Slider

ദൂരെ ദൂരെ റോസാക്കുന്നില്‍

0

ദൂരെ വളരെ ദൂരെ ..വിജനമായ കിഴക്കന്‍ മലകള്ക്കിടയില്‍ ഒരു ഗ്രാമമുണ്ടായിരുന്നു.അവിടെ വൃദ്ധ വൈദികരുടെ വിശ്രമസ്ഥലമായ ഒരു ആശ്രമം ഉണ്ടായിരുന്നു.ആ ആശ്രമത്തില്‍ ബുദ്ധിമാന്ദ്യം സംഭവിച്ച ഒരു പന്ത്രണ്ടു വയസ്സ്കാരന്‍ ബാലന്‍ താമസിച്ചിരുന്നു..അവനെ എടുത്തു വളര്ത്തിയ അച്ചന്മാര്‍ അവനെ മാര്‍ട്ടിന്‍ എന്നായിരുന്നു വിളിച്ചത്.
ആ ഗ്രാമത്തിനു റോസക്കുന്നു എന്നായിരുന്നു പേര്‍.പേര് സൂചിപിക്കുന്നത് പോലെ ഗ്രാമവാസികള്‍ റോസ ചെടികള്‍ നട്ട് വളര്‍ത്തി .അത് പട്ടണത്തില്‍ നിന്ന് വരുന്ന വണ്ടികളില്‍ വിവിധ നഗരങ്ങളിലേക്ക് കയറ്റി വിട്ടായിരുന്നു ഉപജീവനം കഴിച്ചു കൊണ്ടിരുന്നത്.
എല്ലായിടത്തും റോസ ചെടികള്‍ പൂത്തു നിന്നു.പല നിറത്തില്‍,പല ഗന്ധങ്ങളില്‍.
ബുദ്ധിമാന്ദ്യം ഉള്ളത് കൊണ്ട് അച്ചന്മാര്‍ മാര്ട്ടിനെ സ്കൂളില്‍ അയച്ചില്ല.പകരം ആശ്രമത്തിനു അടുത്തുള്ള കുന്നുകളില്‍ ആശ്രമത്തിലെ ആടുകളെ തീറ്റുന്ന പണി അവനെ ഏല്പിച്ചു.
അവന്‍ പുലര്‍ച്ചെ ആടുകളുമായി മല കയറും.പച്ച പ്പുല്ലും ചെറു പാറകളും,നിശബ്ദരായി നില്ല്ക്കുന്ന പേരറിയാത്ത കാട്ടുമരങ്ങളും ഉള്ള മല..മലയുടെ മുകളില്‍ തണുത്ത കാറ്റ് ഇപ്പോഴും വീശി കൊണ്ടിരിക്കും.അതിനു മുകളില്‍ വെളുത്ത ചെറു മേഘങ്ങളും.
ആടുകള്‍ കുന്നിന്റെ ശിഖരങ്ങളില്‍ മേഞ്ഞു നടക്കുമ്പോള്‍ മാര്‍ട്ടിന്‍ ഏതെങ്കിലും പാറയുടെ മുകളില്‍ കയറി ഇരുന്നു താഴേക്ക്‌ നോക്കും.മലയുടെ ഒരു വശത്ത് റോസക്കുന്നു.വെളുത്ത തീപ്പെട്ടികള്‍ അടുക്കി വച്ചത് പോലെ കുറച്ചു വീടുകളും ,വിവിധ നിറങ്ങള്‍ വാരി വിതറിയ പോലെ റോസാപ്പൂ തോട്ടങ്ങളും മലയുടെ മുകളില്‍ നിന്നാല്‍ കാണാമായിരുന്നു.
സംസാരിക്കാനും മറ്റുള്ളവരെ മനസ്സിലാക്കാനും ബുദ്ധിമുട്ടായിരുന്നതിനാല്‍ മാര്‍ട്ടിന്‍ ആ ഗ്രാമത്തിലേക്ക് പോകാറില്ലായിരുന്നു.എന്നാല്‍ കുന്നിന്‍ മുകളിലെ ആ വിജനതയില്‍ അവന്‍ ആടുകളുമായി കഥകള്‍ പറഞ്ഞു കൊണ്ടും,കാട്ടു മരങ്ങളുടെ തണലില്‍ ഇരുന്നു അച്ചന്മാര്‍ കൊടുത്തു വിടുന്ന ഭക്ഷണം കഴിച്ചും ,ശേഷിച്ച സമയം സ്വപ്നം കണ്ടു കൊണ്ടും ചെലവഴിക്കും.അവന്‍ ആടുകളെ നോക്കുകയാണോ ആടുകള്‍ അവനെ നോക്കുകയാണോ എന്ന് തീര്ത്തു് പറയാന്‍ കഴിയില്ലാത്ത അടുപ്പം അവര്‍ തമ്മില്‍ ഉണ്ടായിരുന്നു.
ഏകാന്തതയുടെ പൂന്തോട്ടങ്ങളില്‍ കഴിയുന്നവര്‍ അങ്ങനെയാണല്ലോ.
ഒരു കാട്ടുനെല്ലിയുടെ ചുവട്ടില്‍ നിന്ന് നെല്ലിക്ക എറിഞ്ഞു ഇടുന്നതിനിടയിലാണ് മാര്‍ട്ടിന്‍ അത് കണ്ടത്.ഒരു ആട് വളരെ വേഗം കുന്നിന്‍ മുകളിലേക്ക് ഓടി കയറുന്നു.
സാധാരണ ആടുകള്‍ ശാന്തരാണ്.ഇത് പതിവില്ലാത്തതാണ്.
കുന്നിന്മുകകളിലേക്ക് കയറുന്നതിനിടയില്‍ ആട് ഒരു നിമിഷം നിന്നു .പിന്നെ മാര്‍ട്ടിന്‍ പുറകെ വരുന്നുണ്ടോയെന്ന് തിരിഞ്ഞു നോക്കി.മറ്റ് ആടുകള്‍ തീറ്റ നിര്‍ത്തി ഒരു നിമിഷം ഓടുന്ന ആടിനെയും ,നെല്ലി ചുവട്ടില്‍ നില്ക്കു ന്ന മാര്‍ട്ടിനെയും നോക്കി.അതിനു ശേഷം അവ തീറ്റ തുടര്‍ന്നു. .ചിന്താ ശക്തി കുറവായതിനാല്‍ ആടുകള്‍ മനുഷ്യരെ പോലെ ,തങ്ങളെ ബാധിക്കാത്ത പ്രശ്നങ്ങളില്‍ ഇടപെടുകയോ,അഭിപ്രായം പറയുകയോ ചെയ്യില്ലെന്ന് മാര്‍ട്ടിനും അറിയാമായിരുന്നു.അത് കൊണ്ട് തന്നെ ആടുകളുടെ പ്രതീകരണം അവനെ ഞെട്ടിച്ചില്ല.
മാര്‍ട്ടിന്‍ ആടിന്റെ പുറകെ ഓടി.ആട് വീണ്ടും തിരിഞ്ഞു നോക്കിയതിനു ശേഷം മലയുടെ ഏറ്റവും മുകളിലുള്ള ശിഖരത്തിലേക്ക് പാഞ്ഞു കയറി.ചെങ്കത്തായ പാതയിലൂടെ മാര്‍ട്ടിന്‍ അതിനെ പിന്തുടര്ന്നു .അണച്ച് മുകളില്‍ എത്തിയ മാര്‍ട്ടിനെ ഞെട്ടിച്ചു കൊണ്ട് ആട് ,ശിഖരത്തിന്റെ മറുവശത്തെ കുത്തനെയുള്ള ഇറക്കത്തിലൂടെ റോസാക്കുന്നിലെക്ക് ഓടാന്‍ തുടങ്ങി.
മലയുടെ മുകളില്‍ നിന്ന് മാര്‍ട്ടിന്‍ അത് കണ്ടു.റോസാക്കുന്നിലെക്ക് പോകാന്‍ അവനു താല്പര്യമില്ലായിരുന്നു.എങ്കിലും ഒന്ന് മടിച്ചു നിന്നതിനു ശേഷം അവനും ആടിന് പുറകെ ആ ഗ്രാമത്തിലേക്ക് ഇറങ്ങി.
ഗ്രാമത്തിലേക്ക് അടുക്കും തോറും റോസാ പുഷ്പങ്ങളുടെ ഗന്ധം ശക്തിയായി അവനു അനുഭവപ്പെട്ടു.നിറങ്ങള്‍ വാരി വിതറിയ പോലെ റോസ പൂപ്പാടങ്ങള്‍.അവക്കിടയില്‍ ചെറു വീടുകള്‍.
ദൂരെ നിന്ന് തന്നെ മാര്‍ട്ടിന്‍ കണ്ടു.ഗ്രാമത്തിലെ ആദ്യത്തെ വീടിനു സമീപമുള്ള തോട്ടത്തില്‍ ആട് നില്ക്കുന്നു.സൌന്ദര്യം ആസ്വദിക്കാനോ ഗന്ധം നുകരാനോ മിനക്കെടാതെ ആട് റോസ ചെടികള്‍ കടിച്ചു തിന്നുകയാണ്.ചില മനുഷ്യരും അങ്ങനെയാണല്ലോ.
അവന്‍ അണച്ച് കൊണ്ട് ആടിനെ വെളിയിലിറക്കി ഒരു മരത്തില്‍ കെട്ടിയിട്ടു .അവനു നന്നായി ദാഹിക്കുനുണ്ടായിരുന്നു.ആ വീടിന്റെ വാതില്ക്കില്‍ മാര്‍ട്ടിന്‍ തട്ടി വിളിച്ചു.സമീപത്തു മറ്റു വീടുകളും ഇല്ല.തങ്ങളുടെ തോട്ടത്തില്‍ കയറി അവന്റെ ആട് ചെടികള്‍ നശിപ്പിച്ചത് കൊണ്ട് അവനെ വഴക്ക് പറഞ്ഞേക്കാം എന്ന സാധ്യത അപ്പോള്‍ അവനു തോന്നിയില്ല.കാരണം അവന്‍ ആടുകളെ പോലെ ആയിരുന്നു.
അല്പം തട്ടിയപ്പോള്‍ പ്രായമായ ഒരു സ്ത്രീ വാതില്‍ തുറന്നു.അവര്‍ കരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.ചുവന്നു കലങ്ങിയ കണ്ണുകള്‍.
അവന്‍ വെള്ളം ചോദിച്ചതും ,പുറത്തു നില്ക്കുന്ന ആടിനെയും വീടിനു സമീപത്തെ ചവിട്ടി മെതിച്ച റോസാച്ചെടികളെയും അവര്‍ കണ്ടത് അപ്പോഴാണ്.
അപ്പോഴാണ് തനിക്കു പറ്റിയ അബദ്ധം മാര്‍ട്ടിനു മനസ്സിലായത്.ആ സ്ത്രീ ,സന്ധ്യ പ്രാര്ത്ഥനക്കു ഉറക്കം തൂങ്ങുന്നത് കണ്ടാല്‍ വൃദ്ധ വൈദികര്‍ വഴക്ക് പറയുന്നത് പോലെ പൊട്ടിത്തെറിക്കും എന്നാണ് മാര്‍ട്ടിന്‍ കരുതിയത്‌.
എന്നാല്‍ അവര്‍ പൊട്ടിക്കരയുകയാണ് ഉണ്ടായത്.
ദേഷ്യപെടുന്നതിനു പകരം അവര്‍ പോട്ടികരയുന്നത് കണ്ടു അവന്‍ അത്ഭുതവും അതിലേറെ വിഷമവും തോന്നി.
“കരോലിന്‍ റോസ്...അവള്‍ മരിക്കും എന്നുറപ്പായി..”
അവര്‍ ചവിട്ടി മെതിക്കപ്പെട്ട പൂ ചെടികള്‍ നോക്കി കരഞ്ഞു കൊണ്ട് പറഞ്ഞു..അവര്‍ കരയുന്നത് കണ്ടപ്പോള്‍ അവന്റെ കണ്ണിലും നീര്‍ പൊടിഞ്ഞു.
അവന്‍ തല കുനിച്ചു.
അവര്‍ അവനെ അകത്തേക്ക് വിളിച്ചു.അതിനു ശേഷം അവര്‍ അവനു വെള്ളം കൊടുത്തു.വെള്ളം കൊടുക്കുന്നതിനിടയില്‍ ആ വല്യമ്മ ,അവര്‍ കരയുന്നതിന്റെ കാരണം തേങ്ങലുകള്ക്കിടയില്‍ അവനോടു പറഞ്ഞു.
കരോലിന്‍ റോസ് എന്നത് അപൂര്‍വമായ ഒരിനം റോസച്ചെടിയാണ്.ചുവന്ന കട്ടിയുള്ള ,ഒരുപാട് ഇതളുകള്‍ ഉള്ള ആ പൂവ് ,റോസാ ചെടികള്ക്കിടയിലെ റാണിയാണ്.ആ ഗ്രാമത്തില്‍ തന്നെ അവരുടെ തോട്ടത്തില്‍ മാത്രമേ ആ അപൂര്‍വ്വ ഇനം ചെടി ഇപ്പോള്‍ ഉള്ളു.അതിനോടുള്ള പ്രിയം കാരണം ആ സ്ത്രീ ,അവരുടെ കൊച്ചു മകള്‍ക്കും അതെ പേരും ഇട്ടു.കരോലിന്‍ റോസ്.
കരോലിന്‍ പട്ടണത്തിലെ ആശുപത്രിയിലാണ്.തലച്ചോറിനു രോഗം ബാധിച്ച അവള്‍ അവസാന ദിവസങ്ങളിലൂടെ യാത്ര ചെയ്യുകയാണ്..ബോധം തെളിഞ്ഞിട്ട് ദിവസങ്ങളായി .ഒരു പക്ഷെ ഇന്ന് അല്ലെങ്കില്‍ നാളെ.ആ ദു:ഖത്തിലാണ് ആ സ്ത്രീ കരഞ്ഞത്.അപ്പോഴാണ് ,മാര്‍ട്ടിന്റെ ആട് അവശേഷിക്കുന്ന ആ റോസാ ചെടികള്‍ തന്നെ ഭക്ഷണമാക്കിയത്.സ്വാഭാവികമായും അത് തന്റെ പേരക്കുട്ടി മരിക്കുന്നതിന്റെ ലക്ഷണമായി അവര്‍ കണ്ടു.
“അവള്‍ സ്വര്ഗത്തില്‍ പോകും മോനെ...പക്ഷെ കുറച്ചു നാള്‍ കൂടി അവളെ കാണാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍..എന്റെ കരോലിന്‍..”
സ്വര്‍ഗത്തെ കുറിച്ച് മുന്പും മാര്‍ട്ടിന്‍ കേട്ടിടുണ്ട്.കരോലിന്‍ റോസ് മരിച്ചാലും എത്തുന്നത്‌ അവിടെയാണ് എന്നാണ് വല്യമ്മ പറയുന്നത്.സ്വര്‍ഗം എവിടെയാണ് എന്ന് അവനു അറിഞ്ഞു കൂടാ.
അവന്‍ കുറച്ചു നേരം കൂടി ആ വല്യമ്മക്ക് ഒപ്പം അവിടെ നിന്നു.നേരം വൈകുകയാണ്.ഇനി താമസിച്ചാല്‍ വൈദികര്‍ വഴക്ക് പറയും .തങ്ങളെ കാണാതെ കുന്നിന്‍ മുകളിലെ മറ്റ് ആടുകളും ഭയപെടാന്‍ സാധ്യത ഉണ്ട്.
“പേടിക്കണ്ട വല്യമ്മേ...കരോലിന് ഒന്നും വരില്ല.”
അത്രയും പറഞ്ഞിട്ട അവന്‍ പുറത്തു കെട്ടിയിട്ട ആടിനെയും അഴിച്ചു മലമുകളിലേക്ക് നടന്നു.
പോകുന്ന വഴി അവന്‍ സ്വര്ഗൂത്തെ കുറിച്ച് ആലോചിച്ചു കൊണ്ടിരുന്നു.എവിടെയായിരിക്കും അത്?പോയ ആരും തിരിച്ചു വരാത്ത ആ സ്ഥലത്തെ കുറിച്ച് അധികമാര്‍ക്കും അറിയില്ല എന്ന് തോന്നുന്നു.
.
അവന്‍ കുന്നിന്‍ മുകളില്‍ എത്തി.തണുത്ത കാറ്റ് വീശി കൊണ്ടിരുന്നു.തിരിച്ചെത്തിയ സ്നേഹിതരെ തല ഉയര്‍ത്തി നോക്കിയ ശേഷം മറ്റ് ആടുകള്‍ ആശ്വാസത്തോടെ തീറ്റ തുടര്‍ന്നു.
മലമുകളില്‍ മഞ്ഞു കണങ്ങള്‍ കലര്‍ന്ന തണുത്ത കാറ്റ് വീശി കൊണ്ടിരുന്നു.ദൂരെ ആടുകളെ പോലെ ആകാശത്തെ മേച്ചില്‍ പ്പുറങ്ങളില്‍ പഞ്ഞിക്കെട്ടുകള്‍ പോലെ ചെറു മേഘങ്ങള്‍ അലസമായി മേഞ്ഞു കൊണ്ടിരുന്നു.ആരോ വലിച്ചെറിഞ്ഞ നിറങ്ങള്‍ നിറഞ്ഞ ഒരു തൂവാലയായി ദൂരെ റോസാക്കുന്നു എന്ന ഗ്രാമം കാണപ്പെട്ടു.
.
“മാര്‍ട്ടിന്‍ എന്താണ് ആലോചിക്കുന്നത് ..”? ശബ്ദം കേട്ട് അവന്‍ തിരിഞ്ഞു നോക്കി.
തനിക്ക് സമീപം വെളുത്ത ളോഹ അണിഞ്ഞ ഒരു വൃദ്ധ വൈദികന്‍...ഒരു പക്ഷെ റോസക്കുന്നില്‍ നിന്ന് കയറി വന്നതാകാം..ആശ്രമത്തില്‍ പുതിയതായി ഒരു വൈദികന്‍ വരുമെന്ന് സുപ്പീരിയര്‍ അച്ചന്‍ പറഞ്ഞത് അവനു ഓര്‍മ്മ വന്നു...
അവന്‍ ചാടിയെണീറ്റു.
“ഈശോ മിശിഹാക്ക് സ്തുതിയായിരിക്കട്ടെ.അച്ചന്‍ പുതിയതായി ആശ്രമത്തില്‍ വന്നതാണോ...?”
അവന്‍ ചോദിച്ചു.
“അതെ..നീ ഇരിക്കൂ..ഓടി തളര്‍ന്നതല്ലേ.”അച്ചന്‍ അവനെ തനിക്കൊപ്പം ആ പാറയുടെ പുറത്തു ഇരുത്തി.
“നീ എന്താണ് ആലോചിക്കുന്നത്...കാര്യമായ ആലോചനയാണല്ലോ..”.അച്ചന്‍ ചോദിച്ചു.
“അച്ചനു സ്വര്ഗംച എവിടെയാണ് എന്ന് അറിയാമോ ?” മടിച്ചു മടിച്ചു അവന്‍ ചോദിച്ചു.
“എന്തിനാ നിനക്കിപ്പം സ്വര്‍ഗം എവിടെയാണ് എന്ന് അറിയേണ്ടത്....”
റോസാക്കുന്നില്‍ വച്ച് സംഭവിച്ച കാര്യങ്ങള്‍ മാര്‍ട്ടിന്‍ അച്ചനോട് പറഞ്ഞു.
അദ്ദേഹം ഒന്നും മിണ്ടിയില്ല.വെളുത്ത താടി തടവിക്കൊണ്ട് എന്തോ ആലോചിക്കുകയാണ്.
“ആകാശത്തിനും അപ്പുറത്താണ് സ്വര്ഗം . അല്ലെ അച്ചോ ?” മാര്‍ട്ടിന്‍ ചോദിച്ചു.
“അതെ...നിനക്ക് പോകണോ?”അച്ചന്‍ ചോദിച്ചു.
“അച്ചന്‍ പോയിട്ടുണ്ടോ ?”മാര്‍ട്ടിന്റെ കണ്ണുകള്‍ വിടര്‍ന്നു.
“ഉവ്വ്..” അച്ചന്‍ പറഞ്ഞു.
“പക്ഷെ എന്റെ ആടുകള്‍...”മാര്ട്ടിന്റെ മുഖം വിവര്‍ണ്ണമായി.
“സാരമില്ല .നമ്മുക്ക് വേഗം പോയി വരാം.” അച്ചന്‍ പറഞ്ഞു.
ശാന്തമായ കണ്ണുകള്‍ കൊണ്ട് അച്ചന്‍ ആകാശത്തേക്ക് നോക്കി പുഞ്ചിരിച്ചു.ആ നോട്ടം മുന്തിരിച്ചാറു പോലെ സുന്ദരമായിരുന്നു.ദൂരെ മേഞ്ഞു കൊണ്ടിരുന്ന ചെറു മേഘങ്ങളില്‍ ഒന്ന് പതിയെ അവരുടെ അടുത്തേക്ക് ഒഴുകി വന്നു.
മാര്‍ട്ടിന്‍ അത് കണ്ട് അത്ഭുതപ്പെട്ടു.
അച്ചന്‍ അവന്റെ കൈ പിടിച്ചു തൂവലുകള്‍ പറക്കുന്നത് പോലെ മൃദുലമായ മേഘത്തിന്റെ ഉള്ളിലേക്ക് കയറി.മേഘം ദൂരേക്ക് പറന്നു.
മേഘത്തില്‍ ഇരുന്നു കൊണ്ട് മാര്‍ട്ടിന്‍ താഴേക്ക്‌ നോക്കി.
താഴെ അലസമായി മേഞ്ഞു നടക്കുന്ന തന്റെ ആടുകള്‍.പാറകള്‍.താഴെ വൃദ്ധ സന്യാസിമാരുടെ ആശ്രമം.അതിനപ്പുറം റോസാക്കുന്നു എന്ന ഗ്രാമം.എല്ലാം ചെറുതായിക്കൊണ്ടിരുന്നു.എല്ലാം അകന്നു കൊണ്ടിരുന്നു.ഒടുവില്‍ ഒരു പൊട്ടു പോലെ ആ മലയും അവന്റെ കണ്ണില്‍ നിന്ന് മറഞ്ഞു.
മേഘം പറന്നു കൊണ്ടേയിരുന്നു.
ആകാശത്തിന്റെ നീല നിറം തുളച്ചു ,അനന്തമായ നിശബ്ദതയുടെ മഹാസമുദ്രത്തിലേക്ക് അത് പറന്നിറങ്ങി.
അച്ചന്‍ താടി തടവി കണ്ണുകള്‍ അടച്ചു ഇരിക്കുകയാണ്.
എണ്ണമ്മറ്റ നക്ഷത്രങ്ങള്‍ ചുറ്റിനും മിന്നി കൊണ്ടിരുന്നു.രത്നങ്ങള്‍ തിളങ്ങുന്നത് പോലെ.
അല്പം കഴിഞപ്പോള്‍ പേരറിയാത്ത ഏതോ പൂക്കളുടെ മോഹിപ്പിക്കുന്ന ഗന്ധം അനുഭവപെടാന്‍ തുടങ്ങി.
പാല്‍ പോലെ നിലാവ് ഒഴുകുന്ന ഒരു തീരത്തേക്ക് ആ ചെറു മേഘം താഴ്ന്നിറങ്ങി.
സ്വര്‍ഗം ! അവന്‍ അമ്പരപ്പോടെ പറഞ്ഞു.
അച്ചന്‍ പുഞ്ചിരിച്ചു.
ഒരുപാട് റോസാക്കുന്നുകള്‍ പോലെയുള്ള ഗ്രാമങ്ങള്‍.സ്വര്‍ണ്ണം കൊണ്ട് പൊതിയപ്പെട്ട വഴികള്‍.സ്ഫടികജലം ഒഴുകുന്ന അരുവികള്‍.അവയുടെ തീരത്ത് ,വിവിധ നിറങ്ങള്‍ ഉള്ള ഇലകള്‍ ഉള്ള ചെറു വൃക്ഷങ്ങള്‍.പിയാനോയില്‍ നിന്നെന്ന പോലെ എല്ലായിടത്തും ശാന്തമായ സംഗീതം എവിടെ നിന്നോ ഒഴുകി വരുന്നു.രാത്രിയും പകലും അല്ലാത്ത സദാ നിലാവ് പൊഴിയുന്ന അവസ്ഥ.
സന്തോഷഭരിതരായ ആത്മാക്കള്‍ അവരെ നോക്കി ചിരിച്ചു കൊണ്ട് കടന്നു പോവുന്നു. കണ്ണാടി വീടുകളുടെ ,രത്നങ്ങള്‍ കൊണ്ട് നിര്‍മ്മിക്കപ്പെട്ട ജനാലകള്‍ തുറന്നു ,ആത്മാക്കള്‍ അവര്ക്ക് നേരെ പട്ടു തൂവാലകള്‍ വീശുന്നു.അവിടുത്തെ പൂന്തോട്ടങ്ങളില്‍ ,ഭൂമിയില്‍ കണ്ടിട്ടില്ലാത്ത തരം നിറങ്ങള്‍ ഉള്ള പൂക്കള്‍ വിടര്ന്നു നിന്നു.പൂക്കള്‍ക്ക് കണ്ണുകള്‍ ഉണ്ടായിരുന്നു.അവ അവനെ നോക്കി കണ്ണ് ചിമ്മി.പരിചയക്കാരെ കാണുന്നത് പോലെ.
“അത് സ്വപ്നങ്ങളാണ്...നീ പകല്‍,മരച്ചുവട്ടില്‍ ഇരുന്നു കാണുന്ന സ്വപ്‌നങ്ങള്‍..”
അച്ഛന്‍ പറഞ്ഞു.
സ്വപ്‌നങ്ങള്‍ അവനെ നോക്കി ചിരിച്ചു.
ഒരു ചെറു വീടിന്റെ വാതില്‍ തുറന്നു ,പൊക്കം കുറഞ്ഞ ,കുറ്റിതാടിയുള്ള ,കണ്ണാടി ധരിച്ച ഒരാള്‍ അവരെ വിളിച്ചു.
“അതാണ് ദൈവം...” അച്ചന്‍ പറഞ്ഞു.
മാര്‍ട്ടിന്‍ അത്ഭുതപ്പെട്ടു.മാലാഖമാര്‍ക്കിടയില്‍ ജ്വലിക്കുന്ന തീയുടെ ഇടയിലാണ് ദൈവം എന്നാണ് വൃദ്ധ സന്യാസികള്‍ പറഞ്ഞു അവന്‍ മനസ്സിലാക്കിയിരുന്നത്.
ദൈവത്തിന് ചുറ്റും കുറെ കുട്ടികള്‍ ഉണ്ടായിരുന്നു.അവര്‍ പൊട്ടിച്ചിരിച്ചും ബഹളം വച്ചും കൊണ്ട് ഇരുന്നു.ചിലര്‍ ദൈവത്തിന്റെ തോളില്‍ കയറി ആ താടിയില്‍ തടവി ക്കൊണ്ടിരുന്നു.
ദൈവം അവരെ തന്റെ ചെറു വീട്ടിലേക്ക് കൊണ്ട് പോയി.
സ്വര്‍ഗത്തിലേക്ക് വരുന്ന പുതിയ കുട്ടികളെ ഇവിടെയാണ് ദൈവം സ്വീകരിക്കുന്നത്.
പെട്ടെന്ന് ഒരു ബാലിക ഓടി വന്നു ദൈവത്തിന്റെ കൈ പിടിച്ചു.
“നിനക്ക് മനസ്സിലായോ,ഇതാണ് കരോലിന്‍ റോസ്...” ദൈവം പറഞ്ഞു.
മാര്‍ട്ടിന്‍ ആ വല്യമ്മയുടെ കാര്യം അപ്പോഴാണ് ഓര്‍ത്തത്‌ .പാവം.അവന്റെ മുഖം സങ്കടപ്പെട്ടു.
പൊടുന്നനെ ദൈവത്തിന്റെ പൂന്തോട്ടത്തിലെ ഒരു പുഷ്പം കൊഴിഞ്ഞു വീണു.
“നീ സങ്കടപെട്ടത് കൊണ്ടാണ് ആ പൂ കൊഴിഞ്ഞു വീണത്‌..” ദൈവം പറഞ്ഞു.
“കരോലിന്‍ റോസിന് പകരം നിനക്ക് ഇവിടെ നില്ക്കാന്‍ പറ്റുമെങ്കില്‍ ,അവളെ ഞാന്‍ ഈ അച്ചന്റെ കൂടെ തിരികെ വിടാം...” ദൈവം പറഞ്ഞു.
അവന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി.അപ്പോള്‍ ദൈവത്തിന്റെ പൂന്തോട്ടത്തില്‍ നൂറു കണക്കിന് പൂക്കള്‍ വിടര്‍ന്നു.
ആ സമയം ,താഴെ ഭൂമിയില്‍ ,റോസാക്കുന്നിനു വളരെ അകലെ ഉള്ള ഒരു ആശുപത്രിയില്‍ ഒരു കൊച്ചു പെണ്കുട്ടി ദിവസങ്ങള്‍ നീണ്ട ഉറക്കത്തിനു ശേഷം കണ്ണുകള്‍ തുറന്നു.വൃദ്ധ സന്യാസികളുടെ ആശ്രമത്തിനു അടുത്ത് തണുത്ത കാറ്റ് വീശുന്ന മലമുകളില്‍ ,അലസമായി മേയുന്ന തന്റെ ആടുകളുടെ അരികില്‍,മാര്‍ട്ടിന്‍ ഒരു നീണ്ട ഉറക്കത്തിലേക്ക് വഴുതി വീണു.
ജനി മൃതികളുടെ അനന്തമായ പാതയുടെ കവാടത്തില്‍ ഒരു ചുവന്ന റോസാപ്പൂ അനാഥനായ അവനു വേണ്ടി വിരിഞ്ഞു.
(അവസാനിച്ചു)
By Anish francis
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo