Showing posts with label ജയേഷ് ഇടുക്കി. Show all posts
Showing posts with label ജയേഷ് ഇടുക്കി. Show all posts

പറന്നകലാം


പറന്നകലാം രണ്ടിണക്കിളികളായ്
ചക്രവാള സീമകൾക്കപ്പുറത്തേക്ക്
ഏഴു സാഗരങ്ങളും കടന്ന്
അവിടെയാണാ വാഗ്ദത്ത ഭൂമി.....
വസന്തം മാത്രം ചേക്കേറും 
മലയടിവാരത്തിൽ
ദേവസന്നിധിയിൽ നിന്നെത്തും
മൂടൽമഞ്ഞിനാൽ തോരണം
ചാർത്തിയൊരാ പുൽക്കുടിലിൻ
പൂമുഖത്ത് തോളോട് തോൾ
ചേർന്നിരിക്കാം.......
ചന്ദനഗന്ധം പേറിയെത്തുമാ
മന്ദമാരുതനിൽ അലിഞ്ഞ്
കുന്നിൻ മുകളിലെ ക്ഷേത്രത്തിലെ
ശിവ സ്തുതി കേട്ടുണർന്ന്
പുലരിയിലാ കുളിർ പൊയ്കയിൽ
നീരാടി രസിക്കാം........
ഇളം ചൂടേറ്റാ പുൽമൈതാനങ്ങളിൽ
വിശ്രമിക്കാം
സന്ധ്യാമേഘങ്ങൾ കുങ്കുമവർണ്ണം
പൊഴിക്കവേ കുന്നിൻ മുകളിലെ
ദേവനെ തൊഴാം........
നക്ഷത്രങ്ങൾ നിറഞ്ഞൊരാ രാവണയവേ
ഇരു മാനസങ്ങളുമൊന്നായ് ശ്രുതിയിടുമാ
ഹൃദയരാഗത്തിനായ് കാതോർക്കാം.....
കാലചക്രം ഉരുണ്ടകലവേ
യുഗാന്തരങ്ങൾക്കപ്പുറം
രണ്ട് ശിലകളായ് നമ്മളെ കണ്ടെത്തട്ടേ
അനശ്വര പ്രണയത്തിൻ പ്രതീകങ്ങളായ്........


by: JayeshIdukky

രാക്കിളികൾ



രാക്കിളികൾ ചിലയ്ക്കുന്നൊരീ 
രാവിന്റെ നിഗൂഡമാം യാമങ്ങളിൽ.....
നിതാന്ത നിദ്രയിൽ മുഴുകിയൊരെൻ 
അന്ത:രംഗ കവാടങ്ങളിൽ....
നിലയ്ക്കാത്തൊരു പെരുമ്പറയായ്
മുഴങ്ങുന്നത് നിന്റെ പാട്ടിന്റെ ഈണം
തെറ്റിയ പല്ലവികളല്ലേ.......
ഞെട്ടിപ്പകച്ചു ഞാൻ നിദ്ര വിട്ടകലുമ്പോൾ
എങ്ങു പോയ് നിൻ പാട്ടിൻ ഈരടികൾ....
പിന്നെ ഞാൻ കേൾക്കുന്നത് താളം
തെറ്റിയൊരെൻ ജീവിതഗാനത്തിൻ
ഇടമുറിഞ്ഞൊരീ ശീലുകൾ......
..................................
പ്രണയം പൂത്തൊരാ താഴ്വരയിലൂടെ
നിന്നെയും തേടി ഞാനത്രയലഞ്ഞു.....
അവസാനമെന്റെ കർണ്ണങ്ങളിൽ
മുഴങ്ങുന്നത് നീ ചടുല നൃത്തമാടി-
യൊരെൻ ജീവിത വേദികളിൽ
നിന്നുയരുന്ന നിലയ്ക്കാത്ത ചിലങ്കകൾ
തൻ താളം തെറ്റിയ മണിനാദം.....
ഞാനെന്റെ നിദ്രയെ പുൽകവേ വീണ്ടും
കേൾക്കുന്നു നിൻ തേങ്ങലുകൾ....
ഇല്ലയെനിക്കിനി നിദ്ര..... തേടട്ടെ....
ഞാൻ വീണ്ടും നിന്നെയിനിയെൻ
ആത്മാവിൻ അന്തരംഗങ്ങളിൽ......


By: jayesh idukky

സമ്മാനം



നിശീഥിനിയുടെ എകാന്തയാമങ്ങളിൽ
കിനാവിന്റെ ജനൽച്ചില്ലയിലൊരിക്കലൊരു
വെൺപ്രാവായ് അവളെത്തി......
രാക്കുയിലിൻ താളം തെറ്റിയ ഈരടികളും
രാപ്പാടി തൻ ഗദ്ഗദങ്ങളും ഞാനറിഞ്ഞില്ല
അവളുടെ ശുഭ്രവർണ്ണമെന്നിൽ പ്രത്യാശയുടെ വിത്തുകൾ പാകിയിരുന്നു.....
അവളുടെ അധരത്തിൽ ഉടയാത്തൊരു മയിൽപ്പീലി... 
അതെന്നോ എന്നിൽ നിന്നും നഷ്ടപ്പെട്ടതാവണം......
ഞാനുറങ്ങും വരെയവളാ ജനൽച്ചിലയിൽ
എനിക്കു കൂട്ടിരിന്നേക്കാം.....
പകലവന്റെ താപമേൽക്കാതെ തമസ്സെങ്ങോ
പോയ് മറഞ്ഞു......
പതിതുറന്നൊരെൻ ജനൽപ്പാളിയിലൂടെയൊരു കുളിർക്കാറ്റ്
ഒരുവേളയെന്നെ തഴുകി കടന്നു പോയ്....
തുഷാരബിന്ദുക്കളലലങ്കരിച്ചയെൻ 
ആരാമത്തിലെ പനിനീർച്ചെടി പൂത്തിരിക്കുന്നു.......
രക്തവർണ്ണമുള്ളൊരു പനിനീർ പൂവ്
അതെനിക്കുള്ളയവളുടെ സമ്മാനമായിരിക്കണം..........

ഓർമയിലെ ഓണം


ഓർമ്മയിലെ ഓണത്തിനെന്തൊരഴകാണ്
ചിങ്ങം പുലർന്നാൽ പ്രകൃതി പോലും
പൂക്കളായും ശലഭങ്ങളായും തുമ്പികളായും
നീലാകാശമായും അണിഞ്ഞൊരുങ്ങും
ഓണത്തപ്പനെ വരവേൽക്കാൻ......
ഓണക്കോടിയും, ഓണവെയിലും, ഓണസദ്യ യും, അത്തപ്പൂക്കളവും, ഊഞ്ഞാലും, ഓണപ്പാട്ടും, തുമ്പിതുള്ളലുമെല്ലാം അന്നത്തെ ഓണമോർമ്മകൾ.........
ഓണക്കോടിക്കിന്നൊരു അർത്ഥവുമില്ല
ഓണനാളിലെ അടുക്കള ബഹളങ്ങളും
ഇന്നില്ല..... ഒന്നു വിളിച്ചാൽ ഓണസദ്യ റെഡി
കുടുംബസമേതം വാഴയിലയിലെ ഓണസദ്യ ഓർമ്മ മാത്രം.....
ഓണത്തുമ്പികളെ കാണാനില്ല...
പൂക്കൾക്കു പകരം കളർ പൊടികൾ
കൊണ്ട് പൂക്കളമൊരുക്കുന്നു ഇന്നത്തെ യോണം.......
ചാണകം മെഴുകിയ തറകൾക്കു പകരം
ടൈൽസും ഇന്റർലോക്കും ഇഴ പാകിയ മുറ്റങ്ങൾ.....
ഊഞ്ഞാലു കെട്ടാൻ തൊട്ടിയിലില്ലയൊരു
മരം പോലും....
ഓണത്തിനായ് കാത്തിരുന്ന നാളുകൾ
ഇന്നെല്ലാ ദിവസവും ഓണമാണ്.....
മാറുന്ന കാഴ്ചകൾക്കൊപ്പം ഓണവും
വന്നു പോകുന്നു
കഴിഞ്ഞു പോയ സുവർണ്ണ നാളുകളുടെ
ഓർമ്മപ്പെടുത്തലുമായ്.......
By: 

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo