Slider

ഒരു ചെറിയ സന്തോഷം

0

നമുക്ക് മനസ്സിൽ സന്തോഷം തോന്നാൻ കാരണങ്ങൾ പലതുണ്ടാവാം. സമ്മാനം കിട്ടുമ്പോഴുണ്ടാവുന്ന സന്തോഷം ,മറ്റുള്ളവരിൽ നിന്ന് അഭിനന്ദനങ്ങൾ കിട്ടുമ്പോഴുണ്ടാകന്ന സന്തോഷം ,യാത്ര പോവുമ്പോഴുണ്ടാകുന്ന സന്തോഷം അങ്ങനെ സന്തോഷങ്ങൾ പലവിധത്തിൽ നമ്മുടെ ജീവിതത്തിൽ ഉണ്ടാവാറുണ്ട്.
ഇവിടെ ഈ ദുബായ് എത്തിയിട്ട് ഇന്നേക്ക് മുന്ന് വർഷം തികയുന്നു. വീടും നാടും പിരിഞ്ഞിരിക്കുന്ന ഈ അവസരത്തിൽ എനിക്കും ഉണ്ടായി ഒരു ചെറിയ സന്തോഷം .
മൂന്ന് വർഷങ്ങൾക്ക് മുൻപ്
.......................................................
നേരം രാവിലെ പത്തുമണി. വീട്ടിനകത്ത് കട്ടിലിൽ സുഗമായി കിടന്നുറങ്ങുന്ന ഞാൻ . പത്തു മണി വരെ കിടന്നുറങ്ങിയത് ഞായറാഴ്ച ആയ തു കൊണ്ടല്ല കേട്ടോ മറിച്ച് ഒരു ജോലിയും കൂലിയും ഇല്ലാത്തോണ്ടാ..,
പെട്ടെന്ന് എന്റെ ഉറക്കത്തെ കീറി മുറിച്ചു കൊണ്ട് മൊബൈൽ ഫോൺ റിങ് ചെയ്യാൻ തുടങ്ങി. ഫോൺ എടുത്ത് നോക്കിയപ്പോൾ അനുച്ചേച്ചിയാണ് വിളിക്കന്നത് .എന്റെ കസിൻ..
ഞാൻ: ഹലോ...
ഉടൻ തന്നെ മുപടിയും വന്നു.
എടാ നീ പെട്ടെന്ന് ഒരു ഓട്ടോ വിളിക്ക് എന്നിട്ട് നേരെ ഇങ്ങോട് പറഞ്ഞ് വിട്. ഒന്ന് ഹോസ്പിറ്റലിൽ പോണം. ഞാൻ ചോദിച്ചു എന്താ എന്ത് പറ്റി ?
അനുച്ചേച്ചി: ഏയ് കുഴപ്പമൊന്നുമില്ല. അമ്മൂമ്മയെ ഒന്ന് ഡോക്ടറെ കാണിക്കാനാണ്. നീ വേഗം ഓട്ടോ വിളിക്ക്, ഇവിടുത്തെ ഓട്ടോക്കാർ ഒരൊറ്റ എണ്ണം വിളിച്ചിട്ട് വരുന്നില്ല. അത്രേം പറഞ്ഞ് ചേച്ചി ഫോൺ കട്ട് ചെയ്തു.
എനിക്ക് ആകപ്പാടെ അറിയാവുന്ന ഓട്ടോക്കാരൻ രാജുവേട്ടനാണ്. ഈ രാജുവേട്ടൻ എന്റെ സുഹൃത്തിന്റെ അച്ഛനും ആണെന്നത് മറ്റൊരു കാര്യം. അത് കൊണ്ട് തന്നെ രാജുവേട്ടനം വീട്ടുകാർക്കും എന്നെ നല്ല കാര്യവും ആണ്. എല്ലാവരോടും സ്നേഹത്തോടെ മാത്രം പെരുമാറാനറിയുന്ന വ്യക്തിത്വം.പിന്നെ ഒന്നും നോക്കിയില്ല.രാജുവേട്ടന്റെ ഫോണിൽ തന്നെ വിളിച്ചു. ഉടനെ മറുപടിയും വന്നു.
"ഹലോ.. എന്തമോനേ?"
ഞാൻ: രാജുവേട്ടാ ഒരു ഓട്ടം പോണല്ലോ....
രാജുവേട്ടൻ: എങ്ങോട്ടാ ...? വല്ല കല്ലും കുഴികളും നിറഞ്ഞ റൂട്ടാണോ?
ഞാൻ: എയ് അല്ല ഇത് ആശുപത്രിയിൽ പോവാനാണ്. നമ്മുടെ പുനത്തിൽ തറവാട്ടിലേക്കാണ്. അനുച്ചേച്ചിയുടെ അമ്മയെ ... ഛേ... സോറി അമ്മൂമ്മയെ ഡോക്ടറെ കാണിക്കാനാ...
രാജുവേട്ടൻ: ഏത് .. നമ്മുടെ ശശിയുടെ അമ്മയോ....?
ഞാൻ: ആ.. വേഗം വേണം ട്ടാ... അമ്മൂമ്മയ്ക്ക് തീരെ വയ്യാ ട്ടാ..
അങ്ങനെ ചേച്ചിക്ക് ഓട്ടോ വിളിച്ചു കൊടുത്ത അഭിമാനത്തിൽ വീണ്ടും സുഗനിദ്ര തുടരാൻ ശ്രമിച്ച എന്റെ ചെവിയിലേക്ക് അമ്മയുടെ ശബ്ദം തുളഞ്ഞു കയറി.
"ഉറങ്ങിക്കോടാ..... ഉറങ്ങിക്കോ.... കൂടെ പഠിച്ചവന്മാരെല്ലാരും ഓരോ ജോലിക്ക് പോയിത്തുടങ്ങി.ഞാൻ ഉണ്ടാക്കുന്ന ചോറും കറിയും കഴിച്ച് ഇവിടെ ഉറങ്ങിയിരുന്നാൽ മതി."
ഒരു മടിയുമില്ലാതെ ഞാൻ എന്റെ ഉറക്കത്തെ അങ്ങ് ട് ഉപേക്ഷിച്ചു. മാത്രമല്ല ഇനി വീട്ടലെ ചോറും ചായയയും വേണ്ടെന്നു തീരുമാനിക്കുകയും ചെയ്തു. എന്നാൽ പിന്നീട് വായു ഭക്ഷണം കഴിച്ച് ജീവിക്കേണ്ടി വരുമെന്ന് ഓർത്തപ്പോൾ ആ തീരുമാനവും മാറ്റി.
നേരം പതിനൊന്നരയായിക്കാണും, ചുമ്മാ ഞങ്ങളുടെ ടൗണിൽ നടക്കാനിറങ്ങിയതാണ് .ടൗൺ എന്നൊന്നും പറയാൻ പറ്റില്ല, ഒരു ചെറിയ കവലയാണ്. പെട്ടെന്നാണ് ഒരു ലോറി എന്റെ മുന്നിൽ വന്നത് ലോറിക്ക് പിന്നിൽ തവിട് പൊടിയായ ഒരു ഓട്ടോറിക്ഷയും ഉണ്ട്. ഏതോ ആക്സിഡന്റായ ഓട്ടോയാണ്. പാവം ഡ്രൈവർ രക്ഷപ്പെട്ടു കാണുമോ എന്തോ.. ഞാൻ മനസ്സിൽ വിചാരിച്ചു.
പെട്ടെന്ന് ലോറിയുടെ മുന്നിൽ ഇരിക്കുന്ന ആളെ കണ്ട് ഞാൻ ഞെട്ടി. സാക്ഷാൽ രാജുവേട്ടൻ...
എന്നെക്കണ്ടതും രാജുവേട്ടൻ വിളിച്ചു പറഞ്ഞു.
"നിന്നെ ഒന്നു കാണണം"..
പൊട്ടിപ്പൊളിഞ്ഞ ഓട്ടോയും കൊണ്ട് ലോറി അടുത്തുള്ളവർക് ഷോപ്പിലേക്ക് പോയി. പിന്നാലെ ഒരു സുഹൃത്തിന്റെ ബൈക്കിന് പിന്നിലിരുന്ന് ഞാനുo അങ്ങോട്ടു പോയി.
സ്ഥലം വർക് ഷോപ്പ് :
............................................
രാജുവേട്ടൻ എന്നെ കണ്ടതും
"ഡാ ... നീ ആരെ കെട്ടിക്കാനാടാ രാ വി ലെ എന്നെ അങ്ങോട്ട് ഓട്ടം വിട്ടത്?
ഞാൻ: അത്.... അത് അമ്മൂമ്മയെ കൊണ്ടു പോവാൻ....
രാജുവേട്ടൻ: അമ്മൂ........!!!എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ടാ.... രാജുവേട്ടൻ ഒരു പാട് ചൂടായി. വായിത്തോന്നിയ തെറിയഭിഷേകം എന്റെ മുഖത്തേക്ക് ചൊരിഞ്ഞു. ഒന്നും മനസ്സിലാവാതെ ഞാനും സുഹൃത്തും അങ്ങനെ നിൽക്കുകയാണ്.ഒടുവിൽ റാജുവേട്ടൻ തന്നെ കാര്യങ്ങൾ വിശദീകരിച്ചു .
അമ്മൂമ്മയെ ഹോസ്പിറ്റലിൽ കൊണ്ട് പോവാനായി അനുചേച്ചിയുടെ വീട്ടിൽ എത്തിയ രാജുവേട്ടന കണ്ട് അനുചേച്ചി: "ഡാ ഡീ ദേ ഓട്ടോ വന്നിട്ടുണ്ട്.
ഉടനെ വീടിന്റെ പുറകിൽ നിന്നും അനുചേച്ചിയുടെ അച്ഛൻ നടന്നു വന്നു. കൂടെ ഭീമാകാരനായ അവിടുത്തെ വളർത്തു പട്ടിയും. ആളു ജർമ്മനാ ... ജർമ്മൻ .
' ഉടനെ പട്ടി ഓട്ടോയിൽ ചാടിക്കയറി. പിന്നാലെ അനുചേച്ചിയുടെ അച്ഛനും .
രാജുവേട്ടൻ: "അല്ലാ... ഇതെന്താ ശശീ പട്ടിയൊക്കെയായിട്ട്....?.
ശശിയേട്ടൻ: "ഒന്നു മൃഗാശുപത്രി വരെ പോണം...... "
രാജുവേട്ടൻ: "അല്ലാ... നിങ്ങളടെ അമ്മയെ ഹോസ്പിറ്റലിൽ കൊണ്ടു പോവാനെന്നാണല്ലോ ആ ചെറുക്കൻ പറഞ്ഞത്?
ഉടനെ അനുചേച്ചി ഇടപെട്ടു.
" അവനോട് ഞാൻ പറഞ്ഞതാണല്ലോ മൃഗാശുപത്രിയിലേക്കാണെന്ന്..... "
പട്ടിയെ ഓട്ടോയിൽ കയറ്റില്ലെന്നായി രാജുേവേട്ടൻ.രാജുവേട്ടന് പട്ടിയെന്നു കേട്ടാൽത്തന്നെ അറപ്പും വെറുപ്പുമാണ്. പട്ടിയെ ഇതു പോലെ പേടിയുള്ള ആൾ ഞങ്ങളുടെ നാട്ടിൽ വേറെയില്ല.
ഒടുവിൽ രാജുവേട്ടൻ സമ്മതിച്ചു. അവർ മൃഗാശുപത്രിയിലേക്ക് യാത്ര ആരംഭിച്ചു.രാജുവേട്ടൻ ൈഡ്രവിങ് സീറ്റിലും പട്ടിയും അനുചേച്ചിയുടെ അച്ഛനും പിൻസീറ്റിലും.
യാത്രക്കിടെ രാജുവേട്ടനും അനുചേച്ചിയുടെ അച്ഛനും അല്പം നാട്ടുകാര്യങ്ങളൊക്കെ പറയാൻ തുടങ്ങി.
' പെട്ടെന്നാണ് അത് സംഭവിച്ചത്.നമ്മുടെ ജർമ്മൻകാരൻ പട്ടി ഡ്രൈവിന്ദ് സീറ്റിലേക്ക് എത്തിവലിഞ്ഞ് നോക്കിയതും ,എന്തോ പറഞ്ഞ് നമ്മുടെ രാജുവേട്ടൻ തിരിഞ്ഞ് നോക്കിയതും ഒരുമിച്ചായിരുന്നു. പട്ടിയും രാജുവേട്ടനും മുഖത്തോട് മുഖം നോക്കി എന്ന് വേണേൽ പറയാം...
രാജുവേട്ടൻ പേടിച് നിലവിളിച്ചതും വണ്ടിയുടെ നിയന്ത്രണം പോയതും എല്ലാം ഒരുമിച്ചായിരുന്നു. പാവത്തിന്റെ ഓട്ടോ തല കീഴായി മറിഞ്ഞു. പച്ച മലയാളത്തിൽ പറഞ്ഞാൽ മലക്കം മറഞ്ഞു .ഓട്ടോതവിട്പൊടിയായി.എങ്ങനെയൊക്കെയോ വണ്ടിയുടെ ഉള്ളിൽ നിന്നും പുറത്തു കടന്നു . അനുചേച്ചിയുടെ അച്ഛനെയും പട്ടിയെയും കാണാനില്ല ഒരു ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയ രാജുവേട്ടൻ കണ്ട കാഴ്ച രസകരമായിരുന്നു. അനുചേച്ചിയുടെ അച്ഛനും പട്ടിയും മറ്റൊരു ഓട്ടോ യിൽ കയറി പോവുന്നു .അതും രാജുവേട്ടന് അഞ്ചിന്റെ പൈസ കൊടുക്കാതെ ..... ഇത്രയും പറഞ്ഞ് രാജുവേട്ടൻ എന്നോട് പറഞ്ഞു .ഇനി മേലാൽ നീ എന്നിക്ക് ഓട്ടംതരരുത് .രാവിലത്തന്നെ ഓരോന്ന് ഇറങ്ങിക്കോളും . രാവിലത്തന്നെ കള്ളം പറഞ്ഞ് ഓരോ റൂട്ടിലേക്ക് വിട്ടോളും ...
ഞാൻ: അല്ല രാജുവേട്ടാ ... ഞാൻ അമ്മൂമ്മയെ കൊണ്ടു പോവാനാന്ന് പറഞ്ഞപ്പോ'...
നിർത്തെടാ മലയ്ക്ക് പോവാൻ മാലയിട്ടു പോയി അല്ലെങ്കിൽ നീ എന്റെ കയ്യീന്ന് മേടിച്ചേനേ ......രാജുവേട്ടൻ വായിത്തോ ന്നിയ തെറിയെല്ലാം വിളിച്ചു പറഞ്ഞു .
വലിയ ഷോക്കായി പോയി കാരണം ഇന്നേവരെ ആരോടും ദേഷ്യപ്പെട്ടതായി കേട്ടറിവു പോലുമില്ലാത്ത, ഞങ്ങളുടെ നാട്ടിലെ രാജുവേട്ടനെന്ന മഹാത്മാ ഗാന്ധിയുടെ വായീന്ന് ഞാൻ തെറി കേട്ടിരിക്കന്നു .മനസ് ശോകം,ശോകമൂകം ........
ഞാൻ ഫോണെടുത്ത് അനുവെന്ന ജർമ്മൻ ഷെപ്പേർ ഡിനെ വിളിച്ചു ....
ഞാൻ: "എന്റെ ചേച്ചീ എന്നാലും എന്നോട് ഈ ചതി വേണ്ടായിരുന്നു. ....
മറുപടിയായി കിട്ടിയത് ഒരു പൊട്ടിച്ചിരി മാത്രം ..
മാസങ്ങൾ കഴിഞ്ഞു .ഞാൻ ദുബായിൽ ജോലിക്ക് കയറി .... ഇന്നിതാ വർഷം മൂന്ന് തികയാൻ പോവുന്നു .. അതിനിടെ രണ്ട് ദിവസം മുൻപ് ചുമ്മാ രാജുവേട്ടന്റെ നമ്പർ ഫോണിൽ സേവ് ചെയ്തു .എന്നിട്ട് വാട്സാപ്പിൽ സെർച് ചെയ്തു .ഞെട്ടിപ്പോയ നിമിഷം ...... അതാ രാജുവേട്ടന്റെ ചിരിച്ചോണ്ട് നിൽക്കുന്ന ഫോട്ടോ ... ഒന്നും നോക്കിയില്ല ഒരു മെസ്സേജ് അങ്ങ് ട് അയച്ചു.
എന്നെ ഞെട്ടിച്ചു കൊണ്ട് ഇന്നലെ മറുപടിയും വന്നു.
"എന്തൊക്കെയാടാ ...... വിശേഷം ,എന്നാണ് നാട്ടിലേക്ക്, ജോലിയൊക്കെ എങ്ങനെ പോവുന്നു എന്നൊക്കെയുള്ള കുറെ ചോദ്യങ്ങൾ ........ പിന്നെയും സ്നേഹത്തോടെ കുറെ അന്വേഷണങ്ങൾ ........ ഏതായാലും മനസ്സിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി ....
' നമ്മളെ ഒരു പാട് സ്നേഹിക്കുന്ന ഒരാൾ പെട്ടെന്ന് ഒരു ദിവസം നമ്മളോട് മോശമായി സംസാരിച്ചാൽ ഹൃദയം തകർന്ന് പോയേക്കാം. എന്നാൽ അതേ ആൾ പിന്നീട് വീണ്ടും നമ്മളോട് സ്നേഹത്തോടെ പെരുമാറുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത ഒരു സന്തോഷമാണ്.
മൂന്ന് വർഷത്തിനിപ്പുറം എനിക്ക് കിട്ടിയതും അതേ സന്തോഷം. ...............
മിഥുൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo