Showing posts with label ഹൂദാ ബഷീർ. Show all posts
Showing posts with label ഹൂദാ ബഷീർ. Show all posts

രംഗങ്ങൾ

രംഗം 1
പാത്തു അന്റെ കല്യാണം ഒറപ്പിച്ചെന്നു കേട്ടല്ലോ, ചെക്കന്റെ ഫോട്ടോ എവിടെ ? ജാനുഏടത്തിന്റെ ചോദ്യം കേട്ടിട്ട് പാത്തൂന്റെ മുഖം നാണം കൊണ്ട് ചുവന്നു. ചെക്കന്റെ ഫോട്ടോ കണ്ടയുടനെ ചിരിച്ചു കൊണ്ട് ജാനു പറഞ്ഞു, ഈ ചെക്കനെ പട്ട ട്രൗസർ ഇടുന്ന കാലത്തെ എനിക്കറിയാം. ന്റെ കൂടെ അടയ്ക്ക പൊളിക്കാനൊക്കെ വന്നിട്ടുണ്ട് ! പാത്തു ഒന്നമ്പരന്നു ആൺകുട്ടികൾ ഈ പണിക്കൊക്കെ പോകോ ? എന്തിന്റെ സൂക്കേടായിരുന്നു മൂപ്പർക്ക് ? ആളെ കൊണ്ട് പറയിപ്പിക്കാൻ.
രംഗം 2
(ഒരു കല്യാണ വീട് )
പാത്തു, അന്റെ ചെക്കന്റെ ഫോട്ടോ ഫേസ്ബുക്കില് കണ്ടിട്ടോ, ഞമ്മളെ പി സി ബ്രോദേഴ്സിലെ കിളിയല്ലേ ??? ഇതു കേട്ടയുടനെ പാത്തൂന്റെ മനസില് ഒരു കൊള്ളിയാൻ മിന്നി. ഗൾഫിലെ മൂപര് ഇവിടത്തെ ബസിലെ കിളിയോ ? ഏയ് അല്ലാ. ഓരെന്തൊക്കെയോ പറയാ. പൊട്ടത്തികൾ !
ഇത്തവണയും പാത്തൂന്റെ മുഖം ചുവന്നു പക്ഷെ ദേഷ്യം കൊണ്ടാണെന്നു മാത്രം. നിലം ചവുട്ടിക്കുലുക്കി പെൺകൂട്ടത്തിലേക്കു പാത്തു പാഞ്ഞടുത്തു. ന്റെ മൂപര് ഗൾഫിലാ അല്ലാണ്ടെ ഇവിടത്തെ ബസിലെ കിളിയല്ല..... പാത്തൂന്റെ ഈ മറുപടിക്ക് പെൺകൂട്ടം മറുപടി പറഞ്ഞത് കഴിഞ്ഞ മാസത്തെ ഏറ്റവും നല്ല ബസിനു യുവ സമിതിയുടെ അവാർഡ് കിട്ടിയതിന്റെ fb പോസ്റ്റാണ്. അതിൽ പാത്തൂന്റെ മൂപ്പരെ അന്വേഷിച്ചു കണ്ടെത്താൻ വല്യ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല.
രംഗം 3
(സ്വന്തം വീട് )
ഈ രംഗത്തിലെ വില്ലൻ സ്വന്തം മാമൻ ! വിഷയം ചെക്കൻ പ്ലസ് ടു പഠിച്ചിട്ടില്ല. രണ്ടു മാസം ചെക്കന്റെ നാട്ടിൽ സി ഐ ഡി പണി നടത്തി കിട്ടിയ അറിവാണ്. പ്ലസ് ടു പഠിച്ചില്ലെങ്കിൽ അപ്പോൾ ചെക്കൻ പത്താം തരം ആണ്. പത്താം ക്ലാസിനു ഡിഗ്രിക്കാരി പെൺകുട്ടിയെ കെട്ടിച്ചു കൊടുക്കുകയോ ? അസംഭവ്യം. മാമന്റെ നിഗമനം കേട്ടയുടനെ പാത്തുന് പുളിച്ച നാല് വർത്തമാനമാണ് പറയാൻ തോന്നിയത്. ഈ കണ്ടുപിടിത്തമൊക്കെ കല്യാണമുറപ്പിക്കുന്നതിനു മുൻപേ പറഞ്ഞു കൂടായിരുന്നോ ? ഇതിപ്പോൾ മനുഷ്യന് ആശയും തന്നിട്ട് കല്യാണം മുടക്കാൻ വന്നിരിക്കുന്നു. അല്ലേലും കല്യാണമുടക്കികൾ സ്വന്തം ബന്ധുക്കാർ തന്നെയാണ്.
രംഗം 4
(ഭാര്യയുടെയും കുടുംബക്കാരുടെയും ഇടയിലേക്ക് പാത്തൂന്റെ ഉപ്പാന്റെ മാസ് എൻട്രി )
ന്റെ മോൾടെ ചെക്കൻ ബാപ്പ മരിച്ച കുട്ടിയാണ് അതുകൊണ്ട് അവനു ചെറുപ്പത്തിലേ പണിക്കു പോകേണ്ടി വന്നു ഉമ്മാനെ സഹായിക്കാൻ, കൂട്ടത്തിൽ പഠിക്കുകയും ചെയ്തു. പെട്ടെന്ന് ജോലി കിട്ടാൻ വേണ്ടിയാണു പത്തു കഴിഞ്ഞു ഡിപ്ലോമ എടുത്തത്. പിന്നെ പ്ലസ് ടു എഴുതിയെടുക്കുകയും ചെയ്തു. ഇപ്പൊ ദുബായിൽ അന്തസ്സായി ജോലിയെടുക്കുന്നതുകൊണ്ട് കുടുംബം മാന്യമായി ജീവിക്കുന്നു. കഷ്ടപ്പാട് അറിഞ്ഞു വളർന്നവനായത് കൊണ്ട് ലീവിന് വന്നാൽ അറിയുന്നവരുടെ കൂടെ പണിക്കു പോകും. കുടുംബം നയിക്കുന്ന മൂത്ത മക്കൾക്ക് ഒരിക്കലും വെറുതെയിരിക്കാനാകില്ല. ഈ ചെക്കനൊരിക്കലും ന്റെ മോളെ പട്ടിണികിടില്ലാന്നു എനിക്കുറപ്പുണ്ട്. ഈ ഉറപ്പു മതി കല്യാണം നടത്താൻ.
പിന്നെ ഇങ്ങളെല്ലാരോടും ഒരു കാര്യേ പറയാനുള്ളു, ഇനിയെങ്കിലും കല്യാണ ചെക്കന്മാർക്ക് എന്തെങ്കിലും കുറ്റമുണ്ടോ എന്നന്വേഷിക്കുന്നതിനു പകരം ആ ചെക്കന് എന്തൊക്കെ നല്ലതുണ്ടെന്നു അന്വേഷിക്കി. കുറ്റങ്ങൾ കണ്ടുപിടിക്കാനുള്ള തിരക്കിൽ കാണുന്നതെല്ലാം തെറ്റായി തോന്നും. അതിനു പിന്നിലെ ശരിയാരും കാണണമെന്നില്ല !
#Hudashabeer

അബല അഥവാ തബല.


സ്ത്രീ അബലയല്ല ! തബലയാണ്...... എന്റെ മാളോരെ, ഞാനൊരു തലയണ ആണുട്ടോ. ന്റെ കഷ്ടകാലമെന്നു പറയേണ്ടു, ന്റെ കൂടെ കിടക്കണത് ഒരു പെണ്ണാ. ആ പെണ്ണിന് കണ്ണീരൊഴിഞ്ഞു നേരമില്ല. നനഞ്ഞു നനഞ്ഞു എനിക്കു പനിയും ഒഴിഞ്ഞ നേരമില്ല.
നിങ്ങളൊന്നു ആലോചിച്ചു നോക്കീന്ന്.
കെട്ട്യോന് പറ്റാത്തത് ഭാര്യ വീട്ടുകാർ ചെയ്താൽ അപ്പൊ തുടങ്ങും ഓളോട് പുച്ഛം, കുത്തുവാക്ക്, വഴക്ക്.
കെട്ട്യോൻ ഓരുടെ അമ്മേടടുത്തു ഒന്നു കനപ്പിച്ചു വർത്താനം പറഞ്ഞാലും അപ്പോളും പണി കിട്ടാ ഓൾക്ക് തന്നാ.എന്താന്ന് വെച്ചാ, ദാ അതന്നെ. പുച്ഛം, കുത്തുവാക്ക്, വഴക്ക്.
തലയണ മന്ത്രക്കാരിന്നു പുതിയ പേരും കിട്ടും.
കെട്ട്യോനിപ്പോ ഭാര്യവീട്ടുകാരോട് ഒന്നു തർക്കുത്തരം പറയേ, മുഖം കറപ്പിക്കേ, ഇനി ചെയ്യേണ്ട ചടങ്ങുകളിൽ കെട്ട്യോൻ ഒരുപടി കുറഞ്ഞാലോ അപ്പോളും കിട്ടും ഓൾക്ക് പുച്ഛം, കുത്തുവാക്ക്, വഴക്ക്. ഇത്തവണ സ്വന്തം വീട്ടുകാരോടാണെന്നു മാത്രം.
ഇതിലിപ്പൊൾ ഒന്നിലും പെടാതെ നടക്കാ ഓൾടെ കെട്ട്യോൻ. ഓള് ഓനെ ദൈവത്തെ പോലെ കരുതുന്നു. ഓന്റെ അമ്മക്ക് ഓനെ പോലെ സല്പുത്രൻ വേറെയില്ല. മകൾക്കു അന്നം നല്കുന്നവനായതോണ്ട് ഭാര്യ വീട്ടുകാർക്ക് മനസ്സിൽ പലതുണ്ടെങ്കിലും ഓനെ തലേൽ കൊണ്ട് വെച്ചു നടക്കാണ്.
മൊത്തം പറഞ്ഞാ ഓളിപ്പോ ഒരു തബലയാണ്, ആർക്കും കൊട്ടാൻ പറ്റിയ തബല.
ന്റെ പടച്ചോനെ, ഓളെ കണ്ണീരൊന്നു ഒപ്പിക്കൊടുക്കണേ. എനിക്കിനി പനിച്ചു വിറക്കാൻ വയ്യേ........

മ്മളുണ്ടാക്കിയ നാരങ്ങാവെള്ളം...


മ്മളെ വീടിനടുത്തുള്ള L. P സ്കൂളിൽ വാർഷികാഘോഷം വന്നാ നാട്ടുകാരാണ് നടത്താറ്. അന്നു ഒരു വീട്ടിലും ആരുണ്ടാവൂല്ല. എന്തിനു ഈ വീടുകളില് കയറാൻ കള്ളന്മാരെ പോലും കിട്ടൂല.. കുഞ്ഞു കുട്ടികളെ ഡാൻസ് ഒക്കെ വിട്ടു ആരെങ്കിലും പണിക്കു പോകോ ??ഇനി ഈ പോസ്റ്റ് കണ്ടു ആരും അവിടെ കക്കാൻ പോകണ്ട.. ഇപ്പൊ മുക്കിനും മൂലയിലും cctv യാ cctv. മത്തിനെക്കാളും വില കുറവാണെ ഇതിനു.
അങ്ങനെ സ്കൂളിൽ വാർഷികാഘോഷം വന്നെത്തി , എല്ലാരും തിരക്കിട്ട പണിയിലെനു . കണ്ടപ്പോ ഞമ്മക്കും ഒരു പൂതി, എന്തെങ്കിലും പണിയൊക്കെ എടുക്കണമെന്ന്. കളിച്ചുനടക്കുന്നതിനേക്കാളും മ്മക്കിഷ്ടം വല്യൊരെ പണി എടുക്കാനാ . കഞ്ഞിപോരെലും സ്റ്റേജിനു ബേക്കിലും ഒക്കെ പോയി നോക്കി. എല്ലാടത്തും തിരക്കോടു തിരക്ക്. അപ്പോളാ ഒരമ്മൂമ്മ വന്നു ചോദിക്കുന്നു. മോളെ, കുടിക്കാൻ വെള്ളം കിട്ടൊന്നു.. ഞമ്മള് ചുറ്റും നോക്കി കുടിവെള്ളം എന്നെഴുതിയ സ്ഥലത്തു ആയമ്മേനെ കാണാനില്ല. വെള്ളം എടുത്തു കൊടുക്കാൻ പോയപ്പോ തൊട്ടടുത്ത് ബക്കറ്റിൽ കുറച്ചു വെള്ളം കണ്ടു..വെറും വെള്ളമല്ല..... "നാരങ്ങാ വെള്ളം ". വെയിലിനു വെറും വെള്ളത്തിനേക്കാളും നല്ലതല്ലേ നാരങ്ങാ വെള്ളം.. പിന്നെ ഒന്നും നോക്കിയില്ല, കുറച്ചെടുത്തു അമ്മൂമ്മക്ക്‌ കൊടുത്തു. മനുഷ്യന്മാരുടെ പൊതു സൊഭാവം ആ അമ്മൂമ്മയും പുറത്തെടുത്തു . മോളെ, ഇതിൽ കുറച്ചു മധുരം കൊറവാണല്ലോ... പിന്നെ, മ്മളെ സ്നേഹം കൊണ്ടുള്ള നോട്ടം കണ്ടപ്പോ അടുത്തത് പറയാനുള്ളത് അപ്പാടെ വിഴുങ്ങി, അമ്മൂമ്മ മുങ്ങി ;) . എന്തായാലും ഞമ്മള് ഹാപ്പിയായി. ഞമ്മക്കുമൊരു പണി കിട്ടിയല്ലോ.. പിന്നെ നാരങ്ങാ വെള്ളം കൊണ്ട് ഒരൊന്നന്നര കളിയെനു . ആളുകള് പിന്നെ വരിയായി നിക്കാൻ തൊടങ്ങി. വെയിലിനു അത്രേം ചൂടായിരുന്നു. ആയമ്മ വീണ്ടും ആ പരിസരത്തു പൊങ്ങിയപ്പോ, അറിയാതെ നാക്ക് വളച്ചു മ്മള് ചോദിച്ചു പോയി... എന്താ അന്വേഷിക്കണെ ??.മൂപ്പത്തി മ്മളെ മുഖത്തോക്കി പറയാ .. മോളെ, നാരങ്ങാ വെള്ളത്തിന്റെ ഗ്ലാസ് കഴുകി കൊണ്ടിരുന്ന ബക്കറ്റു കാണല്ല്യാ !!!!!!!!!! നിന്ന നിപ്പിൽ കാണാണ്ടാവാൻ തോന്നിപോയി മ്മക്ക്. പിന്നെഒരൊറ്റ മുങ്ങലാ... പൊങ്ങിയതോ ഉമ്മാന്റെ മടിയിലും. കാര്യമറിഞ്ഞപ്പോ ഉമ്മ കൊറേ ചിരിച്ചു. പിന്നെ പറഞ്ഞത് ജീവിതകാലമത്രയും മ്മള് മറക്കൂല.. നാരങ്ങാ അല്ലികൾ കണ്ടപ്പോ നാരങ്ങാ വെള്ളം ആണെന്ന് ഇയ്യ്‌ വിചാരിച്ചു. എല്ലാ കാര്യങ്ങളും കണ്ണു കൊണ്ട് കണ്ടാ മാത്രം ശരിയാവൂല...മോളെ... മുൻവിധികൾ എല്ലായ്‌പോഴും ശരിയാവണമെന്നില്ല !
ജീവിതം ഒരുപാടു കഴിഞ്ഞപ്പോ മനസിലായി അതൊരു നാരങ്ങാ വെള്ളത്തിന് മാത്രമുള്ള ഉപദേശമല്ലന്നു...

മ്മളും മ്മളെ ചെക്കന്മാരും !


മ്മളെ പെണ്ണുകാണൽ ഒരൊന്നൊന്നര സംഭവമാണ്. ആകെ കുറച്ചു ചെക്കന്മാരെ ഞമ്മളെ വന്നു കണ്ടിട്ടുള്ളു,എന്നുവെച്ചു ആരും തെറ്റിദ്ധരിക്കണ്ട ജോലിയെന്ന ലക്‌ഷ്യം മുന്നിലിണ്ടൊണ്ട് ഒന്നും വേണ്ടെന്നു വെച്ചെന്നെ ഉള്ളൂ. ഞമ്മള് ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോ തന്നെ ആലോചന വന്നിട്ടുണ്ട്, അപ്പൊ ഞമ്മള് മൊഞ്ചത്തി ആയതോണ്ടല്ലേ ;) ? അതോ മ്മളെ സ്വത്തു പങ്കു വെക്കാൻ ആരുമില്ലാത്തതു കൊണ്ടാണോ ?? ആ.. ആർക്കറിയാം. അപ്പൊ പറഞ്ഞു വന്നതു പെണ്ണുകാണലിനെ പറ്റി.. ആകെ മൂന്ന് ചെക്കന്മാർ വന്നു കണ്ടിട്ടുണ്ട്.
ഒന്നാമൻ വന്നപ്പോ അടുക്കളയിൽ പോയി ട്രേ എടുത്തപ്പോൾ തന്നെ ചായ ഹാൾ വരെ എത്തൂലെന്നു മനസിലായി. അങ്ങനെ ഉമ്മ വളരെ കാലത്തിനു ശേഷം വീണ്ടുമൊരു പെണ്ണുകാണലിനു ട്രേ എടുത്തു. ;) .. ഉമ്മാന്റെ പുറകെ ഞാനും. ആദ്യമായുള്ള അനുഭവമല്ലേ, ഇല്ലാത്ത നാണം കൂട്ടികലർത്തിയുള്ള എന്റെ നോട്ടം ചെക്കനെ കണ്ടപ്പോൾ തന്നെ ആവിയായി പോയി. ഒരു ആജാനുബാഹു ! പിന്നങ്ങോട്ട് ചോദ്യശരങ്ങൾ ആയിരുന്നു ചെക്കന്റെ വക.ഒരു നിമിഷം ജോബ് ഇന്റർവ്യൂ ആണെന്ന് തോന്നി പോയി. തനിച്ചു സംസാരിക്കണോ എന്നുള്ള ഉപ്പാന്റെ ചോദ്യത്തിന്, അതൊന്നും വേണ്ട... ചോദിക്കാനുള്ളതെല്ലാം ഞാൻ ചോദിച്ചു എന്നു ആ പഹയൻ പറഞ്ഞപ്പോ ഒന്നുറപ്പായി ഓന്റെ വീട്ടിലെ ജോലിക്കുള്ള ആളെ സെലക്ട് ചെയ്യാൻ വന്നതാണെന്ന്. പിന്നെ, മൂന്നാന്റെ നിർബന്ധത്തിനു വഴങ്ങി ആ മസിൽമാൻ ഞമ്മളെ റൂമിൽ വന്നു. ഉള്ള ജോലി ഉപേക്ഷിച്ചു വന്ന മ്മളോട്
ഭാവി പരിപാടി എന്താണെന്നു ചോദിച്ചപ്പോ, ഉപ്പാന്റെ സഹായത്തോടെ നാട്ടിൽ ജോലി നോക്കണമെന്ന് പറഞ്ഞു. അതുവരെയുള്ള എല്ലാ പെണ്ണുകാണൽ സങ്കല്പത്തെയും കാറ്റിൽ പറത്തി അയാള് പറയാ, എല്ലാത്തിലും ഉപ്പാന്റെ കാല് പിടിക്കരുത്. സ്വന്തം കാലിൽ നിക്കണ പെണ്ണിനെയാ എനിക്കിഷ്ടം... അതു പറയുമ്പോ അയാൾടെ കണ്ണു ചുവന്നിരുന്നു, കൈയിലെ മസിൽ വിറക്കണ കണ്ടപ്പോ ഞാൻ രണ്ടടി പിന്നോട്ട് മാറി.. വിട്ടാൽ അയാളെന്നെ അടിച്ചേനെ ! ഞമ്മള് ഉമ്മാനോട് ഒരു കാര്യമേ പറഞ്ഞുള്ളു. അയാളെന്നെ കെട്ടിയാൽ ഉപ്പ മൂപ്പരെ കാലുതിരുമ്മി ഇരിക്കും , ഇങ്ങള് മൂപ്പർക്ക് എന്തു എന്തുണ്ടാക്കണമെന്നു അറിയാതെ ജീവിതം അടുക്കളയിൽ തീരും , ഞമ്മളോ എപ്പോ അടി വീഴുമെന്നറിയാണ്ടെ റൂമിലും ഇരിക്കും ! പിന്നെല്ലാതെ, ആദ്യമായി കണ്ട പെണ്ണിനോട് തന്നെ ഇഷ്ടമായൊന്നു ചോദിക്കാതെ.. തനിക്കിഷ്ടമായെന്നോ ഇല്ലെന്നോ പറയാത്ത ഇയാളെ പറ്റി ഞമ്മള് എന്തു പറയാനാ ??ഇങ്ങള് പറീംന്ന്...
രണ്ടാമത് വന്ന ആള് ഒരു ജേണലിസ്റ്റാണ്. വന്നു, സംസാരിച്ചു, ആളൊരു രസികൻ തന്നെയായിരുന്നു. റേഡിയോ ലു സംസാരിക്കുന്ന ആളെ പോലെ തന്നെ !! പക്ഷെ, മൂപ്പരെ ഡ്രസ്സ് ഇഷ്ടായില്ല ആർക്കും (എനിക്കും ; ) ). ജീവിതകാലം മുഴുവനും ആ തൂങ്ങിയാടുന്ന പാന്റ് വീഴാതിരിക്കാൻ നോക്കി നോക്കി ഞമ്മളെ ജീവിതം തീരുമെന്നെ. പോരാത്തതിന് ഒരു മാസം കൊണ്ട് കല്യാണം വേണം പോലും.. കല്യാണത്തിന് മുന്നേയുള്ള ചടങ്ങുകളൊക്കെ ഇല്ലതെങ്ങനെയാ ?? അങ്ങനെ അതിനും തീരുമാനമായി.
മൂന്നാമനാണ് ഞമ്മളെ ഖൽബ് കവർന്നുകളഞ്ഞത്.. <3
പതിവിനു വിപരീതമായിട്ടു കടപ്പുറത്തു വെച്ചാണ് കണ്ടത്. ആളെ കണ്ടപ്പോ തന്നെ മേലാസകലം ഒരുതരം തരിപ്പ്, നിവർന്ന തല അറിയാതെ താഴ്ന്നു പോയി.. അകലം പാലിച്ചാണ് ഇരുന്നതെങ്കിലും മൂപ്പരെ ചൂടടിക്കുന്ന പോലെ തോന്നി. മൂപ്പരുടെ വിയർപ്പിന് ഞമ്മളെ അത്തറിനെക്കാളും മണമുണ്ടായിരുന്നു. കടലിനെ സാക്ഷിയാക്കി ഞമ്മളോട് മൂപര്, ഇഷ്ടമായൊന്നു ചോദിച്ചപ്പോ ആയിരം റോസ് പൂക്കളിനു നടുവിൽ നിക്കണ പോലെ തോന്നി. അന്നാദ്യമായി മുഖത്ത് നാണം വരുത്തേണ്ടി വന്നില്ല.
അതെല്ലെങ്കിലും അങ്ങനെയാണല്ലോ നമ്മക്ക് വരേണ്ട ആൾ വന്നില്ലെങ്കിൽ കാണാത്ത കുറ്റങ്ങളുണ്ടാകില്ല, വന്നാലോ വരാത്ത വികാരങ്ങളുണ്ടാകില്ല 


By: 
Huda Shabeer

<3



By: 
sha

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo