Slider

മധുര പ്രതികാരം

0

സമയം അഞ്ചായല്ലോ ദൈവമേ ഇനി എപ്പോള വീട്ടിൽ എത്തുക .ഓഫീസിൽ നിന്നും താഴേക്കുള്ള പടികൾ ഓടി ഇറങ്ങി ജൂലി.ബസ് പോയി കാണും .പുതിയ മാനേജർ വന്നതിനു ശേഷം എന്നും ഇങ്ങനെ തന്നെ.നാലുമണിക്ക് മുൻപ് ജോലി എല്ലാം ചെയ്തു തീർത്താലും എന്തെങ്കിലും ജോലി ഉണ്ടാക്കും അയാൾ.തന്നെ തനിച്ചു കിട്ടാനുള്ള വഴി ഒരുക്കും. എന്നിട്ടു ഓരോ കുശലങ്ങളും പറഞ്ഞു ശൃംഗരിച്ചു കൊണ്ട് വരും അറുപതു കഴിഞ്ഞെങ്കിലും ചെറുപ്പവേഷം കെട്ടി നടക്കുന്ന വഷളൻ.അങ്ങനെ ഓരോന്ന് ഓർത്തു ജൂലി വേഗം ബസ് സ്റ്റോപ്പിൽ എത്തി.
ഇന്ന് രാവിലെ തന്നെ ആലോകിന്റെ മൂഡ് അത്ര രസത്തിലല്ല .ജൂലി എപ്പോളും കൂടെ ഇരിക്കണം. വാശി നല്ലോണം ഉണ്ട്.ജോലി വിടാൻ പറ്റാത്തത് കൊണ്ട് മോന്റെ ഇഷ്ട്ടം നോക്കാതെ ജൂലി ജോലിക്കു പോകുന്നു.പകൽ ഒക്കെ മോനെ നോക്കാൻ അടുത്ത വീട്ടിലെ ഒരു സ്ത്രീയെ ഏർപ്പാടാക്കിയിട്ടുണ്ട്.നാലു മണി ആവുമ്പോൾ അവർ തിരികെ പോകും.അതിനു മുൻപ് എങ്ങനെയും വീട്ടിൽ എത്താൻ ശ്രമിക്കും.പഴയ മാനേജർ തന്റെ കാര്യങ്ങൾ ഒക്കെ മനസിലാക്കി ഇളവ് ചെയ്തു തന്നിരുന്നു.പുതിയ മാനേജർ കാരണങ്ങൾ ഉണ്ടാക്കി എന്നും താമസിപ്പിക്കും.കുറെ സമയം ബസ് സ്റ്റോപ്പിൽ നിന്ന് .മഴക്കാർ ഉള്ളതിനാൽ ഇരുട്ടായി തുടങ്ങി.ഒടുവിൽ ബസ് വന്നു.
വീട് അടുക്കാറയതും മഴപെയ്യ്തു തുടങ്ങി.ജൂലിക്കു ടെൻഷൻ കൂടി തുടങ്ങി.പതിനഞ്ചു വയസ്സായെങ്കിലും കൊച്ചു കുഞ്ഞുങ്ങളുടെ പോലെ ആണ്‌ അവന്റെ സ്വഭാവം.മഴ ആലോകിന് പേടിയാണ്.മഴ പൊടിച്ചു തുടങ്ങുന്നത് കണ്ടാലേ മമ്മ എന്ന് വിളിച്ചു തുടങ്ങും.പിന്നെ അവന്റെ അടുത്തൂന്നു മാറാനും പറ്റില്ല.ആകെ മോൻ പറയുന്ന വാക്കാണ് മമ്മ.വേറെ ഒന്നും സംസാരിക്കില്ല.
ബസ് ഇറങ്ങി ജൂലി ഓടി.ചെന്നതും ബാഗ് വലിച്ചെറിഞ്ഞു മോന്റെ മുറിയിലേക്ക്.ജനലിന്റെ അരികിൽ വെളിയിലേക്ക് നോക്കി നിക്കുന്നു ആലോക്.ജൂലി മെല്ലെ ചെന്ന് അവന്റെ തലയിൽ പിടിച്ചു.മുഖത്തേക്ക് നോക്കി .കണ്ണുകൾ നിറഞ്ഞു ഭയത്തോടെ തന്നെ നോക്കുന്ന മോനെ മാറോടു ചേർത്തു.വല്ലാതെ വിറക്കുന്നു അവന്റെ ശരീരം.വേഗം പുതപ്പെടുത്തു പുതപ്പിച്ചു.
പേടിക്കണ്ടട്ടോ.മമ്മ ഇവിടെ അടുത്ത് തന്നെ ഉണ്ട്.ജൂലി അവനെ കട്ടിലിലേക്ക് കിടത്തി.ജനാല വലിച്ചടച്ചു.കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി കൊണ്ടേ ഇരിക്കുന്നു.മോനു വേണ്ട കരയണ്ട മമ്മ എങ്ങും പോകില്ല ജൂലി അവന്റെ അടുത്തേക്കിരുന്നു കൊണ്ട് പറഞ്ഞു.
ആലോകിന്റെ കൈ മെല്ലെ തടവിക്കൊണ്ടു ജൂലിയുടെ മനസ് ഭൂതകാലത്തിലേക്ക് പോയി.
ജൂൺ മാസത്തിലെ ഒരു ഞായറാഴ്ച.കോരിച്ചൊരിയുന്ന മഴ.ടോമിച്ചന്റെ കൈയിൽ തല വെച്ച് രാവിലെ എഴുന്നേക്കാനുള്ള മടിയിൽ പുതപ്പിനടിയിൽ കിടക്കുമ്പോൾ കോളിങ്ബെൽ ചിലച്ചു.വിവാഹം കഴിഞ്ഞിട്ടു നാളുകൾ കഴിഞ്ഞെങ്കിലും ഇന്നും ടോമിച്ചനു മധുവിധു ആണ്‌.
നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു ജൂലി .നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല.ഇടയ്ക്കിടയ്ക്ക് ടോമിച്ചൻ പറഞ്ഞു കൊണ്ടേ ഇരിക്കും .വയസു നാൽപ്പതു കഴിഞ്ഞു ഇപ്പോളും ഈ ടോമിച്ചനെന്താ എന്ന് ചോദിക്കുമെങ്കിലും ഉള്ളിൽ അതിന്റെ ഒരു സന്തോഷവും അഹങ്കാരാവും തോന്നിയിരുന്നു ജൂലിക്ക്‌.കുട്ടികൾ ഇപ്പോ വേണ്ടാന്ന് ആണ്‌ ടോമിച്ചന്റെ അഭിപ്രായം.കുട്ടികൾ ആയാൽ എന്റെ ജൂലിയെ സ്നേഹിക്കാൻ പറ്റില്ല ഇതുപോലെ എന്നൊക്കെ ആണ് ആളിന്റെ സംസാരം.ഒരു കുഞ്ഞില്ലാത്തതിന്റെ വീർപ്പുമുട്ടൽ ജൂലിക്ക് ചില സമയങ്ങളിൽ വല്ലാതെ അനുഭവപ്പെടും.ബിസിനസ്സും യാത്രയും ഒക്കെ ആയി നടക്കുന്ന ടോമിച്ചൻ അതൊന്നും ശ്രദ്ധിക്കാറില്ല.ടോമിച്ചന്റെ മുന്നിൽ ജൂലി ആ വിഷമം കാണിക്കാറുമില്ല.എല്ലാം ടോമിച്ചന്റെ ഇഷ്ട്ടം.അങ്ങനെയേ ചിന്തിച്ചിട്ടുള്ളൂ.
നീ കിടന്നോ ഞാൻ നോക്കിട്ടു വരാം എന്ന് പറഞ്ഞു ടോമിച്ചൻ എഴുന്നേറ്റു താഴെ വാതിൽ തുറക്കാൻ പോയി.കുറച്ചു നേരം ആയിട്ടും കാണാതെ വന്നപ്പോൾ ജൂലി എഴുന്നേറ്റു താഴേക്ക് ചെന്നു.വാതിലിനു മുൻപിൽ മേലാകെ നനഞ്ഞു ഒരു വെളുത്തു മെലിഞ്ഞ ഇരുപതു വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടി. അവളുടെ വിരൽ തുമ്പിൽ പിടിച്ചു മാനസികവളർച്ച ഇല്ലാത്ത പോലെ തോന്നുന്നു അഞ്ചു വയസു പ്രായമുള്ള ഒരു ആൺ കുട്ടിയും.ടോമിച്ചൻ ഒന്നും മിണ്ടാതെ വിയർത്തു കുളിച്ചു നിക്കുന്നു.
ആ പെൺകുട്ടിയുടെ കണ്ണിൽ നിന്ന് തീ പറക്കുന്നത് പോലെ തോന്നി ജൂലിക്ക്.പെട്ടെന്ന് ആ പെൺകുട്ടി കൈയിൽ പിടിച്ചു നിക്കുന്ന ആ കുഞ്ഞിനെ ടോമിച്ചന്റെ കാൽക്കലേക്കു തള്ളിവിട്ടു.കൂടെ ടോമിച്ചനും ആ പെൺകുട്ടിയും കൂടെ പല പോസിൽ നിക്കുന്ന കുറെ ഫോട്ടോസും ആ മുഖത്തേക്ക് വലിച്ചെറിഞ്ഞു .വലിയ വായിൽ കരഞ്ഞു കൊണ്ട് ആ കുഞ്ഞു നിലത്തു കിടക്കുന്നു.എല്ലാം കണ്ടുകൊണ്ടു സ്തബ്‌ധയായി നിന്ന ജൂലിക്കു ടോമിച്ചന്റെയും ആ പെൺകുട്ടിയുടെയും ഭാവത്തിൽ നിന്ന് കാര്യങ്ങൾ അതിനോടകം മനസിലായി.
കണ്ണുനിറഞ്ഞു ടോമിച്ചന്റെ മുഖത്തേക്ക് ഒരുനിമിഷംനോക്കി ജൂലി.കണ്ണുകൾകൊണ്ടു ടോമിച്ചൻ മാപ്പു ചോദിക്കുന്ന പോലെ തോന്നി ജൂലിക്ക്.എന്തോ പറയാൻ ഒരുങ്ങിയ ടോമിച്ചനോട് വേണ്ട എന്ന് കൈകൊണ്ടു മാത്രം കാണിച്ചു അകത്തേക്കു തിരിഞ്ഞതും കൈയിൽ സൂക്ഷിച്ച കത്തി സ്വന്തം വയറ്റിലേക്ക് ആഞ്ഞു ആഞ്ഞു കുത്തി ആ പെൺകുട്ടി കോരിച്ചൊരിയുന്ന മഴയിൽ മുറ്റത്തേക്ക് മറിഞ്ഞുവീണു.ജൂലി ഓടി ചെന്ന് അവളെ മടിയിലേക്കു താങ്ങി കെടത്തിയതും ഒന്നു പിടഞ്ഞു ആ ജീവൻ അവസാനിച്ചു. അഞ്ചു വയസുള്ള ആ കുഞ്ഞു ഉറക്കെ ഉറക്കെ എന്തോ ശബ്ദം പുറപ്പെടുവിച്ചു.വികൃതമായ എന്തോ ഒരു ശബ്ദം.
ഓടിച്ചെന്നു ആ കുഞ്ഞിനെ വാരിയെടുത്തു ജൂലിഅകത്തേക്ക് ഓടി.വേഗം ബാഗിലേക്ക് തന്റെ സാധനങ്ങൾ കുത്തി നിറച്ചു ആ കുഞ്ഞിനേയും എടുത്തു മുകളിലത്തെ മുറിയിൽ നിന്നും താഴേക്ക് വന്ന ജൂലി ഒന്നും മിണ്ടാതെ കുറ്റങ്ങൾ സമ്മതിച്ചു അപരാധിയെപോലെ നിന്ന ടോമിച്ചന്റെ കയ്യിലേക്കു കർത്താവിനെയും മാലഖമാരെയും സാക്ഷി നിർത്തി തന്റെ കഴുത്തിൽ കെട്ടിയ മിന്നു വെച്ച് കൊടുത്തു ആ അഞ്ചു വയസുകാരനെയും കൊണ്ട് ആ വീടിന്റെ പടിയിറങ്ങി.
താൻ കണ്ടതും കേട്ടതും ഒക്കെ സത്യമാണോന്നു അറിയാൻ ടോമിച്ചന്റെ ചില കൂട്ടുകാരോട് അതിനെ കുറിച്ച് അന്വേഷിച്ചു.ചിലർ ക്കെ സത്യം പറഞ്ഞു.ടോമിച്ചനു എല്ലാത്തിനും ഒത്താശ ചെയ്ത് കൊടുത്തിരുന്ന കൂട്ടുകാർ അങ്ങനെ അല്ല എന്നും പറഞ്ഞു. ഇടയ്ക്കിടയ്ക്ക് ബിസിനസ്സ് ടൂർ എന്ന് പറഞ്ഞു മഹാരാഷ്ട്രയിലേക്കു പൊയ്‌ക്കൊണ്ടിരുന്നത് ഈ പെൺകുട്ടിയുടെ അടുത്തേക്കാരുന്നു എന്ന് മനസിലായി.മകൾ ആകാൻപ്രായം മാത്രമുള്ള ആ പെൺകുട്ടിയെ ടോമിച്ചൻ.ജൂലിക്ക് ഓർക്കും തോറും വെറുപ്പും ദേഷ്യവും കൂടികൊണ്ടേ ഇരുന്നു.തന്നോട് ചെയ്തതിനെക്കാൾ വലിയ ചതിയാണ് ആ പെൺകുട്ടിയോട് ചെയ്തത്.
ആ പെൺകുട്ടിയുടെ മരണത്തിന്റെ പേരിൽ ടോമിച്ചൻ പോലീസ് കസ്റ്റഡിയിലും ഒക്കെ ആയി.പെൺകുട്ടിയുടെ മരണത്തിൽ ആർക്കുംപരാതി ഇല്ലാതിരുന്നതിനാൽ ടോമിച്ചനും കേസിൽ നിന്നും രക്ഷപെട്ടു.
പിന്നീട് കേട്ടു ടോമിച്ചൻ ആത്മഹത്യ ചെയ്തുവെന്ന്.ആരും അന്വേഷിക്കാൻ വരാഞ്ഞതിനാൽ ആ പെൺകുട്ടിയുടെ മൃതദേഹം പോലീസ് തന്നെ മറവു ചെയ്തു.പോലീസും കേസും ഒക്കെ വന്നു എങ്കിലും ആ അഞ്ചു വയസുകാരനെ അന്വേഷിച്ചു ആരും വന്നില്ല.അതൊരു ഭാഗ്യമായി കരുതി ജൂലി.അവനെ കൊണ്ടുപോകാൻ ആരും വരല്ലേ എന്ന് കർത്താവിനോടു പ്രാർത്ഥിച്ചു.ടോമിച്ചന്റെ വീട്ടുകാർക്ക് എല്ലാം അറിയാമായിരുന്നത് കൊണ്ട് ആരും ജൂലിക്ക് മുന്നിൽ ചോദ്യങ്ങളുമായി വന്നില്ല.ടോമിച്ചന്റ കുഞ്ഞായിരുന്നിട്ടുകൂടി ആ വീട്ടിൽ നിന്ന് ഒരാള് പോലും അവകാശവും ആയി വന്നില്ല.ഒന്നും അറിയാതെ ഇത്ര നാളും ജീവന് തുല്യം ടോമിച്ചനെ സ്നേഹിച്ചതിനു തന്നോട് തന്നെ അറപ്പു തോന്നി ജൂലിക്ക്‌.എങ്കിലും തനിക്കു കർത്താവു തന്ന മാണിക്യമാണെന്നു കരുതി ആ കുഞ്ഞിനെ വളർത്തി.
അന്നത്തെ ആ സംഭവത്തിന് ശേഷം ആ കുട്ടിക്ക് മഴ കണ്ടാൽ പേടിയാണ്. ഡോക്ടർമാരെ കാണിച്ചു.മാനസിക വളർച്ച ഇല്ലാത്തതു കൊണ്ടാണ് എന്നാണ് ആദ്യമൊക്കെ വിചാരിച്ചത്.പിന്നീടാണ് തിരിച്ചറിഞ്ഞത് മോനു ഓട്ടിസം ആണെന്ന്.ബുദ്ധി മാന്ദ്യമെന്ന് നമ്മൾ കരുതുന്ന ഓട്ടിസം ഒരു സ്വഭാവ വൈകല്യം മാത്രമാണ്.നിരന്തര പരിശ്രമത്തിലൂടെ ഒരു പരിധി വരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിക്കും.മാതാപിതാക്കൾ അറിയാത്ത സത്യം.
മഴ കണ്ടാൽ ഞെട്ടി വിറയ്ക്കുന്ന ഒരു കുട്ടി.ആരോടും അധികം സംസാരിക്കാതെ വേദനകൾ പോലും അറിയാതെ ചിലപ്പോളൊക്കെ വലിയ ദേഷ്യത്തിലും ചിലപ്പോളൊക്കെ ചെറുപുഞ്ചിരികൾ സമ്മാനിച്ചും അവൻ വളർന്നു. ആ കുട്ടിക്ക് ആലോക് എന്ന് പേരും ജൂലി തന്നെ ആണ് ഇട്ടതു.ടോമിച്ചന്റെ കുഴിമാടത്തിൽ എല്ലാ ഓർമ്മ ദിവസവും ആലോകിനെ കൊണ്ട് പോയി റോസാപൂക്കൾ വെയ്പ്പിക്കുവാരുന്നു ജൂലി.അത് കണ്ടു ടോമിച്ചന്റെ ആത്മാവു തന്നോട് കാട്ടിയ വഞ്ചന ഓർത്തു ഗതികിട്ടാതെ അലയണം .ആലോകിനെ മകനായി സ്വീകരിച്ചു അവനുവേണ്ടി ജീവിച്ചു ടോമിച്ചനോടുള്ള പ്രതികാരം വീട്ടി കൊണ്ടിരിന്നു ജൂലി.ജൂലിയുടെ പരിശ്രമത്തിലൂടെ ആലോക് സാധാരണ ജീവിതത്തിലേക്ക് എത്തിക്കൊണ്ടിരുന്നു.ചിലപ്പോളൊക്കെ ജൂലി ഓർക്കും തന്റെ മാതൃത്വം സഫലീകരിക്കാനാണോ കർത്താവു തനിക്കായി ഇങ്ങനെയൊരു തീരുമാനം നടപ്പാക്കിയത് എന്ന്.
ആത്മാവു എന്ന ഒന്നുണ്ടെങ്കിൽ തീർച്ചയായും ടോമിച്ചന്റെ ആത്മാവു ഗതികിട്ടാതെ അലയും.അങ്ങനെ ആശ്വാസിച്ചു ജൂലി ഓരോ ദിവസവും പ്രതികാരം ഉള്ളിൽ ഒളിപ്പിച്ചു സന്തോഷത്തോടെ ആലോകിനോടൊത്തു അവന്റെ മമ്മ ആയി ജീവിക്കുകയാണ്.സ്നേഹിക്കാനും ലാളിക്കാനും അവനുണ്ടാവുമെന്നു വിശ്വസിച്ചു.ഇങ്ങനെ ഒരു ബുദ്ധിവൈകല്യം ആയതിനാൽ തന്നെ അവൻ ചതിക്കില്ല എന്നും സ്നേഹം കൊടുത്താൽ തീർച്ചയായും അവനിൽ നിന്ന് തിരിച്ചു സ്നേഹം കിട്ടുമെന്നും ജൂലി ക്കറിയാം.
ജൂലിയുടെ ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് കൈയിൽ പെട്ടെന്നു ഒരു മുത്തം കൊടുത്തു ആലോക്.ചില സമയങ്ങളിൽ മാത്രം അവനിൽ നിന്ന് കിട്ടുന്ന സ്നേഹത്തിന്റെ സമ്മാനമായിരുന്നു ആ മുത്തം.ജൂലി അവനെ വാരി പുണർന്നു.സന്തോഷം കൊണ്ട് ജൂലിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി
ജൂലി സ്വയം മനസ്സിൽ ആലോകിനോടയി പറഞ്ഞു.നിനക്ക് വേണ്ടിയാണ് ഞാൻ ഇന്ന് ജീവിതം നയിക്കുന്നത്.എന്റെ ജീവിതത്തിന്റെ ഇന്നിന്റെയും നാളെയുടെയും അവകാശി നീ മാത്രമാണ്.ടോമിച്ചനോടുള്ളപ്രതികാരം മനസ്സിൽ ഉണ്ടെങ്കിലും നിന്റെ ചിരി എനിക്ക് നൽകുന്ന ആശ്വാസമുണ്ടല്ലോ,അതാണ് കുഞ്ഞേ നീ എനിക്ക് തന്ന മാതൃത്വത്തിന്റെ പുണ്യം..
മഞ്ജുഅഭിനേഷ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo