Slider

ബ്രേക്കിംഗ് ന്യൂസ്... (കഥ)

0

വൈകുന്നേരം ,തന്റെ ചാരുകസേരയിൽ കിടന്ന് മിസിസ്.മറിയാമ്മ കുരിയാക്കോസ് തങ്കച്ചൻ എന്ന കൊച്ചേച്ചി വച്ചു കൊടുത്ത സുലൈമാനിയും ആസ്വദിച്ചു കൊണ്ട് വാർത്ത കാണുകയായിരുന്നു കുരിയാക്കോസ് തങ്കച്ചൻ എന്ന കുരിയാച്ചൻ. സൂപ്പർ സ്റ്റാറിനെപ്പോലെ ഒരു വശത്തേക്ക് ചെരിഞ്ഞിരുന്ന് വാർത്തകൾ ചട്ടിയിലിട്ട് വറുക്കുകയാണ് ന്യൂജൻ നവ മാധ്യമകുമാരൻ.സ്ക്രീനിൽ പാഞ്ഞു പോകുന്ന ഫ്ലാഷ് ന്യൂസുകൾ കുരിയാച്ചൻ പൊതുവേ ശ്രദ്ധിക്കാറില്ല."നാളെ ബിവറേജസ് ഔട്ട് ലെറ്റുകൾക്ക് അവധി " എന്നൊക്കെയായിരിക്കും ഈ so called ഫ്ലാഷ് ന്യൂസ് കാച്ചി വിടുന്നത്. മാധ്യമ കുമാരൻ പെട്ടെന്നാണ് അലറുന്ന മട്ടിൽ മൊഴിഞ്ഞത്. "ബ്രേക്കിംഗ് ന്യൂസ് "............
ബ്രേക്കിംഗ് ന്യൂസ് പണ്ടേ കുരിയച്ചന് ഇഷ്ടമാണ്. കുറഞ്ഞത് ഒരു ബ്രേക്കെങ്കിലുമിടുമല്ലോ! ചോരച്ചുവപ്പടിച്ച അക്ഷരത്തിലിതാ ബ്രേക്കിംഗ് ന്യൂസ് കിടന്നു പായുന്നു!!! " 500, 1000 നോട്ടുകൾ നാളെ വെറും കടലാസുകഷണങ്ങൾ! കള്ളപ്പണം വെളുപ്പിക്കാൻ കടുത്ത നടപടികളുമായി കേന്ദ്ര സർക്കാറും, ആർ.ബി.ഐയും."..... ഒരു നിമിഷം..... കനത്ത ശൂന്യത കുരിയച്ചന്റെ സർവ്വനാഡികളിലും വ്യാപിക്കാൻ തുടങ്ങി.തലച്ചോർ പ്രവർത്തനക്ഷമമായിരുന്നതുകൊണ്ടോ,കൊച്ചേച്ചിയുടെ ചായയുടെ ഗുണം കൊണ്ടാണോന്നറിഞ്ഞില്ല, കുരിയച്ചൻ ഒന്നാന്തരമൊരു ചാട്ടത്തിലൂടെ ചാരുകസേരക്ക് പുറത്തെത്തി. പിന്നെയൊരു ഓട്ടമായിരുന്നു.... എവിടേക്ക്?അവിടേക്കു തന്നെ ! റബ്ബറുണക്കാനിട്ട വിറകുപുരയിലേക്ക്. ഉണക്കിക്കെട്ടിവച്ച ഷീറ്റുകളും, അടുക്കള വിറകുമൊക്കെയായി തിങ്ങിനിറഞ്ഞ ഷെഡ്. കുരിയച്ചൻ ഒരു കാട്ടുപന്നിയുടെ മെയ് വഴക്കത്തോടെ ചാക്കുകെട്ടുകളും, വിറകും തുരന്ന് അകത്തേക്ക് കയറി. മൂലയ്ക്ക് കൂട്ടി വച്ച പഴന്തുണിക്കെട്ടുകൂടി മാറ്റിയപ്പോളതാ.... കുരിയച്ചന്റെ റിസർവ്വ് ബാങ്ക് വലിയൊരു "മരപ്പെട്ടി "യുടെ രൂപത്തിൽ!... കുരിയച്ചനൊരു ദീർഘശ്വാസമെടുത്തു.തന്റെ ബ്ലേഡു ബിസിനസ്സിന്റെ പലിശയും, പലിശയുടെ പലിശയും, കോളനിക്കാർക്ക് സർക്കാർ പതിച്ചു നൽകിയ റവന്യൂ ഭൂമി ചുളുവിലയ്ക്ക് അടിച്ചുമാറ്റി വിലകേറ്റി വിറ്റ വകയിലുള്ളതൊക്കെയുമായി എഴുപത്തു ലക്ഷത്തിന്റെ അഞ്ഞൂറും, ആയിരവും മരപ്പെട്ടിയിൽ സുഖസുഷുപ്തിയിൽ!!
" എങ്ങിനെ വെളുപ്പിക്കും എന്റെ പുണ്യാളാ".കുരിയച്ചൻ കർത്താവിനെ വിളിച്ചു കരഞ്ഞു.കരഞ്ഞുന്ന് പറയാൻ പാടില്ല. പ്രാകി.അതാണ് ശരിയായ പ്രയോഗം.കരച്ചിൽ എന്നൊരു വാക്ക് കുരിയച്ചന്റെ നിഘണ്ടുവിലില്ല. വിറകുപുരയിൽ നിന്ന് ഞരക്കവും, മൂളലും കേട്ട് കൊച്ചേച്ചി ഉറപ്പിച്ചു.ഇത് മരപ്പട്ടി തന്നെ. തന്റെ സ്ഥിരം ആയുധമായ ഉലക്കയുമായി കൊച്ചേച്ചി കമാന്റോ ഓപ്പറേഷന് ഇറങ്ങിത്തിരിച്ചു. കരിഞ്ഞുണങ്ങിയ റബ്ബറിലകളിൽ ചവിട്ടി നിശ് ബദയായി കൊച്ചേച്ചി വിറകുപുരയിലെത്തി. വാതിൽ തുറന്നു കിടക്കുന്നു!. ഹമ്പ.... രണ്ടു മൂന്നെണ്ണം കാണും. അകത്തു കയറി ഞരക്കം കേട്ട മൂല ലക്ഷ്യമാക്കി കൊച്ചേച്ചി ആഞ്ഞടിച്ചു........... *#?!## *
അമ്മച്ചിയേ............. കുരിയാച്ചന്റെ ദയനീയ സ്വരം റബ്ബർ തോട്ടവും കടന്ന് താഴെ അങ്ങാടിയിലെത്തി. അന്തം വിട്ട കൊച്ചേച്ചി ,കുരിയാച്ചനേയും കുരിയച്ചൻ കെട്ടിപ്പിടിച്ചു കിടന്ന മരപ്പെട്ടിയും മാറി മാറി നോക്കി. ചോരയൊലിപ്പിച്ച മുഖത്തോടെ കുരിയാച്ചൻ മെല്ലെ പറഞ്ഞു
"നീ എന്നെ തല്ലിയതിൽ ഒരു വിഷമൊം ഇല്ല ഡീ... ഈ മൊതല് എങ്ങന വെളുപ്പിച്ചെടുക്കുംന്നാലോചിക്കുമ്പോഴാ കരച്ചില് വരണത് ".. തന്റെ എഴുപത്തഞ്ച് ലക്ഷവും കെട്ടി പിടിച്ച് കുരിയച്ചൻ വീണ്ടും കരയാൻ തുടങ്ങി.
അടുക്കളയിലേക്ക് ഹനുമാനെപ്പോലെ തന്റെ ഒലക്കയും പിടിച്ച് തിരിച്ചു നടക്കുമ്പോൾ കൊച്ചേച്ചിയുടെ കഴുത്തിൽ കിടന്ന "മുക്കുപണ്ടം" മന്ദഹസിക്കുന്നുണ്ടായിരുന്നു.
ദിലി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo