സെക്കന്റ് ഷോ കഴിഞ്ഞ് ബൈക്കിൽ വരികയായിരുന്നു. ഇന്നെന്തോ.. തെരുവ് വിളക്കുകളൊന്നും തന്നെ കത്തുന്നുണ്ടായിരുന്നില്ല.ഇരുട്ടിൽ മുങ്ങിയ വിജനമായ റോഡിൽ ഹെഡ് ലൈറ്റിന്റെ വെളിച്ചം മാത്രം ആശ്വാസമായി തോന്നി. രാത്രിയുടെ നിശബ്ദതയിൽ ബുള്ളറ്റിന്റെ പട.. .പട.. ശബ്ദം മാത്രം മുഴങ്ങിക്കൊണ്ടിരുന്നു. റോഡരികിലുള്ള പൊതു ശ്മശാനം എത്താറായപ്പോൾ എന്തോ കൈകൾ അറിയാതെ ആക്സിലേറ്ററിൽ കൂടുതൽ പിടി മുറുക്കി..
ശ്മശാനം കഴിഞ്ഞുള്ള വലിയ വളവ് വീശിയെടുത്തപ്പോഴാണ് ആ കാഴ്ച കണ്ടത്. ഡിസ്ട്രിബ്യൂഷൻ ട്രാൻസ്ഫോർമറിൽ ഇടിച്ച് തകർന്നിരിക്കുന്ന വെള്ള നിറമുള്ളൊരു വാഹനം. നിർത്താതെ പോകാനാണ് ആദ്യം തോന്നിയത്.പിന്നെന്തോ പ്രേരണയിൽ ബൈക്ക് ഒതുക്കി വെച്ചു അടുത്തേക്ക് പോയി നോക്കി. ഒരു മാരുതി ഒമ്നി വാനാണ്. ശക്തമായ ഇടിയുടെ ആഘാതത്തിൽ വണ്ടിയുടെ മുൻ വശം പാടെ തകർന്നിരുന്നു. ഒരാൾ മാത്രമായിരുന്നു വണ്ടിയിൽ ഉണ്ടായിരുന്നത്.മുപ്പത്തഞ്ച് വയസോളം പ്രായം തോന്നിക്കുന്ന വെളുത്ത് തടിച്ചൊരു മനുഷ്യൻ .തുറന്ന് പോയ ഡോറിലൂടെ അയാളുടെ പകുതി ശരീരം പുറത്തായിരുന്നു. കൈകൾ എടുത്ത് പൾസ് പരിശോധിച്ചപ്പോൾ മനസ്സിലായി മരണം സംഭവിച്ചിരിക്കുന്നു.
ആ തണുപ്പിലും ഞാൻ നന്നായി വിയർത്തു. പിന്നീട് പോലീസിനെ വിളിച്ച് വരുത്തി എല്ലാം കഴിഞ്ഞപ്പോൾ നേരം വെളുക്കാനായിരുന്നു. തളർച്ചയോടെ ബൈക്കെടുത്ത് വീണ്ടും വീട്ടിലേക്ക്.. ഒരു ഇരുനൂറ് മീറ്റർ മുന്നോട്ട് പോയിക്കാണും റോഡ് സൈഡിലായി സാമാന്യം വലിപ്പമുള്ള ഒരു കാർട്ടൺ ബോക്സ് ഉപേക്ഷിറക്കപ്പെട്ട രീതിയിൽ കിടക്കുന്നതായി കണ്ടു. പരിസരത്തൊന്നും ആരും തന്നെ ഉണ്ടായിരുന്നില്ല .അടുത്ത് ചെന്ന് ഒരു സൈഡ് പൊട്ടിച്ച് നോക്കിയപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല.. കെട്ടു കണക്കിന് പച്ച നോട്ടുകൾ... ആ വണ്ടിയിൽ നിന്ന് വീണതാണോ ആവോ.. ഒരായിരം ചോദ്യങ്ങൾ മനസ്സിൽ കിടന്ന് മുഴങ്ങി.
വീട്ടിലെത്തിയപ്പോൾ ഒരു സമാധാനവും ഉണ്ടായില്ല. പെട്ടി ആരും കാണാതെ എങ്ങനേയോ റൂമിലെത്തിച്ചു. വിശ്വാസം വരാതെ ഒന്നൂടി തുറന്ന് നോക്കി. ആയിരത്തിന്റെ കെട്ടുകളാണ്. എത്ര കാണും.... ലക്ഷങ്ങൾ? അതോ കോടികളോ.... നാളെ തന്നെ ലീവിന് എഴുതിക്കൊടുക്കണം.. എന്തൊക്കെ ചെയ്യണം ഈ പണം കൊണ്ട്... ബിസിനസ് തുടങ്ങിയാലോ... സ്ഥലം കുറച്ച് വാങ്ങണം.. വീട് ഇത് പോര.. കാർ നല്ലത് തന്നെ ആവട്ടെ... ചിന്തകൾ എവിടെയോ എത്തി.
പിന്നീടുള്ള ദിവസങ്ങളിൽ വളരെ ബുദ്ധിപരമായിട്ട് തന്നാണ് ഞാൻ പെരുമാറിയത്.പണം കൊണ്ട് ഒരു ബെഡ് തന്നെ ഉണ്ടാക്കി.കള്ളനോട്ടാണോ എന്നൊക്കെ പരിശോധിച്ചു. കുറച്ചൊക്കെ ചിലവാക്കി നോക്കി.. വല്ലാത്ത മാനസിക പിരിമുറുക്കം തന്നെയായിരുന്നു. വേറൊന്നിലും ശ്രദ്ധ ഇല്ലാതായി. പണം... പണം മാത്രം.
പണം എന്ത് ചെയ്യാം എന്നാലോചിച്ച് റൂമിൽ ഇരിക്കുമ്പോഴാണ് ഹാളിലെ ടി.വിയിൽ വെച്ച വാർത്ത കേട്ടത്.. ഒറ്റ ഓട്ടത്തിന് പോയി നോക്കിയപ്പോൾ പ്രധാന മന്ത്രി രാജ്യത്തെ അഭിസംബോദന ചെയ്ത് സംസാരിക്കുന്നുണ്ടായിരുന്നു. അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകൾക്ക് ഇന്ന് അർദ്ധ രാത്രി മുതൽ കടലാസിന്റെ വില മാത്രം.. ഫ്ലാഷ് ന്യൂസുകൾ ... ചർച്ചകൾ.. കള്ളപ്പണം തടയാനുള്ള ധീരമായ തീരുമാനം.. റിപ്പോർട്ടർ പറയുകയാണ്. എനിക്ക് ശരീരം തളരുന്നത് പോലെ തോന്നി.
അന്ന് രാത്രി എല്ലാ നോട്ടുകളും മണ്ണെണ്ണ ഒഴിച്ച് ഞാൻ കത്തിച്ച് കളഞ്ഞു. വിലയില്ലാത്ത ആ കടലാസ് കഷണങ്ങൾക്കൊപ്പം സ്വപ്നങ്ങളുടെ കൊട്ടാരവും കത്തിയെരിയുന്നത് നിർവികാരതയോടെ നോക്കി നിന്നു. എങ്കിലും തിരിഞ്ഞ് നടക്കുമ്പോൾ കഴിഞ്ഞ ദിവസങ്ങളിൽ നഷ്ടപ്പെട്ടു പോയ മന:സമാധാനം എനിക്ക് തിരിച്ച് കിട്ടിയിരുന്നു... ഒപ്പം അർഹതയില്ലാത്ത സമ്പത്ത് ഒരിക്കലും നില നിൽക്കില്ലെന്ന വലിയ തിരിച്ചറിവും.
By: Younus muhammed

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക