അമ്മയ്ക്കുള്ള മരുന്നുകളും വാങ്ങി ആശുപത്രിക്കടുത്തുള്ള മെഡിക്കൽ സ്റ്റോറിൽ നിന്നിറങ്ങവേയാണ് ഞാനതു കണ്ടത്...
ആ ചുവന്ന അക്ഷരങ്ങൾ....
മതിലിൽ മാജിക്ക് ഷോയുടെ പോസ്റ്ററുകൾക്കു നടുവിൽ ഒട്ടിച്ചു വച്ച
വെള്ള കടലാസിൽ..
അടുത്തു ചെന്നു വായിച്ചു...
" സന്മനസ്സുള്ളവരേ....
ജനറൽ വാർഡിലെ ആറാം നമ്പർ കിടക്കയിലെ രോഗിയ്ക്കായി പ്രാർത്ഥിക്കണേ ... സഹായിക്കണേ..."
ആദ്യം മനസ്സിലെത്തിയത് ശ്വാസം കിട്ടാതെ കട്ടിലിൽ എഴുന്നേറ്റിരിക്കുന്ന ഒരു വ്യദ്ധന്റെ രൂപമാണ്...
ആരായിരിക്കും അത് ?
എന്തിനാണ് ഇങ്ങനെ മതിലിൽ..!!?
ആശുപത്രിയുടെ പുതിയ കെട്ടിടവും പഴയ കെട്ടിടവും തമ്മിൽ മുഖം നോക്കിയിരിക്കുന്നതിനിടയ്ക്കാണ് ഇരുമ്പഴിയിട്ട പ്രവേശന കവാടം.. അതിനടുത്തായി മനോഹരമായ ഒരു പൂന്തോട്ടം.. പ്രവേശന കവാടം കയറി ഇടത്തോട്ടു തിരിഞ്ഞാൽ ജനറൽ വാർഡ്..
നീണ്ട ഇടനാഴിയുടെ മിനുസമായ തറയിലൂടെ നടക്കുമ്പോൾ ചിന്തയുടെ മുഖം പിന്നേയും മാറി..
ആരുമില്ലാത്ത ഒരു വയോ വ്യദ്ധ... ചുക്കിച്ചുളിഞ്ഞ മുഖവുമായി....
ഞാൻ ആരാണെന്ന് പറയും?.. ഇടുങ്ങിയ ഇടനാഴി ചെന്നു നിന്നത് തിരക്കേറിയ ജനറൽ വാർഡിലായിരുന്നു. നിറകണ്ണോടെ സുന്ദരിയായ ഒരു പെൺകുട്ടി കാലിൽ പ്ലാസ്റ്ററിട്ട ഒരു ചെറുപ്പക്കാരനെ വീൽ ചെയറിൽ ഉന്തി കൊണ്ടുവരുന്നുണ്ടായിരുന്നു.
ഞാൻ അവർക്കു പോകുവാനായി ഒതുങ്ങി നിന്നു..
നിശബ്ദമായ പ്രാർത്ഥയോടെ, പ്രതീക്ഷയോടെ നടന്നു നീങ്ങുന്ന കുറേ മുഖങ്ങൾ.. നിറയുന്ന കണ്ണുകൾ.
മുറിയുടെ മൂലയിൽ ആയിരുന്നു ആറാമത്തെ കിടക്ക..
അതിൽ കറുത്തു മെലിഞ്ഞ അവശയായ ഒരു ബാലിക ഉറങ്ങുകയാണ്..
എന്നോ നീല നിറമുണ്ടായിരുന്ന ഒരു അര പാവാട... പിഞ്ചിത്തുടങ്ങിയ നിറം പോയ വെള്ള ബ്ലൗസ്സ്... പഴകി നരച്ച ഏതോ സ്കൂൾ യൂണിഫോമിൽ....
അവൾക്കരികിൽ മെലിഞ്ഞുണങ്ങിയ ഒരു സ്ത്രീരൂപം..
മുകളിലെ കുപ്പിയിൽ നിന്നും റ്റ്യൂബിലൂടെ ഏതോ മരുന്നു തുള്ളികളായായി അവളുടെ കൈകളിലെത്തുന്നുണ്ടായിരുന്നു
ഞാനവളുടെ അടുത്തുചെന്നു.. ഒരു ചെറു പുഞ്ചിരി ഉറക്കി കിടത്തിയ വരണ്ട ചുണ്ടുകൾ... ഉയർന്നു താഴുന്ന നെഞ്ചിലെ എല്ലിൻ കൂടുകൾ
ആ സ്ത്രീ രൂപം എഴുന്നേറ്റുനിന്നു.. എണ്ണ കാണാതെ പാറി കിടന്ന മുടിയിഴകൾ..
കുഴിഞ്ഞ കണ്ണുകൾ നിറഞ്ഞു വന്നു
എനിക്ക് ആകെയുള്ള മോളാ സാറേ ....
എന്തോ ചോദിക്കുവാൻ തുനിഞ്ഞു
..പക്ഷെ വാക്കുകൾ എവിടെയോ മരവിച്ചു നിന്നു.
അഞ്ഞൂറു രൂപാ ഒന്നിനും ആകില്ല എങ്കിലും...
ആ അമ്മ നന്ദിയോടെ എന്നെ നോക്കി.. മെലിഞ്ഞ കൈകൾ കൂപ്പി.. ഇന്ന് ഇവിടെ വേറേ നാലുപേരു വന്നിരുന്നു. സ്കൂളീന്നാണോ സാറേ ?..
ഞാൻ അല്ലെന്ന് പറഞ്ഞില്ല.. വെറുതെ തലയാട്ടി... പിന്നെ ഒന്നും മിണ്ടാതെ തിരികെ നടന്നു....
മരുന്നു മണമുള്ള ഇടനാഴിയിലൂടെ നടക്കവേ ഓർത്തതു പുറത്തെ ചുവന്ന അക്ഷരങ്ങളെ പറ്റിയായിരുന്നു... ഇരുമ്പഴിയിട്ട പ്രവേശന കവാടത്തിനരുകിലെ പൂന്തോട്ടങ്ങളിൽ പുതിയതായി വിരിഞ്ഞ പൂക്കളുടെ ചിരി നോക്കി പയ്യെ നടന്നു...
ആരായിരിക്കും അതെഴുതിയത് ?
മെഡിക്കൽ സ്റ്റോറിനു മുന്നിലെത്തിയപ്പോഴേയ്ക്കും ക്ലാവു പിടിച്ച ആകാശം കണ്ണുനീർ പൊഴിച്ചു തുടങ്ങിയിരുന്നു.
എതിർവശത്തെ ഒഴിഞ്ഞ കടത്തിണ്ണയിൽ മഴ മാറുവാൻ നിൽക്കവേ ചായ പീടികയിൽ ആ പഴയ ഭക്തി ഗാനം...
" മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും
ദൈവമിരിക്കുന്നു.. അവൻ കരുണാമയനായി കാവൽ വിളക്കായി
കരളിലിരിക്കുന്നു.. "
മഴയുടെ ശക്തി കൂടി വരുകയായിരുന്നു...
വെറുതെ ഞാൻ മതിലിലേക്ക് നോക്കി..
നനഞ്ഞു കുതിർന്ന വെളുത്ത പേപ്പർ..
ചുവന്ന അക്ഷരങ്ങൾ മായ്ക്കാതെ ...
അതിനു മുന്നിൽ കുട ചൂടി ഒരു ചെറുപ്പക്കാരൻ....
അയാൾ ആ നന്മയുടെ അക്ഷരങ്ങൾ വായിക്കുകയാണോ?..
ചുറ്റും പതറി നോക്കി അയാൾ ധൃതിയിൽ ആശുപത്രിയിലേക്ക് നടക്കവേ..
മഴക്കാറുകൾക്കിടയിൽ ഒരു കൊള്ളിയാൻ വെട്ടി... ആ തിളക്കത്തിൽ അദ്യശ്യനായ ആ ജാലവിദ്യക്കാരന്റെ തുറന്ന കൈപത്തി ഞാൻ കണ്ടു.
മഴയിൽ വിറുങ്ങലിച്ച ആ അക്ഷരങ്ങൾ അപ്പോഴും ആർക്കോ വേണ്ടി കാത്തിരിക്കുകയായിരുന്നു...
...പ്രേം......
[ പ്രചോദനം - വാട്ട്സ്ആപ്പ് മെസേജ് ]

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക