മ്മളെ വീടിനടുത്തുള്ള L. P സ്കൂളിൽ വാർഷികാഘോഷം വന്നാ നാട്ടുകാരാണ് നടത്താറ്. അന്നു ഒരു വീട്ടിലും ആരുണ്ടാവൂല്ല. എന്തിനു ഈ വീടുകളില് കയറാൻ കള്ളന്മാരെ പോലും കിട്ടൂല.. കുഞ്ഞു കുട്ടികളെ ഡാൻസ് ഒക്കെ വിട്ടു ആരെങ്കിലും പണിക്കു പോകോ ??ഇനി ഈ പോസ്റ്റ് കണ്ടു ആരും അവിടെ കക്കാൻ പോകണ്ട.. ഇപ്പൊ മുക്കിനും മൂലയിലും cctv യാ cctv. മത്തിനെക്കാളും വില കുറവാണെ ഇതിനു.
അങ്ങനെ സ്കൂളിൽ വാർഷികാഘോഷം വന്നെത്തി , എല്ലാരും തിരക്കിട്ട പണിയിലെനു . കണ്ടപ്പോ ഞമ്മക്കും ഒരു പൂതി, എന്തെങ്കിലും പണിയൊക്കെ എടുക്കണമെന്ന്. കളിച്ചുനടക്കുന്നതിനേക്കാളും മ്മക്കിഷ്ടം വല്യൊരെ പണി എടുക്കാനാ . കഞ്ഞിപോരെലും സ്റ്റേജിനു ബേക്കിലും ഒക്കെ പോയി നോക്കി. എല്ലാടത്തും തിരക്കോടു തിരക്ക്. അപ്പോളാ ഒരമ്മൂമ്മ വന്നു ചോദിക്കുന്നു. മോളെ, കുടിക്കാൻ വെള്ളം കിട്ടൊന്നു.. ഞമ്മള് ചുറ്റും നോക്കി കുടിവെള്ളം എന്നെഴുതിയ സ്ഥലത്തു ആയമ്മേനെ കാണാനില്ല. വെള്ളം എടുത്തു കൊടുക്കാൻ പോയപ്പോ തൊട്ടടുത്ത് ബക്കറ്റിൽ കുറച്ചു വെള്ളം കണ്ടു..വെറും വെള്ളമല്ല..... "നാരങ്ങാ വെള്ളം ". വെയിലിനു വെറും വെള്ളത്തിനേക്കാളും നല്ലതല്ലേ നാരങ്ങാ വെള്ളം.. പിന്നെ ഒന്നും നോക്കിയില്ല, കുറച്ചെടുത്തു അമ്മൂമ്മക്ക് കൊടുത്തു. മനുഷ്യന്മാരുടെ പൊതു സൊഭാവം ആ അമ്മൂമ്മയും പുറത്തെടുത്തു . മോളെ, ഇതിൽ കുറച്ചു മധുരം കൊറവാണല്ലോ... പിന്നെ, മ്മളെ സ്നേഹം കൊണ്ടുള്ള നോട്ടം കണ്ടപ്പോ അടുത്തത് പറയാനുള്ളത് അപ്പാടെ വിഴുങ്ങി, അമ്മൂമ്മ മുങ്ങി
;) . എന്തായാലും ഞമ്മള് ഹാപ്പിയായി. ഞമ്മക്കുമൊരു പണി കിട്ടിയല്ലോ.. പിന്നെ നാരങ്ങാ വെള്ളം കൊണ്ട് ഒരൊന്നന്നര കളിയെനു . ആളുകള് പിന്നെ വരിയായി നിക്കാൻ തൊടങ്ങി. വെയിലിനു അത്രേം ചൂടായിരുന്നു. ആയമ്മ വീണ്ടും ആ പരിസരത്തു പൊങ്ങിയപ്പോ, അറിയാതെ നാക്ക് വളച്ചു മ്മള് ചോദിച്ചു പോയി... എന്താ അന്വേഷിക്കണെ ??.മൂപ്പത്തി മ്മളെ മുഖത്തോക്കി പറയാ .. മോളെ, നാരങ്ങാ വെള്ളത്തിന്റെ ഗ്ലാസ് കഴുകി കൊണ്ടിരുന്ന ബക്കറ്റു കാണല്ല്യാ !!!!!!!!!! നിന്ന നിപ്പിൽ കാണാണ്ടാവാൻ തോന്നിപോയി മ്മക്ക്. പിന്നെഒരൊറ്റ മുങ്ങലാ... പൊങ്ങിയതോ ഉമ്മാന്റെ മടിയിലും. കാര്യമറിഞ്ഞപ്പോ ഉമ്മ കൊറേ ചിരിച്ചു. പിന്നെ പറഞ്ഞത് ജീവിതകാലമത്രയും മ്മള് മറക്കൂല.. നാരങ്ങാ അല്ലികൾ കണ്ടപ്പോ നാരങ്ങാ വെള്ളം ആണെന്ന് ഇയ്യ് വിചാരിച്ചു. എല്ലാ കാര്യങ്ങളും കണ്ണു കൊണ്ട് കണ്ടാ മാത്രം ശരിയാവൂല...മോളെ... മുൻവിധികൾ എല്ലായ്‌പോഴും ശരിയാവണമെന്നില്ല !
ജീവിതം ഒരുപാടു കഴിഞ്ഞപ്പോ മനസിലായി അതൊരു നാരങ്ങാ വെള്ളത്തിന് മാത്രമുള്ള ഉപദേശമല്ലന്നു...

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക