30 നൂറ്റാണ്ടുകൾ മുന്നേ മരിച്ച ഇസിഡോറയുടെ ഭൗതിക ശരീരം ഏതോ പിരമിഡിനുള്ളിൽ ക്ഷയിക്കാതെ കിടക്കുന്നുണ്ടായിരുന്നു.
ഫറവോനും അവന്റെ രാജവംശത്തിനും രാജ്യനന്മ കൈവരിക്കാൻ നരബലി കൊടുത്ത ഈജിപ്ത്യൻ പെൺകൊടി.
പരിമളം പരത്തുന്ന സുഗന്ധ ദ്രവ്യങ്ങളും കൊട്ടാരത്തിലെ വിലയേറിയ ഔഷധ നീരുകളും മമ്മിയിൽ ഒഴിച്ചിളക്കി നരബലിക്ക് രക്തസാക്ഷിയാക്കിയ ഇസിഡോറയെ അതിൽ കിടത്തി സൂക്ഷിക്കുക.
ആ ശരീരം ഉള്ളിടത്തോളം മഹാനായ ഫറവോന്റെ നന്മക്കു കോട്ടം തട്ടുകയില്ലെന്നുള്ള ദുർമന്ത്രവാദികളുടെ ജപ മന്ത്ര വീചികൾ അവിടെ പ്രകമ്പനം കൊണ്ടിരുന്നു.
ഈജിപ്ത്യൻ ഭരണത്തിന്റെ പിന്നാപുറങ്ങളിൽ രക്തം ചീന്തിയ നരബലിയുടെ വിധിമൃഗങ്ങൾ മോക്ഷം കിട്ടാതെ ഇസിഡോറയുടെ ഖബറിന് മുകളിലൂടെ പാറി പറന്നു നടന്നു.
നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇസിഡോറയുടെ ശവ കൂടീരം ആകാശത്തേക്കുയർന്നു നില്ക്കുന്ന ഭീമാകാരമായ പിരമിഡിന്റെ നടുത്തളത്തിൽ പുരാവസ്തു ഗവേഷണ ശാസ്ത്രജ്ഞർക്ക് പോലും മനസ്സിലാകാത്ത ഗുപ്ത ഗുഹക്കുളിലായിരുന്നു.
ഇന്ന് 3000 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഇസിഡോറയുടെ ശരീരത്തിന് പതിയെ ജീർണ്ണത കൈവരുന്നുവോ ?
നരബലിയുടെ സംപ്രീതിയിൽ മയങ്ങിപ്പോയ മനഃസാക്ഷിയില്ലാത്ത ഫറവോന്റെ മിഥ്യാ ദൈവങ്ങൾ , ഉണർത്തെഴുന്നെറ്റത് ഇസിഡോറയുടെ ശരീരത്തിന്റെ ജീർണതയുടെ ചെറിയ ദുർഗന്ധം നാസാരന്ധ്രങ്ങളിൽ പതിച്ചത് കൊണ്ടോ ?
പതിനേഴു വയസ്സുള്ള ഇസിഡോറയുടെ കൺപീലികളുടെ സൗന്ദര്യത്തിനു ഇത് വരെ ഒരു ഭംഗവും വന്നിട്ടില്ല എന്നതാണ് അതിശയപ്പെടുത്തുന്നത്.
മിഥ്യാ ദൈവങ്ങൾ കൂടിയാലോചിച്ചു.
ഇസിഡോറയെ ജീവിക്കാൻ അനുവദിക്കുക. കാരാഗ്രഹത്തിലെന്ന പോലെ മരണത്തിന്റെ തടവറയിൽ കഴിഞ്ഞ അവളുടെ ജീവൻ ശരീരത്തിലെത്തി.
പിരമിഡിന്റെ കാലപ്പഴക്കത്തിൽ ദ്രവിച്ച് തുടങ്ങിയ മമ്മിയുടെ പുറം പാളികൾ പൊളിച്ചവൾ പുറത്ത് വന്നു.
പിരമിഡിന്റെ കാലപ്പഴക്കത്തിൽ ദ്രവിച്ച് തുടങ്ങിയ മമ്മിയുടെ പുറം പാളികൾ പൊളിച്ചവൾ പുറത്ത് വന്നു.
പുരാതന ഈജിപ്ത്യൻ വസ്ത്രധാരണത്തിൽ പിരമിഡിന് മുന്നിൽ നിൽക്കുന്ന ഇസിഡോറയുടെ കണ്ണുകൾ അന്നത്തെ കൊട്ടാരവും പാതകളും , കുതിരകളും , ഫറവോന്റെ സൈന്യങ്ങളും ഉണ്ടായിരുന്ന സ്ഥാനത്തിപ്പോൾ അവൾക്കറിയാത്ത ഭാഷ സംസാരിക്കുന്ന കുറെ വിചിത്ര മനുഷ്യരെ കണ്ടു.
കുതിരകളുടെ ചക്രം മാത്രംകണ്ട അവൾ Audi, BMW Cadilac, Jaguar, Toyota യും കണ്ടു പകച്ചു പോയി ... അത്ഭുത ദ്വീപിൽ എത്തിയപോലത്തെ ഒരു ഭാവം.
തന്നെ കൊല്ലുവാൻ പിടിച്ച് കൊണ്ട് വരുമ്പോൾ അലമുറയിട്ടു കരഞ്ഞ, തന്റെ അമ്മയും , അനിയത്തിയും , സഹോദരനും എവിടെ? എന്റെ കുടിൽ എവിടെ , ഞാൻ നട്ടു വളർത്തിയ ചെടികൾ എവിടെ ?
എന്റെ നടപ്പാതയെവിടെ , ഞാൻ മേയ്ച്ചു കൊണ്ടിരുന്ന ആട്ടിൻപറ്റങ്ങൾ എവിടെ? ഞാനെവിടെയാണ് , ഇവിടെ എന്താണ് സംഭവിക്കുന്നത് അവളുടെ ഭാഷയിൽ അവൾ അലറി കരഞ്ഞു ?
പിരമിഡുകൾ കാണുവാൻ ചെന്നവർ ഏതോ ഒരു ഈജിപ്ത്യൻ കുട്ടിയുടെ പ്രച്ഛന്ന വേഷമാണ് കരുതി ഫോട്ടോകളും മറ്റും എടുക്കാൻ തുടങ്ങി .
പന്തവും , തീയും , പുകയും , വിളക്കും മാത്രം കണ്ടു പരിചയമുള്ള അവൾ വൈദ്യുത പ്രകാശം കണ്ട് ആകെ പരിഭ്രാന്തയായി ?
3000 വർഷങ്ങൾകു മുന്നേ ജീവിച്ചിട്ട് ഒരു സുപ്രഭാതത്തിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കു വന്നെത്തിപ്പെട്ടാലുള്ള ആ അവസ്ഥ. തീർത്തും ഭയാനകമായിരിക്കും.
അവൾ പറയുന്ന ഭാഷ മനസ്സിലാക്കാൻ പറ്റുന്ന ഒരു മനുഷ്യൻപോലുമില്ല. രാത്രിയായിട്ടും അവിടെ തന്നെ പകച്ചു നിൽക്കുന്ന ഇസിഡോറയുടെ അടുക്കൽ പോലീസുകാർ വന്നെങ്കിലും, അവളുടെ ഭാഷ അവർക്കോ അവരുടെ ഭാഷ അവൾക്കോ മനസ്സിലായില്ല.
അവളിട്ടിരിക്കുന്ന വസ്ത്രം കണ്ടു എന്തോ പ്രത്യേകത തോന്നിയ പുരാവസ്തു ഗവേഷകരായ ഒരു സന്ദർശകൻ അടുത്ത് ചെന്ന് നോക്കിയപ്പോൾ പകച്ചു പോയി. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഫറവോന്റെ തോഴിമാരുടെ വസ്ത്രത്തോടുള്ള സാമ്യം .
പിന്നീട് പെട്ടന്നായിരുന്നു ഭാഷ പണ്ഡിതന്മാരും , പുരാവസ്തു ഗവേഷകരും , മറു ചരിത്രകാരന്മാരും അവിടെ പറന്നെത്തിയത്.
ഫറവോയുടെ കാലത്തെ കുലഭാഷകൾ പഠിക്കുന്ന ചില പണ്ഡിതന്മാരുടെ സഹായത്തോടെ അവൾ പറയുന്നതെന്തെന്നു മനസ്സിലാക്കി ..
അവളുടെ ഭാഷയും , സംസാരവും , വിശദീകരണവും കേട്ട് , അവിടെ കൂടി നിന്നവർക്ക് മനസ്സിലാകാത്തത്, 3000 വർഷം മുന്നേയുള്ള കാര്യം മാത്രം സംസാരിക്കുന്ന ഇസിഡോറക്കു പിന്നിലുള്ള നിഗൂഡതകളായിരുന്നു.
പിന്നീട് വൈദ്യുദിയും, കാറും , കെട്ടിടങ്ങളും വിമാനങ്ങളും , മൊബൈലും , കപ്പലുകളും , മറ്റു ആധുനിക ജീവിതവും അവൾ കണ്ടപ്പോൾ ... അവളിപ്പോഴും ഭൂമിയിലാണെന്നു വിശ്വസിക്കുവാൻ അവൾ നന്നായി പാട് പെടുകയായിരുന്നു.
അവൾക്ക് പറയുവാൻ സാധിക്കും കുറേ ചരിത്ര സംഭവങ്ങൾ, വെളിപ്പെടാതെ കിടക്കുന്ന കുറേ ഗുപ്ത കാര്യങ്ങൾ, അങ്ങനെ ഒത്തിരി ഒത്തിരി കാര്യങ്ങൾ.
അവളെയും കൂട്ടി ഗവേഷകർ നടന്നപ്പോൾ, ഏതോ ഒരു മലയുടെ കീഴിൽ എത്തി, പെട്ടെന്നവൾ വിളിച്ച് പറഞ്ഞു ..
"അതാ ആ പാറക്കല്ലിന്റെ അപ്പുറത്തെ താഴ്വരയിലാണ് എന്റെ വീട്"
കാലങ്ങൾ മാറിയിട്ടും മാറാതെ കിടക്കുന്ന ആ ശില മാത്രം അവൾക്കായി ശേഷിച്ചു .. അവളുടെ വീടിരിക്കുന്ന സ്ഥാനത്തെത്തിയപ്പോൾ അവൾ പകച്ചു പോയി , അവിടെ ആധുനികതയുടെ സമുച്ചയങ്ങൾ ഉയർന്നിരുന്നു.
ആ പാറക്കല്ലിൽ കയറി നിന്ന് അവൾ തന്റെ കഥ പറയാൻ തുടങ്ങി ...
ഞാനും എന്റെ അനിയനും ആടിനെ മേയ്ക്കാൻ ഈ പാറക്കല്ലിൽ വന്നിരിക്കുമായിരുന്നു ...
ഫറവോന്റെ കൊട്ടാരത്തിൽ അനിഷ്ട സംഭവങ്ങളുണ്ടായതിന്റെ പേരിൽ, അതി സൗന്ദര്യമുള്ളതും ഇടയപെൺകുട്ടിയുമായ ഒരു കന്യകയെ നര ബലി കൊടുത്താൽ ഫറവോൻ ആരാധിക്കുന്ന ദൈവങ്ങൾ കനിയുമെന്നും മറ്റും കൊട്ടാരം ദുർമന്ത്രവാദികൾ പറഞ്ഞതിന് പ്രകാരം ആട്ടിടയ ബാലികയെ തേടി അവർ നാട് മുഴുവൻ സഞ്ചരിച്ചിരുന്നു..
അപ്പോഴാണ് ഞാനും എന്റെ സഹോദരനും ഈ പാറപുറത്തിരുന്നു ആടിനെ മേയിക്കുന്നത് ഫറവോന്റെ സൈന്യാധിപൻ കണ്ടത് . ആചാര പ്രകാരം പെൺകുട്ടിയുടെ വീട്ടിൽ നിന്നും വെള്ള കമ്പിളി പുതപ്പു ധരിപ്പിച്ച് നരബലി പീഠത്തിലേക്ക് കൊണ്ടുപോവുകയാണ് പതിവ് .
എന്റെ വീടും അപ്പനും അമ്മയും ആരെന്നു ചോദിച്ചു മനസ്സിലാക്കി , ഫറവോ രാജ കല്പന പുറപ്പെടുവിക്കുക ആയിരുന്നു.
നിറ മിഴികളോടെ നോക്കി നിൽക്കാനേ എന്റെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും കഴിയുമായിരുന്നുള്ളൂ ...അങ്ങനെ അങ്ങനെ അന്ന് അവർ എന്നെ ... ബലി കഴിക്കുകയായിരുന്നു
പിന്നീട് ഫറവോന്റെ നരബലിയിൽ സൗന്ദര്യവും ഊനവുമില്ലാത്ത തന്നെ കീറി മുറിച്ച കഥ പറഞ്ഞ് അവാനിപ്പിച്ച അവൾ ആധുനിക ഈജിപ്തിലെ കെയ്‌റോയിൽ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നുള്ള അറിവിൽ ഞാൻ വിമാനം കയറി പോകുമ്പോൾ എന്റെ സ്വപ്നങ്ങളും 3000 വർഷങ്ങൾക്കു പിന്നിൽ നിന്നും തിരിച്ചെത്തി കെയ്‌റോ ലക്ഷ്യമാക്കി കുതിക്കുകയായിരുന്നു.
..............................
ജിജോ പുത്തൻപുരയിൽ
..............................
ജിജോ പുത്തൻപുരയിൽ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക