പോസ്റ്മാന്‍ കൊണ്ട് വന്ന കത്തുകളുടെ കെട്ടു അഴിച്ചു സ്നേഹാലയത്തിലെ ട്രീസാമ്മച്ചി എന്ന് വിളിക്കുന്ന സിസ്റ്റര്‍ ട്രീസ ഓരോന്നും വളരെ ശ്രദ്ധയോടെ വായിച്ചു. പൊട്ടിച്ചു വായിച്ച കത്തുകള്‍ ഓരോന്നും അതീവ ശ്രദ്ധയോടെ തരം തിരിച്ചു വെയ്ക്കുന്നതിനിടയില്‍ അവരുടെ നോട്ടം പൊട്ടിക്കാത്ത കത്തുകള്‍ക്കിടയില്‍ ഇരിക്കുന്ന ഇളം ബ്രൌണ്‍ നിറത്തിലുള്ള നീളന്‍ കവറില്‍ ഉടക്കി. ഒരു കുട്ടിയുടെ കൌതകത്തോടെ അവര്‍ കത്തുകള്‍ക്കിടയില്‍ നിന്നും ആ കവര്‍ വെളിയിലെടുത്തു.
വളരെ ഭംഗിയായി വടിവൊത്ത അക്ഷരത്തില്‍ എഴുതിയ ആ കൈ അക്ഷരം എവിടെയ്ക്കെയോ കണ്ടു മറന്നതു പോലെ തോന്നി കര്‍ത്താവിന്റെ ആ മണവാട്ടിക്കു. അവര്‍ അത് തിരിച്ചും മറിച്ചും നോക്കി. അയച്ച ആളിന്റെ പേരോ വിലാസമോ ഇല്ലാത്ത ആ കത്തു അവരില്‍ വീണ്ടും കൌതുകം ജനിപ്പിച്ചു. ആ കത്തു അവര്‍ വെളിച്ചത്തിന് നേരെ പിടിച്ചു ശ്രദ്ധയോടെ കവര്‍ പൊളിച്ചു ഉള്ളിലെ നാലായി മടക്കിയ കടലാസ് ചീന്തു പുറത്തെടുത്തു. തന്റെ കണ്ണടയുടെ സ്ഥാനം ഒന്ന് കൂടി ഉറപ്പിച്ചു അവര്‍ ആ കടലാസിലേക്ക് നോക്കി.
..."..സ്നേഹമുള്ള എന്റെ അമ്മച്ചിക്ക്....എന്ന് തുടങ്ങുന്ന വരികള്‍ വായിച്ചപ്പോള്‍ തന്നെ അവരുടെ മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നി. വിറയ്ക്കുന്ന കൈയും മനസ്സും നേരെ നിര്‍ത്താന്‍ പാടു പെട്ടുകൊണ്ടവര്‍ മിഴികള്‍ താഴേക്കു പായിച്ചു. ചെറിയ ഉറുമ്പിന്‍ പറ്റത്തെ പോലുള്ള അക്ഷരങ്ങള്‍ക്കവസാനം കണ്ട പേര് അവരുടെ ഹൃദയമിടുപ്പിന്റെ വേഗത വര്‍ധിപ്പിക്കുകയും താളം തെറ്റിക്കുകയും ചെയ്തു. ആ കടലാസ് ചീന്തു അവരുടെ കൈകലിരുന്നു വിറ കൊണ്ടു. പൊള്ളിയത് പോലെ അവര്‍ ആ കടലാസ് ചീന്തു പൊടുന്നനെ മേശ പുറത്തേക്കിട്ടു പരിഭ്രാന്തിയോടെ അതിലേക്കു നോക്കി.
അവരുടെ കണ്ണിനു മുന്‍പില്‍ വയലിലേക്കു പടര്‍ന്നിറങ്ങിയ കശുമാവിന്‍ കൊമ്പില്‍ തൂങ്ങി നില്‍ക്കുന്ന യൌവന യുക്തയായ പെണ്‍കുട്ടിയുടെ മുഖം ഓടിയെത്തി. വടക്ക് നിന്നും വീശുന്ന ചെറുകാറ്റില്‍ ഒരു ഒരു വാഴയില പോലെ തൂങ്ങിയാടുന്ന അവളുടെ ശരീരം ഘടികാരത്തിലെ പെന്‍ഡുലം പോലെ തോന്നിച്ചിരുന്നു.ആ കശുമാവിന്‍ ചുവട്ടിന്‍ ചുറ്റും മണത്തു നടക്കുന്ന വെളുത്ത നിറമുള്ള ഒരു നായയും കൂടി വല്ലാത്ത ഒരു അന്തരീക്ഷം തന്നെ അവിടെ ഒരുക്കിയിരുന്നു..... കടവായില്‍ നിന്നും ഒലിച്ചിറങ്ങിയ രക്ത തുള്ളികളും മിഴിഞ്ഞ കണ്ണുകളും കൂടി അവളുടെ മുഖത്തിനു ഡ്രാക്കുള കഥകളിലെ ഭീകര രൂപങ്ങളിലെ സാമ്യതയും സൃഷ്ടിച്ചു കൊടുത്തു. ഒരു ഭ്രാന്തിയെ പോലെ പോന്നു മോളെ എന്ന് ആര്‍ത്തലച്ചു കരയുന്ന മെലിഞ്ഞ ഒരു സ്ത്രീയുടെ രൂപവും അവരുടെ മനസ്സിലേക്കോടിയെത്തി. ഉത്തരം കിട്ടാത്ത ഒരു പിടി ചോദ്യങ്ങളും കഥകളും ബാക്കി ആക്കി പോയ രശ്മി എന്നാ പെണ്‍കുട്ടിയുടെ അക്ഷര ചിത്രങ്ങള്‍ ഫാനിന്റെ കാറ്റില്‍ ഇളകിയാടി. അരൂപികളായ ആല്മാക്കള്‍ തനിക്കു ചുറ്റും നിന്ന് ആര്‍ത്തട്ടഹസിക്കും പോലെ തോന്നിയ ആ സിസ്റ്റെര്‍ തന്റെ കണ്ണുകള്‍ ഇറുക്കി അടച്ചു തമ്പുരാന്റെ ക്രൂശിത രൂപത്തെ തെരുപ്പിടിച്ചു.
"...അമ്മച്ചീ........ഇന്ന് നന്ദിനി പശു കാടി കുടിച്ചില്ലാട്ടോ...അതിനെന്തോ എനക്കേടാനെന്നു തോന്നുന്നു....പിന്നെ ആ കറുമ്പി പശു അവളുടെ കുഞ്ഞിനു പാല്‍ കുടിക്കാനുള്ള സൌകര്യത്തിനു തിരിഞ്ഞു നില്‍ക്കുകാ ഞാന്‍ നോക്കിയപ്പോള്‍...കൊച്ചു കറമ്പിയെ ഞാന്‍ ഒരു വിധത്തിലാ പിടിച്ചു മാറ്റി കെട്ടിയത്...ആ ഔത ചേട്ടനോട് ഒന്നു പറയണം കൊച്ചു കറമ്പിക്കു ഒരു മൂക്ക് കയറിടാന്‍. ഇനി കുറച്ചൂടെ ആയാല്‍ അവളെ പിടിച്ചാല്‍ കിട്ടില്ലാട്ടോ..."
നീളന്‍ പാവാട അല്പം പൊക്കി കുത്തി കയില്‍ ഒരു പിടി വയ്ക്കോലുമായി പോകുന്നതിനിടയില്‍ രേശ്മി തിരിഞ്ഞു നിന്ന് ട്രീസാമ്മച്ചിയോടു പറഞ്ഞു.
നീളന്‍ പാവാട അല്പം പൊക്കി കുത്തി കയില്‍ ഒരു പിടി വയ്ക്കോലുമായി പോകുന്നതിനിടയില്‍ രേശ്മി തിരിഞ്ഞു നിന്ന് ട്രീസാമ്മച്ചിയോടു പറഞ്ഞു.
മണി പതിനൊന്നായി എന്നറിയിച്ചുകൊണ്ടുള്ള വയസ്സന്‍ ഘടികാരത്തിന്റെ കലമ്പല്‍ അവരെ മനോരാജ്യത്തില്‍ നിന്നും ഉണര്‍ത്തി. അവര്‍ ആ കടലാസ് ചീന്തെടുത്തു പിനെയും വായിക്കുവാന്‍ തുടങ്ങി..
"....സ്നേഹമുള്ള എന്റെ അമ്മച്ചിക്ക്..........ഞാന്‍ ഇങ്ങനെ ചെയ്യുവാനുള്ള കാരണം ആരെങ്കിലും ഒരാള്‍ അറിഞ്ഞിരിക്കണം എന്ന് തോന്നി. എനിക്കറിയാം എന്നെ കുറിച്ച് പല കഥകളും പരക്കുമെന്നും ഞാന്‍ മോശപ്പെട്ട പെണ്ണായി തീരുമെന്നും. ഈ കഥകള്‍ എല്ലാം ജീവിച്ചിരുന്നാലും ഞാന്‍ കേള്‍ക്കേണ്ടി വരും..ഒരു പക്ഷെ ഇതിലും വലിയ അപമാനം ആയിരിക്കുകയും ചെയും അത്. ഇപ്പോള്‍ അമ്മച്ചി മനസ്സില്‍ പറയുന്നുണ്ടാകും മരണമാണോ ഒരു വഴി എന്ന്...അല്ലായിരിക്കാം..പക്ഷെ എനിക്ക് മുന്‍പില്‍ ഇത് മാത്രമേ ഉള്ളൂ ഒരു ആശ്രയം.ഞാന്‍ എല്ലാം ഒരുക്കി വെച്ചിട്ടുണ്ട്.......ആദ്യം കൊച്ചു കറമ്പിക്കു മൂക്ക് കയര്‍ ഇട്ടതിന്റെ ബാക്കി കയര്‍ എടുക്കാം എന്ന് വിചാരിച്ചു.... പിനീട് ആലോചിച്ചപ്പോള്‍ ആ ഒരു കയറിനു പിന്നാലെ കഥകള്‍ ഉണ്ടാകുകയും മടത്തിലുള്ളവര്‍ എന്നെ അപായപ്പെടുത്തിയെന്നും പറയാനും ചിലര്‍ ഉണ്ടാകുമെന്ന് തോന്നി. അത് കൊണ്ടാ വീട്ടിലെ വെള്ളം കോരുന്ന തൊട്ടിയുടെ കയര്‍ തന്നെ അഴിച്ചെടുത്തത്. ആ കയര്‍ നല്ല ബലം ഉള്ളതാ..പിന്നെ കശുമാവില്‍ കയറാന്‍ അപ്പന്‍ കുരുമുളക് പറിക്കുവാന്‍ ഉപയോഗിക്കുന്ന മുള ഏണി ഉണ്ട്. അതും എടുത്തു കശുമാവില്‍ ചാരി വെച്ചിട്ടുണ്ട്. ഞാന്‍ കയറും എടുത്തു കുരുക്കും ഉണ്ടാക്കി കയറാന്‍ തുടങ്ങിയതാ. അപ്പോഴാ അമ്മച്ചിയെ ഓര്‍മ വന്നത്. അപ്പുറത്തെ വീട്ടിലെ നായ അപ്പു ഞാന്‍ ഈ മരച്ചുവട്ടില്‍ ഇരിക്കുന്നത് കണ്ടാകണം ഒന്നു കുരച്ചിട്ടു ഓടിവന്നു എനിക്ക് ചുറ്റും മണത്തു നടന്നു. പിന്നെ എന്റെ അടുത്തു ശാന്തനായി തലയും മണലില്‍ ചേര്‍ത്തു വെച്ചു കിടപ്പുണ്ട്..
'...അമ്മച്ചി........എനിക്ക് ഇത് എങ്ങനെ പറയണമെന്ന് അറിയില്ല...ഞാന്‍ എന്റെ ശരീരത്തിനെയും അവയവ ഭംഗിയും പറ്റി ബോധവതി ആയതിനു പ്രധാന കാരണം എന്റെ അപ്പന്‍ ആണ്..അമ്മച്ചിക്ക് മനസ്സിലായില്ല അല്ലെ...?...ആദ്യമൊന്നും എനിക്കും മനസ്സിലായിരുന്നില്ല...പക്ഷെ ഞാന്‍ മുറ്റം അടിക്കുമ്പോഴും ...തുണി കഴുകുമ്പോഴും ...അപ്പന്റെ അദൃശ്യ സാന്നിധ്യം ഉണ്ടെന്നു എനിക്ക് മനസ്സിലായത് ഒരിക്കല്‍ ഞാന്‍ മറപ്പുരയില്‍ കുളിക്കുമ്പോള്‍ ആയിരുന്നു. പകച്ചു പോയി ഞാന്‍...ഓല കൊണ്ടു മറച്ചുണ്ടാക്കിയ കുളിപ്പുരയില്‍ കുളിക്കുമ്പോള്‍ എന്തോ ഒരു അനക്കം കേട്ടു നോക്കുമ്പോള്‍ ചിതലരിച്ചു ദ്രവിച്ചു തുടങ്ങിയ ഓലകല്‍ക്കിടയിലൂടെ കാമാതുരമായ രണ്ടു കണ്ണുകള്‍ കണ്ടു ഞാന്‍ നിലവിളിച്ചു..ആരാന്നു ഉറക്കെ ചോദിക്കുമ്പോള്‍ പേടിയും അപമാനവും കൊണ്ടു ശബ്ദം പുറത്തേക്ക് വന്നില്ല..പക്ഷെ ഒന്നും അറിയാത്തത് പോലെ എന്താ മോളെന്നു ചോദിച്ചു അപ്പന്‍ വന്നപ്പോള്‍ ഞാന്‍ കണ്ടത് സത്യമാണോ കള്ളമാണോ എന്നറിയാതെ കുഴങ്ങി. പിനീടുള്ള എന്റെ ദിനങ്ങള്‍ വളരെ കരുതലോടെ ആയിരുന്നു. എനിക്ക് പിന്നില്‍ സദാ സമയവും അപ്പന്‍ ഉണ്ടെന്നു ഞാന്‍ ഒരു ഞെട്ടലോടെ മനസ്സിലാക്കി..
അമ്മച്ചിക്ക് ഓര്‍മ്മയുണ്ടോ....ഞാന്‍ ആദ്യമായി ഇവിടെ വന്നു എന്തേലും ജോലി തരുമോന്നു ചോദിച്ചത്....കര്‍ത്താവിന്റെ കുരിശടിയില്‍ നിന്ന് ഞാന്‍ ശരിക്കും കരഞ്ഞു പ്രാര്‍ത്ഥിച്ചിട്ടാ ഇങ്ങോട്ട് വന്നത്...എന്തേലും ഒരു ജോലി..................എന്റെ സങ്കടം കണ്ടു തമ്പുരാന് അലിവു തോന്നിയിട്ടാകും അമ്മച്ചി എന്നോട് പശുക്കളുടെ കാര്യം നോക്കാന്‍ പറ്റുമോന്നു ചോദിച്ചത്..വൈകുന്നേരം വരെ അപ്പന്റെ കണ്ണുകളില്‍ നിന്നും രക്ഷപ്പെടുവാന്‍ ആകുമല്ലോ എന്നോര്‍ത്തായിരുന്നു ഞാന്‍ വന്നത്. ഞാന്‍ ഇവിടെ നിന്ന് വീട്ടില്‍ എത്തുമ്പോള്‍ അമ്മയും ഉണ്ടാകും അവിടെ.....കര്‍ത്താവ് തമ്പുരാന്‍ എന്നെ കൈവിടില്ലാന്നു എനിക്ക് തോന്നി..പക്ഷെ ആ തോന്നല്‍ അതിനു അധികം ആയുസ്സ് ഉണ്ടായിരുന്നില്ല...എന്റെ കൈ മുറിഞ്ഞപ്പോള്‍ ചെറിയ പനിയുടെ ലക്ഷണവും..... അമ്മച്ചി അല്ലേ പറഞ്ഞത് ഇനി നീ ചാണകം ഒക്കെ വാരി മുറിവ് കൂടുതല്‍ കുഴപ്പത്തിലാക്ക്ണ്ടാന്നു..അന്ന് അമ്മച്ചി എന്നെ നിര്‍ബന്ധിച്ചു വീട്ടിലേക്കു വിട്ടപ്പോള്‍ എന്നെ മരണത്തിലെക്കായിരിക്കും തള്ളി വിടുന്നതെന്ന് ഞാന്‍ ഓര്‍ത്തിരുന്നില്ല..ഞാന്‍ വീട്ടില്‍ ചെന്നു മരുന്നും കുടിച്ചു പുറത്തിരിക്കുമ്പോള്‍ ചെറിയ മയക്കം പോലെ തോന്നിയ ഞാന്‍ അകത്തു കയറി കിടന്നു..ഒരു ശ്വാസം മുട്ടല്‍ അനുഭവപ്പെട്ട ഞാന്‍ ഉണരുമ്പോള്‍ എനിക്ക് മീതെ അപ്പന്റെ വിറയാര്‍ന്ന ശരീരം ആയിരുന്നു. പിടഞ്ഞും കുതറിയും തള്ളിയും ഞാന്‍ ചെറുത്തു..മുഖം പോത്തിപ്പിടിച്ചിരുന്ന തഴമ്പിച്ച കയില്‍ ഞാന്‍ സര്‍വ ശക്ത്തിയും എടുത്തു കടിച്ചു..എന്റെ വായില്‍ ചോരയുടെ രുചി നിറഞ്ഞിട്ടും അപ്പന്‍ എന്ന് പറയുന്ന മൃഗം ആ കൈകള്‍ ഒന്നു അനക്കിയില്ല..എന്റെ എതിര്‍പ്പും നിറഞ്ഞൊഴുകുന്ന കണ്ണുകളും കണ്ടില്ലാന്നു നടിച്ചു..ചവിട്ടി മെതിക്കപ്പെട്ട വൈക്കോല്‍ പോലെ ആയി തീര്‍ന്നു ഞാന്‍ എന്ന് തോന്നിയപ്പോള്‍ അയാള്‍ എഴുന്നേറ്റു പോയി..പൊടുന്നനെ അപ്പന്‍ തിരികെ വന്നു..ഇറയത്തെ ഓലകള്‍ക്കിടയില്‍ തിരുകി വെച്ചിരുന്ന കത്താള്‍ എടുത്തു കൊണ്ടു വന്നു എന്റെ കഴുത്തില്‍ ചേര്‍ത്തു വെച്ചു...പച്ച ഇരുമ്പിന്റെ തണുപ്പ് എന്റെ അസ്ഥികളെ മരവിപ്പിച്ചു...ജീവിക്കാന്‍ എനിക്ക് കൊതി ആയിരുന്നു...നല്ലൊരു വീട്ടമ്മ ആയി...നല്ലൊരു ഭാര്യ ആയി ജീവിക്കുന്നത് സ്വപ്നം കണ്ടു നടന്നിരുന്ന ഞാന്‍...
ഞാന്‍ എല്ലാം ഉള്ളിലൊതുക്കി വെച്ചു...സായഹ്ന സൂര്യന്റെ രശ്മികള്‍ കിഴക്കേ വയലില്‍ നിഴല്‍ ചിത്രങ്ങള്‍ വരയ്ക്കുന്ന സമയം അമ്മ വന്നു..മൂടി പുതച്ചു കിടക്കുന്ന എന്നെ കണ്ടു പാവം അമ്മ ചുക്ക് കാപ്പി ഉണ്ടാക്കുവാന്‍ വയലുകള്‍ക്കപ്പുറം ഉള്ള വീട് ലക്ഷ്യമാക്കി ഓടിയും നടന്നും പോയി..അപ്പോള്‍ അടുത്ത വീട്ടിലെ നായ അപ്പു അമ്മയ്ക്ക് പിന്നാലെ ഓടി ചെന്നു ഒരു കാവല്‍ പോലെ..ഇപ്പോള്‍ എനിക്ക് ഇത് ഒളിച്ചു വെയ്ക്കുവാന്‍ പറ്റാതെ ആയിരിക്കുന്നു
................അമ്മച്ചീ...അമ്മയെ കാണിക്കുവാന്‍ വേണ്ടി മാത്രം ഞാന്‍ മുടങ്ങാതെ കുളിക്കുകയും അസ്ഥി തറയില്‍ മാസത്തില്‍ ഏഴു ദിവസം വിളക്കു കൊളുത്താതെയും ഇരുന്നു...പക്ഷേ...ഇനി പറ്റില്ലാ...എന്റെ ഉള്ളില്‍ ഒരു ജീവന്‍ കൂടി ഉണ്ട്...അത് ആരെ അപ്പാ എന്ന് വിളിക്കും.........?..ഞാന്‍ ആരെ ചൂണ്ടി കാണിക്കും..........?.അമ്മയ്ക്കും കുഞ്ഞിനും ഒരു അപ്പന്‍ മാത്രമാണോ ...? ...ഇതിനായിരുന്നോ എനിക്ക് ജന്മം നല്‍കിയത്...? എന്നെ വളര്‍ത്തിയത്....? ഈ നാട്ടിലെ ഒരു ആണ്‍ കുട്ടി പോലും എന്നെ ഇത്ര അധികം ശല്യപ്പെടുത്തിയിട്ടില്ലാ...അപ്പന്‍...അമ്മ....ഇവരൊക്കെ ഈശ്വരന് മുന്‍പേ നടക്കുന്നവരാനെന്നു പറഞ്ഞു തന്ന ഗുരുനാഥന്മാര്‍ക്ക് തെറ്റിയോ...! എന്റെ സ്വപ്‌നങ്ങള്‍...നല്ലൊരു അമ്മ ആയി മക്കളെ പാലൂട്ടി വളര്‍ത്തുന്ന എന്റെ സ്വപ്‌നങ്ങള്‍...പാടത്ത് പണിയെടുത്തു വരുന്ന എന്റെ ആളിന് കാപ്പി പകര്‍ന്നു നല്‍കുന്നത് സ്വപ്നം കാണാറുള എന്റെ ജീവിത നിറങ്ങള്‍...എല്ലാം നശിപ്പിച്ച മനുഷ്യന്‍ ഒന്നുമറിയാത്തത് പോലെ പിന്നെയും ഇവിടെ ഒക്കെ ഉണ്ട്...സ്വാതന്ത്ര്യമായി ഒന്നു തുണി മാറിയുടുക്കുവാന്‍ പോലുമാകാതെ.ഞാനും.....
ഞാന്‍ പോകുകാ അമ്മച്ചീ....മൃഗങ്ങള്‍ക്ക് ചാവ് മണം നേരത്തെ കിട്ടുമായിരിക്കും അല്ലിയോ...അപ്പു എനിക്ക് ചുറ്റും മണത്തു നടക്കുന്നു...പിന്നെ അവന്‍ ദയനീയമായി എന്നെ നോക്കുന്നുണ്ട്...ഇത്രയും കരുണ എന്റെ അപ്പനു ഉണ്ടായിരുന്നു എങ്കില്‍ അല്ലിയോ അമ്മച്ചീ...
ഒത്തിരി സ്നേഹത്തോടെ...
ഒത്തിരി സ്നേഹത്തോടെ...
അവരുടെ കണ്ണുനീര്‍ വീണു ആ കടലാസ് കഷണത്തിലെ മഷി പടര്‍ന്നു..അത് അവ്യെക്തമായ രൂപങ്ങള്‍ സൃഷ്ടിച്ചു..
"...സിസ്റ്ററെ..
ഒരു ശബ്ദം കേട്ടു ട്രീസാമ്മച്ചി തിരിഞ്ഞു നോക്കി...മരിച്ചു പോയ രശ്മിയുടെ അമ്മ ആയിരുന്നുന്നു..
"..കൊച്ചു ചെയ്തോണ്ടിരുന്ന ജോലി ഞാന്‍ ചെയ്തോട്ടെ.........എനിക്ക് ഇനി വയ്യ സിസ്റ്ററെ...പാടത്തും പോയി വന്നിട്ട് അതിയാന്റെ ചവിട്ടും കുത്തും കൊള്ളാന്‍ ...ഞാന്‍ ഇവിടെ ആ തൊഴുത്തിന്റെ ഒരു മൂലയില്‍ കഴിഞ്ഞോളാം...
എന്താ പറയേണ്ടതെന്ന് അറിയാതെ മിഴിച്ചു നിന്ന സിസ്റ്ററുടെ ചെവിയില്‍ സ്നേഹാലയത്തില്‍ നിന്നും പാട്ട് പഠിപ്പിക്കുന്നതിന്റെ ഈരടികള്‍ ഒഴുകിയെത്തി...
അതിപ്രകാരമായിരുന്നു...
"......കാലി തൊഴുത്തില്‍ പിറന്നവനേ .........
"...സിസ്റ്ററെ..
ഒരു ശബ്ദം കേട്ടു ട്രീസാമ്മച്ചി തിരിഞ്ഞു നോക്കി...മരിച്ചു പോയ രശ്മിയുടെ അമ്മ ആയിരുന്നുന്നു..
"..കൊച്ചു ചെയ്തോണ്ടിരുന്ന ജോലി ഞാന്‍ ചെയ്തോട്ടെ.........എനിക്ക് ഇനി വയ്യ സിസ്റ്ററെ...പാടത്തും പോയി വന്നിട്ട് അതിയാന്റെ ചവിട്ടും കുത്തും കൊള്ളാന്‍ ...ഞാന്‍ ഇവിടെ ആ തൊഴുത്തിന്റെ ഒരു മൂലയില്‍ കഴിഞ്ഞോളാം...
എന്താ പറയേണ്ടതെന്ന് അറിയാതെ മിഴിച്ചു നിന്ന സിസ്റ്ററുടെ ചെവിയില്‍ സ്നേഹാലയത്തില്‍ നിന്നും പാട്ട് പഠിപ്പിക്കുന്നതിന്റെ ഈരടികള്‍ ഒഴുകിയെത്തി...
അതിപ്രകാരമായിരുന്നു...
"......കാലി തൊഴുത്തില്‍ പിറന്നവനേ .........
by: Anil kadooran

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക