Slider

ചെമ്പല്ലി - മത്സരയിനത്തിലേക്കുള്ള കഥ.

0

അപ്പുട്ട്യേട്ടൻ പതിവുപോലെ അന്നും രാവിലെത്തന്നെ പുഴക്കരയിൽ തന്റെ പതിവു സ്ഥലത്ത് ഇരിപ്പുറപ്പിച്ചു കഴിഞ്ഞിരുന്നു. "ഇന്നെങ്കിലും ഒരു ചെമ്പല്ലി ച്ചെതുമ്പൽ ചൂണ്ടയിൽ വെട്ടിത്തിളങ്ങണേ മുത്തപ്പാ " കമ്യൂണിസ്റ്റാണെങ്കിലും അപ്പുട്ട്യേട്ടൻ പ്രാർത്ഥിച്ചു.കാരണമുണ്ട്!. മുത്തപ്പൻ, കറകളഞ്ഞ കമ്യൂണിസ്റ്റ് ദൈവമാണല്ലോ!!.നേരം വെളുത്തു വരുന്നതേയുള്ളൂ. ചൂണ്ടക്കാർ ഓരോരുത്തരായ് എത്താൻ തുടങ്ങി. ആൾക്കൂട്ടം വലുതായി വരുന്നതിലുള്ള തന്റെ അനിഷ്ടം അപ്പുട്ട്യേട്ടൻ ചുണ്ടിൽ എരിയുന്ന ബീഡി യോടു തീർത്തു. അതങ്ങിനെയാണ്. ചൂണ്ടയിടുന്നത് ഒരു തരം ധ്യാനം തന്നെയാണ്. ഏകാഗ്രത നഷ്ടപ്പെട്ടാൽപ്പിന്നെയെന്തു ധ്യാനം? ചിലയാളുകൾ അക്ഷമരായി വെറുതെ ബഹളം കൂട്ടും. അടുത്തിരിക്കുന്നവന്റെ ചൂണ്ടയിൽ മീൻ കുരുങ്ങിയാലോ.. പറയണ്ട, അസൂയ മൂത്ത് ഓരോന്നു പറയും." പഹയാ, ഇന്നു നിന്റെ ദിവസമാടാ.. ഒരു മുക്കാൽ കിലോയെങ്കിലും വരും മീനിന്റെ തൂക്കം." ഇങ്ങനെയൊക്കെ പറഞ്ഞ് മനുഷ്യനെ വെറുതേ ബേജാറാക്കും, വെറുപ്പിക്കും. അതു കൊണ്ടാണ് അപ്പുട്ട്യേട്ടൻ തനിക്കായി ഒരു ഒഴിഞ്ഞ മൂലകണ്ടെത്തിയത്. ഒരു ശല്യവുമില്ല. ആകെ കൂട്ടിനായി ദിനേശ് ബീഡിയുടെ പുക മാത്രം. തലേന്നാൾ വായനശാലയിൽ വയോജനവേദിയുടെ പരിപാടിക്കിടെ അപ്രതീക്ഷിതമായി ഒരു നോവൽ വായിക്കാനിടയായിരുന്നു. 1851 ൽ പുറത്തിറങ്ങിയ, അമേരിക്കൻ വിശ്വ കഥാകാരനായിരുന്ന ഹെർമൻ മെൽവില്ലേയുടെ - തിമിംഗലവേട്ടക്കാരുടെ കഥ പറയുന്ന വിശ്വകൃതി " മൊബിഡിക്ക് ". അതു വായിച്ച ആവേശത്തിലായിരുന്നു അദ്ദേഹം. തിമിംഗലമൊന്നും വേണ്ട.. ഒരു നേരത്തേക്ക് അരവു പുരട്ടി, കുടംപുളിയിട്ട് നല്ല കാന്താരിമുളകരച്ച ഒരു കറിക്കുള്ള വക മതിയായിരുന്നു. രണ്ടാഴ്ചയായി ഈ പുഴക്കരയിൽ നിന്നും വെറും കയ്യോടെ മടങ്ങുന്നു. നിരാശ വേറെ, പിന്നെ അടുക്കളക്കാരി ചെമ്മരത്തിയുടെ വക ചീത്ത വേറെ. അവൾ എങ്ങിനെ പറയാതിരിക്കും?.പല ദിവസങ്ങളിലും കറി വയ്ക്കാൻ വാങ്ങി വച്ച മീനിന്റെ പകുതിയും അപ്പുട്ട്യേട്ടൻ പുഴയിൽ മീനുകൾക്ക് നിവേദിക്കുകയായിരുന്നു പതിവ്. " പേരിന് ഒരു പരലെങ്കിലും പിടിച്ചൂടെ മനുഷ്യാ? ബെറ്തേ സമയം ഇങ്ങന കളയും" ചെമ്മരത്തിയുടെ വാക്കുകൾ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു..... ശ്രദ്ധ മുഴുവൻ ചൂണ്ടച്ചരടിൽ കേന്ദ്രീകരിച്ച് അപ്പുട്ട്യേട്ടൻ ഇരുന്നു.. ധ്യാനനിരതനായി. ദൈവമേ???!!!... ചൂണ്ടച്ചരടിതാ മുറുകാൻ തുടങ്ങിയിരിക്കുന്നു. ഓളപ്പരപ്പിലൊരു നീളൻ വര തീർത്തു കൊണ്ട് ചൂണ്ടച്ചരട് വലിഞ്ഞു മുറുകി. യാന്ത്രികമായി കൈകൾ ചലിക്കാൻ തുടങ്ങി. ഹൃദയമിടിപ്പ് ഉയരാൻ തുടങ്ങി. "പറ്റിച്ചേക്കല്ലേ മുത്തപ്പാ.. " ചുണ്ടച്ചരട് വളയങ്ങൾ സൃഷ്ടിച്ചു കൊണ്ട് മണ്ണിൽ പതിച്ചു. ഉദ്വേഗഭരിതമായ നിമിഷങ്ങൾ...ഇതാ തന്റെ കാത്തിരിപ്പിന് അറുതിയായിരിക്കുന്നു. തന്റെ പ്രാർത്ഥന കേട്ടിരിക്കുന്നു! കാൽചുവട്ടിൽ മുഴുത്തൊരു ചെമ്പല്ലി കിടന്നു പിടയ്ക്കുന്നു."ചെമ്മരത്തിക്ക് സന്തോഷമാകുമല്ലോ". അയാൾ ചൂണ്ട ചരട് വല്ല വിധേനയും പൊട്ടിച്ച് ചെമ്പല്ലിയുടെ ചെകിളകളിൽ പിടിച്ച് വീട്ടിലേക്ക് നടക്കാൻ തുടങ്ങി. അപ്പുട്ടേട്ടന് ആകാംക്ഷയടക്കാൻ കഴിഞ്ഞില്ല. ഒരു രണ്ടു കിലോവെങ്കിലും ഭാരം കാണും!.ഒരു കൗതുകത്തിന് കൈയിൽ കിടന്നു പിടയ്ക്കുന്ന ചെമ്പല്ലിയുടെ കണ്ണുകളിലേക്കയാൾ നോക്കിയതേയുള്ളൂ. തീക്ഷ്ണമായ, ഹൃദയഭേദിതമായ ഓർമ്മകളിതാ മുന്നിൽ... പഴയ മദ്രാസ് റെയിൽവേയിൽ മേസ്തിരിയായിരുന്നു അപ്പുട്ടേട്ടന്റെ അച്ഛൻ. കടുത്ത ആസ്തമാ രോഗിയായിരുന്നു. സർവ്വീസിലുണ്ടായിരുന്ന കാലത്തോളം ചികിത്സയിലുമായിരുന്നു.പ്രായാധിക്യത്തോടൊപ്പം, അച്ഛന്റെ രോഗവും മൂർച്ഛിച്ചു. മരണ വേളയിൽ ഒരിറ്റു ശ്വാസത്തിനായി അച്ഛൻ പിടഞ്ഞ രംഗം മനസ്സിൽ തികട്ടി വന്നിരിക്കുന്നു. തന്റെ കണ്ണുകളിലേക്ക് ദൃഷ്ടി പതിപ്പിച്ചുകൊണ്ട് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയ അച്ഛന്റെ കണ്ണുകളുടെ നിസ്സഹായത ചെമ്പല്ലിയുടെ കണ്ണുകളിൽ അയാൾക്ക് കാണാൻ കഴിഞ്ഞു. ആ പഴയ പതിനഞ്ചു വയസ്സുകാരന്റെ നിസ്സഹായതയിലേക്ക് അയാൾ വഴുതി വീണു കൊണ്ടിരുന്നു. ഒരു നിമിഷം..അപ്പുട്ട്യേട്ടൻ പുഴക്കരയിലേക്ക് യാന്ത്രികമായി തിരിഞ്ഞു നിന്നു. ഏതോ അഭൗമ ശക്തിയുടെ പ്രേരണയാലെന്ന പോലെ, തന്റെ കൈകളിൽ കിടന്ന് പിടയ്ക്കുന്ന ചെമ്പല്ലിയെ പുഴയെ തന്നെയേൽപ്പിച്ച് അപ്പുട്ടേട്ടൻ വീട്ടിലേക്ക് തിരിഞ്ഞു നടന്നു. കണ്ണുകൾ നനഞ്ഞിരിക്കുന്നു, മനസ്സിപ്പോൾ ശാന്തമായൊഴുന്ന പുഴ പോലെന്ന് തോന്നിച്ചു . ദൂരെയേതോ മേഘപരപ്പുകൾക്കിടയിൽ നിന്ന് അച്ഛൻ, തന്നെ നോക്കി പുഞ്ചിരി തൂകുന്നതായി അയാൾക്ക് തോന്നി.
ശുഭം
dileepnambiar1978@gmail.com
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo