Slider

അബുട്ടിയുടെ സംശയം

0

"അല്ല വൈദ്യരെ തടി കൂടാനുള്ള വല്ല മരുന്നും ണ്ടോ ഇങ്ങളെ കയ്യിൽ..? "
ദശമൂലാരിഷ്ടം ഔൺസ് കുപ്പിയിൽ ശ്രദ്ധയോടെ ഒഴിച്ച്, അത് വലതു കയ്യിൽ പിടിച്ച്, ഇടതു കൈകൊണ്ടു താങ്ങി, ഭവ്യതയോടെ, ഭക്തിയോടെ, കുഞ്ഞുണ്ണിയുടെ കയ്യിലേക്ക് നീട്ടുമ്പോഴാണ് പ്രതീക്ഷിക്കാതെയുള്ള ഈ ചോദ്യം വൈദ്യരുടെ ചെവിയിൽ പെരുമ്പറ കൊട്ടിയത്.
വൈദ്യരുടെ ശുഷ്ക്കിച്ച കണ്ണുകൾ
ചോദ്യ കർത്താവിന്റെ ആകാംക്ഷ തുളുമ്പുന്ന മുഖത്തു ഉടക്കി നിന്നു.
അബുട്ടി തന്റെ മെലിഞ്ഞുണങ്ങിയ ശരീരം ഇരിക്കുന്ന ബെഞ്ചിന് കൂടുതൽ ഭാരം കൊടുക്കാതെ ഒരു കൈ കൊണ്ട് ചെറിയ സപ്പോർട്ടൊക്കെ കൊടുത്ത്, വൈദ്യരുടെ വായിൽ നിന്നും വരുന്ന ആ വലിയ ഉപദേശത്തിനു വേണ്ടി കാതോർത്തു.
കുപ്പായം ഇടാത്ത, താടിയും മുടിയും നീട്ടി വളർത്തിയ, വൈദ്യരുടെ ആ ശുഷ്ക്കിച്ച ശരീരം കാണുബോൾ "ബാബാ രാംദേവിന്റെ" ഒരു പട്ടിണി വേർഷനായിട്ടേ നാട്ടുകാർക്ക് തോന്നാറുള്ളൂ. മൂപ്പരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. കുറച്ചു ദാരിദ്ര്യം ഉണ്ട് എന്ന് വെച്ചോളൂ.
വൈദ്യര് ഇപ്പൊ ആവേശത്തിലാണ്. അബുട്ടിയുടെ തിളങ്ങുന്ന കണ്ണുകളിലേക്ക് ഉറ്റുനോക്കി വൈദ്യർ പറയാൻ തുടങ്ങി.
"വയറിനു ശോദനയുണ്ടോ അബൂട്ടീ ?"
"ഇല്ലെങ്കിൽ ഞാനൊരു പൊടി തരാം. അത് രാത്രി കിടക്കുമ്പോൾ ഒരു ഗ്ലാസ്സ് വെള്ളത്തിൽ കലക്കി കുടിക്ക്യാ. വയറിനു ശരിയാംവണ്ണം ശോധന ഇല്ലെങ്കിൽ തൊട്ടതിനും പിടിച്ചതിനുമൊക്കെ മൂക്കത്തായിരിക്കും ദേശ്യം.
"ങും.."
അബൂട്ടി ഒന്ന് മൂളി. ഇതൊക്കെ ഞാൻ ഒരുപാടു കണ്ടിരിക്കുന്നു എന്ന ഭാവത്തിൽ.
"പിന്നെ ഞാനൊരു ലേഹ്യം തരാം. അത് മുടങ്ങാതെ മൂന്നു നേരം ഭക്ഷണത്തിനു ശേഷം കഴിക്കണം"
ഇന്ന് നല്ലൊരു കച്ചോടം നടക്കും എന്ന് സ്വയം ആലോചിച്ചപ്പോൾ വൈദ്യരുടെ മനസ്സിൽ അറിയാതെ ലഡു പൊട്ടി..!!
"എന്നിട്ട് ?"
"രാവിലെ എണീറ്റ ഉടനെ പകുതി വാട്ടിയ കോഴി മുട്ട ഒരഞ്ചെണ്ണം അകത്താക്കുക"..!!
രാവിലെ കോഴിക്കൂട്ടിൽ പരതിയാൽ കിട്ടുന്ന കോഴിമുട്ട നാണി കാക്കാന്റെ പീടികയിൽ കൊണ്ട് കൊടുത്ത്, അതിന് ഉച്ചക്കഞ്ഞിക്ക് "മോഡി" പിടിപ്പിക്കുവാൻ ഉണക്ക മാന്തൾ വാങ്ങുന്ന എന്റെയടുത്താ നിങ്ങളെ പ്രസംഗം എന്ന് മനസ്സിൽ വിചാരിച്ചുവെങ്കിലും അത് പുറത്ത് കാണിച്ചില്ല.
വൈദ്യർ ആവേശത്തോടെ പറഞ്ഞു കൊണ്ടിരുന്നു..
"അബൂട്ടി മാപ്പിള ആയതു കൊണ്ട് വെള്ളിയാഴ്ച പോത്തിറച്ചി എന്തായാലും ഉണ്ടാവുമെല്ലോ? പക്ഷെ അതിന്റെ കൂടെ കഴിക്കാൻ ഒരു പ്രത്യേക ലേഹ്യം ഉണ്ട്. മുസ്‌ലി പവറിന്റെ ഫലം ചെയ്യും. ഇത് ഞാൻ തന്നെ പ്രത്യേകം തയ്യാറാക്കിയതാ"..!!
"അതെയോ ? "
അബൂട്ടി ഒരു ദീർഘ നിശ്വാസം വിട്ടു.
കവലയിൽ പെരുമഴപോലെ വാതോരാതെ വായിട്ടലച്ചതിനു ശേഷം ചുറ്റും കൂടി നിന്നവരുടെ മുഖത്തേക്ക് പ്രത്യാശയോടെ നോക്കുന്ന ""കന്മദ" കച്ചവടക്കാരനെ പോലെ, വൈദ്യര് ആബുട്ടിന്റെ കണ്ണുകളിലേക്ക് പ്രത്യാശയോടെ നോക്കി..!!
"അപ്പൊ ഇങ്ങള് ഈ പറയുന്ന മാതിരിയൊക്കെ ചെയ്താൽ തടി ഉഷാറാവും ല്ലേ? "
വൈദ്യര് ഒന്ന് കൂടെ ഉത്സാഹത്തോടെ മുന്നോട്ടാഞ്ഞു മൊഴിഞ്ഞു.
"പിന്നല്ലാതെ..!! " ഒന്ന് പരീക്ഷിച്ചു നോക്കൂ അബുട്ടീ..!!"
അത് പറയുമ്പോൾ ഒരുപാടു പ്രതീക്ഷയുണ്ടായിരുന്നു വൈദ്യർക്ക്..!!
"ന്നാ പിന്നെ ഇങ്ങക്ക് ഇതൊക്കെ ഒന്ന് സ്വന്തമായിട്ട് കഴിച്ചൂടെ ന്റെ വൈദ്യരെ. ഇങ്ങളെ കോലാണെല്ലോ ഇത് !! "
"ഇന്ദുലേഖ നീലിഭ്രിങ്കാതി തൈലം" തേച്ചാൽ മുടി കൊഴിച്ചിൽ തടയാം എന്ന് പരസ്യം ചെയ്യുന്ന കഷണ്ടി തലയനായ മുതലാളിയുടെ അവസ്ഥയായിപ്പോയി വൈദ്യർക്ക്..!!
ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ തിരിച്ചടിയിൽ വൈദ്യർ തരിച്ചിരിക്കുമ്പോൾ..അബൂട്ടി നടന്നു നീങ്ങി... മനസ്സിൽ അടിഞ്ഞു കൂടിയ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം തേടി..
*****************************
നാസർ പുതുശ്ശേരി
തിരുവാലി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo