ദൈവമേ ഈ തവണ എങ്കിലും അവധിക്ക് നാട്ടിൽ പോകുമ്പോൾ വിമാനത്തിൽ എന്റെ സീറ്റിന്റെ തൊട്ടടുത്ത സീറ്റിൽ സുന്ദരിയായ ഒരു പൈങ്കിളി വന്നിരിക്കണേ.
കഴിഞ്ഞ അഞ്ച് വർഷത്തിൽ ഓരോ ആറ് മാസവും വീട്ടിൽ പോകുമ്പോൾ നിന്നോട് പ്രാർത്‌ഥിച്ചിട്ടും നീ കനിഞ്ഞില്ല , 60 വയസ്സുള്ള മുത്തശ്ശിമാരെയും മുത്തശ്ശന്മാരെയും അരികത്ത് കൊണ്ടിരുത്തി നീ എന്റെ പ്രാർത്ഥന തള്ളിക്കളഞ്ഞു.
കഴിഞ്ഞ വർഷം ഒരു മാസം മുട്ടിൽ നിന്ന് പ്രാർത്ഥിച്ചിട്ട് വിമാനം കയറിയിട്ടും ദൈവമേ നീ കനിഞ്ഞില്ല , 55 വയസ്സുള്ള ചേട്ടനെ എന്റെ അരികിൽ കൊണ്ടിരുത്തി വീണ്ടും പറ്റിച്ചു ... അല്ല എന്നെ ചതിച്ചു
ഇത്തവണ എങ്കിലും അത്തർ മണക്കുന്ന ഒരു മൊഞ്ചത്തിയെ എന്റെ അരികിൽ കൊണ്ടിരുത്തണേ.
പ്രാർത്ഥനയും പാട്ടുമൊക്കെ കഴിഞ്ഞ ഞാൻ എഴുന്നേറ്റു . കുളിച്ചോരുങ്ങി സമയത്തിന് മുന്നേ എയർപോർട്ടിൽ ചെന്നു. ചെക്ക് - ഇൻ ഒക്കെ കഴിഞ്ഞ് കാത്തിരിപ്പ് സ്ഥലത്ത് ചെന്നപ്പോൾ ഒരു 100 ലഡു ഒരുമിച്ച് പൊട്ടിയ പ്രതീതി.
കൊച്ചിയിലേക്കുള്ള എമിരേറ്റ്സ് വിമാനത്തിൽ പോകാൻ ഒരു വരിയിൽ കുറെ സുന്ദരിമാർ ഇരിക്കുന്നു. അതിൽ അച്ചായത്തി എന്ന് തോന്നിക്കുന്ന സുന്ദരിക്കൊച്ചിനെ കണ്ടതും എന്റെ സ്ഥലകാല ബോധം മുഴുവൻ പോയി.
എന്തൊരു ത്രസിപ്പിക്കുന്ന സൗന്ദര്യം
ആരും കാണാതെ ഏറ്റവും പുറകിലെ സീറ്റിൽ പോയിരുന്നു വിമാന ദൈവങ്ങളെ വിളിച്ച് കൊന്ത ചൊല്ലാൻ തുടങ്ങി. ആ അച്ചായത്തി കൊച്ചിനെ എന്റെ സീറ്റിന്റെ അടുത്തിരിപ്പിക്കാൻ കനിവുണ്ടാകണമേ വിമാന ദൈവങ്ങളെ.
മോഹങ്ങൾ പൂവിട്ട് കായ്ച്ച ഞാൻ അവസാനം വിമാനത്തിൽ കയറി വിൻഡോ സീറ്റിൽ ഇടം പിടിച്ചു. ആളുകൾ ഓരോന്നായി കയറാൻ തുടങ്ങി. പലരും കയറിയിട്ടും എന്റെ അടുത്ത സീറ്റ് ഒഴിഞ്ഞു കിടന്നു ..ഹോ ഭാഗ്യം ആ അച്ചായത്തി കൊച്ച് ഇത് വരെ കയറിയിട്ടില്ല.
അങ്ങനെ അവളെ പരിചയപ്പെടുന്ന കാര്യവും , കൊച്ചി വരെ മൂന്നര മണിക്കൂർ കഥകളും കവിതകളും ഒക്കെ പറഞ്ഞ് , തമാശകളും നാട്ട് വർത്തമാനവും പറഞ്ഞ് അവളെ പൊട്ടിച്ചിരിപ്പിക്കുന്ന ഭാവനകളൊക്കെ മനസ്സിൽ മെനഞ്ഞ് ഇരിക്കുമ്പോൾ
അതാ അവൾ മെല്ലെ വരുന്നു.
മനസ്സിൽ ലഡ്ഡു വീണ്ടും പൊട്ടാൻ തുടങ്ങി.. അവൾ വരുന്നത് ഞാനിരിക്കുന്ന ഏറ്റവും പുറകിലേക്കാണ്
എന്റെ അടുത്തെത്തിയതും അവൾ ബോർഡിങ് പാസെടുത്ത് സീറ്റ് നമ്പർ നോക്കി. എന്നിട്ട് ക്യാബിൻ തുറന്ന് ബാഗ് വച്ചു.
എന്റെ മനസ്സിൽ സന്തോഷം തിര തള്ളി. ഇപ്പോൾ എന്റെ അടുത്തിരിക്കും എന്ന് വിചാരിച്ച് വല്ല്യ ഗമയൊക്കെ കാണിച്ച് പുറത്തേക്ക് നോക്കി ഇരുന്നു ഞാൻ.
അവൾ എന്റെ അടുത്തിരുന്ന പോലെ തോന്നി. അപ്പോഴും ഞാൻ പുറത്തേക്ക് നോക്കിയിരുന്നു .. ചാടിക്കേറി മിണ്ടി വില കളയണ്ട എന്ന് വിചാരിച്ച് , പുറത്തെ കാഴ്ച്ചകൾ ആസ്വദിക്കുന്ന പോലെ അഭിനയിച്ചു .
എന്തൊരു നല്ല അത്തറിന്റെ മണം അവൾക്ക്
കുറച്ച് കഴിഞ്ഞ് വിമാനം പോകാറായപ്പോൾ സീറ്റ് ബെൽറ്റിടാൻ തിരിഞ്ഞതും ഞാൻ ഞെട്ടിപ്പോയി
എന്റെ അരികത്ത് കുറച്ച് പ്രായമുള്ള ഒരു ചേട്ടനിരിക്കുന്നു. അപ്പോൾ അവളല്ലേ എന്റെ അരികത്തിരുന്നത് ?
തിരിഞ്ഞു നോക്കിയപ്പോൾ അവൾ അതാ എന്റെ തൊട്ടു പുറകിലെ സീറ്റിൽ ഒരു വല്യപ്പച്ചന്റെ ഒപ്പമിരിക്കുന്നു.
ഒരു സീറ്റ് വിത്യാസത്തിൽ നഷ്ടമായ ലഡ്ഡു, ബല്ലാത്തൊരു ചെയ്തതായി പോയി വിമാന ദൈവങ്ങളെ എന്ന് പറഞ്ഞു ശപിച്ച് തിരിഞ്ഞിരിക്കുമ്പോൾ
അടുത്തിരുന്ന അയ്യാൾ ചോദിച്ചു ..മോനെവിടെ നിന്നാ വരുന്നത്.
തന്റെ അമ്മായിയപ്പന്റെ അടിയന്തിരത്തിനു പോയി വരുന്നതാണെന്ന് മനസ്സിൽ പറഞ്ഞ് ചിരിച്ച മുഖത്തോടെ മൊഴിഞ്ഞു.
അഫ്‌ഗാനിസ്ഥാനിൽ നിന്നാ ചേട്ടാ
..........................
ജിജോ പുത്തൻപുരയിൽ
..........................
ജിജോ പുത്തൻപുരയിൽ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക