്കാർ വിജ്ഞാന കുതുകികൾ മാത്രമല്ല, സംസ്കാര സമ്പന്നർ കൂടി ആയിരിക്കും എന്ന് നിങ്ങൾ മനസ്സിലാക്കണം! പെൺകുട്ടികളെ ശല്യപെടുത്തുക, കമന്റടിക്കുക, പിന്നാലെ നടക്കുക തുടങ്ങിയ ചീപ്പ് പരിപാടികൾ ഞങ്ങൾക്ക് വശമില്ല! ഞങ്ങളിവിടെ പുസ്തകം എടുക്കാൻ മാത്രം ആണ് വരുന്നത്. നിങ്ങളീ പറയുന്ന മോനിഷയെ ഞങ്ങൾ അറിയില്ല! മോനിഷയ്ക്ക് ഞങ്ങളെയും അറിയാൻ സാധ്യത ഇല്ല! ഇതെല്ലാം ചില തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തിൽ മാത്രം ആരോ പറഞ്ഞുണ്ടാക്കിയ അപവാദങ്ങൾ ആണ്!" 
വളരെയധികം വായനാ ശീലം ഉള്ള പയ്യൻ ആണ് എന്ന് തോന്നിക്കോട്ടെ എന്ന് കരുതി ആണ് മനുഷ്യരാരും സംസാര ഭാഷയിൽ ഉപയോഗിക്കാത്ത വാക്കുകൾ എല്ലാം ഞാൻ ഉപയോഗിച്ചത്. ഞാൻ പ്രസംഗം അവസാനിപ്പിച്ച് എല്ലാരേയും ഒന്ന് നോക്കി. സുരേന്ദ്രൻ ചേട്ടൻ കണ്ണും തള്ളി നിൽക്കുക ആണ്! 
" അപ്പോ നിങ്ങൾക്ക് മോനിഷയെയും അവൾക്കു നിങ്ങളേം അറിയത്തില്ല!??" 
"ഇല്ല !!!" 
"ഉം.....! പുള്ളിക്കാരൻ ശരീരം അങ്ങനെ തന്നെ നിർത്തി തല മാത്രം പിന്നിലേക്ക്‌ ചരിച്ച് വീട്ടിനുള്ളിലേക്ക് നോക്കി ഒരു വിളി. 
"എടീ മോനിഷേ......ഇങ്ങോട്ടിറങ്ങി വന്നേ....!" 
എന്റെ ചങ്കിടിച്ചു. ഞാൻ നായകനായുള്ള പടത്തിലെ നായികയെ പരിചയപ്പെടുത്തുന്ന സീൻ ആണ്. പാതി അടഞ്ഞു കിടന്ന വീടിന്റെ വാതിൽ പെട്ടെന്ന് മുഴുവനായും തുറന്നു. അതാ വരുന്നു നായിക! മഞ്ഞ പാവാട, നരച്ച മഞ്ഞ ബ്ലൗസ്! മെലിഞ്ഞിട്ടല്ല അധികം തടിച്ചിട്ടുമില്ല....ഇരുനിറവും വട്ട മുഖവും ഉള്ള കൊച്ചു സുന്ദരി! പതിനാറ് വയസ്സ് പ്രായം കാണും. നിലത്തു നിന്ന് കണ്ണെടുക്കാതെ അവൾ നടന്നു വന്ന് ഏറ്റവും പിന്നിലായി നിലയുറപ്പിച്ചു. 
" ഇവന്മാരെ നിനക്ക് അറിയാവോടീ....????" 
മോനിഷ വളരെ സാവധാനം തല ഉയർത്തി. ഞങ്ങളുടെ കണ്ണുകൾ തമ്മിലിടഞ്ഞു. എന്റെ നിഷ്കളങ്കമായ മുഖം കാണുമ്പോൾ തന്നെ അവൾ അറിയില്ലെന്ന് പറയുകയും ഈ പ്രശ്നം അതോടെ അവസാനിക്കുകയും ചെയ്യും എന്നായിരുന്നു എന്റെ പ്രതീക്ഷ! എന്നാൽ നാല് കണ്ണുകൾ കൂട്ടിമുട്ടിയ നിമിഷം തന്നെ അതിന്റെ മുഖം നാണം കൊണ്ട് തുടുത്തു. ഒരു അന്തോം കുന്തോം ഇല്ലാത്ത നാണം. " ശ്ശെ!! ഇങ്ങനെ വല്ലോം ഉണ്ടായിരുന്നെങ്കിൽ എന്നോട് രഹസ്യമായി വേണ്ടേ പറയാൻ.....ഇതിപ്പോ എല്ലാരേം അറിയിച്ച് .....പോ..ഇവിടുന്ന് !!!" എന്ന് പറയും പോലെ! ഞാൻ ആകെ തളർന്നു. 
" എടീ ഇവന്മാരെ നിനക്കറിയാവോന്ന്??? 
മോനിഷ ഒരക്ഷരം മിണ്ടാതെ തല കുനിച്ചു. കാര്യങ്ങൾ കൈ വിട്ടു പോവുകയാണ്! പ്രശ്നത്തിന്റെ ഗൗരവം കുട്ടിക്ക് മനസ്സിലായിട്ടില്ല. രണ്ടു നിരപരാധികളായ ചെറുപ്പക്കാർ ആണ് നാണം കേടാണ് പോവുന്നത്. ഞാൻ അതിന്റെ അടുത്ത് ചെന്ന് വിശദമായി ഒന്ന് സംസാരിക്കാൻ തീരുമാനിച്ചു. അതിന്റെ മുന്നോടിയായി വോട്ടു ചോദിക്കുന്ന സ്ഥാനാർത്ഥി പിടിക്കുന്ന പോലെ യാചനാ മുദ്രയിൽ വിരലുകൾ കൂർപ്പിച്ചു പിടിച്ച് " മോനിഷേ....നോക്കൂ...." എന്ന് പറഞ്ഞു കൊണ്ട് അതിന്റെ നേർക്ക് നടന്നു. തികച്ചും അപ്രതീക്ഷിതമായതാണ് പിന്നീട് സംഭവിച്ചത്. ഞാൻ കൊച്ചിനെ വിളിച്ചിറക്കി കൊണ്ട് പോകാൻ ശ്രമിക്കുകയാണ് എന്ന് ഭയന്ന പോലെ രണ്ടു മൂന്ന് സ്ത്രീകൾ എന്റെ മുന്നിൽ ചാടി വീണു. " കേറി പോടീ അകത്ത് ....!" എന്ന് ഒരുത്തി. മോനിഷ ജീവനും കൊണ്ട് ഓടി അകത്തു കേറി. സുരേന്ദ്രൻ ചേട്ടൻ ഒരു അഭ്യാസിയെ പോലെ നിരങ്ങി വന്ന് എന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചു നിർത്തി. ആകെ ബഹളം. ശബ്ദ കോലാഹലം!! ഞാൻ അതി ദയനീയമായി അജിയെ നോക്കി. അജി മുണ്ടു മടക്കി കുത്തുന്നു. ഓടാൻ ആയിരിക്കും എന്ന് ഞാൻ ഉറപ്പിച്ചു. എന്നാൽ അജി ഓടിയില്ല! അവൻ നേരെ എന്റെ അടുത്ത് വന്ന് സുരേന്ദ്രൻ ചേട്ടന്റെ കൈയ്യിൽ നിന്ന് എന്റെ തല മോചിപ്പിച്ചു. എന്നിട്ട് കടുപ്പത്തിൽ പറഞ്ഞു " ചേട്ടാ....ദേഹത്ത് തൊട്ട് കളിക്കരുത് ....മര്യാദയ്ക്കാണെങ്കിൽ മര്യാദയ്ക്ക്....അല്ലെങ്കിൽ ഞങ്ങളും വെറും തറയാ....!" അതോടെ ശബ്ദങ്ങൾ ഉച്ചാവസ്ഥയിൽ ആയി. ഞാനല്ലാതെ ആരും മിണ്ടാതെ നിൽക്കുന്നില്ല! എല്ലാരും അലറുന്നു. അജി ഒട്ടും വിട്ടു കൊടുക്കുന്നില്ല! അതി ഭയങ്കരമായ വഴക്ക്! നാട്ടുകാർ ഒക്കെ ഓടി കൂടി. അവരുടെ സംഭാഷണങ്ങൾ എനിക്ക് കേൾക്കാം. 
"എന്തുവാ പ്രശ്നം? 
" ദാണ്ടെ ...ആ നടുക്ക് നിൽക്കുന്ന നരുന്ത് ചെറുക്കനില്ലേ? അവനു നമ്മുടെ സുരേന്ദ്രന്റെ മോളുമായിട്ടു പ്രേമം! പെണ്ണ് ചോദിക്കാൻ വന്നതാ..!" 
" തമ്പുരാനെ....കാലം പോയ പോക്ക് !" 
ഒറ്റാലിൽ കിടക്കുന്ന മീനിന്റെ അവസ്ഥ ആണ് എന്റേത്. ദൈവമേ....അല്പം സാഹിത്യ തല്പരത ഉണ്ടായിപ്പോയി എന്നതൊഴിച്ചാൽ ഞാൻ എന്ത് തെറ്റ് ചെയ്തു? 
ഏകദേശം പത്തു മിനിറ്റോളം ഒരേ തീവ്രതയിൽ തുടർന്ന വഴക്ക് ചെറിയ ഒരു ഇടവേളയിലേക്ക് പ്രവേശിച്ചു. മിക്കവരും അണച്ചു കഴിഞ്ഞു. ഈ സമയം അജി സുരേന്ദ്രൻ ചേട്ടന്റെ അടുത്ത് ചെന്ന് ശാന്തനായി പറഞ്ഞു. " ചേട്ടാ...ഒന്നിങ്ങോട്ടു വന്നേ....എനിക്കൊരു കാര്യം പറയാനുണ്ട്!" എന്ത് കൊണ്ടോ വളരെ അനുസരണയോടെ അദ്ദേഹം അവന്റെ കൂടെ ചെന്നു. അവർ ശബ്ദം താഴ്‌ത്തി സംസാരിക്കാൻ തുടങ്ങി. ഇടയ്ക്കിടയ്ക്ക് രണ്ട് പേരും എന്നെ നോക്കുന്നുമുണ്ട്. അത് കഴിഞ്ഞ ഉടൻ അവൻ എന്റെ അടുത്ത് വന്ന് എന്റെ കൈയ്ക്ക് പിടിച്ചു കൊണ്ട് രഹസ്യം പറയുന്ന പോലെ പറഞ്ഞു " ഇങ്ങോട്ട് ഒന്നും ചോദിക്കരുത്...ഞാൻ പറയുന്ന പോലെ കേട്ടോണം! നമ്മളീ പ്രശ്നം ഇവിടെ വെച്ച് സത്യം ചെയ്ത് അവസാനിപ്പിക്കാൻ പോവ്വാണ്!" എനിക്ക് ഒന്നും മനസ്സിലായില്ല! അവൻ എന്റെ കൈ പിടിച്ച് അയാളുടെ കൈയ്യിൽ വെച്ച് കൊണ്ട് എല്ലാരും കേൾക്കെ ഉറക്കെ പറഞ്ഞു " ദാണ്ടെ ..... എല്ലാരും കൂടെ ഇങ്ങനെ കെടന്നു ബഹളം വെച്ചോണ്ട് ഒരു കാര്യോമില്ല! .....ഇതോടു കൂടി നിങ്ങൾ എല്ലാരും ഇത് മറന്നേക്കണം. നമ്മളൊക്കെ അന്തസ്സും അഭിമാനോം ഉള്ള ആൾക്കാരാണ്. ഒരാളുടെ കൈ പിടിച്ച് സത്യം ചെയ്തു കഴിഞ്ഞാൽ പിന്നെ തല പോയാലും അതീന്നു മാറില്ല! ശരിയല്ലേ?" അജി എന്നെ നോക്കി. 
സത്യം ചെയ്യാനോ?? അയ്യേ....!!! ഞാൻ കൈ വലിച്ചു 
"എന്നെ കൊണ്ടെങ്ങും പറ്റത്തില്ല!" ഞാൻ തീർത്തു പറഞ്ഞു. 
"കണ്ടോ..കണ്ടോ...അവൻ വഴങ്ങാത്തതു കണ്ടോ...രണ്ടും കൽപ്പിച്ച് ഇറങ്ങിയേക്കുവാ...! 
സ്ത്രീകൾ എല്ലാം ഉണർന്നു. അടുത്ത ബഹളം ഉടൻ തുടങ്ങാൻ പോകുന്നു എന്ന് തോന്നി. അജി വീണ്ടും എന്റെ കൈയ്ക്ക് കേറി പിടിച്ചു. ഇനി സമ്മതിക്കാതിരിക്കുന്നതിൽ കാര്യമില്ല! ഞാൻ വഴങ്ങി. അജി എന്റെ കൈ ഒരിക്കൽ കൂടി അങ്ങേരുടെ കൈക്കുള്ളിൽ വെച്ച് അവന്റെ കൈ അതിന്റെ മോളിൽ വെച്ചു. എന്നിട്ട് ഗൗരവത്തിൽ എന്നെ നോക്കി പറഞ്ഞു. " മനസ്സിലായല്ലോ ഇത് വെറും വാക്കല്ല! ഇതോടെ എല്ലാം അവസാനിപ്പിച്ചോണം!" ഞാൻ കണ്ണും തള്ളി നിൽക്കുക ആണ്. അവൻ സത്യവാചകം ചൊല്ലി തുടങ്ങി. " ഈ നിമിഷം മുതൽ ഞാൻ മോനിഷയെ നോക്കുകയോ, പിന്നാലെ നടക്കുകയോ, പ്രേമിക്കുകയോ, ശല്യപ്പെടുത്തുകയോ ചെയ്യുന്നതല്ല.....ഇത് സത്യം സത്യം സത്യം!!!" ഇതിനു മുൻപും ഈ പറയുന്നതൊന്നും ഞാൻ ചെയ്തിട്ടില്ലല്ലോ എന്ന് ചോദിക്കുന്ന കണ്ണുകളോടെ, വിറയ്ക്കുന്ന ശബ്ദത്തിൽ ഞാൻ സത്യം ചെയ്തു കൊടുത്തു. 
പ്രശ്നം ഏതാണ്ട് അവിടെ അവസാനിച്ചു. ആരും ഒന്നും മിണ്ടുന്നില്ല! എല്ലാം തകർന്നവനെ പോലെ ഞാൻ തിരിഞ്ഞു നടന്നു. ആ നടപ്പ് ജനലഴിയിലൂടെ മോനിഷ കണ്ടിട്ടുണ്ടെങ്കിൽ ഉറപ്പായും ഇന്നും ഞാൻ അവളുടെ മനസ്സിന്റെ ഒരു നോവായിരിക്കും. അജി സൈക്കിളെടുത്തു. എന്നോട് കേറാൻ പറഞ്ഞു. "നമുക്ക് കുറച്ചു ദൂരം നടക്കാം..അജി! എനിക്ക് ആകെപ്പാടെ ഒരു സുഖമില്ലായ്മ!" ഞാൻ പറഞ്ഞു. ജീവിതത്തിലെ ആദ്യ ബ്രേക്ക് അപ്പ് കഴിഞ്ഞുള്ള വരവാണ്. അതും പ്രേമിക്കാത്ത പെണ്ണുമായി. എങ്ങനെ സുഖം ഉണ്ടാകാനാണ്. കുറച്ചു ദൂരം നടന്നിട്ട് ഞാൻ അജിയുടെ കൈയ്യിൽ നിന്ന് സൈക്കിൾ വാങ്ങി ചവിട്ടി. അവൻ പിന്നിൽ ഇരുന്നു. ഞാൻ പറഞ്ഞു. 
"എന്നാലും ഇവന്മാരെ അറിയാവോന്ന് അങ്ങേര് ചോദിച്ചപ്പോ ആ പെണ്ണ് ഒരക്ഷരം മിണ്ടിയില്ലല്ലോ അജി! അല്ലാരുന്നെങ്കിൽ ഇത്രയും പ്രശ്നം ഒന്നും ഉണ്ടാകത്തില്ലാരുന്നു". 
"അതിന് അവൾക്ക് നമ്മളെ അറിയാല്ലോ!" 
ഞാൻ ഞെട്ടി. "എങ്ങനെ???" 
"എന്നും നമ്മള് പുസ്തകം എടുക്കാൻ വരുന്ന സമയത്താണല്ലോ അവള് കോളേജീന്ന് വരുന്നത്. ഞാൻ സൈക്കിളിന്റെ പിറകിൽ ഇരുന്നോണ്ട് അഞ്ചാറ് തവണ സൈറ്റ്‌ അടിച്ചു കാണിച്ചിട്ടുണ്ട്!" 
" സാമദ്രോഹീ.....എന്നിട്ട് ആണോ എന്നെ കൊണ്ടീ സത്യം എല്ലാം ചെയ്യിച്ചത്???!! ഞാൻ സൈക്കിൾ നിർത്തി ഇറങ്ങി. 
" അല്ല....ഇതല്ലാതെ വേറെ ഒന്നും ഉണ്ടായിട്ടില്ല! അജി തലയിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു." പെറ്റ തള്ള സത്യം! ഞാൻ ഒരു കമന്റു പോലും അടിച്ചിട്ടില്ല !!!" 
ഞാൻ തണുത്തു. അജിയെ എനിക്കറിയാം. അല്ലെങ്കിൽ തന്നെ ഇനി അവനോട് വഴക്കടിച്ചിട്ട് എന്ത് കാര്യം. ഒക്കെ ആ സ്ത്രീ ഉണ്ടാക്കിയ പൊല്ലാപ്പാണ്! ഞാൻ വീണ്ടും സൈക്കിൾ എടുത്തു. 
" എന്നാലും...ഇനി പുസ്തകം എടുക്കാൻ അങ്ങോട്ട് പോകാൻ പറ്റത്തില്ലല്ലോ അജി!" 
"സാരമില്ല...നമുക്ക് നാളെ മുതുകുളം വായനശാലേല് പോയി ഒരു മെംബർഷിപ്പ് എടുക്കാം. ഇവിടുത്തെ പോലെ ഒരു പ്രശ്നം അവിടെ ഒരിക്കലും ഉണ്ടാകത്തില്ല! അതുറപ്പാ!! 
" അതെന്താ..???!" 
"അവിടെ വായനശാലേടെ അടുത്തെങ്ങും പെണ്പിള്ളേരുള്ള വീടില്ല! പോരെങ്കിൽ അവിടെ ഇരിക്കുന്നത് ഒരു കെളവനും!" 
ആനന്ദലബ്ധിക്കിനി എന്ത് വേണം? ഞാൻ സൈക്കിൾ ആഞ്ഞു ചവിട്ടി.

By Alappuzhakkaran

നുറുങ്ങുകൾ

1
ജോൺ വർഗ്ഗീസ് ആണ് ആദ്യം കണ്ടത്. സനീഷ് ഭാർഗ്ഗവൻ, സലിം കോയ, ശിവകുമാർ സദാശിവൻ എന്നിവർ പിന്നാലെ കണ്ടു. ഉച്ച കഴിഞ്ഞുള്ള ആദ്യ പീരീഡ്‌ ആണ്. കരുണാകരൻ സാറിന്റെ ക്ലാസ്സ്. ഇൻഷുറൻസ് ഏജൻറ്റ് കൂടിയാണ് സാറ്! അതിന്റേതായ ഒരുപാട് എഴുത്തു കുത്തുകൾ ഉണ്ട്! അത് തീർന്ന ശേഷമേ ക്ലാസ് എടുക്കുകയുള്ളു. അത് കൊണ്ട് അത് തീരരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ജനാലയിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുമ്പോഴാണ് ജോൺ വർഗ്ഗീസ് അത് കാണുന്നത്! കഞ്ഞിപ്പുരയുടെ വടക്ക് മാറി, ഗ്രൗണ്ടിലോട്ടിറങ്ങുന്ന വഴിയുടെ ഒത്ത നടുക്ക്, മണ്ണിൽ പുതഞ്ഞൊരു അഞ്ഞൂറ് രൂപാ നോട്ട്!! കണ്ണിൽ ഇരുട്ട് കേറിയ പോലെ. ജോൺ വർഗ്ഗീസ് കണ്ണ് തിരുമ്മി ഒന്നൂടെ നോക്കി. അതെ! അത് തന്നെ! ഒരൽപ്പം നനഞ്ഞിട്ടുണ്ടെന്നു തോന്നുന്നു. അല്ലെങ്കിൽ കാറ്റടിച്ച് ഇതിനോടകം പറന്നു മാറേണ്ടതാണ്. കർത്താവേ...വേറെ ആരും ഇത് കാണുന്നുണ്ടാകല്ലേ..!! അഴി ഇല്ലാത്ത തടി കട്ടള ജനാലയാണ്. ഒറ്റ ചാട്ടത്തിന് പുറത്തിറങ്ങി അതെടുക്കാം. പക്ഷെ ചാടിയില്ല. കരുണാകരൻ സാറ് ഒരു ദാക്ഷിണ്യം ഇല്ലാത്ത ദുഷ്ടൻ ആണ്. അടിച്ചു തുട പൊളിക്കും. ഇനിയിപ്പോ അങ്ങേര് കാണാതെ ഇറങ്ങി എടുത്ത് തിരിച്ചു കേറാം എന്ന് വച്ചാൽ ജോൺ വർഗ്ഗീസ് ചാടിയാൽ എല്ലാരും കാണും. അത്ര വലിയ ശരീരം ആണ്. ബല്ലടിയ്ക്കുന്നതു വരെ കാത്തിരിക്കുകയെ നിവൃത്തി ഉള്ളു.
2
വേറെ ആരെങ്കിലും ആരുന്നെങ്കിൽ സനീഷ് ഭാർഗ്ഗവൻ കൈ മുട്ട് കൊണ്ട് നല്ല ഇടി കൊടുത്തേനെ. പക്ഷെ ജോൺ വർഗ്ഗീസ് കാലൻ ആണ്. അവനെ ഇടിക്കാൻ ചെന്നാൽ വിവരം അറിയും. തടി മാത്രമല്ല ഒടുക്കത്തെ ആരോഗ്യോം ഉണ്ട്! പത്തു ബിയിലെ സാം കുട്ടിയെ പൂച്ച കുട്ടിയെ പോലെ പൊക്കി എറിഞ്ഞവനാണ് . പി ടി. സാറിനെ പുഷ്പം പോലെ പഞ്ച് പിടിച്ചു തോൽപ്പിച്ചവനാണ്. എന്ന് കരുതി ഇങ്ങനെ ഉണ്ടോ ഒരു ശല്യം. തിരിയുന്നു, പിരിയുന്നു ഇടയ്ക്കിടയ്ക്ക് ജനലിലൂടെ പുറത്തേക്ക് തല ഇട്ട് നോക്കുന്നു. അടുത്തിരിക്കുന്നവനെ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാകൂ. പക്ഷെ എന്തിന്? സാധാരണ ക്ലാസ്സിൽ സാർ ഉണ്ടേൽ പ്രതിമ കണക്കെ പമ്മി ഇരിക്കുന്നോനാണ്. ഇവനിത് എന്തോന്നാണീ തല ഇട്ടു നോക്കുന്നത്? അവിടേതാണ്ട് കിടക്കുന്നോ?സനീഷ് ഭാർഗ്ഗവൻ ജോൺ വർഗ്ഗീസിന്റെ പിന്നിലൂടെ ബദ്ധപ്പെട്ട് തല എത്തിച്ച് പരതി നോക്കി.
3
എന്ത്???
ഒന്നൂല്ല....!!!!
എന്ത്?????
ഒന്നൂല്ല....!!!! ഞാങ്കണ്ട്!!
എന്ത് കണ്ട്??
ഞാങ്കണ്ട്!!
ആദ്യങ്കണ്ടേ ഞാനാ...! ഞാൻ എടുക്കും. ജോൺ വർഗ്ഗീസ് സനീഷ് ഭാർഗ്ഗവന്റെ കൈ പിടിച്ചമർത്തി.
കാണാം..!
കാണാം...!
അല്പനേരത്തെ മൗനത്തിന് ശേഷം സനീഷ് ഭാർഗ്ഗവൻ ജോൺ വർഗ്ഗീസിനെ നോക്കി.
എന്ത്??
പപ്പാതി!
ആദ്യങ്കണ്ടേ ഞാനാ...! മുഴുവൻ ഞാൻ എടുക്കും.
നിനക്ക് മുന്നൂറ് ! എനിക്കിരുന്നൂറ്‌!
പള്ളീ പറഞ്ഞാ മതി!
ഞാൻ എല്ലാരോടും പറേം. നിന്നെക്കാൾ മുമ്പേ വേറെ ആബ്ബിള്ളേര് ചാടി എടുക്കും.
ബല്ലടിക്കുമ്പോ ജന്നലിനടുത്ത് ആര് വന്നാലും ഞാൻ ഇടിക്കും!
ഞാൻ സാറിനോട് വിളിച്ചു പറേം!
എങ്കി ഇന്ന് നീ കരഞ്ഞോണ്ട് വീട്ടീ പോം!
4
എല്ലാ പ്രതീക്ഷയും അവസാനിച്ചു. ബല്ലടിക്കാൻ ഇനി നിമിഷങ്ങളെ ഉള്ളു. അതിനുള്ളിൽ ഒരു വഴി കണ്ടെത്തണം. സനീഷ് ഭാർഗ്ഗവൻ രഹസ്യം വേണ്ടപ്പെട്ടവരും തൊട്ടടുത്തിരിക്കുന്നവരും ആയ സലിം കോയ, ശിവകുമാർ സദാശിവൻ എന്നിവരോട് കൂടി പങ്കു വെയ്ക്കാൻ തീരുമാനിച്ചു. ഒരു ടീം രൂപപ്പെടുത്തേണ്ടതുണ്ട്. ഒന്നോ രണ്ടോ പേർക്ക് മാത്രമായി ജോൺ വർഗ്ഗീസിനെ തടയാൻ പറ്റില്ല! സാറ് കാണാതെ ഞൊടിയിടയിൽ സലിം കോയയെ വലതു വശത്തേക്ക് നീക്കി അവൻ ശിവകുമാർ സദാശിവന്റെ അടുത്തെത്തി. തോളിലൂടെ കൈകളിട്ട് രണ്ടാളേം ഡസ്‌കോളം താഴ്ത്തിപ്പിടിച്ച് കാര്യം ധരിപ്പിച്ചു. വളരെ തന്ത്രപരമായി മറ്റാരും ശ്രദ്ധിക്കാത്ത തരത്തിൽ തല എത്തിച്ച് സലിം കോയയും ശിവകുമാർ സദാശിവനും അത് കണ്ട് ബോധ്യപ്പെടുകയും ചെയ്തു.
"ഇനി ഉള്ള ഓരോ മിനിറ്റും വളരെ വിലപ്പെട്ടതാണ്! സനീഷ് ഭാർഗ്ഗവൻ പറഞ്ഞു.
എന്താ നിന്റെ പ്ലാൻ?
സനീഷ് ഭാർഗ്ഗവൻ ബുക്ക് തുറന്നു.പേന കൊണ്ട് അതിൽ ഒരു വലിയ ചതുരം വരച്ചു. വലതു വശത്ത് ഒരു ചെറിയ ചതുരം വേറെയും. ഒന്ന് ക്ലാസ് മുറി. മറ്റേത് ജനാല. ജനാലയ്ക്കപ്പുറത്ത് ഒരു കുത്ത്. അവിടെയാണ് നോട്ട് കിടക്കുന്നത്. ജനാല ചതുരത്തിനോട് ചേർന്ന് അത്ര തന്നെ വലിപ്പം ഉള്ള ഒരു വൃത്തം കൂടി വരച്ചു.
" ഇത് ജോൺ വർഗീസ്സ്" സലിം കോയ പറഞ്ഞു.
"അതെ! ഇത് ജോൺ വർഗീസ്സ്" സനീഷ് ഭാർഗ്ഗവന് തന്നോട് തന്നെ അസൂയ തോന്നി. എത്ര കൃത്യമായി വരച്ചിരിക്കുന്നു. ഈ ലോകത്ത്‌ വരയ്ക്കാൻ ഏറ്റോം എളുപ്പം ജോൺ വർഗ്ഗീസ് തന്നെ!
"ബല്ലടിച്ചു സാർ ക്ലാസ്സ് വിട്ടാലുടൻ തടിയൻ ജനാല ചാടും. അതിനു മുൻപേ ഞാനും സലിം കോയയും കൂടി അവനെ പിന്നീന്ന് വട്ടം ചുറ്റി പിടിക്കും. ആ സമയം കൊണ്ട് നീ മുന്നിലത്തെ വാതിലിലൂടെ ഓടിപ്പോയ് അതെടുക്കണം."
"അപ്പൊ നിങ്ങളെ രണ്ടാളേം തടിയൻ ശരിയാക്കില്ലേ?" ശിവകുമാർ സദാശിവൻ ചോദിച്ചു.
"ശരീരം നോവാതെ കാശൊണ്ടാക്കാൻ പറ്റത്തില്ല! രണ്ട് തല്ലൊക്കെ കിട്ടീന്ന് വരും. സഹിച്ചോളാം!"
"പക്ഷെ ഒരു പ്രശ്നം ഉണ്ട്! നിങ്ങള് രണ്ടാള് പിടിച്ചാലൊന്നും ജോൺ വർഗ്ഗീസ് നിൽക്കാൻ പോണില്ല! അവന് ആനേടെ ബലവാ...! എന്നും ഉച്ചയ്ക്ക് നമ്മള് കഞ്ഞി കുടിക്കുമ്പോ അവൻ പൊറോട്ടേം ചിക്കനും ആണ് കഴിക്കുന്നത്. അവന്റപ്പന് ഹോട്ടലുണ്ട്!"
"അപ്പൊ പിന്നെ എന്ത് ചെയ്യും??
"ഞാങ്കൂടെ പിറകീന്നു പിടിക്കാം...നമുക്ക് അപ്പുറത്തെ ബഞ്ചിൽ ഇരിക്കുന്ന പല്ലൻ വിനോദിനെക്കൂടെ കൂട്ടാം. അവൻ നല്ല ഓട്ടക്കാരൻ ആണ്. നമ്മള് പിടിക്കുമ്പോ അവൻ ഓടി പോയ് കാശ് എടുത്തോളും.
നിമിഷങ്ങൾക്കകം കെ പി വിനോദ് കുമാർ എന്ന പല്ലൻ വിനോദ് ആ ബെഞ്ചിലേക്ക് മാറ്റപ്പെട്ടു. സനീഷ് ഭാർഗ്ഗവൻ ഒരിക്കൽ കൂടി പദ്ധതി വിശദീകരിച്ചു. " നോക്ക് പല്ലാ....കാശ് എടുത്തു കഴിഞ്ഞാലുടൻ ക്ലാസ്സിൽ കേറാൻ പാടില്ല. തടിയൻ പിടിക്കും. അടുത്ത പീരീഡിലെ സാർ വരുന്ന വരെ പല്ലൻ പുറത്തു വെയിറ്റ് ചെയ്യണം. സാറ് ക്ലാസ്സിൽ കേറുമ്പോ അങ്ങേരുടെ കൂടെ കേറണം. ചോദിച്ചാ പെടുക്കാൻ പോയതാന്നു പറയണം. ലാസ്‌റ് പീരീഡ്‌ ഡ്രിൽ ആണ്. അതോണ്ട് ആ ബെല്ലടിച്ചാ ഉടൻ ഗ്രൗണ്ടിലോട്ട് ഓടി രക്ഷപ്പെടാം. തടിയന് നിന്നെ ഓടി പിടിക്കാൻ പറ്റില്ല! വീതം വെയ്പോക്കെ സ്‌കൂൾ വിട്ടിട്ട്!" അല്പനേരത്തേക്ക് എല്ലാവരും ചിന്തയിലായി. പഴുതുകൾ ഇല്ലാത്ത പ്ലാൻ ആണ്...പേടിക്കാൻ ഒന്നുമില്ല! "എല്ലാരും റെഡി അല്ലെ? ആർക്കേലും എന്തേലും പറയാൻ ഉണ്ടേൽ ഇപ്പൊ പറേണം. ഏത് നിമിഷോം ബല്ലടിക്കാം..!" സനീഷ് ഭാർഗ്ഗവൻ പറഞ്ഞു. ആരും ഒന്നും മിണ്ടുന്നില്ല! എല്ലാർക്കും സമ്മതം. പെട്ടെന്ന് എന്തോ ഓർത്തിട്ടെന്ന പോലെ കെ പി വിനോദ് കുമാർ പറഞ്ഞു. എനിക്കൊരു കാര്യം പറയാനുണ്ട്.സനീഷ് ഭാർഗ്ഗവൻ കാത് കൂർപ്പിച്ചു. പുതുതായി ചേർക്കപെട്ടവൻ ആണെങ്കിലും ഈ പദ്ധതിയിലെ ഏറ്റവും പ്രധാന ദൗത്യം നിർവ്വഹിക്കുന്നവനാണ്. അവന്റെ അഭിപ്രായത്തിന് വലിയ വിലയുണ്ട്.
"പറ പല്ലാ..എന്താ നിന്റെ സംശയം?"
കെ പി വിനോദ് കുമാർ തല നീട്ടി സനീഷ് ഭാർഗ്ഗവന്റെ ചെവിയ്ക്കടുത്തു കൊണ്ട് വന്നു. എന്നിട്ട് രഹസ്യം പറയുന്ന പോലെ പറഞ്ഞു. "അതേ.....പല്ലൻ നിന്റെ തന്ത!!!!"
5
ബല്ലടിച്ചു. കരുണാകരൻ സാർ എഴുത്തു നിർത്തി എണീറ്റു. അദ്ദേഹം ക്ലാസ്സിന് പുറത്ത് ആദ്യ കാൽ വെച്ചതും ജോൺ വർഗ്ഗീസ് ജനാലയ്ക്ക് നേരെ കുതിച്ചു. കെ പി വിനോദ് കുമാർ വാതിലിനു നേരെയും. സനീഷ് ഭാർഗ്ഗവൻ, സലിം കോയ, ശിവകുമാർ സദാശിവൻ എന്നിവർ ജോൺ വർഗ്ഗീസിന്റെ പുറത്ത് ചാടി വീണ് പിന്നോക്കം വലിച്ചു. തികച്ചും അപ്രതീക്ഷിതമായ ആക്രമണം ആയിരുന്നത് കൊണ്ട് അവൻ ഒന്ന് പകച്ചു. ഈ സമയം കൊണ്ട് കെ പി വിനോദ് കുമാർ പുറത്തെത്തി. ജനാലയിലൂടെ പല്ലനെ പുറത്തു കണ്ട ജോൺ വർഗ്ഗീസിന്റെ ശരീരം ഒന്നടങ്കം വിറച്ചു. ഇനി താമസിച്ചു കൂടാ!! മൂന്ന് പേരെയും പുറത്തിട്ടു കൊണ്ട് കട്ടളപ്പടിയിൽ കൈ പിടിച്ച്, അതിനു താഴെയുള്ള ഭിത്തിയിൽ കാൽ വെച്ച് സർവ്വ ശക്തിയും എടുത്ത് അവൻ മുന്നോട്ടാഞ്ഞു. ബ്രിട്ടീഷുകാരുടെ കാലത്ത് പണി കഴിപ്പിച്ച, ശതാബ്ധി കഴിഞ്ഞ ആ സ്‌കൂൾ കെട്ടിടത്തിന് അത്രയും ശക്തി താങ്ങാനായില്ല. വലിയ ശബ്ദത്തോടെ ജനലടക്കം ആ ഭാഗം തകർന്നു വീണു. കുമ്മായം പുരണ്ട കട്ടകൾക്ക്‌ മീതെ, ഒടിഞ്ഞ കഴുക്കോലുകൾക്ക് മീതെ, തകർന്ന ഓടുകൾ!! എല്ലാറ്റിന്റെയും അടിയിൽ ജോൺ വർഗ്ഗീസ്, സനീഷ് ഭാർഗ്ഗവൻ, സലിം കോയ, ശിവകുമാർ സദാശിവൻ....വേറെയും ഒരുപാട് പേർ. കൂട്ട നിലവിളി!!!
6
ജോൺ വർഗ്ഗീസ് കണ്ണ് തുറന്നു. ഒരു ദിവസം കഴിഞ്ഞു പോയിരിക്കുന്നു. അറിഞ്ഞതേയില്ല! ആസ്പത്രി കട്ടിലിൽ ആണ് കിടക്കുന്നത്. തലയ്ക്ക് കെട്ടുണ്ട് . കൈയ്യിലും കാലിലും കെട്ടുകൾ ഉണ്ട്. ശരീരമാസകലം വേദന! ഭാഗ്യത്തിന് എല്ലുകൾക്കൊന്നും ഒടിവില്ല! അവൻ ചുറ്റിലും നോക്കി. ജനറൽ വാർഡ് ആണ്. അമ്മച്ചി അടുത്തിരിപ്പുണ്ട്! അടുത്തടുത്തുള്ള എല്ലാ കട്ടിലുകളിലും പരിചിത മുഖങ്ങൾ! "നല്ല വേദന ഉണ്ടോ?" ശബ്ദം കേട്ട് ബദ്ധപ്പെട്ട് തിരിഞ്ഞു നോക്കുമ്പോൾ കട്ടിൽ തലയ്ക്കൽ ചിരിച്ചു കൊണ്ട് സനീഷ് ഭാർഗ്ഗവൻ! ഷർട്ട് ഇട്ടിട്ടില്ല. വലത്തെ കൈ പ്ലാസ്റ്ററിട്ട് കഴുത്തിൽ തൂക്കിയിരിക്കുന്നു. വലത്തേ കാലിലും നീളത്തിൽ കെട്ടുണ്ട്! അവൻ ജോൺ വർഗ്ഗീസിന്റെ കട്ടിലിൽ ഇരുന്നു. "ദൈവം സഹായിച്ച് എല്ലാർക്കും ഇത്രേ ഒക്കെയേ പറ്റിയൊള്ളു. ആരും ചത്തില്ല!" ജോൺ വർഗ്ഗീസ് കുറ്റബോധത്തോടെ തല കുനിച്ചു.
"നിനക്ക് മുന്നൂറ് ! എനിക്കിരുന്നൂറെന്ന് ഞാൻ പറഞ്ഞതാ....സനീഷ് ഭാർഗ്ഗവൻ ചിരിച്ചു. ജോൺ വർഗ്ഗീസിനും ചിരി വന്നു. "ആ കാശ് ആര് കൊണ്ടു പോയ്?"
" ആർക്കറിയാം...പല്ലൻ അപ്പുറത്തെ വാർഡിൽ കിടപ്പുണ്ട്! കട്ട തെറിച്ചു വീണ് അവന്റെ കാലിന് പൊട്ടലുണ്ട്!"
" എന്നാലും നമുക്ക് ആർക്കും വിധി ഇല്ലാതെ പോയല്ലോ?!!" ജോൺ വർഗ്ഗീസ് നിരാശപ്പെട്ടു.
"അത് പോട്ടെ! അഞ്ഞൂറ് പോയപ്പോ അയ്യായിരം വന്നില്ലേ!! അതോർത്തു സന്തോഷിക്ക്!"
"എന്ത് അയ്യായിരം??"'
" നീ അറിഞ്ഞില്ല അല്ലെ? സനീഷ് ഭാർഗ്ഗവൻ അപ്പുറത്തെ കട്ടിലിൽ പോയ് പത്രം എടുത്തു കൊണ്ട് വന്ന് നിവർത്തി കാണിച്ചു. "സ്‌കൂൾ കെട്ടിടം ഇടിഞ്ഞു വീണു പരിക്കേറ്റ പന്ത്രണ്ടു കുട്ടികളുടെയും ആശുപത്രി ചിലവുകൾ സർക്കാർ ഏറ്റെടുക്കുന്നതിനോടൊപ്പം ഓരോരുത്തർക്കും അടിയന്തിര നഷ്ടപരിഹാരമായി അയ്യായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും........"
"ഹൂ........ ജോൺ വർഗ്ഗീസ് പൊട്ടിച്ചിരിച്ചു!!! അടുത്തിരിക്കുന്ന അമ്മച്ചിയോട് അവൻ ഉറക്കെ പറഞ്ഞു. " ഞാൻ അധ്വാനിച്ചുണ്ടാക്കിയ കാശ് ആണ്. അതേ തൊട്ടേക്കരുതെന്നു അപ്പച്ചനോട് പറേണം!!

by: ആലപ്പുഴക്കാരൻ 

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo